ഇന്ത്യയിൽ ഝാർഖണ്ഡിന്റെ തലസ്ഥാന നഗരിയായ റാഞ്ചിയിൽ സ്ഥിതിചെയ്യുന്ന ഒരു വിമാനത്താവളമാണ് ബിർസ മുണ്ഡ വിമാനത്താവളം (IATA: IXR, ICAO: VERC). ഇത് റാഞ്ചി വിമാനത്താവളം എന്നുകൂടി അറിയപ്പെടുന്നു. ഇന്ത്യൻ ആദിവാസി സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ബിർസ മുണ്ഡയുടെ പേരിലറിയപ്പെടുന്ന ഈ വിമാനത്താവളം ഇപ്പോൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. നഗര കേന്ദ്രത്തിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ മീ (3.1 മൈൽ) അകലെയായി ഹിനോയിലാണ് ഇതു സ്ഥിതി ചെയ്യുന്നു. 1568 ഏക്കർ പ്രദേശത്തായി വിമാനത്താവളത്തിന്റെ ഭാഗങ്ങൾ വ്യാപിച്ചുകിടക്കുന്നു.[2] പ്രതിവർഷം ഏകദേശം ഒന്നര ദശലക്ഷത്തോളം യാത്രക്കാർ ഉപയോഗിക്കുന്ന ഈ വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ 28 ആമത്തെ വിമാനത്താവളമാണ്.[3]
ബിർസ മുണ്ട വിമാനത്താവളത്തിൽ പൂർണ്ണമായി പ്രവർത്തനസജ്ജമായ പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടം അന്നത്തെ വ്യോമയാന മന്ത്രി അജിത് സിംഗ് 2013 മാർച്ച് 24 ന് ഉദ്ഘാടനം ചെയ്തിരുന്നു. 19,600 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള ഈ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം 138 കോടി രൂപ ചെലവിലാണു നിർമ്മിക്കപ്പെട്ടിത്. ഇവിടെ രണ്ട് എയ്റോ-ബ്രിഡ്ജുകളും ആറ് എസ്കലേറ്ററുകളുമുണ്ട്. ഇവിടെ ഉപയോഗിക്കപ്പെടുന്ന എല്ലാ ഉപകരണങ്ങളും ചൈന, ജർമ്മനി, സിംഗപ്പൂർ പോലെയുള്ള വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തുവയാണ്. ഒരേസമയം 500 ആഭ്യന്തര, 200 അന്താരാഷ്ട്ര യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്.[4]