കേരളത്തിലെ ഒരു ജനപ്രിയ കാർട്ടൂണിസ്റ്റാണ് യേശുദാസൻ (ജനനം: 1938 ജൂൺ 12 , മരണം: 2021 ഒക്ടോബർ 6). ചാക്കേലാത്ത് ജോൺ യേശുദാസൻ (ആംഗലേയത്തിൽ: Yesudasan C.J) എന്നാണ് പൂർണ്ണനാമം.

യേശുദാസൻ സി.ജെ
ജനനം(1938-06-12)ജൂൺ 12, 1938
മരണം2021 ഒക്ടോബർ 06
ദേശീയത ഇന്ത്യ
തൊഴിൽകാർട്ടൂണിസ്റ്റ്, എഴുത്തുകാരൻ
അറിയപ്പെടുന്നത്അസാധു, കേരള കാർട്ടൂൺ അക്കാദമി, മലയാള മനോരമ, കട്ട്-കട്ട്
ജീവിതപങ്കാളി(കൾ)മേഴ്സി
കുട്ടികൾസാനു, സേതു, സുകു
മാതാപിതാക്ക(ൾ)ജോൺ മത്തായി, മറിയാമ്മ
വെബ്സൈറ്റ്www.yesudasan.info
ഒപ്പ്

ജീവിതരേഖ

തിരുത്തുക

1938 ജൂൺ പന്ത്രെണ്ടാം തീയതി മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിൽ ജനിച്ചു. തന്റെ ക്ലാസ് മുറിയിലെ മണ്ണിൽ നിന്നു തന്നെ വരയ്ക്കാൻ തുടങ്ങിയ യേശുദാസൻ ബി.എസ്.സി ബിരുദത്തിനു ശേഷമാണ് സജീവമായി കാർട്ടൂൺ രംഗത്ത് എത്തുന്നത്. ജനയുഗം ആഴ്ചപ്പതിപ്പിലെ 'ചന്തു' എന്ന കാർട്ടൂൺ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാർട്ടൂൺ പംക്തി. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുഖപത്രമായ ജനയുഗം ദിനപത്രത്തിലെ 'കിട്ടുമ്മാവൻ' എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ച കാർട്ടൂണുകൾ മലയാളത്തിലെ ആദ്യത്തെ 'പോക്കറ്റ്' കാർട്ടൂണുകൾ എന്നവകാശപ്പെടാവുന്നതാണ്. ഈ കഥാപാത്രമാണ് അദ്ദേഹത്തെ ഒരു ജനപ്രിയകാർട്ടൂണിസ്റ്റാക്കിയതും.[1] വനിതയിലെ 'മിസ്സിസ് നായർ', മലയാള മനോരയിലെ 'പൊന്നമ്മ സൂപ്രണ്ട്' 'ജൂബാ ചേട്ടൻ' എന്നീ കാർട്ടൂൺ കഥാപാത്രങ്ങളും മലയാളി വായനക്കാർക്ക് സമ്മാനിച്ചതും യേശുദാസനാണ്.

 
കാർട്ടൂണിസ്റ്റ് യേശുദാസൻ ശങ്കേഴ്സ് വീക്കിലിയിൽ (1963, ന്യൂഡൽഹി)

