മലയാളബൈബിൾ പരിഭാഷാചരിത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ക്രൈസ്തവ സഭ സുദീർഘമായ പാരമ്പര്യം അവകാശപ്പെടുന്നുണ്ടെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭകാലം വരെ അവർക്ക് അവരുടെ മാതൃഭാഷയിൽ ബൈബിൾ ലഭ്യമായിരുന്നില്ല. മലയാളദേശത്തിലെ ക്രൈസ്തവർ ഉപയോഗിച്ചു വന്നിരുന്നത് സുറിയാനി ഭാഷയിലുള്ള ബൈബിളും കുർബ്ബാനക്രമവും ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സി.എം.എസ്. മിഷനറിമാർ വന്നതോടു കൂടി മലയാളദേശത്തിലെ ക്രിസ്ത്യാനികളെ പറ്റി പാശ്ചാത്യർ കൂടുതൽ അറിയാനിടയാവുകയും ബൈബിൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഈ ലേഖനം ബൈബിൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതിന്റേയും വിവിധ മലയാളം ബൈബിൾ പരിഭാഷകളുടേയും ചരിത്രം പ്രതിപാദിക്കുന്നു.
റമ്പാൻ ബൈബിൾ
തിരുത്തുകഈസ്റ്റിൻഡ്യാ കമ്പനിയുടെ കൽക്കട്ടയിലെ ചാപ്ലയിനായിരുന്ന ഡോ. ക്ലോഡിയസ് ബുക്കാനൻ 1806-ൽ മലബാർ സന്ദർശിച്ചു. ബൈബിൾ മലയാളത്തിലേക്കു വിവർത്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഇംഗ്ലണ്ടിലെ തന്റെ മാതൃസഭയേയും മലയാളദേശത്തെ സുറിയാനി സഭാ നേതാക്കളേയും ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ ബൈബിൾ സുറിയാനിയിൽ നിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാനുള്ള യത്നം ആരംഭിച്ചു.
അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായ മാർ ദിവന്നാസ്യോസിന്റെ മേൽനോട്ടത്തിൽ 1807-ൽ നാലു് സുവിശേഷങ്ങൾ സുറിയാനിയിൽ നിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്യാൻ ആരംഭിച്ചു. ഈ യത്നത്തിൽ സഹകരിച്ചവരിൽ പ്രമുഖനാണ് കായംകുളം ഫിലിപ്പോസ് റമ്പാൻ. 1811-ൽ ഈ നാലു സുവിശേഷങ്ങളും ഒരു പുസ്തകമായി ബോംബെയിലെ കൂറിയർ പ്രസ്സിൽ നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചു. സുറിയാനിയിൽ നിന്നുള്ള പദാനുപദ വിവർത്തനം ആയതിനാൽ ധാരാളം സുറിയാനി പദങ്ങൾ ആ വിവർത്തനത്തിൽ കടന്നു കൂടിയിരുന്നു.
ബഞ്ചമിൻ ബെയ്‌ലിയുടെ പരിഭാഷ
തിരുത്തുക1817-ൽ ബൈബിൾ പൂർണ്ണമായി തർജ്ജമ ചെയ്യുവാനും കോട്ടയത്തു നിന്നു അതു പ്രസിദ്ധീകരിക്കുവാനും ബൈബിൾ സൊസൈറ്റി തീരുമാനിച്ചു. അതിനു വേണ്ടി ചർച്ച് മിഷനറി സൊസൈറ്റി (സി.എം.എസ്.), റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ സേവനം വിട്ടു കൊടുത്തു. കൊച്ചിക്കാരനായ എബ്രായഭാഷാപണ്ഡിതൻ മോശെ ഈശാർഫനി എന്ന യെഹൂദൻ, ത്രിഭാഷാ പണ്ഡിതനായ ചാത്തു മേനോൻ, സംസ്കൃത പണ്ഡിതനായ വൈദ്യനാഥയ്യർ എന്നിവരുടെ സഹകരണം വിവർത്തന പ്രക്രിയയിൽ ബെയ്‌ലിക്കു ലഭിച്ചു. ഇവരെക്കൂടാതെ സുറിയാനി പണ്ഡിതന്മാരായ എട്ടു പുരോഹിതന്മാരുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. അന്നു തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺറോയുടെ പിന്തുണയും ഈ സംരംഭത്തിനുണ്ടായിരുന്നു. ബൈബിൾ സൊസൈറ്റി ഇതിനു ആവശ്യമുള്ള ധനസഹായം നൽകി.
