മിർസ അലക്ബർ സാബിർ
മിർസ അലക്ബർ സാബിർ (അസർബൈജാനി: Mirzə Ələkbər Sabir), അലക്ബർ സെയ്‌നലാബ്ദിൻ ഒഗ്ലു താഹിർസാദെ (ജീവിതകാലം: 30 മെയ് 1862, ഷമാഖി - 12 ജൂലൈ 1911, ഷമാഖി) എന്ന പേരിൽ ജനിച്ച ഒരു അസർബൈജാനി ആക്ഷേപഹാസ്യ കവിയും പൌരപ്രമുഖനും തത്ത്വചിന്തകനും അദ്ധ്യാപകനുമായിരുന്നു. കവിതയിൽ സാമ്പ്രദായികമായി പിന്തുടർന്നുവന്ന വഴികളെ പാടേ നിരാകരിച്ചുകൊണ്ട് ക്ലാസിക്കൽ പാരമ്പര്യങ്ങളോട് അദ്ദേഹം ഒരു പുതിയ നയം സ്വീകരിച്ചു. അസർബൈജാനി ജനതയുടെ കലാപരമായ ചിന്തകൾ കവിയും ചിന്തകനുമായിരുന്ന ഫുസാലിയുടെ (മുഹമ്മ്ദ് ബിൻ സുലൈമാൻ) കൃതികളിൽ പ്രകടമാകുന്നു. അവ അസർബൈജാനി സാഹിത്യത്തിലെ ആക്ഷേപഹാസ്യ പ്രവണതയുടെ, പ്രത്യേകിച്ച് കവിതകളിൽ ഇന്നേവരെ തുടർന്നുവന്ന ഭാവാത്മക സമ്പ്രദായത്തിന് ഉത്തമോദാഹരണങ്ങളാണ്.
അലക്ബർ സെയ്‌നലാബ്ദിൻ ഒഗ്ലു താഹിർസാദെ | |
---|---|
ജനനം | 30 മെയ് 1862 ഷമാഖി, അസർബൈജാൻ |
മരണം | 12 ജൂലൈ 1911 ഷമാഖി, അസർബൈജാൻ | (പ്രായം 49)
തൂലികാ നാമം | മിറാറ്റ്, സാബിർ, ഹോപ്-ഹോപ്, ഫാസിൽ |
Period | 1903-1911 |
Genre | Lyric poetry, Satire, Literary realism |
ജീവിതരേഖ
തിരുത്തുക1862 മെയ് 30 ന് ഷമാഖിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് മിർസ അലക്ബർ സബീർ ജനിച്ചത്. മാതാവ് സൽത്താനത്ത് ഒരു തികഞ്ഞ ഇസ്ലാം മത വിശ്വാസിയും പിതാവ് സെയ്‌നലാബ്ദിൻ താഹിർസാദെ ഒരു വ്യാപാരിയുമായിരുന്നു. അദ്ദേഹത്തിന് 7 സഹോദരിമാരും ഒരു സഹോദരനുമാണുണ്ടായിരുന്നത്. ഒരു മത വിദ്യാലയത്തിൽനിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടി. പുരുഷാധിപത്യമുള്ള ഒരു മതപരമായ അന്തരീക്ഷത്തിലായിരുന്നു സാബിർ തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയത്. 1874 ൽ, അദ്ദേഹത്തിന് പന്ത്രണ്ടു വയസ് പ്രായമുള്ളപ്പോൾ കവിയും അദ്ധ്യാപകനുമായ സയ്യിദ് അസിം ഷിർവാനിയുടെ സ്കൂളിൽ പ്രവേശനം നേടുകയും അവിടെ, പരമ്പരാഗത വിദ്യാലയങ്ങളിൽനിന്ന് വ്യത്യസ്തമായി, പൊതുവിദ്യാഭ്യാസ വിഷയങ്ങളോടൊപ്പം അസർബൈജാനി, റഷ്യൻ ഭാഷകളും അഭ്യസിച്ചു. അക്കാലത്ത് ഈ വിദ്യാലയം വളരെ പുരോഗമനപരമായി കണക്കാക്കപ്പെട്ട ഒന്നായിരുന്നു. ഈ വ്യക്തിയുമായുള്ള വ്യക്തിപരമായ സമ്പർക്കം കവിയെന്ന നിലയിലുള്ള സാബിറിന്റെ രൂപീകരകണത്തെ ഒട്ടേറെ സ്വാധീനിച്ചിരുന്നു. സയ്യിദ് അസിമിന്റെ പ്രചോദനം ഉൾക്കൊണ്ട് സാബിർ അസർബൈജാനി (തുർക്ക്) കവികൾ പേർഷ്യൻ ഭാഷയിലെഴുതിയ കൃതികൾ വിവർത്തനം നടത്താൻ തുടങ്ങുകയും അസർബൈജാനി ഭാഷയിൽ (അസർബൈജാനി ടർക്കിഷ് ഭാഷ) സ്വന്തമായി കവിതകൾ എഴുതിത്തുടങ്ങുകയും ചെയ്തു.
