മാളു ഹജ്ജുമ്മ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പത്നിയായിരുന്നു മാളു ഹജ്ജുമ്മ. ബ്രിട്ടീഷ് പട്ടാളത്തോട് പോരാടിയ ഇവർ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെ നേതൃപരമായ പങ്ക് ഖിലാഫത്ത് സമരത്തിൽ വഹിച്ചു.
ജനനം
തിരുത്തുകസമ്പന്നമായ പറവെട്ടി കുടുംബത്തിൽ കോയാമ്മു ഹാജിയുടെ മകളായി 1879-ൽ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ചീനിപ്പാടത്തായിരുന്നു പറവെട്ടി ഫാത്തിമ എന്ന മാളു ഹജ്ജുമ്മയുടെ ജനനം.
വിദ്യാഭ്യാസം
തിരുത്തുകപിതാവ് മക്കളെ ഇംഗ്ലീഷും മലയാളവും പഠിപ്പിക്കുന്നതിനായി ഒരു അധ്യാപകനെ നിശ്ചയിച്ചിരുന്നു. അവിടത്തെ പ്രഥമിക വിദ്യാഭ്യാസത്തിന് ശേഷം ഫാത്തിമ മഞ്ചേരി ഹൈസ്ക്കൂളിൽ ചേർന്നു. മലയാളം, അറബി-മലയാളം എന്നിവ നന്നായി വഴങ്ങിയിരുന്നു അവർക്ക്. പിന്നീട് മഞ്ചേരി തഹസിൽദാർ ഓഫീസിൽ ക്ലർക്കായി ജോലി ചെയ്തിട്ടുള്ളതായും ചരിത്ര ഗ്രന്ഥങ്ങളിലുണ്ട്[അവലംബം ആവശ്യമാണ്].
വിവാഹം
തിരുത്തുകവിവാഹത്തിനുമുൻപേ ബന്ധുക്കളായിരുന്നു മാളു ഹജ്ജുമ്മയും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും. 1920ലാണ് ഇവരുടെ വിവാഹം നടന്നത്. അവരുടെ മൂന്നാമത്തെ വിവാഹമായിരുന്നു അത്. ഒന്നര വർഷം മാത്രമാണ് ഇരുവരും ഒന്നിച്ച് ജീവിച്ചത്. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായുള്ള വിവാഹത്തിന് മുമ്പ് രണ്ട് വിവാഹം ചെയ്ത ഹജ്ജുമ്മക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ടായിരുന്നെങ്കിലും ചെറുപ്പത്തിലേ മരണപ്പെട്ടു. രണ്ടാം വിവാഹം അധികം നീണ്ടുനിന്നില്ല.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾ
തിരുത്തുകകുഞ്ഞഹമ്മദ് ഹാജിയുമായുള്ള വിവാഹ ശേഷം അദ്ദേഹം നയിച്ച ഒട്ടുമിക്ക പോരാട്ടങ്ങളിലും മാളു ഹജ്ജുമ്മയും പങ്കാളിയായിരുന്നു. സ്ത്രീയാണെന്ന് തിരിച്ചറിയാതിരിക്കാൻ മുഖം മറച്ച് കൊണ്ടായിരുന്നു അവർ യുദ്ധത്തിൽ പങ്കെടുത്തിരുന്നത്. 1921 നവംബറിൽ ഹാജി ഒളിവിൽ കഴിഞ്ഞിരുന്ന "ഹാജിപ്പാറ"യിൽ വച്ച് മാളു ഹജ്ജുമ്മ ബ്രിട്ടീഷ് പട്ടാളത്തോട് മുഖാമുഖം പോരാടിയതായി ചരിത്ര രേഖകളിൽ കാണാം[അവലംബം ആവശ്യമാണ്].
മലബാർ വിപ്ലവത്തിന്റെ ഭാഗമായി എന്ന കാരണത്താൽ മാളു ഹജ്ജുമ്മയുടെ പിതാവ് കോയാമ്മു ഹാജിയേയും സഹോദരൻ മാനു ഹാജിയേയും ബ്രിട്ടീഷുകാർ ജയിലിലടച്ചു. 1928ൽ കോഴിക്കോട് സബ് ജയിലിൽ വച്ച് പിതാവ് കോയാമ്മു ഹാജി മരണപ്പെട്ടു. സഹോദരൻ മാനു ഹാജി 15 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് മോചിതനായത്[അവലംബം ആവശ്യമാണ്].
പിതാവ് കോയാമ്മു ഹാജിയുടേയും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും സ്വത്ത് വകകളെല്ലാം ബ്രിട്ടീഷുകാർ കണ്ടു കെട്ടിയ സമയത്ത് ഇതിനെതിരെ മാളു ഹജ്ജുമ്മ നിയമപരമായി നീങ്ങുകയും കണ്ടു കെട്ടിയ സ്വത്തുക്കളെല്ലാം ബ്രിട്ടീഷുകാരിൽ നിന്നും തിരികെ ലഭിക്കുകയും ചെയ്തു. അവയെല്ലാം അവർ പള്ളികൾക്കും സ്ക്കൂളിനും നൽകി. കരുവാരക്കുണ്ടിലെ ആദ്യ സ്ക്കൂൾ തുടങ്ങിയത് അവർ വിട്ടു നൽകിയ സ്ഥലത്താണ്. പിതാവിന്റെ മാതൃക പിന്തുടർന്ന് മാളു ഹജ്ജുമ്മയും കരുവാരക്കുണ്ട് പള്ളിക്ക് അഞ്ച് ഏക്കർ ഭൂമി വഖഫ് ചെയ്തു. മാമ്പുഴ പള്ളിക്ക് എട്ട് ഏക്കറും നൽകി. മക്കളില്ലാത്ത ഹജ്ജുമ്മ മരണശേഷം സ്വത്തുക്കളെല്ലാം പള്ളിക്ക് കൊടുക്കാനാണ് എഴുതി വച്ചത്. അത് പ്രകാരം അവരുടെ സ്വത്ത് മുഴുവൻ കരുവാരക്കുണ്ട് പള്ളിക്ക് നൽകി[അവലംബം ആവശ്യമാണ്].
മരണം
തിരുത്തുക1960 ന് ശേഷമാണ് മഹതി മരണപ്പെട്ടത്. കൃത്യമായ വർഷം ലഭ്യമല്ല. മരണ സമയത്ത് 80 ൽ കൂടുതൽ വയസ്സുണ്ടായിരുന്നു. കരുവാരക്കുണ്ട് പള്ളിയിൽ ഉപ്പ കോയാമ്മു ഹാജിയുടെ ഖബറിനോട് ചേർന്നാണ് ഹജ്ജുമ്മയേയും ഖബറടക്കിയത്.
ചരിത്ര ഗ്രന്ഥങ്ങളിൽ
തിരുത്തുകചരിത്രകാരിയായ ഗീത എഴുതിയ "1921 ചരിത്ര വർത്തമാനങ്ങൾ", കെ.കെ. മുഹമ്മദ് അബ്ദുൽ കരീം എഴുതിയ "വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി", എ കെ കോഡൂർ എഴുതിയ "ആഗ്ലോ-മാപ്പിള യുദ്ധം -1921", RH HitchCock എഴുതിയ "Peasant Revolt in Malabar, A History of the Malabar Rebellion 1921" എന്നീ പുസ്തകങ്ങളിൽ മാളു ഹജ്ജുമ്മയെ കുറിച്ച് പരാമർശിക്കുന്നുണ്ട്.