1825-ൽ ബെയ്‌ലി വിശുദ്ധ മത്തായിയുടെ സുവിശേഷത്തിന്റെ ഒരു താത്ക്കാലിക മലയാള തർജ്ജുമ പ്രസിദ്ധീകരിച്ചു. 1829-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിയലറി ബെയ്‌ലിയുടെ ആദ്യത്തെ പുതിയ നിയമ തർജ്ജുമ കോട്ടയം സി.എം.എസ്. പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഈ പുതിയ നിയമം അച്ചടിക്കുവാൻ വേണ്ടി, ബെയ്‌ലി സ്വയം രൂപകല്പന ചെയ്തു നിർമ്മിച്ച മരംകൊണ്ടുള്ള പ്രസ്സ് ഇന്നും കോട്ടയം സി.എം.എസ്. പ്രസ്സിൽ സൂക്ഷിച്ചിട്ടുണ്ട്.
1835-ൽ ബെയ്‌ലിയുടെ പഴയനിയമ തർജ്ജുമ പൂർത്തിയായി. മദ്രാസ് ഓക്സിലിയറി 1841-ൽ അതു പ്രസിദ്ധീകരിച്ചു. ഈ ബൈബിളിന്റെ പരിഷ്കരിച്ച പതിപ്പ് 1859-ൽ പ്രസിദ്ധീകരിച്ചു.
ഗുണ്ടർട്ടിന്റെ പരിഭാഷ
തിരുത്തുകബെയ്ലിയുടെ പരിഭാഷയ്ക്ക് ചില പരിമിതികൾ ഉണ്ടായിരുന്നു. പദങ്ങളിലും പ്രയോഗങ്ങളിലും മലബാറിലെ ഭാഷയ്ക്ക് തിരുവിതാം കൂറിലെ മലയാളത്തെ അപേക്ഷിച്ച് ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. വടക്കേ മലബാറിലെ ഉപയോഗത്തിനു മതിയായ ബൈബിൾ ആവിഷ്ക്കരിക്കുന്നതിനു നേതൃത്വം നൽകിയത് ആധുനിക മലയാളത്തിന്റെ സൃഷ്ടി കർത്താക്കളിൽ ഒരാളായ ഹെർമ്മൻ ഗുണ്ടർട്ടാണ്. ഗ്രീക്കു ഭാഷയും, സംസ്കൃതവും ഉൾപ്പെടെ പല ഭാരതീയ ഭാഷകളും അദ്ദേഹത്തിനു വശമായിരുന്നു. ഗ്രീക്കു പുതിയനിയമത്തിൽ നിന്നു ഗുണ്ടർട്ട് നേരിട്ടു വിവർത്തനം ചെയ്ത പുതിയ നിയ നിയമം മംഗലാപുരത്തു ബാസൽ മിഷൻ പ്രസ്സിൽ നിന്നും 1854-ൽ പ്രസിദ്ധം ചെയ്തു. 1859-ൽ പഴയനിയമവും അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചു.
സത്യവേദപുസ്തകം
തിരുത്തുക
തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാൻ 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതിൽ സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷണ്ടേയും സുറിയാനി സഭയുടേയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവർത്തനം നിർവഹിച്ചത്.
ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജർമ്മൻ ഭാഷയിലുള്ള വിവർത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്‌ലിയുടെ മലയാള തർജ്ജുമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളും സസൂക്ഷ്മം പരിശോധിച്ചു. ഡോ. ഗുണ്ടർട്ടിന്റെ പരിഭാഷയായിരുന്നു ഈ പരിഭാഷയ്ക്കു അടിസ്ഥാനമാക്കി സ്വീകരിച്ചത്. 1880-ൽ പുതിയ നിയമം പൂർത്തിയാക്കിയെങ്കിലും 1889-ലാണ് അതു പ്രസിദ്ധീകരിച്ചത്.