1963-ൽ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ദില്ലിയിലെ ശങ്കേഴ്സ് വീക്ക്‌ലിയിൽ ചേർന്നു. അടിയന്തരാവസ്ഥക്കാലം വരെ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ച 'ദാസ്' കേരളത്തിൽ തിരിച്ചെത്തിയ ശേഷം അന്നത്തെ രാജ്യസഭാംഗമായ സി. അച്യുതമേനോന്റെ ആവശ്യപ്രകാരം 1969 മുതൽ 'ബാലയുഗം' എന്ന കുട്ടികളുടെ മലയാളം മാസികയുടെ എഡിറ്ററായി ചുമതലയെടുക്കുകയും ചെയ്തു.[2] ശങ്കേഴ്സ് വീക്കിലിയുടെ ചുവടുപിടിച്ച് തുടങ്ങിയ 'അസാധു' എന്ന ജനപ്രിയ രാഷ്ട്രീയ മാസിക കൊല്ലത്തു നിന്നും സിനിമാ ഹാസ്യമാസികയായ 'കട്ട്-കട്ട്', 'ടക്-ടക്' എന്നീ പ്രസിദ്ധീകരണങ്ങളും തുടങ്ങി. പ്രസിദ്ധീകരണരംഗത്തുനിന്നും പിന്മാറിയ യേശുദാസൻ 1985-ൽ മലയാള മനോരമ ദിനപത്രത്തിൽ ചേർന്നു. ഇരുപത്തിമൂന്നു കൊല്ലത്തോളം സ്റ്റാഫ് കാർട്ടൂണിസ്റ്റായി മലയാള മനോരമയിൽ പ്രവർത്തിച്ചു. മെട്രൊ വാർത്ത, ദേശാഭിമാനി എന്നീ ദിനപത്രങ്ങളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക അദ്ധ്യക്ഷനായ യേശുദാസൻ കേരള ലളിതകലാ അക്കാദമിയുടെ ഉപാദ്ധ്യക്ഷനും അദ്ധ്യക്ഷനുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളഭാഷ പ്രസിദ്ധീകരണങ്ങിലും കാലികപ്രസിദ്ധീകരണങ്ങിലും ഇംഗ്ലീഷ്, ഹിന്ദി പ്രസിദ്ധീകരണങ്ങളിലും ഇടയ്ക്കിടെ അദ്ദേഹത്തിന്റെ കാർട്ടൂണുകൾ പ്രത്യക്ഷപ്പെടാറുണ്ട്.

ആദ്യകാർട്ടൂണുകൾ

തിരുത്തുക

ലോകം യുദ്ധക്കൊതിയനെന്നു വിളിച്ചിരുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ ഡഗ്ലസ് ഒരു ആറ്റം ബോബുമായി നൃത്തം ചവിട്ടുന്നതാണ് യേശുദാസൻ വരച്ച ആദ്യത്തെ കാർട്ടൂൺ. 1955-ൽ കോട്ടയത്തുനിന്നും പന്തളം കെ.പിയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന 'അശോക' എന്ന വിനോദമാസികയിലാണ് ഈ കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത്. [3]

വൈക്കം ചന്ദ്രശേഖരൻ നായർ പേരു നൽകിയ ജനയുഗം ആഴ്ചപ്പതിപ്പിലെ 'ചന്തു' എന്ന കാർട്ടൂൺ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാർട്ടൂൺ പംക്തി.

വിമോചനസമരക്കാലത്ത് ജനയുഗം പത്രാധിപസമിതിയുടെ ആവശ്യപ്രകാരം 'കിട്ടുമ്മാവൻ' എന്ന 'പോക്കറ്റ്' കാർട്ടൂൺ 1959 ജൂലായ് 19-മുതൽ വരച്ച് തുടങ്ങി. 'സൂര്യനു കീഴിലെ എന്തിനെക്കുറിച്ചും' അഭിപ്രായം പറയുന്ന 'കിട്ടുമ്മാവൻ' വായനക്കാർക്കിടയിൽ പെട്ടെന്ന് ജനപ്രീതിയാർജ്ജിച്ചു. ഈ കഥാപാത്രത്തോടൊപ്പം പൈലി, കാർത്ത്യായനി, പാച്ചരൻ ഭാഗവതർ, ചെവിയൻ പപ്പു, കാഥികൻ കിണറ്റുകുഴി, അയൽക്കാരൻ വേലുപിള്ള, ചായക്കടക്കാരൻ മമ്മൂഞ്ഞ്, മാത്തനേഡ് തുടങ്ങി പല കാർട്ടൂൺ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനങ്ങളിൽ കിട്ടുമ്മാവനായും, പൈലിയായും വേഷം ധരിച്ചെത്തുക ആരാധകരുടെ പതിവായി മാറി. [3]

കാർട്ടൂൺ ശൈലി

തിരുത്തുക

ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിനോടൊപ്പം ശങ്കേഴ്സ് വീക്കിലിയിൽ പരിശീലനം നേടിയ കാർട്ടൂണിസ്റ്റുകളിൽ ഒരാളാണ് യേശുദാസൻ. വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളും അദ്ദേഹത്തിന്റെ കാർട്ടൂണുകളുടെ മാത്രം പ്രത്യേകതയാണ്. "യേശുദാസന്റെ കാലം കേരളത്തിൽ മുന്നണിരാഷ്ട്രീയത്തിന്റെ കാലം കൂടിയാണ്. ഏതു വാർത്താ മുഹൂർത്തത്തിലും ഇവിടെ ഒരു കൂട്ടം കളിക്കാരുണ്ട് - നേതാക്കൾ, ഉപനേതാക്കൾ, ഉപജാപക്കാർ, ചരടുവലിക്കാർ - യേശുദാസന്റെ കാർട്ടൂണുകളിൽ ഇവർ തിരുകിക്കയറുന്നു. ഒന്നോ രണ്ടോ പേരെ മാത്രം ഉൾക്കൊള്ളിച്ച് അദ്ദേഹം കാർട്ടൂൺ വരച്ച സന്ദർഭങ്ങൾ കുറവാണ്. പലപ്പോഴും കാർട്ടൂണിൽ സദ്യക്കുള്ള ആൾ കാണും." [4]

