കേരളത്തിൽ, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികൾ. തുറമുഖങ്ങളിലും കപ്പൽ നിർമ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അറബിയിലുള്ള പദമാണ് ഖലാസി. മലബാറിലെ മുസ്ലിംകളാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ. അതുകൊണ്ടായിരിക്കണം മാപ്പിള ഖലാസി എന്ന് വിളിക്കപ്പെട്ടത്. കപ്പലിനേയും ഉരുവിനേയും അറ്റകുറ്റപണികൾക്കും നിർമ്മാണപ്രവർത്തനങ്ങൾക്കുമായി കരക്കടുപ്പിക്കുകയും പിന്നീട് പണിപൂർത്തിയാക്കി കരയിൽ നിന്ന് തിരികെ കടലിലേക്ക് തള്ളിനീക്കലുമാണ് പരമ്പരാഗതമായി മാപ്പിള ഖലാസികളുടെ തൊഴിൽ. പ്രത്യേകമായ ആധുനിക യന്ത്രങ്ങളൊന്നും മാപ്പിള ഖലാസികൾ തങ്ങളുടെ ജോലിക്കായി ഉപയോഗിക്കാറില്ല. കപ്പി,കയർ,ഡബ്ബർ തുടങ്ങിയ ഉപകരണങ്ങൾ മാത്രമാണിവർ ഉപയോഗിക്കുക. ഭാരിച്ചതും സങ്കീർണ്ണവുമായ ജോലികൾ കായിക ശക്തിയുടെയും, സംഘശക്തിയുടെയും, തൊഴിൽ നിപുണതയുടെയും മികവിൽ വിജയകരമായി ചെയ്തുതീർക്കുന്നു എന്നതാണ് മാപ്പിള ഖലാസികളുടെ പ്രത്യേകത. മികച്ച മുങ്ങൽ വൈദഗ്ദ്യമുള്ളവരാണ് മാപ്പിള ഖലാസികൾ.

കേരളത്തിലേതുൾപ്പടെ ഇന്ത്യയിലെ പല വൻകിട നിർമ്മാണ പദ്ധതികളിലും മാപ്പിള ഖലാസികളുടെ സേവനം തേടിയിട്ടുണ്ട്. ഇടുക്കി ഡാം, ഫറോക്കിലെ പാലങ്ങളായ വടക്കുമ്പാടം, കല്ലായി പാലം, ഒറീസ്സയിലെ മഹാനദി പാലം ,ഗോവയിലെ മാംഗനീസ് ഫാക്ടറി എന്നിവ ഇവയിൽ പെടുന്നു. [1]. പെരുമൺ തീവണ്ടി ദുരന്തത്തിൽ അഷ്ടമുടിക്കായലിൽ നിന്ന് യാത്രികർ കുടുങ്ങിക്കിടന്ന ഐലന്റ് എക്സ്പ്രസ്സിന്റെ ബോഗികൾ പുറത്തെടുക്കുന്നതിനായി മാപ്പിള ഖലാസികളുടെ സേവനം ഉപയോഗപ്പെടുത്തുകയുണ്ടായി.[2]. കോന്നിയിലെ ഐരവൺ തൂക്കുപാലത്തിന്റെ നിർമ്മാണ പ്രവർത്തികളും മാപ്പിള ഖലാസികളാണ് ഏറ്റെടുത്തിരിക്കുന്നത്.[3] മക്കയിലെ മക്ക റോയൽ ക്ലോക്ക് ടവറിന്റെ നിർമ്മാണത്തിൽ കേരളത്തിൽ നിന്നുള്ള മാപ്പിള ഖലാസികൾ പങ്കാളികളായിട്ടുൻട്. [4]ആധുനിക ഉപകരണങ്ങളും എഞ്ചിനിയറിംഗ് സാങ്കേതികതയും പരാജയപെട്ടിടത്ത് പരമ്പരാഗത സങ്കേതങ്ങളും രീതികളും ഉപയോഗപ്പെടുത്തികൊണ്ടാണ് മാപ്പിള ഖലാസികൾ ഇതു സാധിച്ചെടുത്തത്.യന്ത്രങ്ങൾക്ക് പോലും അപ്രാപ്യമായ സാഹസിക തുറമുഖ തൊഴിലുകൾ ചെയ്യുന്നവരാണ് ഇന്നത്തെ ഖലാസികൾ.

