മലവാഴിയാട്ടം

ഒരു അനുഷ്ഠാന കല

മലവായിയാട്ടം, കരിനീലിയാട്ടം അല്ലെങ്കിൽ ചെറുനീലിയാട്ടം എന്നും അറിയപ്പെടുന്ന മലവാഴിയാട്ടം ഇന്ത്യയിലെ കേരളത്തിലെ പറയ സമുദായത്തിന്റെ ഒരു കുല അനുഷ്ടാനമാണ്‌ പറയരുടെ വീടുകളിൽ പ്രതിഷ്ഠിക്കുകയും അവർ ആരാധിക്കുകയും ചെയ്യുന്ന മാതൃദേവതയാണ് മലവാഴി. സംഗീത-നൃത്തരൂപത്തിൽ ദേവതകളെ പ്രീതിപ്പെടുത്താനാണ് മലവാഴിയാട്ടം നടത്തുന്നത്.

മലവാഴിയാട്ടം
Genreഅനുഷ്‌ഠാന കല
Instrument(s)ചെണ്ട, ഇലത്താളം
Originകേരളം, ഇന്ത്യ

ഐതീഹ്യം

തിരുത്തുക

ദേവാസുരയുദ്ധത്തിൽ പരാജയപ്പെട്ട ദേവന്മാർ ശിവനെ അഭയം പ്രാപിച്ചു. ദേവന്മാരുടെ വിജയത്തിനായി തപസ്സനുഷ്ഠിച്ച ശിവനെ അസുരന്മാരിൽ ഒരാൾ അസ്ത്രം എയ്തു. [1] തപസ്സു തടസ്സപ്പെട്ടതിന്റെ ദേഷ്യത്തിൽ കണ്ണുതുറന്ന പരമശിവന്റെ മൂന്നാം കണ്ണിൽ നിന്നും ഉദയം ചെയ്ത സഹോദരങ്ങളാണ് മലവാഴിയും മൂക്കൻ ചാത്തനും. [1] മലവാഴിയെ ചെറുനീലി എന്നും കരിനീലി എന്നും മൂക്കൻ ചാത്തനെ മാണി എന്നും മുത്തപ്പൻ എന്നും വിളിക്കുന്നു. [1]

പിതാവ് ആരെന്നറിയാൻ ദേവലോകത്തേക്കിറങ്ങിയ കരിനീലിയെയും മാണിയെയും ദേവന്മാർ ഓടിച്ചു വിട്ടു. [1] ദേവലോകം ഉപേക്ഷിച്ച് പുരാതന മാന്ത്രികവിദ്യയ്ക്ക് പേരുകേട്ട കല്ലടിക്കോട് മലവാരത്തിലാണ് അവർ അവരുടെ കുട്ടിക്കാലം ചെലവഴിച്ചത്. അവിടെ ചുറ്റിനടന്ന അവർ, ഒരിക്കൽ ശിവനെ കണ്ടുമുട്ടി, തങ്ങളുടെ പിതൃത്വം സ്വീകരിക്കാനും ജീവിതമാർഗം കാണിക്കാനും അഭ്യർത്ഥിച്ചു. എന്നാൽ ആദ്യം ശിവൻ അതിന് തയ്യാറായില്ല, എന്നാൽ അവർ തങ്ങളുടെ ദൈവിക ശക്തി കാണിച്ചപ്പോൾ ശിവൻ അവരെ മക്കളായി സ്വീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. [2] പിന്നീട് പടിഞ്ഞാറോട്ട് യാത്ര ചെയ്ത് നാട്ടിലെ വിവിധ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ കല്ലട്ടിക്കോട് കരിമലയിൽ കരിങ്കല്ലുകൊണ്ട് ഒരു കരിങ്കല്ലും ഗുഹയും പണിതു അവിടെ കുടികൊണ്ടു. [2] കല്ലടിക്കോടൻ മലയിൽ ക്ഷേത്രം പണിത ശേഷം കുട്ടാടൻ വയലിലെ പുലയ സ്ത്രീയിൽ നിന്ന് ധാന്യവും യാത്രക്ക് കൊങ്ങൻ ചെട്ടിയിൽ നിന്ന് കാളകളെയും വാങ്ങി ഈ ദേവതകൾ കേരളം മുഴുവൻ അലഞ്ഞുനടന്നതായി വിശ്വസിക്കപ്പെടുന്നു. [1]