ഏതു മുഖങ്ങളുടെയും രൂപവൈവിധ്യം വർച്ചു ഫലിപ്പിക്കാനുള്ള സാമർത്ഥ്യം യേശുദാസനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാരിക്കേച്ചറുകളിൽ ഏറ്റവും നാടകീയമായ ഒന്നാണ് ഇ.എം.എസിന്റേത്. "നമ്പൂതിരിപ്പാടിന്റെ താത്വിക പ്രതിച്ഛായയ്ക്ക് കാർട്ടൂൺ രൂപം നൽകിയത് യേശുദാസനാണ് - ഉന്തിയ നെറ്റിയും പെരുപ്പിച്ച തലയുമായി. ഈ കാരിക്കേച്ചർ നാടെങ്ങും അനുകരിക്കപ്പെട്ടു. കാർട്ടൂണിൽ ഇ.എം.എസ് നിത്യഹരിത മധ്യവയസ്കനായി തുടർന്നു."[4]

ചലച്ചിത്രരംഗത്ത്

തിരുത്തുക

1984-ൽ കെ.ജി. ജോർജ്ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'പഞ്ചവടിപ്പാലം' എന്ന മലയാള ചലച്ചിത്രത്തിന് സംഭാഷണവും, 1992-ൽ എ.ടി. അബു സംവിധാനം ചെയ്ത 'എന്റെ പൊന്നു തമ്പുരാൻ' എന്ന ചിത്രത്തിന് തിരക്കഥയും, എഴുതിയത് കാർട്ടൂണിസ്റ്റ് യേശുദാസനാണ്.

പ്രധാനകൃതികൾ

തിരുത്തുക
  • അണിയറ (1970)
  • പ്രഥമദൃഷ്ടി (1971)
  • പോസ്റ്റ്മോർട്ടം (1980)
  • വരയിലെ നായനാർ (2004)
  • വരയിലെ ലീഡർ (2012)
  • 9-പുരാണകിലാ റോഡ് (2014)