1871-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാർമ്മികത്വിൽ പരിഭാഷ ചെയ്യപ്പെട്ട് 1910-ൽ പ്രസിദ്ധീകരിച്ച മലയാള ബൈബിൾ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരിൽ അറിയപ്പെടുന്നത്. ഇംഗ്ലീഷ് റിവൈസ്‌ഡ് വേർഷന്റെ വെളിച്ചത്തിൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് ഇത് തയ്യാറാക്കിയത്. ഈ പരിഭാഷയാണ് ഇപ്പോൾ പ്രചുര പ്രചാരത്തിലിരിക്കുന്ന സത്യവേദപുസ്തകം. മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജുമയ്ക്കു കഴിഞ്ഞു. കേരള കത്തോലിക്കാ സഭയും യാക്കോബായ സഭയും ഒഴിച്ചുള്ള മിക്കവാറും എല്ലാ കേരള ക്രൈസ്തവ സഭകളും, 1910-ൽ പുറത്തിറങ്ങിയ സത്യവേദപുസ്തകം എന്ന ഈ ബൈബിൾ പരിഭാഷ ആണ് ഉപയോഗിക്കുന്നത്.
കേരള കത്തോലിക്ക സഭയുടെ പരിഭാഷ
തിരുത്തുകകേരള കത്തോലിക്ക സഭ 1893-മുതൽ പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഫാദർ മാത്യു വടക്കേലിൻറെ നേതൃത്വത്തിലുള്ള ഒരു വിവർത്തക സമിതി പഴയ നിയമം പൂർണ്ണമായി പരിഭാഷപ്പെടുത്തുകയും മൂന്നു വാല്യങ്ങളിലായി യഥാക്രമം 1930, 1934, 1939 എന്നീ വർഷങ്ങളിൽ എസ്. എച്ച്. ലീഗ് അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ മാണിക്കത്തനാർ വിവർത്തനം ചെയ്തു 1935 ൽ പ്രസിദ്ധീകരിച്ച പുതിയനിയമ ഗ്രന്ഥമാണ് കേരളത്തിലെ കത്തോലിക്കാർക്കിടയിൽ കൂടുതൽ പ്രചാരം നേടിയതു്. [1]
പ്ശീത്താ ബൈബിൾ
തിരുത്തുകപ്ശീത്താ എന്ന സുറിയാനി വാക്കിന്റെ അർത്ഥം സരളം എന്നാണ്,[അവലംബം ആവശ്യമാണ്] അതായത് സാധാരണക്കാരന് മനസ്സിലാകുന്ന തർജ്ജിമ എന്നർത്ഥം. ഭാരത സഭയിൽ ഉപയോഗത്തിലിരുന്നതും അവരുടെ ആരാധനാഗ്രന്ഥവുമായിരുന്നു സുറിയാനി പശീത്താ വേദപുസ്തകം. ഈ പുസ്തകം ആദ്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുന്നത് പാറേമാക്കൽ മാർത്തോമ്മാ ഗോവർണ്ണദോറാണ്,[അവലംബം ആവശ്യമാണ്] പക്ഷെ നിർഭാഗ്യവശാൽ ഈ തർജ്ജിമകൾ ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു.[അവലംബം ആവശ്യമാണ്] അതിനുശേഷം കായംകുളം റബാച്ചനും പുലിക്കോട്ടിൽ യൗസേഫ് റബാച്ചനും കൂടി[അവലംബം ആവശ്യമാണ്] ക്ലോഡീയസ് ബുക്കാനന്റെ സഹായത്തോടേ[അവലംബം ആവശ്യമാണ്] പ്രസിദ്ധീകരിച്ചതുമായ പ്ശീത്തായുടെ തർജ്ജിമയാണ് റബാൻ ബൈബിൾ.