രജിനി തിരണഗാമ

മനുഷ്യാവകാശ പ്രവർത്തക

ശ്രീലങ്കയിൽ നിന്നുമുള്ള ഒരു മനുഷ്യാവകാശപ്രവർത്തകയും, സ്ത്രീവിമോചനവാദിയുമായിരുന്നു ഡോക്ടർ.രജിനി തിരണഗാമ. എൽ.ടി.ടി.ഇയുടെ നിലപാടുകളെ പൊതുവേദിയിൽ വിമർശിച്ചു എന്ന കുറ്റം ചുമത്തി, എൽ.ടി.ടി.ഇ രജിനിയെ വെടിവെച്ചു കൊന്നു.[1] കൊല്ലപ്പെടുമ്പോൾ, രജിനി ജാഫ്ന സർവ്വകലാശാലയിൽ അനാട്ടമി വിഭാഗം മേധാവിയായിരുന്നു. ശ്രീലങ്കയിലെ മനുഷ്യാവകാശ സംഘടനയായ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ സ്ഥാപകാംഗവും, സജീവ പ്രവർത്തകയുമായിരുന്നു രജിനി.[2]

ഡോക്ടർ.രജിനി തിരണഗാമ
Rajani Thiranagama.jpg
ഡോക്ടർ.രജിനി തിരണഗാമ
ജനനം(1954-02-23)23 ഫെബ്രുവരി 1954
മരണം21 സെപ്റ്റംബർ 1989(1989-09-21) (പ്രായം 35)
തൊഴിൽസർവ്വകലാശാല അധ്യാപക
ജീവിതപങ്കാളി(കൾ)ദയപാല തിരണഗാമ
കുട്ടികൾനർമ്മദ തിരണഗാമ
ശാരിക തിരണഗാമ

ജീവിതരേഖതിരുത്തുക

ആദ്യകാല ജീവിതം, വിദ്യാഭ്യാസംതിരുത്തുക

1954 ഫെബ്രുവരി 23 ആം തീയതി ശ്രീലങ്കയിലെ ജാഫ്നയിലാണ് രജിനി ജനിച്ചത്. തമിഴ് ക്രൈസ്തവ ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തേതായിരുന്നു രജിനി. ആശുപത്രി ജീവനക്കാരനായിരുന്നു പിതാവ് രാജസിംഹം. ജാഫ്നയിൽ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞശേഷം, വൈദ്യ പഠനത്തിനായി കൊളംബോ സർവ്വകലാശാലയിൽ ചേർന്നു. സർവ്വകലാശാല വിദ്യാഭ്യാസ കാലഘട്ടത്തിൽ രജിനി വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്കിറങ്ങികയും സജീവമായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു.[3]

വിവാഹം, കുട്ടികൾതിരുത്തുക

കൊളംബോ സർവ്വകലാശാലയിലെ പഠനകാലത്താണ്, രജിനി കെലിനിയ സർവ്വകലാശാലയിലെ വിദ്യാർത്ഥിയും സജീവരാഷ്ട്രീയപ്രവർത്തകനുമായ ദയപാല തിരണഗാമയെ പരിചയപ്പെടുന്നത്. സിംഹള, ബൗദ്ധ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു ദയപാല. മതപരവും, സാമൂഹികവുമായ വേലിക്കെട്ടുകളെ തകർത്തുകൊണ്ട് 1977 ൽ ഇരുവരും വിവാഹിതരായി. 1978 ൽ ജനിച്ച നർമ്മദയും, 1980 ൽ ജനിച്ച ശാരികയുമാണ് ഈ ദമ്പതിമാരുടെ മക്കൾ. ദയാപാലയും, നർമ്മദയും ഇപ്പോൾ ഇംഗ്ലണ്ടിലാണു താമസം. ശാരിക സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ അധ്യാപികയാണ്, ഭർത്താവുമൊത്ത് കാലിഫോർണിയയിൽ താമസിക്കുന്നു. രജിനിയെക്കുറിച്ച് കാനഡ നാഷണൽ ഫിലിം ബോർഡ് തയ്യാറാക്കിയ ഡോക്യുമെന്ററിയിൽ രജിനിയായി അഭിനയിച്ചത് ശാരികയായിരുന്നു.[4][5]

ഔദ്യോഗിക ജീവിതംതിരുത്തുക

ജാഫ്ന ആശുപത്രിയിൽ ഒരു ഇന്റേൺ ഡോക്ടറായിട്ടായിരുന്നു രജിനിയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്റേൺ കാലാവധി അവസാനിച്ചതോട, ജാഫ്ന ആശുപത്രിയിൽ ജോലി ചെയ്യാൻ അവസരം ഉണ്ടായിട്ടും, വളരെ ദൂരെയുള്ള ഒരു ഗ്രാമത്തിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കാനാണ് രജിനി താൽപര്യപ്പെട്ടത്. ബദുള്ള ജില്ലയിലുള്ള ഹൽദുമുള്ള എന്ന ഗ്രാമത്തിലെ ആശുപത്രിയിൽ ഡോക്ടറായി ജോലിയിൽ പ്രവേശിച്ചു.[6]1980 ൽ അവിടത്തെ സേവനം അവസാനിപ്പിച്ച് രജിനി തിരികെ ജാഫ്നയിലേക്കു വന്നു. ജാഫ്ന സർവ്വകലാശാലയിൽ അനാട്ടമി വിഭാഗത്തിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.[7] ജാഫ്ന അക്കാലത്ത്, ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ പോർക്കളമായിരുന്നു . ജാഫ്നയിലുളള പലരും, അവിടം ഉപേക്ഷിച്ച് അന്യരാജ്യങ്ങളിലേക്കു കുടിയേറാൻ തുടങ്ങിയിരുന്നു.