1908 ഏപ്രിൽ 11 ന് ബാക്കു പ്രവിശ്യയിലെ ആധ്യാത്മിക ശാഖയിൽ പരീക്ഷയെഴുതിയ കവി ടിഫ്ലിസിൽ പോയി മാതൃഭാഷയിൽ ഡിപ്ലോമയും കൊക്കേഷ്യൻ ഷെയ്ഖുൽ ഇസ്ലാം ഓഫീസിൽ നിന്ന് ഒരു ശരീഅത്ത് അദ്ധ്യാപക സ്ഥാനവും നേടി. എന്നിരുന്നാലും, ജോർജിയയിലെ ഗോറിയിൽ നിന്ന് ഒരു കത്ത് ലഭിച്ച അദ്ദേഹം ഒരു ഷമാഖി സ്കൂളിൽത്തന്നെ സഹാധ്യാപകനായി കുറച്ചു കാലം ജോലി ചെയ്തു.
ആ വർഷം സെപ്റ്റംബറിൽ "ഉമിദ്" എന്ന സ്കൂൾ തുറക്കാൻ സാബിറിന് കഴിഞ്ഞു. ഈ വിദ്യാലത്തിൽ 60 നടുത്ത് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. മറ്റ് പുതിയ വിദ്യാലയങ്ങളിലേതുപോലെ, ഇവിടെയും കുട്ടികൾ ബെഞ്ചിലിരുന്ന് പഠന സഹായികൾ ഉപയോഗിക്കുന്നതോടൊപ്പം ലഘുവായ ഉല്ലാസയാത്രകളും നടത്തുന്ന രീതിയിലായിരുന്നു ഈ വിദ്യാലയത്തിന്റെ സംവിധാനം. ഈ വിദ്യാലയത്തിൽ മാതൃഭാഷയോടൊപ്പം പേർഷ്യൻ ഭാഷ, ഭൂമിശാസ്ത്രം, പ്രകൃതി ശാസ്ത്രം എന്നിവയും ഖുറാൻ, ശരീഅ പാഠങ്ങളും അഭ്യസിപ്പിച്ചിരുന്നു.
മിർസ അലക്ബർ സാബിർ 1911 ജൂലൈ 12 ന് തന്റെ സൃഷ്ടിപരമായ കഴിവുകളുടെ ഉച്ചസ്ഥായിയിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ ജന്മനാടായ ഷമാഖിയിലെ കുന്നിന്റെ താഴ്വരയിലെ "യെഡി ഗംബെസ്" ("ഏഴ് താഴികക്കുടങ്ങൾ") സെമിത്തേരിയിൽ അദ്ദേഹം സംസ്കരിക്കപ്പെട്ടു. ജീവിതത്തിലുടനീളം ദാരിദ്ര്യം അദ്ദേഹത്തെ ബാധിച്ചിരുന്നു. കഷ്ടിച്ചു മാത്രം ഉപജീവനമാർഗമുണ്ടായിരുന്ന അദ്ദേഹം ഈ കഷ്ടപ്പാടുകൾക്കിടയിലും തന്റെ കുടുംബത്തെ പരിപാലിക്കാൻ ബാധ്യസ്ഥനായിരുന്നു. ദാരിദ്ര്യത്തേക്കുറിച്ചുള്ള ആശങ്കയേറി വന്നതിനാൽ സാഹിത്യ പ്രവർത്തനത്തിനായുള്ള സമയമൊന്നും അവശേഷിച്ചിരുന്നില്ല. ഒരു വ്യാപാരിയാകാൻ ശ്രമിച്ച അദ്ദേഹം ഈ രംഗത്ത് പരാജയപ്പെട്ടു. എന്നാൽ മധ്യേഷ്യയിലും മിഡിൽ ഈസ്റ്റിലും അദ്ദേഹം നിരവധി യാത്രകൾ നടത്തിയിരുന്നു.[1]
ഔദ്യോഗികരംഗം
തിരുത്തുകമിർസ അലക്ബർ സാബിർ വളരെ ചെറുപ്രായത്തിൽത്തന്നെ തന്നിലുള്ള കാവ്യാത്മകമായ കഴിവുകൾ വെളിപ്പെടുത്തിയിരുന്നു. എട്ടുവയസ്സുള്ളപ്പോഴാണ് അദ്ദേഹം തന്റെ ആദ്യ കവിത രചിച്ചത്. അദ്ദേഹത്തിന്റെ കൃതികളിൽ അസർബൈജാനിലെ പൊതു ജീവിതത്തിന്റെ ഗുണപരവും ദോഷപരവുമായ സവിശേഷതകൾ പ്രതിഫലിച്ചിരുന്നു. ആദ്യകാലങ്ങളിൽ അദ്ദേഹം ഭാവാത്മക ഗസലുകൾ, വിലാപകാവ്യങ്ങൾ, സ്‌തുതിഗീതങ്ങൾ, ദുഃഖാത്മക കവിതകൾ എന്നിവ മാത്രമേ രചിച്ചിരുന്നുള്ളു. 1903 ൽ "ഷാർഗി-റസ്" ("റഷ്യൻ ഈസ്റ്റ്") എന്ന പത്രത്തിൽ അദ്ദേഹത്തിന്റെ ആദ്യ കൃതി അച്ചടിച്ചുവന്നു. 1903 നും 1905 നും ഇടയിൽ "ഡെബിസ്ഥാൻ" (സാഡ് സ്കൂൾ), "സെൻബർ" (ഓവോഡ്), "ഇർഷാദ്" (ഗൈഡ്), "ഹഗിഗാത്", "ഹയാത്ത്" (ജീവിതം) തുടങ്ങി നിരവധി പത്രങ്ങളും മാസികകളുമായി സാബിർ സഹകരിച്ചിരുന്നു.[2]