[അവലംബം ആവശ്യമാണ്] 1908-ൽ[അവലംബം ആവശ്യമാണ്] കോനാട്ട് മാത്തൻ കോര മല്പാൻ[അവലംബം ആവശ്യമാണ്] പബാക്കുടയിൽ[അവലംബം ആവശ്യമാണ്] നിന്നും സുറിയാനി പ്ശീത്തായുടെ മലയാളം വിവർത്തനം പ്രസിദ്ധീകരിക്കുകയുണ്ടായി,[അവലംബം ആവശ്യമാണ്] ഈ തർജ്ജിമ കോനാട്ട് ബൈബിൾ അഥവാ പബാക്കുട ബൈബിൾ എന്നറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്] 1926-ൽ ആണ്ടുമാലി മാണിക്കത്തനാരുടെ (സി . എം .ഐ) നേതൃത്വത്തിൽ മാന്നാനം കുന്നിൽ നിന്നും വിവർത്തകസംഘത്തിന്റെ സഹായത്തോടെ പഞ്ചഗന്ഥിയും പുതിയനിയമവും പ്ശീത്തായിൽ നിന്നും വിവർത്തനം ചെയ്തു.[അവലംബം ആവശ്യമാണ്] സങ്കീർത്തനപുസ്തകം മാത്രമായി കോച്ചിയിൽ നിന്നും ഫാ. റൗൾഫ് കരിപ്പാശ്ശേരി സി.എം.ഐ 1940-ൽ പ്ശീത്തായുടെ ഒരുഭാഗം പ്രസിദ്ധീകരിച്ചു.[അവലംബം ആവശ്യമാണ്] വടവാതൂർ സെമിനാരിയിൽ നിന്നും 1987-ൽ നിരപ്പേൽ ആന്റണി അച്ചന്റെ ചുമതലയിൽ പുതിയ നിയമത്തിന്റെ പ്ശീത്താ തർജ്ജിമ പ്രസിദ്ധീകരിച്ചു.[അവലംബം ആവശ്യമാണ്]
ദീപിക കേന്ദ്രമായി 1997-ൽ ഉപ്പാണി മാത്യു അച്ചൻ തയ്യാറാക്കിയ സബൂർണ്ണ പ്ശീത്താ മലയാള പരിഭാഷയാണു രാഷ്ട്ര ദീപികയുടെ പ്ശീത്താ വിവർത്തനം.[അവലംബം ആവശ്യമാണ്]
വിശുദ്ധ ഗ്രന്ഥം
തിരുത്തുകവിശുദ്ധ ഗ്രന്ഥം എന്ന പേരിലാണു് 1994-ൽ കണിയാമ്പറമ്പിൽ കുര്യൻ കോർഎപ്പിസ്കോപ്പ പരിഭാഷ ചെയ്തു് പ്ശീത്തോ (സാധാരണ,ലളിതം) എന്നറിയപ്പെടുന്ന പുരാതന സുറിയാനി വേദപുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചതു്.വിശുദ്ധ ഗ്രന്ഥംഎന്ന പേരു് ഈ പുസ്തകത്തിനു് കൊടുത്തതിനു് കാരണമായി പരിഭാഷകൻ വിശദീകരിച്ചതു്, സുറിയാനിയിൽ ൿതോബോ ദ്കാദീശോ എന്നാണു് വേദപുസ്തകത്തിന്റെ പേരെന്നാണു്. ആംഗലഭാഷയിലെ ഹോളി ബൈബിൾഎന്ന പ്രയോഗവും ഇതിനു് സമാനമായതിനാലാണ്.
അപ്രാമാണിക ഗ്രന്ഥങ്ങൾ(അപ്പോക്രിഫ) എന്നു് നവീകരണ സഭകൾ എണ്ണുന്ന ഗ്രന്ഥങ്ങളടക്കമുള്ള പഴയ നിയമവും പുതിയ നിയമവും ചേർന്ന വിശുദ്ധ ഗ്രന്ഥംസുറിയാനി ഓർത്തഡോക്സ് സഭയുടെ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ഇവാസ് പാത്രിയർക്കീസിന്റെയും പൗരസ്ത്യ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്റെയും ആശീർവാദത്തോടെയാണു് പ്രസിദ്ധീകരിച്ചതു്.
വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം
തിരുത്തുകവാച്ച് ടവർ ബൈബിൾ ആന്റ് ട്രാക്റ്റ് സൊസൈറ്റി 1961-ൽ പ്രസിദ്ധീകരിച്ച ഒരു ബൈബിൾ പരിഭാഷയാണ് വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം (ഇംഗ്ലിഷ്:New World Translation of the Holy Scriptures). ഈ പരിഭാഷ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ആദ്യത്തെ ബൈബിൾ പരിഭാഷ അല്ലെങ്കിലും എബ്രായ, ഗ്രീക്ക്, ആരാമ്യ മൂല ഭാഷകളിൽ നിന്നുള്ള അവരുടെ ആദ്യത്തെ പരിഭാഷയാണിത്. 2010-ലെ കണക്കനുസരിച്ച് വാച്ച് ടവർ സംഘടന 88 ഭാഷകളിലായി ഈ പരിഭാഷയുടെ 16 കോടി 50 ലക്ഷം പ്രതികൾ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിൽ മുഴുബൈബിളും ലഭ്യമാണ്. യഹോവാസാക്ഷികളുടെ ഉപദേശങ്ങൾ വർഷങ്ങൾക്ക് മുൻപേ പ്രചരിപ്പിച്ചിരുന്നതിനാൽ, ആ ഉപദേശങ്ങൾക്കനുസൃതമായ തിരുത്തലുകൾ നടത്തിയിട്ടാണ് അവർ ഈ പരിഭാഷ പുറത്തിറക്കിയത്. എന്നിട്ടും തൃപ്തി വരാത്തതുകൊണ്ട് 1961-ലും 70-ലും 81-ലും അതിൻറെ പുതുക്കിയ പതിപ്പുകൾ (Revised Editions) ഇറക്കി. ഓരോ പുതിയ പതിപ്പുകളിലും വ്യത്യാസങ്ങളുണ്ട്. ഓരോ പ്രാവശ്യവും തിരുത്തിയ പദങ്ങളുടെയും വാക്യങ്ങളുടെയും വലിയ ലിസ്റ്റ്, അനുബന്ധമായി കൊടുത്തിട്ടുണ്ട് (New World Translation, 5th Edition, p.1445,46). തിരുത്തലുകൾ അവസാനിച്ചതായി അവരെങ്ങും പറഞ്ഞിട്ടുമില്ല. ഈ പരിഭാഷ ആകമാനം അവരുടെ സ്വന്ത ഉപദേശ പ്രകാരം തിരുത്തിയതുകൊണ്ട് ഇതൊരു ദുരുപദേശ സമാഹാരമാണ് എന്ന് പറയാം.
യഹോവാസാക്ഷികളുടെ ദുരുപദേശങ്ങളെ കൂലങ്കഷമായി പഠിച്ച ഹോമർ ഡങ്കൻ എന്ന സുപ്രസിദ്ധ വേദപണ്ഡിതൻ ഈ പരിഭാഷയെപ്പറ്റി എഴുതിയിരിക്കുന്ന ത് ഇങ്ങനെയാണ്: “ഈ പരിഭാഷ ഏറ്റവും ഹീനമായതും യഹോവ സാക്ഷികളുടെ ദുരുപദേശത്തിനനുസരണമായി കൊട്ടിമാട്ടിയിട്ടുള്ളതുമാണ്” (യഹോവസാക്ഷികളുടെ ഉപദേശം, പേജ് 3). മൂലഭാഷയിൽ നിന്നും തികച്ചും വ്യത്യസ്തങ്ങളായ പദങ്ങളും അർത്ഥങ്ങളും കൊടുത്തിട്ടുള്ള ഈ പരിഭാഷയിലൂടെ ദൈവവചനത്തിൻറെ വിശുദ്ധിക്ക് പോലും ഇവർ കളങ്കം ചാർത്തി.
