യഹോവയുടെ സാക്ഷികളുടെ ആദ്യകാല പ്രചാരകൻ ആയ സി.റ്റി. റസ്സൽ തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്തിന് സമീപം പ്രസംഗിച്ച സ്ഥലം റസ്സൽപുരം എന്നറിയപ്പെടുന്നു. മുൻപ് ഈ പ്രദേശം 'ഞാറക്കാട് ' എന്ന് അറിയപ്പെട്ടിരുന്നു. നാഗർകോവിൽ ഈത്താമൊഴി സ്വദേശി എസ് പി ദേവസഹായത്തിന്റെ (ഡേവി) ക്ഷണപ്രകാരം ആണ് റസ്സൽ 1912ൽ തിരുവിതാംകൂറിൽ എത്തിചേർന്നത്. അമേരിക്കയിൽ ശാസ്ത്ര-ചരിത്ര പഠനങ്ങൾ നടത്തിയിരുന്ന എസ് പി ഡേവി അവിടെ വെച്ചാണ് റസ്സലിനെ പരിചയപ്പെട്ടത്. റസ്സലിന്റെ അന്താരാഷ്ട്ര വേദവിദ്യാർത്ഥി പ്രസ്ഥാനത്തിൽ (യഹോവയുടെ സാക്ഷികൾ 1931ന് മുൻപ് വരെ അങ്ങനെ ആണ് അറിയപ്പെട്ടിരുന്നത് ) ആകൃഷ്ടൻ ആയ ഡേവി പിന്നീട് റസ്സൽപുരത്തും നാഗർകോവിലിന് സമീപം ഉള്ള പ്രദേശങ്ങളിലും നിരവധി ബൈബിൾ പഠന ഗ്രൂപ്പുകൾ ആരംഭിക്കുകയുണ്ടായി. റസ്സലിന്റെ മരണശേഷം വേദവിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്നും പിൻവാങ്ങിയ എസ് പി ഡേവി 1939ൽ റസ്സൽപുരത്ത് അന്തരിച്ചു. റസ്സൽപുരം ഗവണ്മെന്റ് സ്കൂളിന് സമീപം അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നു. കൂടാതെ സ്കൂളിന് ഉള്ളിൽ റസ്സലിന്റെയും സ്കൂൾ സ്ഥാപകൻ ആയ എസ് പി ഡേവിയുടെയും ചിത്രങ്ങൾ ഇന്നും കാണാൻ ആകും.

തിരുവനന്തപുരം
ചാൾസ് റ്റേസ് റസ്സൽ 1912 ൽ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തിനു സമീപം ഉള്ള ഞാറക്കാട് എന്ന ഗ്രാമത്തിൽ എസ് പി ഡേവിയുടെ ബംഗ്ലാവിന് മുന്നിൽ വെച്ച് എടുത്ത ചിത്രം. കൂടെ എസ് പി ഡേവിയെയും കാണാം. അന്ന് മുതൽ ഇന്ന് വരെ ഈ ഗ്രാമം റസ്സൽപുരം എന്ന പേരിൽ അറിയപ്പെടുന്നു.[1]

റസ്സലിന്റെ പ്രവർത്തനം നിരീക്ഷിച്ച അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീ മൂലം തിരുന്നാൾ രാമവർമ റസ്സലിനെ തന്റെ കൊട്ടാരത്തിലേക്കു ഹാർദ്ദമായി സ്വാഗതം ചെയ്തു. കൂടാതെ തിരുവനന്തപുരം വിക്‌ടോറിയ ജൂബിലി (VJT) ഹാളിൽ റസ്സലിനു പ്രസംഗം നടത്താൻ സൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു. മഹാരാജാവ് റസ്സലിന്റെ കൈയിൽ നിന്നും ബൈബിളും, 'തിരുവെഴുത്തുകളുടെ പഠനം' എന്ന റസ്സൽ എഴുതിയ പുസ്തക വാല്യങ്ങളും സ്വീകരിക്കുകയുണ്ടായി.റസ്സലിന്റെ ചിത്രം രാജാവ് ആവശ്യപ്പെടുകയും പിന്നീട് അത് കൊട്ടാരത്തിൽ സൂക്ഷിക്കപ്പെടുകയുമുണ്ടായി.[2]

റസ്സൽപുരത്ത് ആദ്യമായി സൈക്കിളും തയ്യൽ മെഷീനും സിനിമയും പരിചയപെടുത്തിയത് എസ് പി ഡേവി ആണ്. 1914ൽ അന്താരാഷ്ട്ര വേദവിദ്യാർത്ഥി പ്രസ്ഥാനം പുറത്തിറക്കിയ "സൃഷ്ടിപ്പിൻ ഫോട്ടോ നാടകം"(Photo Drama of Creation) പ്രൊജക്ടറും ചിമ്മിനി വിളക്കും ഉപയോഗിച്ച് റസ്സൽപുരത്തും സമീപപ്രദേശങ്ങളിലും അദ്ദേഹം പ്രദർശിപ്പിച്ചിരുന്നു. റസ്സലിനോടുള്ള ആദരസൂചകമായിട്ടാണ് ഞാറക്കാടിന് റസ്സൽപുരം എന്ന പേര് നല്കപ്പെട്ടത്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ റസ്സൽപുരം സ്ഥിതിചെയ്യുന്നു [1][2]

SP Davey and CT Russell
എസ് പി ഡേവിയും സി റ്റി റസ്സലും 1912 ൽ കണ്ട് മുട്ടിയപ്പോൾ
Crowd Welcoming Russell (1912)
ബാലരാമപുരത്തെ ജനങ്ങൾ റസ്സലിനെ സ്വാഗതം ചെയ്യുന്നു - 1912 ലെ ഫയൽ ചിത്രം
Auditorium at Russellpuram
1912ൽ ഞാറക്കാട് പ്രദേശത്ത് (ഇന്നത്തെ റസ്സൽപുരം) റസ്സൽ പ്രസംഗിച്ച ഓഡിറ്റോറിയം
  1. https://www.youtube.com/watch?v=CMKW7e1UjSc
  2. https://lsgkerala.gov.in/ml/lbelection/electdmemberpersondet/2015/276/2015027600201
"https://ml.wikipedia.org/w/index.php?title=റസ്സൽപുരം&oldid=3997807" എന്ന താളിൽനിന്ന് ശേഖരിച്ചത്