രുഹുന ദേശീയോദ്യാനം
ശ്രീലങ്കയിലെ ദേശീയോദ്യാനങ്ങളിലൊന്നായ യാല ദേശീയോദ്യാനത്തിന്റെ ഒരു ഭാഗമാണ് രുഹുന ദേശീയോദ്യാനം. യാല ദേശീയോദ്യാനത്തിന് മുഖ്യമായും അഞ്ച് ബ്ലോക്കുകളുണ്ട്. ബ്ലോക്ക് -1ൽ ഉൾപ്പെടുന്ന ദേശീയോദ്യാനമാണ് രുഹുന ദേശീയോദ്യാനം. യാല വെസ്റ്റ് നാഷണൽ പാർക്ക് എന്ന അപരനാമത്തിലും ഇത് അറിയപ്പെടുന്നു. 14,101 ഹെക്ടർ (54.44 ചതുരശ്രമൈൽ) വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ ഉദ്യാനം 1938-ലാണ് സ്ഥാപിതമായത് . ശ്രീലങ്കൻ ആനകളും ശ്രീലങ്കൻ പുള്ളിപ്പുലികളും ജലപക്ഷികളും ഇവിടെ പ്രത്യേകം സംരക്ഷിക്കപ്പെടുന്നു. വന്യജീവികളുടെയും വിവിധയിനം പക്ഷിവർഗ്ഗങ്ങളുടെയും ജൈവവൈവിധ്യത്തിന് പ്രസിദ്ധമാണ് ഈ ദേശീയോദ്യാനം[1]. പുരാവസ്തു വകുപ്പുകാർക്ക് താല്പര്യമുള്ള നശിപ്പിക്കപ്പെട്ട ശിലാക്ഷേത്രങ്ങൾ, ഗുഹാ ആശ്രമങ്ങൾ, കൃത്രിമ ജലസംഭരണികൾ, പുരാതന സ്മാരകങ്ങൾ എന്നിവ ഈ ഉദ്യാനത്തിലെ വനങ്ങൾക്കിടയിൽ കാണപ്പെടുന്നു. ഇവിടെ ഇക്കോ ടൂറിസമാണ് കണ്ടുവരുന്നത്. സന്ദർശകരെ തിരിച്ചറിയാനായി ഇവിടെ അവരുടെ പേര്, ലിംഗം, വയസ്സ്, തൊഴിൽ, വരുമാനം എന്നിവ നൽകേണ്ടതുണ്ട്. വളരെ തുറസ്സായ സ്ഥലത്ത് നന്നായി വന്യമൃഗങ്ങളെ വീക്ഷിക്കാൻ കഴിയുന്നുവെന്നതാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രത്യേകത.[2].
രുഹുന ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | പടിഞ്ഞാറൻ പ്രവിശ്യ, ശ്രീലങ്ക |
Nearest city | ഹമ്പൻടോട്ട |
Coordinates | 6°30′47″N 81°41′16″E / 6.51306°N 81.68778°E |
Area | 14,101 ഹെക്ടർ (54.44 ച മൈ |
Established | 1938 |
Governing body | Department of Wildlife Conservation |
ചരിത്രം
തിരുത്തുകഒരിക്കൽ യാല ദേശീയോദ്യാനം ഉൾപ്പെടുന്ന മുഴുവൻ പ്രദേശവും പുരാതന സിംഹളരുടെ രാജ്യമായ രുഹുന ആയിരുന്നു. പുരാതനരാജ്യമായ രുഹുനയിൽ വടക്ക് രാജരതയിലെപ്പോലെ ജലസേചനം, ബൃഹത്തായ കെട്ടിടങ്ങൾ, നിലവാരമുള്ള ജീവിതരീതികൾ എന്നിവ ഉൾക്കൊള്ളന്ന ഒരു മഹത്തായ സംസ്കാരം നിലനിന്നിരുന്നു. ഈ സുവർണ്ണ കാലഘട്ടത്തിന്റെ നിർമ്മിതിയാണ് സ്മാരകങ്ങളും സിതുൽപഹുവ, കൊട്ടാടോല, അഗുസചെട്ടിയ പോലുള്ള പുണ്യസ്ഥലങ്ങളും. ഇവയിലുടനീളം ബുദ്ധിസം വ്യാപിച്ചുകിടക്കുന്നത് കാണാം. രുഹുന ദേശീയോദ്യാനത്തിലെ പ്രസിദ്ധിയാർജ്ജിച്ച ആർക്കിയോളജിക്കൽ സൈറ്റ് ആണ് സിതുൽപഹുവ. ബി.സി. രണ്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ബുദ്ധസ്തൂപമായ ഡഗോബ, കൊത്തുപണികൾ ചെയ്ത ശിലകൾ, 164 -ൽപരം ശിലാലിഖിതങ്ങൾ എന്നിവ ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രമുഖ തീർത്ഥാടന ക്ഷേത്രമായ |കാറ്റരാഗമയുടെ അടുത്താണ് സിതുൽപഹുവ. മഗുൾ മഹാവിഹാര (ക്ഷേത്രം), അകസചെട്ടിയ (ഷ്റൈൻ) എന്നിവ ബി.സി. രണ്ടാം നൂറ്റാണ്ടിൽ പുരാതനസിംഹളരുടെ രാജ്യമായ രുഹുനയിൽ നിർമ്മിക്കപ്പെട്ടവയാണ്. കവൻതിസ്സ രാജാവും വിഹാരമഹാദേവിയും വിവാഹം ചെയ്ത സ്ഥലത്താണ് മഗുൾ മഹാവിഹാര സ്ഥിതിചെയ്യുന്നത്. സിംഹളരുടെ ഇടയിൽ 'മഗുൾ' എന്ന വാക്കിനർത്ഥം 'വിവാഹം' എന്നാണ്.