ശിവന്റെയും പാർവതിയുടെയും മുപ്പത്തിമുക്കോടി ഭൂതഗണങ്ങളിൽ ഉൾപ്പെടുന്ന മലവാഴിയും കല്ലാടി മുത്തപ്പനും ശിവന്റെയും പാർവതിയുടെയും മക്കളായി ജനിച്ചവരാണെന്നാണ് മറ്റൊരു ഐതീഹ്യം.[3] ചേമ്പത്ത് വടീരി തറവാടുകളിലെ പൂർവികരാണ് കല്ലടിക്കോട് കളരിയിൽ നിന്നും പഠിച്ചാവാഹിച്ച് ഇവരെ പാവറട്ടിയിൽ പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. [3]

മലവാഴി അഥവാ മലവാരത്തമ്മ മലയുടെ (മല) ദേവതയാണെന്നും അവർ എല്ലാ മുത്തപ്പന്മാരുടെയും (ഒരു ദേവത) ആരാധനാ മൂർത്തിയാണെന്നും വിശ്വസിക്കപ്പെടുന്നു. [4] മലവാഴിയെ സേവിച്ചും മന്ത്രങ്ങളിലും മായയിലും പ്രാവീണ്യം നേടിയാൽ മാത്രമേ ഒരാൾക്ക് മുത്തപ്പനാകാൻ കഴിയൂ. [4]

മറ്റൊരു പ്രചാരത്തിലുള്ള ഐതിഹ്യമനുസരിച്ച് മലവാരത്തമ്മയും കല്ലാടി മുത്തപ്പനും ജനിച്ചത് ഉദിപ്പനത്ത് ഉദി ഭഗവാന്റെ (നല്ലച്ചൻ എന്നും അറിയപ്പെടുന്നു) മൂന്നാം കണ്ണിൽ നിന്നാണ്. നല്ലച്ഛനിൽ നിന്ന് വരം വാങ്ങിയ മുത്തിയും (മലവാഴി) മുത്തനും കല്ലടിക്കോട് തിരുമലയിലെ മനോഹരമായ ഒരു ദേവാലയത്തിൽ കുടിയിരുന്നതായി ഐതീഹ്യം.

ഇന്ത്യയിലെ കേരളത്തിലെ തൃശൂർ, പാലക്കാട് ജില്ലകളിലെ പറയ സമൂഹം വർഷത്തിലൊരിക്കൽ അവതരിപ്പിക്കുന്ന ആചാരപരമായ നൃത്ത നാടകമാണ് മലവാഴിയാട്ടം. [4] പറയരുടെ വീടുകളിൽ പ്രതിഷ്ഠിച്ച് അവർ ആരാധിക്കുന്ന മാതൃദേവതകളാണ് മലവാഴി. സംഗീതത്തിലൂടെയും നാടകത്തിലൂടെയും ദേവതകളെ പ്രീതിപ്പെടുത്താനാണ് മലവാഴിയാട്ടം നടത്തുന്നത്.[5] ഇത് രാത്രിയിൽ ആരംഭിച്ച് പിറ്റേന്ന് രാവിലെ വരെ തുടരും.

കഥാപാത്രവും വേഷവിധാനവും

തിരുത്തുക

മലവാഴി, മൂക്കൻ ചാത്തൻ എന്നിങ്ങനെ രണ്ട് പ്രധാന കഥാപാത്രങ്ങളുണ്ട്. മലവാഴി സ്ത്രീ കഥാപാത്രവും മണി അഥവാ മൂക്കൻ ചാത്തൻ പുരുഷനുമാണ്. മലവഴിയാട്ട അനുഷ്ഠാന നൃത്തത്തിൽ രണ്ട്ട്ട് ദേവതകൾക്കും തുല്യ പ്രാധാന്യമുണ്ട്. [1]

ഓലകൊണ്ടുണ്ടാക്കിയ കിരീടവും പൂമാലയുമാണ് മലവാഴിയുടെ വേഷവിധാനത്തിന്റെ സവിശേഷത. [6] മലവാഴിയാട്ടം അവതരിപ്പിക്കുമ്പോൾ, അവതരിപ്പിക്കുന്നയാൾ, ഒരു ആചാരമെന്ന നിലയിൽ, കോഴിയെ കടിച്ച് അതിന്റെ കുറച്ച് രക്തം കുടിക്കുന്ന ചടങ്ങ് ഉണ്. [6]

