ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും ഇന്ത്യയിലെ കൽക്കട്ടയിലേക്ക് (ഇപ്പോൾ കൊൽക്കത്ത) ഉണ്ടായിരുന്ന ബസ് സർവ്വീസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ടായി കണക്കാക്കപ്പെടുന്നത്.[1] [2] 1957-ൽ ആരംഭിച്ച സർവീസ് ബെൽജിയം, യൂഗോസ്ലാവ്യ തുടങ്ങി പടിഞ്ഞാറൻ പാകിസ്ഥാൻ വഴി ഇന്ത്യയിലെത്തുന്നതായിരുന്നു ബസ്സിന്റെ റൂട്ട്. ഹിപ്പി റൂട്ട് എന്നാണു ഈ റൂട്ട് അറിയപ്പെടുന്നത്. അന്നത്തെ വാർത്തകൾ പ്രകാരം ഏകദേശം 50 ദിവസത്തോളം എടുത്തായിരുന്നു ബസ് ലണ്ടനിൽ നിന്നും കൽക്കട്ടയിൽ എത്തിച്ചേർന്നത്. 32669 കിലോമീറ്റർ (20300 മൈൽ ) നീളമുണ്ടായിരുന്നു ഈ യാത്രക്ക്. 1976 വരെ ഇത് സർവ്വീസ് നടത്തിയിരുന്നു.

പ്രമാണം:London Calcutta Bus.png
ലണ്ടനും കൊൽക്കത്തയ്ക്കും ഇടയിലുള്ള ബസ് റൂട്ടിന്റെ ആദ്യ യാത്രയിൽ ലണ്ടനിലെ വിക്ടോറിയ കോച്ച് സ്റ്റേഷനിലെ യാത്രക്കാർ, 1957 ഏപ്രിൽ 15

ബസ്സിന്റെ റൂട്ട്

തിരുത്തുക

ആൽബർട്ട് ട്രാവൽ എന്ന കമ്പനിയാണ് ഈ ബസ് സർവീസ് നടത്തിയിരുന്നത്. 1957 ഏപ്രിൽ 15-നാണ് കന്നിയാത്ര ലണ്ടനിൽ നിന്നും ആരംഭിച്ചത്. ജൂൺ മാസം അഞ്ചാം തിയതി ആദ്യ സർവീസ് കൊൽക്കത്തയിൽ അവസാനിച്ചു. അതായത് ഏകദേശം 50 ദിവസം വേണ്ടി വന്നു യാത്ര പൂർത്തിയാക്കാൻ. ഈ സമയത്ത് ബസ് സഞ്ചരിച്ച റൂട്ടിലെ രാജ്യങ്ങൾ, ഇംഗ്ലണ്ടിൽ നിന്നും ബെൽജിയം, അവിടെ നിന്നും പശ്ചിമ ജർമ്മനി, ഓസ്ട്രിയ, യുഗോസ്ലാവിയ, ബൾഗേറിയ, തുർക്കി, ഇറാൻ, അഫ്ഘാനിസ്ഥാൻ, പശ്ചിമ പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക്. ഇന്ത്യയിൽ കടന്നതിന് ശേഷം ന്യൂ ഡൽഹി, ആഗ്ര, അലഹബാദ്, ബനാറസ് വഴിയാണ് ഒടുവിൽ കൽക്കട്ടയിൽ എത്തുക.[3]

ബസ്സിലെ സൗകര്യങ്ങൾ

തിരുത്തുക

വായിക്കാനുള്ള സംവിധാനങ്ങൾ, ഓരോരുത്തർക്കും പ്രത്യേകം സ്ലീപ്പിങ് ബങ്കുകൾ, പാട്ടുകൾ കേൾക്കാനുള്ള സംവിധാനം, ഫാനിൽ പ്രവർത്തിക്കുന്ന ഹീറ്ററുകൾ എന്നിങ്ങനെ അക്കാലത്ത് ആഡംബരം എന്ന് കണ്ടിരുന്ന പലതും ഈ യാത്രയിൽ യാത്രക്കാർക്കായി സജീകരിച്ചിരുന്നു. വെറും ഒരു യാത്ര എന്നതിലുപരി ഒരു ടൂർ പോലെയാണ് ഈ യാത്ര ക്രമീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗംഗാതീരത്തെ ബനാറസിലും, താജ് മഹലിലും അടക്കം വഴിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സമയം ചിലവഴിക്കാനും യാത്രയിൽ സമയമുണ്ടായിരുന്നു. ടെഹ്റാൻ, സാൽസ്ബർഗ്, കാബൂൾ, ഇസ്താംബുൾ, വിയന്ന തുടങ്ങിയ നഗരങ്ങളിൽ ഷോപ്പിംഗിനായും സമയം അനുവദിച്ചിരുന്നു. 85 പൗണ്ട് സ്റ്റെർലിങ്, (ഇപ്പോഴത്തെ 8,019 രൂപ) ആയിരുന്നു ഈ യാത്രയുടെ ചെലവ്. ഭക്ഷണം, യാത്ര, താമസം എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്നതാണ് ഈ തുക.[4]