കാലാവസ്ഥ
തിരുത്തുക1,300 മില്ലിമീറ്റർ വർഷപാതമാണ് രുഹുനയിൽ ലഭിക്കുന്നത്. താപനില 27 ഡിഗ്രി സെൽഷ്യസാണ്. വരണ്ട മൺസൂൺ കാലാവസ്ഥയാണ് കാണപ്പെടുന്നത്.
സസ്യജാലങ്ങൾ
തിരുത്തുകവരണ്ടമേഖലയിൽ കാണപ്പെടുന്ന സസ്യജാലങ്ങളാണ് ഈ ഉദ്യാനത്തിലുള്ളത്. 280 ഇനത്തിൽപ്പെട്ട വൃക്ഷങ്ങളും ചെടികളും ഔഷധച്ചെടികളും ധാരാളം ഇവിടെ കാണപ്പെടുന്നു. കൂടുതലും ശുഷ്ക നിത്യഹരിതവനങ്ങളാണ്. വീരമരം (Drypetes sepiaria), പഴമൂൺപാല ( Manilkara hexandra), സിലോൺ സാറ്റിൻവുഡ് (Chloroxylon swietenia), വിളാമ്പഴം (Limonia acidissima), മസ്റ്റാർഡ് ട്രീ, മലയത്തി (Bauhinia racemosa), വേപ്പ് (Azadirachta indica) എന്നീ വൃക്ഷങ്ങളും കാണപ്പെടുന്നു.
പക്ഷിജന്തുജാലങ്ങൾ
തിരുത്തുക142 വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ ഇവിടത്തെ സ്ഥിരവാസികളാണ്. ദേശാടനപക്ഷികളുടെ കൂട്ടവും ഇവിടത്തെ പ്രത്യേകതയിൽപ്പെടുന്നു. ശ്രീലങ്കൻ കാട്ടുകോഴി (വാലി കുകുല) (Gallus lafayettii), ബ്രൗൺ ക്യാപ്പെഡ് ബബ്ലർ (Pellorneum fuscocapillus), ശ്രീലങ്കൻ മരംകൊത്തി (Tephrodornis affinis), ശ്രീലങ്കൻ സ്വാല്ലോ (Cecropis hyperythra) എന്നിവ ഈ ഉദ്യാനത്തിലെ തദ്ദേശവാസികളാണ്. വരണ്ട മേഖലകളിൽ കാണപ്പെടുന്ന പെരുങ്കൊക്കൻ പ്ലോവർ (Esacus recurvirostris), കള്ളിക്കുയിൽ (Phaenicophaeus leschenaulti), നീലക്കണ്ണൻ പച്ചച്ചുണ്ടൻ (Phaenicophaeus viridirostris), പാണ്ടൻ വേഴാമ്പൽ ( Anthracoceros coronatus) എന്നീ പക്ഷികളും ഇവിടെ കാണപ്പെടുന്നു. അപൂർവ്വയിനമായ ബ്ലാക്ക് നെക്കെഡ് സ്റ്റോർക്ക് (Ephippiorhynchus asiaticus) ഇവിടെ സംരക്ഷിക്കപ്പെടുന്നു.
ശ്രീലങ്കൻ ആന, പുലി, മാൻ, സ്ലോത്ത്ബീയർ, കുറുക്കൻ, കുരങ്ങൻ, ഉടുമ്പ്, കാട്ടെരുമ തുടങ്ങിയ സസ്തനികളെ ഇവിടെ കാണാൻ കഴിയുന്നു[3]. വടക്കുകിഴക്കൻ മൺസൂണിന്റെ അവസാനം (ഫെബ്രുവരി) ഉദ്യാനത്തിൽ ചിത്രശലഭങ്ങളുടെ കൂട്ടത്തിന്റെ മനോഹരദൃശ്യങ്ങൾ കാണാൻ കഴിയുന്നു[4].
ചിത്രശാല
തിരുത്തുക-
നീലക്കണ്ണൻ പച്ചച്ചുണ്ടൻ
-
പെരുങ്കൊക്കൻ പ്ലോവർ
-
പാണ്ടൻ വേഴാമ്പൽ
-
ശ്രീലങ്കൻ കാട്ടുകോഴി
-
ശ്രീലങ്കൻ പുള്ളിപ്പുലി
അവലംബം
തിരുത്തുക- ↑ https://www.travelsuvidha.co.in/holidays/sight_detail/355/897/Ruhuna-National-Park[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.fao.org/docrep/ARTICLE/WFC/XII/0116-A1.HTM
- ↑ http://www.jetwingeco.com/articles/yala-ruhuna-national-park-serialization-national-parks-sri-lanka/
- ↑ http://www.fao.org/docrep/ARTICLE/WFC/XII/0116-A1.HTM