പുരസ്കാരങ്ങൾ

തിരുത്തുക
  • 'കലാരത്നം' (1985) കെ.എസ്.യു (എസ്)
  • 'കേസരി സ്മാരക പുരസ്കാരം' (1986) കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ്
  • 'ഉജാല അവാർഡ്'(1987) ജ്യോതി ലാബോറട്ടറീസ്, മുംബൈ
  • 'കാർട്ടൂണിസ്റ്റ് ഓഫ് ദ് ഇയർ അവാർഡ്' (1990, 1992) തിരുവനന്തപുരം പ്രെസ് ക്ല്ബ്
  • 'എൻ.വി. പൈലി പ്രൈസ് ഫോർ ജേർണലിസം' (1996) എൻ.വി. പൈലി ഫൗണ്ടേഷൻ
  • 'കാർട്ടൂണിസ്റ്റ് ശിവറാം അവാർഡ്' (1998) നാഷണൽ ഫിലിം അക്കാദമി
  • 'മിലെന്നിയം അവാർഡ്' (2000) കേരള കലാ കേന്ദ്രം
  • 'വെബ് ഇന്ത്യ അവാർഡ്' (2000) webindia123.com
  • 'ലൈഫ് ടൈം അചീവ്മെന്റ് അവാർഡ്' (2001) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ്സ്, ബാംഗ്ലൂർ
  • 'കാർട്ടൂണിസ്റ്റ് ഓഫ് ദ് ഡക്കേഡ് അവാർഡ്' (2001) ബഹ്റൈൻ കേരളീയ സമാജം
  • 'കേരള സ്റ്റേറ്റ് പ്രെസ് അവാർഡ്' (2001, 2002, 2003) കേരള സർക്കാർ
  • 'പട്ടും വളയും' (2001) പാര വിനോദ മാസിക
  • 'അന്തർദേശീയ പുരസ്കാരം' (2003) മലയാളവേദി, അമേരിക്ക
  • 'ബെസ്റ്റ് കാർട്ടൂണിസ്റ്റ് അവാർഡ്' (2004) തൃശ്ശൂർ സൗഹൃദവേദി, ദോഹ-ഖത്തർ
  • 'ജേസി ഫൗണ്ടേഷൻ ഫിലിം അവാർഡ്' (2004) ജേസി ഫൗണ്ടേഷൻ
  • 'ഗോൾഡൻ ജൂബിലി കാമ്പസ് അവാർഡ് ഫോർ ബെസ്റ്റ് കാർട്ടൂണിസ്റ്റ്'(2004) ശ്രീ ശങ്കര കോളേജ്, കാലടി
  • 'ഔട്സ്റ്റാന്റിംഗ് ജേർണലിസ്റ്റ്' (2004) പി.ആർ. ഫ്രാൻസിസ് സ്മാരക സമിതി, തൃശ്ശൂർ
  • '50 ഇയേഴ്സ് ഓഫ് കാർട്ടൂണിംഗ്' (2005) കോർപ്പറേഷൻ ഓഫ് കൊച്ചിൻ
  • 'എക്സലെൻസ് ഇൻ ജേർണലിസം' (2005) കല്ലൂപ്പാറ ഓർത്തദോക്സ് കൺവെൻഷൻ
  • 'ലെജെന്റ് ഓഫ് ഇന്ത്യൻ കാർട്ടൂണിംഗ്' (2006) കറ്റാനം അസോസിയേഷൻ, കുവൈറ്റ്
  • 'ബി.എം. ഗഫൂർ കാർട്ടൂൺ അവാർഡ്' (2007) കേരള കാർട്ടൂൺ അക്കാദമി
  • 'കലാശ്രേഷ്ഠ അവാർഡ്' (2007) ആർട് ആന്റ് കൾചറൽ മൂവ്മെന്റ് ഓഫ് ഇന്ത്യ
  • 'ശില്പചൈത്രികി' (2007) വിദ്യോദയ സ്കൂൾ, കൊച്ചി
  • 'ഫോർ ദ് സേക് ഓഫ് ഹോണർ അവാർഡ്' (2008) റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് മിഡ് ടൗൺ
  • 'എളവള്ളി നാരായണാചാരി സ്മാരക പുരസ്കാരം' (2008) എളവള്ളി നാരായണാചാരി സ്മാരക പുരസ്കാര സമിതി
  • 'മീഡിയ ട്രസ്റ്റ് ജേർണലിസം അവാർഡ്' (2009) മീഡിയ ട്രസ്റ്റ്
  • 'ഇവാഞ്ചലാശ്രം അവാർഡ്' (2010) ഇവാഞ്ചലാശ്രം
  • 'പ്രൊഫഷണൽ എക്സലെൻസ് അവാർഡ്' (2010) വൈസ്മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൻ
  • 'ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ അവാർഡ്' (2011) മലങ്കര ഓർത്തഡോക്സ് ചർച്ച്
  • 'പി.കെ. മന്ത്രി സ്മാരക പുരസ്കാരം' (2011) കേരള ആർട് അക്കാദമി
  • 'സാംബശിവൻ മെമ്മോറിയൽ അവാർഡ്' (2012) കല-കുവൈത്ത്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. സർവ്വവിജ്ഞാനകോശം; "കാരിക്കേച്ചറും കാർട്ടൂണും" എന്ന ഭാഗം; പ്രസാധകർ: കേരള സർക്കാർ 1984
  2. സുബിൽ മാനന്തവാടി; മാധ്യമം ആഴ്ചപ്പതിപ്പ് 2010
  3. 3.0 3.1 എൻ. ജയചന്ദ്രൻ;  'വരയുടെ അരനൂറ്റാണ്ട്'; മലയാള മനോരമ ദിനപത്രം, 2005 മേയ് 15 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "ref3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. 4.0 4.1 ഇ.പി. ഉണ്ണി; 'കാർട്ടൂണുകളിൽ വൈവിധ്യത്തിന്റെ കൂട്ടം'; മലയാള മനോരമ ദിനപത്രം, 2005 മേയ് 15
"https://ml.wikipedia.org/w/index.php?title=യേശുദാസൻ&oldid=3975720" എന്ന താളിൽനിന്ന് ശേഖരിച്ചത്