എൽ.ടി.ടി.ഇ ബന്ധംതിരുത്തുക

രജിനിയുടെ മൂത്ത സഹോദരി, നിർമ്മല ഒരു എൽ.ടി.ടി.ഇ അംഗമായിരുന്നു. അവരിൽ നിന്നും പ്രചോദനമുൾക്കൊണ്ട രജിനിയും താമസിയാതെ എൽ.ടി.ടി.ഇ അനുഭാവിയായി മാറുകയും, സംഘടനയിൽ അംഗത്വമെടുക്കുകയും ചെയ്തു. യുദ്ധങ്ങളിൽ മുറിവേറ്റ സംഘാംഗങ്ങളെ പരിചരിക്കുക എന്നതായിരുന്നു രജിനിയുടെ ചുമതല. 1983 ൽ ലിവർപൂൾ മെഡിക്കൽ സ്കൂളിൽ ബിരുദാനന്തരപഠനത്തിനായി രജിനി ഇംഗ്ലണ്ടിലേക്കു പോയി.

1982 ൽ രജിനിയുടെ സഹോദരി നിർമ്മല, ശ്രീലങ്കയിലെ തീവ്രവാദ നിരോധന നിയമപ്രകാരം, ജയിലിലടക്കപ്പെട്ടു. ഇവരെ ജയിലിൽ നിന്നും മോചിപ്പിക്കാൻ, രജിനിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്രതലത്തിൽ ഒരു പ്രചരണപരിപാടി ആരംഭിച്ചു.[8] ഇംഗ്ലണ്ടിൽ നിന്നുമായിരുന്നു രജിനി ഈ പ്രചരണപരിപാടിക്കു ചുക്കാൻ പിടിച്ചത്. ഇംഗ്ലണ്ടിലായിരിക്കുമ്പോഴും, സംഘടനയുമായുള്ള ബന്ധം രജിനി ഉപേക്ഷിച്ചിരുന്നില്ല. എൽ.ടി.ടി.ഇയുടെ ലണ്ടൻ കമ്മിറ്റിയുമായി ചേർന്ന് അവർ പ്രവർത്തിച്ചിരുന്നു. ശ്രീലങ്കയിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ ലോകത്തിന്റെ മുന്നിലെത്തിച്ച് അവരുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമമായിരുന്നു രജിനി നടത്തിയിരുന്നത്. അതിനുവേണ്ടി, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പല മനുഷ്യാവകാശ സംഘടനകളുമായി കൂടിച്ചേർന്ന് അവർ പ്രവർത്തിച്ചു. ഇതോടൊപ്പം തന്നെ, സ്ത്രീവിമോചനത്തിനുവേണ്ടിയും, ഇംഗ്ലണ്ടിലെ കറുത്തവർഗ്ഗക്കാർ നേരിടുന്ന വർണ്ണവിവേചനത്തിനെതിരേയും പ്രവർത്തിക്കാൻ രജിനി മുന്നിട്ടിറങ്ങി.[9] തന്റെ ലക്ഷ്യത്തിനുവേണ്ടി മറ്റു വിമോചനസംഘടനകളുമായി കൂടിചേർന്നു അവർ പ്രവർത്തിക്കാൻ തയ്യാറായി.

മനുഷ്യാവകാശപ്രവർത്തകതിരുത്തുക

തനിക്കു ചുറ്റും നടക്കുന്ന രാഷ്ട്രീയലക്ഷ്യങ്ങളോടെ മാത്രമുള്ള കൊലപാതകങ്ങൾക്കു സാക്ഷിയാവേണ്ടി വന്നതോടെ, സായുധ സമരം എന്ന മാർഗ്ഗത്തിൽ നിന്നും രജിനി മാറി ചിന്തിക്കാൻ തുടങ്ങി. താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങളിലും, ആദർശങ്ങളിലും കാലുറപ്പിച്ചു നിന്നുകൊണ്ടു, എൽ.ടി.ടി.ഇ പിന്തുടരുന്ന ഇടുങ്ങിയ ദേശീയതയെ രജിനി പൊതുവേദിയിൽ വിമർശിക്കാൻ തുടങ്ങി. അതോടൊപ്പം തന്നെ, ശ്രീലങ്കയിൽ സമാധാനം പുനസ്ഥാപിക്കാൻ നിയോഗിക്കപ്പെട്ട ഇന്ത്യൻ സമാധാന സംരക്ഷണ സേന അവിടെ നടത്തുന്ന മനുഷ്യാവകാശലംഘനത്തെക്കുറിച്ചും, ശ്രീലങ്കൻ സൈന്യം അവർക്കു നൽകുന്ന പിന്തുണക്കും എതിരേ രജിനി ശക്തമായ വിമർശനം അഴിച്ചു വിട്ടു. ഇന്ത്യൻ സമാധാന സംരക്ഷണ സേനയും, എൽ.ടി.ടി.ഇ യും ശ്രീലങ്കയിൽ നടത്തുന്ന മനുഷ്യാവകാശധ്വംസനത്തിന്റെ തെളിവുകൾ രജിനി ശേഖരിക്കാൻ തുടങ്ങി. ഇതോടൊപ്പം തന്നെ രജിനിയും സുഹൃത്തുക്കളും കൂടി, യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സ് എന്ന മനുഷ്യാവകാശ സംഘടനയുടെ ജാഫ്ന ഘടകം ആരംഭിച്ചു.[10]

