യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം
തുർക്കി, ഇറാഖ് എന്നിവിടങ്ങളിൽ നിന്നും യൂറോപ്പിലെ കുടിയേറിയ സുറിയാനി ഓർത്തഡോക്സ് വിശ്വാസികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഒരു ചെറിയ പൗരസ്ത്യ ക്രൈസ്തവ സഭയാണ് യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം. ഈ സഭ മുമ്പ് സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ മെത്രാപ്പോലീത്താസനം എന്നാണ് അറിയപ്പെട്ടിരുന്നത്. സേവേറിയോസ് മോശ ഗോർഗുൻ മെത്രാപ്പോലീത്തയാണ് ഈ സഭയുടെ തലവൻ. സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്നും വിട്ടുപോയ ഏതാനം വൈദികർ ചേർന്നാണ് ഈ സഭയ്ക്ക് രൂപം കൊടുത്തത്. സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്നും ഭിന്നിച്ച ഇന്ത്യയിലെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സഹായവും അംഗീകാരവും ഈ സഭയ്ക്ക് ആദ്യം ലഭിച്ചു. സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലേക്ക് മാറി എത്തിയ തോമസ് അത്തനാസിയോസ്, യൂഹാനോൻ മിലിത്തിയോസ് എന്നീ മെത്രാന്മാരാണ് ഗോർഗാനെ മെത്രാനായി വാഴിച്ചത്. തുടർന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ഗോർഗാനെ യൂറോപ്യൻ സുറിയാനി ഓർത്തഡോക്സ് മെത്രാപ്പോലീത്തയായി അംഗീകരിച്ചു.[1][2] എന്നാൽ അധികം വൈകാതെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുമായി ഗോർഗാൻ തർക്കത്തിലായി. അങ്ങനെ ലഭിച്ച അംഗീകാരം നഷ്ടമായി. തുടർന്ന് ഗോർഗാനും സഭയും യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം എന്ന പേര് സ്വീകരിച്ച് ഗ്രീക്ക് ഓർത്തഡോക്സ് പാരമ്പര്യം അവകാശപ്പെടാൻ ആരംഭിച്ചു. നിലവിൽ സഭ പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെയും സങ്കര സ്വഭാവം പുലർത്തുന്നു. എങ്കിലും ഇരു സഭാ കുടുംബങ്ങളും ഈ സഭയെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല.[3][4]
പട്ടത്വം ഇന്ത്യയിൽനിന്ന്
തിരുത്തുകജർമനിയിലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ മോശ ഗോർഗുൻ റമ്പാനെ മാർ സേവേറിയോസ് മോശ ഗോർഗുൻ എന്ന പേരി അഭിഷേകം ചെയ്യപ്പെട്ടതോടെ 2007 നവംബർ 21-നു് യൂറോപ്പിന്റെയും ജർമ്മനിയുടെയും ട്രൂ ഓർത്തഡോക്സ് മെത്രാസനം നിലവിൽ വന്നു.
2007 ഓഗസ്റ്റിൽ ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസാണു് യൂറോപ്പിൽ സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന വിശ്വാസികൾക്ക് മെത്രാപ്പോലീത്തയെ വാഴിച്ച് നല്കാനുള്ള തീരുമാനമെടുത്തത്. ഇത് നടപ്പിലാക്കുന്നതിനായി മെത്രാപ്പോലീത്തമാരുടെ അഞ്ചംഗ ഉപസമിതിയെ നിശ്ചയിയ്ക്കുകയും ചെയ്തു. കണ്ടനാട് -കിഴക്കിന്റെ തോമസ് അത്താനാസിയോസും തൃശൂരിന്റെ യൂഹാനോൻ മിലിത്തോസും ക്യാനഡ-യു.കെയുടെ തോമസ് മക്കാറിയോസും നിയുക്ത കാതോലിക്കയും സുന്നഹദോസ് സെക്രട്ടറിയും അടങ്ങിയതായിരുന്നു അഞ്ചംഗ ഉപസമിതി. നിയുക്ത കാതോലിക്കയ്ക്കും സുന്നഹദോസ് സെക്രട്ടറിയ്ക്കും മെത്രാഭിഷേകശുശ്രൂഷയിൽ പക്ഷേ പങ്കെടുത്തില്ല. തോമസ് മക്കാറിയോസിന്റെ പിന്തുണയോടുകൂടി തോമസ് അത്താനാസിയോസിന്റെയും യൂഹാനോൻ മിലിത്തോസിന്റെയും കാർമ്മികത്വത്തിൽ റമ്പാന്മാരുടെയും വൈദികരുടെയും സഹകരണത്തോടെ 2007 നവംബർ 21 ബുധനാഴ്ച കേരളത്തിൽ തൃശ്ശൂർ ഭദ്രാസന ആസ്ഥാന അരമനപ്പള്ളിയിൽ വച്ച് സേവേറിയോസ് മോശ ഗോർഗുന്റെ മെത്രാഭിഷേക ശുശ്രൂഷ നടന്നു.
സ്വയംഭരണാവകാശമുള്ള സുറിയാനി ഓർത്തഡോക്സ് യൂറോപ്യൻ ആർച്ച് ഡയോസിസ് അംഗീകരിച്ച് മെത്രാപ്പോലീത്തയെ വാഴിച്ചതിനെ 2007 ഡിസംബർ 6-ന് ചേർന്ന എപ്പിസ്കോപ്പൽ സുന്നഹദോസ് ശരിവച്ചു.[2]
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അപ്പോസ്തലിക ദൗത്യ നിർവഹണത്തിന്റെ ഭാഗമായി സഹോദരീസഭയ്ക്കുവേണ്ടി നടത്തിയ മെത്രാഭിഷേക ശുശ്രൂഷയാണിതെന്നാണ് കണ്ടനാട് (കിഴക്ക്) ഭദ്രാസന ചാൻസലർ അബ്രാഹം കാരാമേൽ വിശദീകരിച്ചത്.
സേവേറിയോസ് മോശ ഗോർഗുൻ മെത്രാപ്പോലീത്തയ്ക്ക് അമേരിക്കയിലെ സ്വതന്ത്ര സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ 2008 മാർച്ച് ആദ്യവാരം കാലിഫോർണിയയിൽ സ്വീകരണം ലഭിച്ചു.
പുറമേയ്ക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Erzbischof". Retrieved 2022-10-12.
- ↑ 2.0 2.1 "സുന്നഹദോസ് അംഗീകരിച്ചു- ദ ഹിന്ദു". Archived from the original on 2012-11-07. Retrieved 2010-08-08.
- ↑ "Independent Orthodox Churches" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-10-12.
- ↑ "Homepage". 2012-03-14. Archived from the original on 2012-03-14. Retrieved 2022-10-31.
{{cite web}}
: CS1 maint: bot: original URL status unknown (link)