മുല്ലപ്പെരിയാർ അണക്കെട്ടിനുള്ള ഭൂകമ്പഭീഷണി
രാജ്യത്തെ ഭൂചലന നിർണയ മാനദണ്ഡപ്രകാരം മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന പ്രദേശം സോൺ മൂന്നിലാണ് ഉൾപ്പെടുന്നത്. മിതമായ ഭൂചലനങ്ങളാണിവിടെ പ്രതീക്ഷിക്കുന്നത്. അതായത് ഈ പ്രദേശത്ത് റിക്ടർസ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂചലനം ഉണ്ടാകാമെന്നർത്ഥം. ഇടുക്കി ജില്ലയിൽ ഇടയ്ക്കിടെയുണ്ടാകുന്ന ഭൂചലനങ്ങളാണ് ഡാമിൻറെ സുരക്ഷ സംബന്ധിച്ച് ജനങ്ങളിൽ ആശങ്ക പരത്തുന്നത്. 2011 നവംബർ 26 ന് പുലർച്ചെ 3.15 ന് ഉണ്ടായ ആദ്യ ഭൂചലനമടക്കം രണ്ടരമണിക്കൂറിനുള്ളിൽ നാലുതവണയാണ് ഡാമിന് 32 കിലോമീറ്ററിനുള്ളിൽ ഉണ്ടായത്. ഇടുക്കി ജില്ലയിലെ ഉപ്പുതറയ്ക്കടുത്തുള്ള വനമേഖലയായ വെഞ്ഞൂർമേടായിരുന്നു പ്രഭവകേന്ദ്രം. ആദ്യ ചലനത്തിൻറെ തീവ്രത 3.4 ആണ്. 2011 നവംബർ 26 നുണ്ടായ ഭൂചലനമടക്കം ഈ വർഷം മാത്രം 26 തവണയാണ് ഇടുക്കി ജില്ലയിൽ ഭൂചലനമുണ്ടായിട്ടുള്ളത്. മുൻപ് വല്ലപ്പോഴുമാണ് ഈ പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നത്. ഭൂചലനങ്ങളുടെ ഇടവേളകൾ കുറയുന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു.[1]
ഇടുക്കിയിൽ വിവർത്തന ഭൂചലനങ്ങൾ എന്നറിയപ്പെടുന്ന ഭൂചലനങ്ങളാണ് സംഭവിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന ഭൂകമ്പങ്ങൾക്ക് ആവർത്തനക്രമമുണ്ടായിരിക്കും. ഇരുപത് വർഷത്തിലൊരിക്കൽ മധ്യകേരളത്തിൽ ഇത്തരത്തിൽ സാമാന്യം വലിയ ചലനങ്ങൾ ആവർത്തിക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 2000 ഡിസംബർ 12 ന് ഈരാറ്റുപേട്ടയിൽ റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിട്ടുണ്ട്. ഭ്രംശരേഖകളിൽ ഊർജ്ജം ശേഖരിക്കപ്പെടുന്നതനുസരിച്ചാണിവിടെ ഭൂകമ്പങ്ങളുണ്ടാകുന്നത്. ഭൂഫലകങ്ങളുടെ ചലനം ആർജ്ജവത്തോടെ നടക്കുന്ന പ്രദേശങ്ങളിൽ പെട്ടെന്നു തന്നെ ഫലകങ്ങളുടെ വക്കുകൾ വലിയുകയും പൊട്ടിപ്പോവുകയും ഭൂകമ്പമുണ്ടാവുകയും ചെയ്യുന്നു.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെന്റർ ഫോർ എർത്ത് സയൻസസ് സ്റ്റഡീസ്, സെന്റർ ഓഫ് റിമോട്ട് സെൻസിങ് എന്നീ സ്ഥാപനങ്ങളിലെ ഭൗമശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും വെളിച്ചത്തിൽ കേരളം ആകെ റിക്ടർ സ്കെയിലിൽ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇടമലയാർ, പെരിയാർ, അച്ചൻകോവിൽ, തെന്മല, ബാവലി, കമ്പം, ഭവാനി, കബനി, ഹുൻസൂർ, മാട്ടുപ്പെട്ടി, കാവേരി, കണ്ണൻകുഴിത്തോട് എന്നിവയാണ് കേരളത്തിലെ ഭ്രംശമേഖലയിൽ പ്രധാനപ്പെട്ടവ. കൂടാതെ ധാരാളം ചെറു വിള്ളലുകളും ഉണ്ട്. മാത്രമല്ല , ഈ വിള്ളലുകൾ പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നു. ഏതെങ്കിലും ഒരു ഭ്രംശമേഖലയിൽ ചലനങ്ങൾ ഉണ്ടായാൽ അത് വളരെവേഗം മറ്റു മേഖലകളിലേക്കും വ്യാപിക്കുന്നു. കുമളി, കമ്പം, ബോഡിനായ്ക്കന്നൂർ, തേനി വഴി കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കു വ്യാപിച്ചു കിടക്കുന്ന കമ്പം ഭ്രംശമേഖലയും മുല്ലപ്പെരിയാറിന് ഭീഷണി ഉയർത്തുന്നുണ്ട്. [2]