വലതുകൈയിൽ വാളും ഇടതുകൈയിൽ വടിയും കാലിൽ ചിലമ്പും ധരിച്ചതാണ് മലവാരത്തമ്മയുടെ രൂപം. [1] മധ്യകേരളത്തിലെ കരിങ്കാളി, തിറ തുടങ്ങിയ ആചാരനൃത്തങ്ങളിലെ കഥാപാത്രങ്ങളുമായി മലവാഴിക്ക് സാമ്യമുണ്ട്. [1] ചുവപ്പ്, കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങളിലുള്ള പട്ടുതുണികൾ ഞൊറിഞ്ഞ് അതിന്മേൽ അരമണി അണിയുന്നു. [1] ചെവിയുടെ ഇരു

ഭാഗത്തും ഞാത്തിയിടുന്ന എകിറും മരംകൊണ്ടുണ്ടാക്കിയ ചെവിയും കൈകളിൽ തൊങ്ങൽ പോലുള്ള കൈവഞ്ചികളും അണിയുന്നു. പുറമേ മയിൽപ്പീലി തലയിൽ അണിയുന്നു. [1] അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിപ്പൊടി എന്നിവ ഉപയോഗിച്ചാണ് മുഖത്തെഴുത്ത്. [1]

മൂക്കൻ ചാത്തൻ എന്ന ഹാസ്യ കഥാപാത്രത്തിന് നാരുകൾ കൊണ്ട് നിർമ്മിച്ച താടിയും ( വഞ്ചികൾ ) ചിലപ്പോൾ മുഖത്ത് മുഖംമൂടിയും ( പൊയ്മുഖം ) ഉണ്ട്. [1] കൂടാതെ ചുവന്ന പട്ടുടുത്ത് അരമണിയും അണിയുന്നു. തലയിൽ ഒരു പൊതിയും കയ്യിൽ രണ്ടു വടിയും ഉണ്ടാകും. [1] പൊയ്മുഖം ഇല്ലെങ്കിൽ അരിപ്പൊടിയോ മഞ്ഞൾപ്പൊടിയോ ഉപയോഗിച്ചാണ് മുഖാവരണം ചെയ്യുന്നത്. [1] പ്രേക്ഷകരെ പാട്ടുകൾ പാടി രസിപ്പിക്കുകയാണ് മാണിയുടെ പ്രധാന ജോലി. [1] മാണിയുടെ ഹാസ്യവും പാട്ടുകളും പലപ്പോഴും സൂക്ഷ്മമായ സാമൂഹിക വിമർശനത്തിന് വഴിമാറുന്നു. [1]

ഉപകരണങ്ങൾ

തിരുത്തുക

ചെണ്ട, ചെറിയ തരം ഓടക്കുഴൽ, മരം എന്നറിയപ്പെടുന്ന ഒരു പുരാതന വാദ്യം തുടങ്ങിയ തുകൽ താളവാദ്യങ്ങൾ മലവഴിയാട്ടത്തിൽ ഉപയോഗിക്കുന്നു. [1] ഇലത്താളം എന്ന ലോഹ ഉപകരണവും ഉപയോഗിക്കുന്നു. [1] വാദകൻ ചെണ്ട ചരിച്ച് വച്ച് ഇടത് വലത് വശങ്ങളിൽ മാറിമാറി അടിക്കുന്നു. [1]

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 t, susmitha (August 2015). പറയ സമുദായത്തിന്റെ അവതരണ കലകളും സാംസ്‌കാരിക സത്വവും (Performing arts and cultural essence of Paraya community). Malayala Pacha Magazine. pp. 68–75.
  2. 2.0 2.1 Sivadas, C.D. "മലവാഴിആട്ടം". Retrieved 2023-03-02.
  3. 3.0 3.1 Daily, Keralakaumudi. "വിളക്കാട്ടുപാടം ആറുക്കണയിൽ മലവായിആട്ടം ഭക്തിസാന്ദ്രം". Keralakaumudi Daily.
  4. 4.0 4.1 4.2 Varavoor, Prashanth. "അവതരണങ്ങളിൽ അപമാനിക്കപ്പെടുന്ന അനുഷ്‌ഠാനകലകൾ".
  5. M, Athira (24 March 2022). "Malayalam docu-fiction 'Thevan' pays tribute to folk artiste Thevan Peradipurathu". The Hindu (in ഇംഗ്ലീഷ്).
  6. 6.0 6.1 "മലവാഴി". Keralaliterature.com. 14 October 2017.
"https://ml.wikipedia.org/w/index.php?title=മലവാഴിയാട്ടം&oldid=3925581" എന്ന താളിൽനിന്ന് ശേഖരിച്ചത്