ചില വ്യവസായശാലകളിൽ ഖലാസി എന്ന തസ്തികയുണ്ട്. ഭാരം ഉയർത്തുന്ന ജോലികൾക്കാണ് ഇവരുടെ നിയമനം.

പദോല്പത്തിതിരുത്തുക

കറുപ്പും വെളുപ്പും കൂടിക്കലർന്നത് എന്ന അർഥമുള്ള ഖിലാസി(خلاسي)എന്ന അറബി പദത്തിൽ നിന്നാണ് ഈ പദത്തിൻറെ ഉത്ഭവം. അറബിനാടുകളുമായി പുരാതന കാലം മുതൽക്കേ കോഴിക്കോടിനുണ്ടായ വാണിജ്യ ബന്ധമാകാം ഇതിന് കാരണം. രണ്ട് വർണ്ണങ്ങളിൽ പെട്ട മാതാപിതാക്കൾക്ക് ജനിച്ചവർ എന്ന അർഥത്തിൽ അറബികൾക്ക് കേരളീയ വനിതകളിൽ പിറന്ന സന്തതികലെയാണ് അതു കൊണ്ട് ഉദ്ദ്യേശിച്ചിരുന്നത്. പിന്നീട് അവരുടെ തലമുറ ആ പേരിലറിയപ്പെട്ടു.[5]

സിനിമതിരുത്തുക

മാപ്പിള ഖലാസികളെ കുറിച്ച് മലയാളത്തിലും ബോളിവുഡിലുമായി രണ്ട് സിനിമകൾ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. വി.എ ശ്രീകുമാരമേനോന്റെ 'മിഷൻ കൊങ്കൺ' എന്ന ചിത്രവും ദിലീപ് നായകനാവുന്ന മിഥിലാജ് സംവിധാനം നിർവ്വഹിക്കുന്ന 'ഖലാസി' എന്ന ചിത്രവുമാണിവ.[6]

കൃതികൾതിരുത്തുക

  • മാപ്പിള ഖലാസി കഥ പറയുന്നു- സി.എം മുസ്തഫഹാജി ചേലേമ്പ്ര, പ്രതീക്ഷ ബുക്സ്, കോഴിക്കോട്[7].
  • ചാലിയാർ രഘു എഴുതി മില്ലേനിയം മീഡിയ പബ്ളിഷ് ചെയ്ത "കലാസി" തിരക്കഥ

അവലംബംതിരുത്തുക

  1. http://www.keralatourism.org/video-clips/mappila-khalasis-14.php
  2. http://www.jstor.org/pss/4394759
  3. http://www.madhyamam.com/news/123200/111003
  4. "മക്കയിൽ ഒരു ഖലാസി വീരഗാഥ-ഹസ്സൻ ചെറൂപ്പ-മാതൃഭൂമി ഓൺലൈൻ 2011". മൂലതാളിൽ നിന്നും 2013-11-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-10-26.
  5. ഇസ്ലാമിക വിജ്ഞാനകോശം, ഐ.പി.എച്ച് ഭാഗം-9 പേജ് 327
  6. Web, Desk. "മാപ്പിള ഖലാസികളുടെ കഥ പറയാൻ രണ്ട് ബ്രഹ്മാണ്ഡ സിനിമകൾ; ആരാണ് മാപ്പിള ഖലാസികൾ?". mediaonetv.in. mediaonetv. ശേഖരിച്ചത് 7 സെപ്റ്റംബർ 2020.
  7. പുസ്തക നീരൂപണം- സമകാലിക മലയാളം 1.7.2011
"https://ml.wikipedia.org/w/index.php?title=മാപ്പിള_ഖലാസി&oldid=3640872" എന്ന താളിൽനിന്ന് ശേഖരിച്ചത്