ഡെൽഹി പിടിച്ചടക്കൽ

1857 ലെ ഇന്ത്യൻ കലാപത്തിന്റെ നിർണ്ണായക സംഘട്ടനങ്ങളിലൊന്ന്
(ദില്ലി പിടിച്ചടക്കൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1857-ലെ ലഹളയെത്തുടർന്ന് വിമത ബ്രിട്ടീഷ്ശിപായികളുടെയും മുഗൾ രാജകുടുംബത്തിന്റെയും നിയന്ത്രണത്തിലായ ദില്ലി നഗരം പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷുകാരുടെ 1857 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള നാലുമാസം നീണ്ടുനിന്ന സൈനികനടപടിയെയാണ് ദില്ലി പിടിച്ചടക്കൽ (ഇംഗ്ലീഷ്: Siege of Delhi) എന്നു പറയുന്നത്.

ഡെൽഹി പിടിച്ചടക്കൽ
1857-ലെ ഇന്ത്യൻ ലഹളയുടെ ഭാഗം

യുദ്ധത്തിൽ തകർച്ച നേരിട്ട കശ്മീരി ഗേറ്റ്
തിയതി1857 ജൂൺ 8 മുതൽ സെപ്റ്റംബർ 21 വരെ
സ്ഥലംഡെൽഹി, മുഗൾ സാമ്രാജ്യം
ഫലംനിർണ്ണായക ബ്രിട്ടീഷ് വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
യുണൈറ്റഡ് കിങ്ഡം ബ്രിട്ടീഷ് സേന
ഈസ്റ്റ് ഇന്ത്യ കമ്പനിയോട് കൂറുള്ള ശിപായിമാർ
തദ്ദേശീയ അവ്യവസ്ഥാപിതസൈനികർ
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ യൂറോപ്യൻ സൈനികർ യുണൈറ്റഡ് കിങ്ഡം ബ്രിട്ടീഷ് - യൂറോപ്യൻ സന്നദ്ധസേവകർ
മുഗളർ
ഇന്ത്യൻ വിമതർ
പടനായകരും മറ്റു നേതാക്കളും
മേജർ ജനറൽ ആർച്ച്ഡേൽ വിൽസൻ
ബ്രിഗേഡിയർ ജോൺ നിക്കോൾസൻ
ബഹാദൂർഷാ സഫർ
മിർസ മുഗൾ
ബഖ്ത് ഖാൻ
ശക്തി
8,000 കാലാൾ
2,000 കുതിരക്കാർ
2,200 കശ്മീരി അവ്യവസ്ഥാപിതസൈനികർ
42 ഫീൽഡ് തോക്കുകൾ
60 സീജ് തോക്കുകൾ
12,000 ശിപായിമാർ,
ഉദ്ദേശം 30,000 അവ്യവസ്ഥാപിതസൈനികർ,
ഏകദേശം 100 തോക്കുകൾ
നാശനഷ്ടങ്ങൾ
1,254 പേർ കൊല്ലപ്പെട്ടു
4,493 പേർക്ക് പരിക്കേറ്റു
ഉദ്ദേശം 5,000 പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദില്ലിയുടെ ഭരണം ഔപചാരികമായി മുഗൾ ചക്രവർത്തിക്കായിരുന്നെങ്കിലും യഥാർത്ഥ അധികാരം ബ്രിട്ടീഷ് റെസിഡന്റിന്റെ കീഴിലായിരുന്നു. ലഹളയുടെ ആരംഭത്തിൽത്തന്നെ 1857 മേയ് 11-ന് മീറഠിൽ നിന്ന് തങ്ങളുടെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെ ലഹളയുയർത്തിയ വിമതശിപായിമാർ ഡെൽഹിയിലെത്തുകയും മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫറിന് പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിലെ ബ്രിട്ടീഷുകാരെ കൊലപ്പെടുത്തുകയും തുരത്തുകയുമായിരുന്നു.[1] ദില്ലിക്ക് ചുറ്റുവട്ടത്തുള്ള ബ്രിട്ടീഷ് സൈനികഘടകങ്ങളിൽ നിന്നുമുള്ള നിരവധി ബ്രിട്ടീഷ് ശിപായിമാർ അതതിടങ്ങളിൽ ലഹള നടത്തുകയും മുഗൾ ചക്രവർത്തിക്ക് പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിൽ എത്തിച്ചേരുകയും ചെയ്തു.[2]