ഇക്കാലയളവിൽ രജിനി തന്റെ സുഹൃത്തിനോടൊപ്പം ചേർന്ന് The Broken Palmyra എന്നൊരു പുസ്തകം രചിക്കുകയുണ്ടായി. 1980 കളിൽ ഇന്ത്യൻ സമാധാന സംരക്ഷണ സേനയും, എൽ.ടി.ടി.ഇയും നടത്തിയ കടുത്ത മനുഷ്യാവകാശലംഘനങ്ങളേക്കുറിച്ചുള്ള വിവരങ്ങളായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം.[11]

കൊലപാതകംതിരുത്തുക

The Broken Palmyra എന്ന പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു ഏതാനും ആഴ്ചകൾക്കു ശേഷം, 1989 സെപ്തംബർ 21 ആം തീയതി ജോലി കഴിഞ്ഞ് സൈക്കിളിൽ തിരികേ വീട്ടിലേക്കു വരുന്ന വഴി, ഒരു അഞ്ജാതൻ രജിനിയെ വെടിവെച്ചു കൊലപ്പെടുത്തി.[12] യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസ്സോസ്സിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സും, രജിനിയുടെ സഹോദരിയും ഈ കൊലപാതകത്തിനുത്തരവാദി എൽ.ടി.ടി.ഇ ആണെന്നാരോപിച്ചു. എൽടി.ടി.ഇ യുടെ ക്രൂരതകളെ പുറംലോകത്തെ അറിയിച്ചിതിലുള്ള അവരുടെ വിരോധമാകാം കൊലപാതക കാരണമെന്നും രജിനിയുടെ സഹോദരി പറഞ്ഞു.

2016 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ, ടി.ഡി. രാമകൃഷ്ണൻ എഴുതിയ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്ന മലയാള നോവൽ രജനിക്കാണ് സമർപ്പിച്ചിരിക്കുന്നത്.

അവലംബംതിരുത്തുക

 1. "On the occasion of the release of No More Tears Sister, a film on the life and times of Rajani Thiranagama". University teachers for human rights. 2008-05-25. ശേഖരിച്ചത് 2016-11-28.
 2. "Dr. Rajini Thiranagama". University teachers for human rights. ശേഖരിച്ചത് 2016-11-28.
 3. "Surviving the Plots of RAW and Premadasa". Sangam. 2001-11-24. ശേഖരിച്ചത് 2016-11-28.
 4. "No More Tears Sister: Anatomy of Hope and Betrayal". National film board Canada. ശേഖരിച്ചത് 2016-11-28.
 5. "No More Tears Sister: Anatomy of Hope and Betrayal". PBS. 2006-06-27. ശേഖരിച്ചത് 2016-11-28.
 6. Fernando, Basil. "Sri Lanka, the Gulag Island (2) – Zero Status of Citizens- Dayan's problem". Srilanka Guardian. ശേഖരിച്ചത് 2016-11-28.
 7. "Faculty of Medicine, University of Jaffna" (PDF). University of Jaffna. ശേഖരിച്ചത് 2016-11-28.[പ്രവർത്തിക്കാത്ത കണ്ണി]
 8. "Rajani Thiranagama Commemoration, 20-21 September 2014 in Jaffna". Colombo Telegraph. 2014-09-10. ശേഖരിച്ചത് 2016-11-28.
 9. "No More Tears Sister: Anatomy of Hope and Betrayal". National film board Canada. ശേഖരിച്ചത് 2016-11-28.
 10. "On the occasion of the release of No More Tears Sister, a film on the life and times of Rajani Thiranagama". University teachers for human rights. 2008-05-25. ശേഖരിച്ചത് 2016-11-28.
 11. "The Broken Palmyra". UTHR. ശേഖരിച്ചത് 2016-11-28.
 12. "The murder of Rajini Thiranagama". UTHR , Jaffna. ശേഖരിച്ചത് 2016-11-28.
"https://ml.wikipedia.org/w/index.php?title=രജിനി_തിരണഗാമ&oldid=3642649" എന്ന താളിൽനിന്ന് ശേഖരിച്ചത്