ബസ്സ് യാത്രയുടെ നാൾവഴികൾ

തിരുത്തുക
 
ആൽബർട്ട് ബസ്സ്

വർഷങ്ങൾക്ക് ശേഷം ഈ ബസ് ഒരു അപകടത്തിൽപ്പെടുകയും പിന്നീട് സർവ്വീസിന് യോഗ്യമല്ലാതായിത്തീരുകയും ഉണ്ടായി. പിന്നീട് ഈ ബസ് ആൻഡി സ്റ്റുവർട്ട് എന്ന ബ്രിട്ടീഷ് സഞ്ചാരി വാങ്ങുകയും ചെയ്തു. വാങ്ങിയശേഷം അദ്ദേഹം ബസ് ഗാരേജിൽ കയറ്റി, ഒരു മൊബൈൽ ഹോം ആക്കി പണിതിറക്കുകയും ചെയ്തതോടെ ബസ്സിന്റെ അടുത്ത പ്രയാണത്തിന് തുടക്കമായി. ഡബിൾ ഡക്കർ ആക്കി പുതുക്കിപ്പണിത ഈ ബസ്സിന് ആൽബർട്ട് എന്നായിരുന്നു പേര് നൽകിയത്.തുടർന്ന് 1968 ഒക്ടോബർ 8 നു സിഡ്നിയിൽ നിന്നും ഇന്ത്യ വഴി ലണ്ടനിലേക്ക് ഈ ബസ് യാത്ര നടത്തുകയും ചെയ്തു. 132 ഓളം ദിവസങ്ങളെടുത്തായിരുന്നു ഈ ബസ് ലണ്ടനിൽ എത്തിച്ചേർന്നത്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങൾ കേന്ദ്രമാക്കി ആൽബർട്ട് ടൂർസ് എന്ന പേരിൽ കമ്പനി തുടങ്ങുകയും, ലണ്ടൻ - കൊൽക്കത്ത - ലണ്ടൻ, ലണ്ടൻ - കൊൽക്കത്ത - സിഡ്നി തുടങ്ങിയ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കുകയും ചെയ്തു.[5]

ലണ്ടനിൽ നിന്നും പാക്കിസ്താൻ വഴി ഇന്ത്യയിലെത്തുന്ന ബസ് കൽക്കട്ടയിൽ നിന്ന്​ ബർമ, തായ്​ലാൻഡ്​, മലേഷ്യ, വഴി സിംഗപ്പൂരിലും, അവിടെ നിന്ന്​​ ഓസ്ട്രേലിയയിലെ പെർത്തിലേക്ക് കപ്പൽ മാർഗ്ഗം എത്തിച്ചേരുകയും, അവിടെ നിന്നും റോഡ്മാർഗ്ഗം സിഡ്നിയിലേക്ക് പോകുകയുമാണ് ചെയ്തിരുന്നത്.[6]

ഈ സർവ്വീസിൽ ലണ്ടൻ മുതൽ കൽക്കട്ട വരെ 145 പൗണ്ട് ആയിരുന്നു ചാർജ്ജ്. മുൻപത്തേതു പോലെത്തന്നെ ആധുനിക സൗകര്യങ്ങളൊക്കെയും ഈ സർവ്വീസിലും ഉണ്ടായിരുന്നു. ഇറാനിലെ പ്രശ്നങ്ങളും, പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമായതും അതുവഴിയുള്ള യാത്രകൾക്ക് വളരെയേറെ അപകടസാധ്യതകൾ വർദ്ധിച്ചതുമൊക്കെ ഇതുവഴിയുള്ള യാത്രകൾക്ക് ഒരു തടസ്സമായി മാറിയതോടെ 1976 ൽ ഈ ബസ് സർവ്വീസ് അവസാനിപ്പിക്കുകയായിരുന്നു. അന്ന് ബസ്സിൽ മാത്രമല്ല കാറിലും വാനിലും ക്യാമ്പറുകളിലുമൊക്കെ പടിഞ്ഞാറൻ യൂറോപ്യന്മാർ ഇന്ത്യയിലേക്ക് വന്നിരുന്നു.


ചില ഹോളിവുഡ് റോഡ് മൂവീസിലും ഹിപ്പി റൂട്ട് എന്ന് അറിയപ്പെട്ടിരുന്ന ഈ യാത്രകളെ പശ്ചാത്തലമാക്കിയിട്ടുണ്ട്.[7]

സർവ്വീസ് എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിനു മുൻപ് ഏകദേശം 15 ഓളം ട്രിപ്പുകൾ ആൽബർട്ട് ടൂർസ് പൂർത്തിയാക്കിയതായും റിപ്പോർട്ടുകളുണ്ട്. ലോകം കണ്ട സഞ്ചാരി കൂടിയായ ആൽബർട്ട് എന്നു പേരുള്ള ഈ ബസ് ഇപ്പോൾ നന്നായി പരിപാലിച്ചു പോരുന്നു.

  1. https://www.news18.com/news/buzz/a-bus-ride-from-london-to-kolkata-in-1950s-yes-the-viral-photo-is-real-2696673.html
  2. https://books.google.com.sa/books?id=x_wmAQAAIAAJ&pg=RA4-PA86
  3. https://malayalam.samayam.com/viral-news/omg/did-you-know-there-was-london-calcutta-bus-service-till-the-end-of-1970/articleshow/76747839.cms
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-06. Retrieved 2020-07-06.
  5. https://www.techtraveleat.com/story-of-london-culcutta-bus-service/
  6. "ലണ്ടനിൽ നിന്നു കൽക്കട്ടയിലെത്തിയ ഇന്ത്യാ മാൻ..." Retrieved 2020-07-17.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-11. Retrieved 2020-07-07.