ദില്ലി കലാപകാരികളുടെ കേന്ദ്രസ്ഥാനമായും മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫറിനെ കലാപകാരികൾ ഇന്ത്യയുടെ യഥാർത്ഥഭരണാധികാരിയായും അംഗീകരിക്കുകയും ചെയ്തതോടെ ദില്ലി പിടിച്ചടക്കുക എന്നത് ബ്രിട്ടീഷുകാർക്ക് ജീവൻമരണപ്പോരാട്ടമായി. ഇന്ത്യൻ സാമ്രാജ്യം തന്നെ നഷ്ടപ്പെട്ടേക്കാമെന്നവർ ആശങ്കപ്പെട്ടു. സാധ്യമായിടത്തോളം ബ്രിട്ടീഷ് പട്ടാളക്കാരെ അവർ ദില്ലിയിലേക്കയക്കാൻ തീരുമാനിച്ചു.[3] ബ്രിട്ടീഷുകാർ ഡെൽഹി ഫീൽഡ് ഫോഴ്സ് എന്ന ഒരു സേന രൂപീകരിക്കുകയും ഡെൽഹി റിഡ്ജ് പ്രദേശത്തുനിന്ന് ആക്രമണമാരംഭിക്കുകയും ചെയ്തു. നാലു മാസത്തോളം ഈ ആക്രമണം നീണ്ടുനിന്നു. 1857 സെപ്റ്റംബറിൽ പഞ്ചാബിലെ ചീഫ് കമ്മീഷണറായിരുന്ന ജോൺ ലോറൻസ് ഒരു സൈന്യത്തെ സംഘടിപ്പിച്ച് ജോൺ നിക്കോൾസന്റെ നേതൃത്വത്തിൽ ദില്ലിയിലേക്കയക്കുകയും ഈ സേനയുടെ സഹായത്തോടെ സെപ്റ്റംബർ 21-ന് ബ്രിട്ടീഷുകാർ ഡെൽഹി പിടിച്ചടക്കി.

ഒറ്റപ്പെടൽ

തിരുത്തുക

ലഹളയും യുദ്ധവും പുരോഗമിക്കുന്ന വേളയിൽ ദില്ലി ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് വാർത്താവിനിമയബന്ധങ്ങളറ്റ് ഒറ്റപ്പെടുകയായിരുന്നു. ചുറ്റുവട്ടത്തുമുള്ള പ്രദേശങ്ങളിലെ പ്രശ്നങ്ങളും അരാജകത്വവുമായിരുന്നു ഇതിനു കാരണം. ശിപായികളടക്കമുള്ള ദില്ലി നഗരത്തിലുള്ളവരുടെയും, നഗരം പിടിച്ചടക്കാൻ ശ്രമിക്കുന്ന ബ്രിട്ടീഷ് സൈനികരുടെയും സ്ഥിതി ഇതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല.[1] ബ്രിട്ടീഷുകാർ ഡെൽഹി റിഡ്ജിൽ നിന്ന് നടത്തിയ ആക്രമണത്തേക്കാൾ ഈ ഒറ്റപ്പെടലാണ് ദില്ലിയിലെ ശിപായിമാർക്ക് വിനയായത്. ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയർന്നു. സാധനങ്ങൾക്ക് രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടു. പെട്ടെന്നുതന്നെ ദില്ലി നിവാസികളും ശിപായിമാരും പട്ടിണിയുടെ വക്കത്തെത്തി. ഡെൽഹിയിലെ ശിപായിമാർക്ക് സൈനികമായോ സാമ്പത്തികമായോ മറ്റു വിഭവങ്ങൾ നൽകിയോ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. അവരുടെ കൈവശമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും പരിമിതവുമായിരുന്നു.[4]

യുദ്ധത്തിലേർപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരാകട്ടെ, മറ്റിടങ്ങളിൽ അവർക്ക് നേരിട്ട തോൽവികളെക്കുറിച്ചറിയാതെ സഹായവും പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു. ജൂലൈ അവസാനം വരെ ഡെൽഹി റിഡ്ജിലെ ബ്രിട്ടീഷ് പടയാളികൾ, ജനറൽ വീലറുടെ നേതൃത്വത്തിലുള്ള സൈന്യം കാൻപൂരിൽനിന്നെത്തി ആക്രമണത്തിന്റെ നേതൃത്വമേറ്റെടുക്കും എന്നാണ് കരുതിയിരുന്നത്. ജൂണിൽത്തന്നെ വീലറുടെ സൈന്യം കാൻപൂരിൽ കീഴടങ്ങിയെന്നും തുടർന്ന് എല്ലാവരും ജൂൺ 27-ന് കൂട്ടക്കൊല ചെയ്യപ്പെട്ടു എന്ന കാര്യം വെറും 300 മൈൽ ദൂരെമാത്രമായിരുന്ന അവർക്കറിയുമായിരുന്നില്ല. ഇതിനുപുറമേ വടക്ക് ഖൈബർ ചുരം വഴിയും തെക്കുപടിഞ്ഞാറുഭാഗത്ത് ബോംബെ വഴിയും രണ്ട് പേർഷ്യൻ സൈനികഘടകങ്ങൾ തങ്ങളെ സഹായിക്കാനെത്തുമെന്നും അവർ വൃഥാ വിശ്വസിച്ചിരുന്നു.[5]

