നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ

ഭാരത സർക്കാരിന്റെ പഴയകാല രേഖകളും മറ്റും സൂക്ഷിക്കുന്നതിനായി ഡെൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്ഥാപനമാണ് നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (National Archives of India). സാംസ്കാരിക മന്ത്രാലയത്തിനു കീഴിലാണ് ഇതിന്റെ പ്രവർത്തനം.[1] ഇവിടെയുള്ള രേഖകൾ പൊതുജനങ്ങൾക്കും പരിശോധിക്കാവുന്നതാണ്. 1891-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായ കൊൽക്കത്തയിൽ 'ഇംപീരിയൽ റെക്കോർഡ് ഡിപ്പാർട്ട്മെന്റ്' എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനം 1911-ൽ ഡെൽഹിയിലേക്ക് മാറ്റുകയായിരുന്നു.

ചരിത്രം

തിരുത്തുക

1891 മാർച്ച് 11-ന് കൊൽക്കത്തയിൽ 'ഇംപീരിയൽ റെക്കോർഡ് ഡിപ്പാർട്ട്മെന്റ്' സ്ഥാപിതമായി. സർക്കാർ രേഖകൾ സൂക്ഷിക്കുന്നതിനായി രൂപീകരിച്ച ഈ സ്ഥാപനത്തിന്റെ ആദ്യകാല മേൽനോട്ടം ജി.ഡബ്ല്യു. ഫോറസ്റ്റിനായിരുന്നു.[2] 1911-ൽ ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡെൽഹിയിലേക്ക് മാറ്റിയതോടെ ഈ സ്ഥാപനവും പുതിയ തലസ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു. ഡെൽഹി നഗരത്തിന്റെ ശില്പി എഡ്‌വിൻ ല്യൂട്ടൻസാണ് പുതിയ മന്ദിരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. നിയോ-ക്ലാസിക്കൽ ശൈലിയിൽ നിർമ്മിച്ച ഈ മന്ദിരത്തെ ഇംപീരിയൽ റെക്കോർഡ് ഓഫീസെന്നും മ്യൂസിയം ഓഫ് ദി നാഷണൽ ആർക്കൈവ്സെന്നും വിളിച്ചിരുന്നു.[3] 1998 ജൂലൈ 6-ന് ഇന്ത്യൻ രാഷ്ട്രപതി കെ.ആർ. നാരായണൻ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

എ.ഡി. 1748 മുതലുള്ള രേഖകൾ ഇവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇംഗ്ലീഷ്, അറബി, ഹിന്ദി, പേർഷ്യൻ, സംസ്കൃതം, ഉർദു എന്നീ ഭാഷകളിലുള്ള പല പ്രധാന രേഖകളും ഇതിൽ ഉൾപ്പെടുന്നു. പനയോല, മരത്തോൽ, കടലാസ് എന്നിവയിലുള്ള പുരാതന രേഖകൾ ഇപ്പോഴും കേടുകൂടാതെ സൂക്ഷിച്ചിട്ടുണ്ട്.

ഇതും കാണുക

തിരുത്തുക
  1. National Archives of India Government of India website.
  2. "124th Foundation Day Celebrations of National Archives of India". PIB. 11 March 2014. Retrieved 12 March 2014.
  3. "Architectural marvels for the new capital". Hindustan Times. July 20, 2011. Archived from the original on 2014-11-02. Retrieved 2016-05-27.