മൊറോക്കൊയിലെ അബ്‌ദുൽ അസീസ്

മൊറോക്കൊയിലെ സുൽത്താനായിരുന്നു അബ്ദുൽ അസീസ് IV (അറബി: عبد العزيز الرابع)‍. മൌലേ അൽഹസന്റെയും ലൈല റുഖിയയുടേയും പുത്രനായിരുന്നു. ഇദ്ദേഹത്തിന്റെ ജനനം 1878 ഫെബ്രുവരി 24-ന് ആണെന്നും 1881 ഫെബ്രുവരി 18-ന് ആണെന്നും രണ്ടു വാദഗതി നിലവിലുണ്ട്. പിതാവ് 1894 ജൂൺ 9-നു വധിക്കപ്പെട്ടപ്പോൾ, പുത്രനായ അബ്ദുൽ അസീസ് സുൽത്താനായി. സർ ഹാരി മക്ക്ലീന്റെ സഹായംമൂലം മൊറോക്കൊയുടെ ഭരണക്രമത്തിൽ, പ്രത്യേകിച്ച് റവന്യൂഭരണത്തിൽ, പല പുരോഗമന പരിഷ്കാരങ്ങളും വരുത്തുവാൻ ശ്രമിച്ച സുൽത്താനെ യാഥാസ്ഥിതികർ എതിർക്കുകയാൽ ഭരണം തന്നെ തകരാറിലായി. ഈ അവസരം ഉപയോഗിച്ച് യൂറോപ്യൻ ശക്തികൾ മൊറോക്കൊയിൽ ഇടപെട്ടു. 1900 ഡിസംബറിൽ ഇറ്റലിയും ഫ്രാൻസുമായി ഉണ്ടാക്കിയ ഒരു രഹസ്യക്കരാർ അനുസരിച്ച് മൊറോക്കൊ ഫ്രാൻസിന്റെ ഒരു സംരക്ഷിതപ്രദേശമായി അംഗീകരിക്കപ്പെട്ടു. 1900-നും 1903-നും ഇടയ്ക്ക് മൊറോക്കൊയുടെ അതിർത്തിയിലുള്ള പല ഊഷരപ്രദേശങ്ങളും ഫ്രാൻസ് കൈയടക്കി. ഈ ഇടപെടലിനെതിരായി സുൽത്താന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ജിലാലി ഇബ്നു ഇദ്രിസ് അൽസർഹൂനി അൽയൂസുഫിയുടെ (അബു ഹമാറ) നേതൃത്വത്തിൽ ഉണ്ടായ കലാപം (1902-03) മൊറോക്കൊയുടെ സ്ഥിതി കുറേക്കൂടി വഷളാക്കി. 1904-ൽ ഫ്രാൻസ് മൊറോക്കൊയുടെ ആഭ്യന്തരകാര്യങ്ങളിൽ കൂടുതൽ ഇടപെടാൻ തുടങ്ങി. ഇംഗ്ലണ്ടും ഫ്രാൻസുമായുണ്ടാക്കിയ സഖ്യത്തിന്റെ അടിസ്ഥാനത്തിൽ 1905 മാർച്ചിൽ ഫ്രാൻസ് തങ്ങളുടെ നിയന്ത്രണം സുൽത്താനെക്കൊണ്ട് അംഗീകരിപ്പിക്കാൻവേണ്ടി മൊറോക്കൊയുടെ തലസ്ഥാനമായ ഫെസിലേക്ക് ഒരു സൈനിക മിഷൻ അയച്ചു.

മൊറോക്കൊയിലെ അബ്‌ദുൽ അസീസ്
Sultan of Morocco (more..)
ഭരണകാലം 1894 - 1908
മുൻഗാമി Hassan I
പിൻഗാമി Abdelhafid
രാജവംശം House of Alaoui

ജർമനിയെ ഒഴിച്ചുനിർത്തിക്കൊണ്ട്, യൂറോപ്യൻ ശക്തികൾ ആഫ്രിക്ക പങ്കിടുന്ന നയത്തിൽ പ്രതിഷേധിച്ച്, 1905 മാർച്ച് 31-ന് ജർമൻ ചക്രവർത്തി വില്യം II, മൊറോക്കൊ സന്ദർശിക്കുകയും മൊറോക്കൊ തുടങ്ങിയ രാജ്യങ്ങളുടെ സ്വാതന്ത്ര്യം നിലനിർത്തുന്നതിന് ജർമനി സഹായം നൽകുന്നതാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഈ പ്രഖ്യാപനം ഫ്രാൻസിനെ കുഴപ്പത്തിലാക്കി. 1906-ലെ അൽജിസിറാസ് സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ ഫ്രാൻസിന് മൊറോക്കൊയുടെ മേലുള്ള അധീശാധികാരം ജർമനി അംഗീകരിച്ചു എങ്കിലും സ്വാതന്ത്ര്യം നിലനിർത്തപ്പെട്ടു. ഫ്രഞ്ചുകാരെ വെറുത്തിരുന്ന മൊറോക്കൊയിലെ ഗോത്രവർഗക്കാർ അവരെ എതിർത്തു. ഈ എതിർപ്പ് മൊറോക്കോയുടെ തീരപ്രദേശം കൈയടക്കാൻ ഫ്രാൻസിനെ പ്രേരിപ്പിച്ചു. 1907-ൽ സുൽത്താന്റെ സഹോദരനായ മൌലേ ഹാഫീസ് സ്വാതന്ത്യ്രം പ്രഖ്യാപിച്ചതോടെ കുഴപ്പങ്ങൾ മൂർധന്യത്തിലെത്തി. 1908 ആഗസ്റ്റ് 19-ന് തന്റെ സൈന്യങ്ങൾ ലഹളക്കാരാൽ തോല്പിക്കപ്പെട്ടപ്പോൾ സുൽത്താൻ ഫ്രഞ്ച് സൈനികരുടെ അടുത്ത് അഭയം പ്രാപിച്ചു. 1908 ആഗസ്റ്റ് 29-നു സ്ഥാനത്യാഗം ചെയ്യുകയും ചെയ്തു. അബ്ദുൽ അസീസിന് പെൻഷൻ അനുവദിക്കുകയും മൌലേ ഹാഫീസ് സുൽത്താനായി അവരോധിക്കപ്പെടുകയും ചെയ്തു. 1943 ജൂൺ 10-ന് ടാൻജിയറിൽവച്ച് അബ്ദുൽ അസീസ് IV നിര്യാതനായി.

ഇതുകൂടികാണുക

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ അസീസ് കഢ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.