മുല്ലപ്പെരിയാർ അണക്കെട്ടിൻറെ 300 കിലോമീറ്റർ ചുറ്റളവിൽ 22 ഭ്രംശമേഖലകളാണുള്ളത്. ഡാമിൻറെ സമീപത്തുള്ള കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖലയിൽ റിക്ടർ സ്കെയിലിൽ 6.5 വരെ ശക്തിയുള്ള ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6 ന് മുകളിലുള്ള ഭൂചലനത്തെ അതിജീവിക്കാൻ ഡാമിന് കഴിയില്ലെന്ന് റൂർക്കി ഐ ഐ ടി യിലെ വിദഗ്ദരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖല ഡാമിൻറെ 16 കിലോമീറ്റർ മാത്രം അകലെയാണെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖലയ്ക്ക് സമാന്തരമായുള്ള ചുരുളിയാർ - കമ്പം, ചെറുതോണി - ചിന്തലാർ ഭ്രംശമേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭൂകമ്പം ഉണ്ടായത്. ഇത് കമ്പം - തേക്കടി - കോടൈവന്നല്ലൂർ ഭ്രംശമേഖലയിലെ ശിലാപാളികളിൽ മർദം കൂട്ടുന്നതിനിടയാക്കും. മുല്ലപ്പെരിയാർ ഡാമിന് കൂടുതൽ അടുത്ത പ്രദേശങ്ങളിൽ ഭൂചലനത്തിനുള്ള സാധ്യത വർധിപ്പിക്കുകയാണ് ഇതിൻറെ ഫലം. അടുത്തിടെയുണ്ടായ ഭൂചലനങ്ങളെല്ലാം ഡാമിൽ നിന്നും 32 കിലോമീറ്റർ അകലെയായിരുന്നു.
116 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം പണിതത് കോൺക്രീറ്റോ ഭൂകമ്പ പ്രതിരോധ സാങ്കേതിക വിദ്യയോ ഉപയോഗിക്കാതെയാണ്. മാത്രമല്ല, 60 വർഷം മാത്രം ഉപയോഗിക്കാവുന്ന ഈ അണക്കെട്ട് മുമ്പത്തെ അവസ്ഥയിൽ നിന്നും ഒരു അടിയോളം മുമ്പോട്ടു നീങ്ങിയിട്ടുണ്ട്. കരിങ്കല്ലും സുർക്കിയും ഉപയോഗിച്ചു പണിതതാണ് ഡാം. കോൺക്രീറ്റിന് പകരം മണലും ചുണ്ണാമ്പും ചേർന്ന മിശ്രിതമായ സുർക്കിയാണ് ഇതിൻറെ നിർമ്മാണത്തിന് ഉപയോഗിച്ചത്. ആകെ 6807 മെട്രിക് ടൺ ചുണ്ണാമ്പാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. അതിൻറെ 42 ശതമാനവും ഒലിച്ചുപോയതായാണ് കേരളം സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്കു മുൻപാകെ കേരളം സമർപിച്ച കണക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. വർഷം പ്രതി 30.48 ടൺ എന്ന കണക്കിൽ 1895 മുതൽ 2006 വരെ 3412 ടൺ ചുണ്ണാമ്പ് നഷ്ടപ്പെട്ടതിന് പകരം 542 മെട്രിക് ടൺ സിമൻറ് മാത്രമുപയോഗിച്ച് ഗ്രൗട്ടിങ് നടത്തുകയാണ് ചെയ്തത്.
അവലംബം
തിരുത്തുക- ↑ "മലയാള മനോരമ ദിനപത്രം 29 നവംബർ 2011".
{{cite news}}
:|access-date=
requires|url=
(help) - ↑ "മാതൃഭൂമി ദിനപത്രം - കേരളത്തിലെ ഭ്രംശമേഖലകൾ മൂലമുള്ള ഭീഷണി". Archived from the original on 2014-09-18. Retrieved 2018-02-12.