പരിഭാഷപ്പെടുത്തിയവർ അതിന് പ്രാപ്തരായിരുന്നോ?
യഹോവാസാക്ഷികളുടെ പുസ്തകങ്ങളോ മാസികകളോ എഴുതുന്നതാരാണ് എന്നുള്ള കാര്യം അവർ പുറത്തു വിടാറില്ല. അതുപോലെ അവരുടെ ബൈബിൾ പരിഭാഷപ്പെടുത്തിയത് ആരോക്കെയാണെന്നോ അവർ അതിന് പ്രാപ്തരായിരുന്നോ എന്നൊന്നും അവർ പുറത്തു വിട്ടിട്ടില്ല. യഹോവ സാക്ഷിക്കാരുടെ ഒഴികെ ബാക്കി എല്ലാ ബൈബിൾ പരിഭാഷകളുടെ കാര്യത്തിലും അതാരൊക്കെയാണ് പരിഭാഷപ്പെടു ത്തിയത് എന്ന് നമുക്ക് അന്വേഷിച്ച് അറിയാവുന്ന കാര്യമാണ്.
പുതിയ ലോക ഭാഷാന്തരം പുറത്തിറങ്ങിയപ്പോൾ അതിൽ ധാരാളം പിശകുകളും ദുരുപദേശങ്ങളും ഉണ്ടെന്ന് കണ്ടു ചില ക്രിസ്ത്യാനികൾ ഇതിൻറെ പരിഭാഷകരെക്കുറിച്ച് കൂലങ്കഷമായി പഠിക്കുവാൻ തയ്യാറായി. അതിൻറെ ഫലമായി, പരിഭാഷ നിർവ്വഹിച്ചത് അഞ്ച് വ്യക്തികൾ ചേർന്നാണെന്ന് മനസ്സിലായി. അതിൽ Fredy W.Franz എന്ന ഒരാളൊഴികെ ബാക്കിയുള്ളവർക്കാർക്കും കോളേജ് വിദ്യാഭ്യാസം പോലും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ബൈബിൾ പരിഭാഷപ്പെടുത്തുന്നതിനു വേണ്ടി ദൈവശാസ്ത്രപരമായ അറിവോ ഹീബ്രു, ഗ്രീക്ക് തുടങ്ങിയ ഭാഷാപരമായുമുള്ള വിജ്ഞാനം ഇല്ലാത്തവരോ ആയിരുന്നു ഈ പ്രവൃത്തി ഏറ്റെടുത്തതെന്ന് വെളിപ്പെട്ടു.
ഈ പരിഭാഷയ്ക്കെതിരെ ക്രിസ്ത്യാനികൾ രംഗത്ത് വരികയും ചിലർ കോടതിയിൽ കേസ് കൊടുക്കുകയും ചെയ്തു. ഗ്രീക്ക് ഭാഷയുടെ അക്ഷരമാല പോലും അറിയില്ലായിരുന്നെങ്കിലും “ഞാനൊരു ഗ്രീക്ക് പണ്ഡിതനാണ്” എന്ന് ഇവരുടെ സ്ഥാപകൻ റസ്സൽ പണ്ട് കോടതി മുൻപാകെ അവകാശപ്പെട്ടത് പോലെ ഈ പരിഭാഷകരിൽ തമ്മിൽ ഭേദം എന്ന് പറയാൻ കഴിയുന്ന Fredy W.Franz സ്കോട്ട്ലാൻറിലെ കോടതിയിൽ വെച്ച് ‘തനിക്ക് ഹീബ്രു ഭാഷ നല്ല വശമാണ്’ എന്ന് അവകാശപ്പെടുകയുണ്ടായി. ഹീബ്രു ബൈബിളിൽ നിന്ന് ഉൽപ്പത്തി പുസ്തകത്തിലെ ഒരു ഭാഗം കാണിച്ചിട്ട് കോടതി അത് വായിക്കാൻ ആവശ്യപ്പെട്ടു. അതോടെ തനിക്ക് ഹീബ്രു ഭാഷ അറിയില്ലെന്ന് അയാൾക്ക് സമ്മതിക്കേണ്ടി വന്നു. ആ കേസ് വിസ്താരത്തിൻറെ വിവരങ്ങൾ ഇന്നും ലഭ്യമാണ് (Nov.24.1954, Pursuer’s Proof of the Cross-examination, Para.A-B, Page 102)
മലയാളം ബൈബിൾ ഇന്റർനെറ്റിൽ
തിരുത്തുക- 2004 ഓഗസ്റ്റ് 14നു് സത്യവേദ പുസ്തകത്തിന്റെ പൂർണ്ണ ഡിജിറ്റൽ രൂപം ഇന്റർനെറ്റിൽ ആദ്യമായി [2] [3] നിഷാദ് കൈപ്പള്ളി പ്രസിദ്ധീകരിച്ചു.
