മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

എറണാകുളം ജില്ലയിൽ പിറവത്തിനും രാമമംഗലത്തിനും മദ്ധ്യേ രാമമംഗലം പഞ്ചായത്തിൽ മാമ്മലശ്ശേരി എന്ന സ്ഥലത്താണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴയാറിന്റെ തീരത്താണ് ഈ ക്ഷേത്രം. പഴമ വിളിച്ചോതുന്ന തച്ചുശാസ്ത്ര വൈദഗ്ദ്ധ്യവും വാസ്തുശിൽപ്പ കലാനൈപുണ്യവും കാലപ്രയാണത്തെ അതിജീവിച്ചു പ്രൗഢഗംഭീരമായി ഇവിടെ നിലകൊള്ളുന്നു.

കേരളത്തിലെ എണ്ണപ്പെട്ട ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം വലിപ്പംകൊണ്ടും ചൈതന്യംകൊണ്ടും ആചാരനുഷ്ഠാനങ്ങൾകൊണ്ടും ഏറെ ബൃഹത്‌ ആണ് [അവലംബം ആവശ്യമാണ്].

ഐതിഹ്യം

തിരുത്തുക

രാമായണ ഇതിഹാസത്തിലെ പ്രസിദ്ധമായ ഭാഗം ഇവിടെ അരങ്ങേറിയെന്നാണു വിശ്വാസം. മാനായി വന്ന് സീതയെ മോഹിപ്പിച്ച മരീചനെന്ന രാക്ഷസന്‌ ഒടുവിൽ രാമബാണമേൽക്കുന്നു. അങ്ങനെ മാൻ ചത്തുമലച്ചുവീണ സ്ഥലമാണു പിൽക്കാലത്ത്‌ മാമ്മലശ്ശേരി എന്നയതെന്നും രണ്ടായി പിളർന്ന മാനിന്റെ മേൽഭാഗം വീണ സ്ഥലം മേമുറി എന്നും കീഴ്‌ഭാഗം വീണ സ്ഥലം കീഴ്‌മുറി എന്നുമാണു വിശ്വാസം. മേൽപ്പറഞ്ഞ രണ്ടു സ്ഥലങ്ങളും മാമ്മലശ്ശേരിക്കടുത്തുതന്നെ എന്നത്‌ ഈ വിശ്വാസം ബലപ്പെടുത്തുന്നു. സീതാന്വേഷണ മദ്ധ്യേ വഴി തെറ്റിപ്പോയ ഹനുമാൻ ശ്രീരാമനെ പ്രാർത്ഥിക്കുകയും തുടർന്നു ഹനുമാനു നേർവഴികാണിക്കാൻ ശ്രീരാമസ്വാമി ദർശനം നൽകിയ സ്ഥലത്താണ്‌ ഈ ക്ഷേത്രം ഉണ്ടായതെന്നുമാണ് ഐതിഹ്യം.

ക്ഷേത്രം

തിരുത്തുക

എറണാകുളത്തുനിന്നും 40 കിലോമീറ്റർ കിഴക്കുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് വടക്കുഭാഗത്തുകൂടെയാണ് മൂവാറ്റുപുഴയാർ ഒഴുകുന്നത്. ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ വിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമൻ ഇവിടെ കുടികൊള്ളുന്നത്. കിഴക്കോട്ട് ദർശനം. ശ്രീരാമദാസനായ ഹനുമാൻ ഇവിടെ ഓവുതാങ്ങിയായി വടക്കുഭാഗത്ത് കുടികൊള്ളുന്നു. നാലമ്പലത്തിനകത്ത് കന്നിമൂലയിൽ കിഴക്കോട്ട് ദർശനമായി ശിവൻ, ഗണപതി, അയ്യപ്പൻ എന്നിവർ ഒറ്റ ശ്രീകോവിലിൽ വാഴുന്നു. നടയ്ക്കുപുറത്ത് വടക്കുഭാഗത്ത് വടക്കോട്ട് ദർശനമായി ഭദ്രകാളിയും അല്പം കിഴക്കുമാറി പടിഞ്ഞാറോട്ട് ദർശനമായി ദുർഗ്ഗയും കുടികൊള്ളുന്നു. കൂടാതെ കന്നിമൂലയിൽ സർപ്പക്കാവുമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് വകയാണ് ക്ഷേത്രം. നിത്യേന മൂന്ന് പൂജകളുള്ള ഈ ക്ഷേത്രത്തിലെ തന്ത്രം മനയത്താറ്റ് മനയ്ക്കാണ്.