യുദ്ധാനന്തരം

തിരുത്തുക

പിടിച്ചടക്കിയ ദില്ലിയിൽ കൊള്ളയടിയും കൂട്ടക്കൊലയും ഭീമമായ തോതിൽ നടന്നു. കച്ച ചേലൻ (Kucha Chelan) എന്ന ഒറ്റ മൊഹല്ലയിൽത്തന്നെ 1400-പേരെയാണ് കൊലപ്പെടുത്തിയത്. എല്ലാവരെയും കൊല്ലുക എന്നതായിരുന്നു ആജ്ഞ. രക്ഷപ്പെട്ടവർക്ക് നഗരത്തിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നു. ഡെൽഹി ആളൊഴിഞ്ഞ ശവപ്പറമ്പായി മാറി. രാജകുടുംബം സമാധാനപരമായി കീഴടങ്ങിയെങ്കിലും സഫറിന്റെ 16 മക്കളിൽ മിക്കവരെയും വിചാരണചെയ്ത് തൂക്കിക്കൊന്നു. മൂന്നുപേരെ വില്യം ഹോഡ്സൺ അപമാനിച്ച് വെടിവച്ചുകൊന്നു.[4] ചെങ്കോട്ടയും മറ്റു നഗരഭാഗങ്ങളും ഇക്കാലത്ത് നശിപ്പിക്കപ്പെട്ടു. പ്രധാനപ്പെട്ട നഗരവാസികൾ - കവികൾ, രാജകുമാരൻമാർ, മുല്ലമാർ, കച്ചവടക്കാർ, സൂഫികൾ, പണ്ഡിതർ - തുടങ്ങിയവരിൽ ബഹുഭൂരിപക്ഷവും ഇക്കാലത്ത് വേട്ടയാടപ്പെടുകയും തൂക്കിലേറ്റപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു.[6] നാടുകടത്തപ്പെട്ടവരിൽ പലരും ബ്രിട്ടീഷുകാർ ആൻഡമാൻ ദ്വീപിൽ പുതിയതായി നിർമ്മിച്ച തടവറകളിലേക്കാണ് അയക്കപ്പെട്ടത്. അവശേഷിച്ചവർ ദരിദ്രരായി മാറി. പുറത്താക്കിയ ചക്രവർത്തി സഫറിന്റെ ജീവിച്ചിരിക്കുന്ന ആണുങ്ങളായ ബന്ധുക്കൾക്ക് അഞ്ചുരൂപയാണ് ബ്രിട്ടീഷുകാർ മാസം പെൻഷൻ നൽകിയത്. സ്ത്രീകളായ ബന്ധുക്കളിൽ ചെറുപ്പക്കാർ വേശ്യകളായി മാറുകയും പ്രായമായവർ വേശ്യാലയനടത്തിപ്പുകാരുമായി മാറി.[7]

  1. 1.0 1.1 ലാസ്റ്റ് മുഗൾ[൧], താൾ: 3
  2. ഹാരോൾഡ് ലീ,[൨] താൾ: 340-342
  3. ലാസ്റ്റ് മുഗൾ[൧], താൾ:9-10
  4. 4.0 4.1 ലാസ്റ്റ് മുഗൾ[൧], താൾ: 4
  5. ലാസ്റ്റ് മുഗൾ[൧], താൾ:11
  6. ലാസ്റ്റ് മുഗൾ[൧], താൾ: 5
  7. ലാസ്റ്റ് മുഗൾ[൧], താൾ: 6

കുറിപ്പുകൾ

തിരുത്തുക
  • ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help)
  • ^ ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
"https://ml.wikipedia.org/w/index.php?title=ഡെൽഹി_പിടിച്ചടക്കൽ&oldid=3501712" എന്ന താളിൽനിന്ന് ശേഖരിച്ചത്