- കത്തോലിക്ക സഭ പ്രസിദ്ധീകരിച്ചിട്ടുള്ള പി.ഓ.സി. ബൈബിളും സൗജന്യമായി ഇന്റർനെറ്റിൽ ലഭ്യമാണ്. [4]
- 2014 ജനുവരി 1-നു പ്രവർത്തനം ആരംഭിച്ച മലയാളം ബൈബിൾ വെബ്സൈറ്റിന്റെ പുതിയ വേർഷൻ 2020 ജനുവരി 1നു പ്രവർത്തനം ആരംഭിച്ചു. www.MalayalamBible.app ഈ വെബ്സൈറ്റിലൂടെ നിങ്ങള്ക്ക് മലയാളം ബൈബിൾ വായിക്കുവാനും, നിങ്ങളുടെ വെബ്സൈറ്റ്/ബ്ലോഗിൽ സൌജന്യമായി എംബഡ് ചെയ്യുവാനും സാധിക്കും. ലളിതമായ ഇൻറർഫേസ്, അനായാസം വായിക്കാവുന്ന മലയാളം യൂണികോഡ് ഫോണ്ട്, നിങ്ങളുടെ സൈറ്റിൽ എംബഡ് ചെയ്യാനുള്ള HTML കോഡ്, മലയാളം ബൈബിൾ പരിഭാഷാ ചരിത്രം, ആദ്യകാല മലയാള ബൈബിൾ പരിഭാഷകളുടെ ലിങ്കുകൾ, സോഷ്യൽ മീഡിയ ഷെയർ ബട്ടൻസ്, വിൻഡോസ് / ആൻഡ്രോയിഡ് / iOs / MacOS മൊബൈൽ അപ്ലിക്കേഷൻ ഡൌൺലോഡ് ലിങ്കുകൾ, എന്നിവയാണ് ഈ വെബ്സൈറ്റിന്റെ സവിശേഷതകൾ. കൂടാതെ ഓഡിയോ ബൈബിൾ ഇന്റഗ്രേഷൻ, വായിക്കുന്ന ബൈബിൾ ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാൻ കൂടി സഹായിക്കുന്നു.
അവലംബം
തിരുത്തുക- ↑ പി. ഓ. സി. ബൈബിൾ ഒന്നാം പതിപ്പ് (പേജ് VI) - പ്രസ്താവന
- ↑ Asianet Gulf Round up വാർത്ത
- ↑ "സത്യവേദപുസ്തകം". Archived from the original on 2010-12-18. Retrieved 2010-11-24.
- ↑ ബൈബിൾ ഓൺലൈൻ
ഇതും കാണുക
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- സത്യവേദപുസ്തകം മലയാളം വിക്കിഗ്രന്ഥശാലയിൽ
- സത്യവേദപുസ്തകം Archived 2009-08-19 at the Wayback Machine.
- ഓൺലൈ൯ മലയാളം ബൈബിൾ Archived 2017-05-15 at the Wayback Machine.
- മലയാളം ബൈബിൾ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻ
- മലയാളം ബൈബിൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ
- മലയാളം ബൈബിൾ MacOS ആപ്ലിക്കേഷൻ
- പി. ഓ. സി. ബൈബിൾ
- മലയാളം പുതിയലോകഭാഷാന്തരം (PDF Archived 2016-09-21 at the Wayback Machine.)