മലബാറിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു പ്രത്യേകതരം കത്തിയാണ് മലപ്പുറം കത്തി. മലബാറിലെ ജനവിഭാഗങ്ങളുടെ പാരമ്പര്യത്തിന്റെ ഒരു അടയാളമായി ഇത് അറിയപ്പെടുന്നു. കനം കൂടിയതും മൂർച്ചയേറിയതുമായ വായ്ത്താരിയും അരഭാഗത്തെ പിടിയിൽ നിന്ന് വേർതിരിക്കുന്ന കൊളുത്തുമാണ് മലപ്പുറം കത്തിയുടെ പ്രത്യേകതകൾ. തുകലുറയിലാണ് കത്തി സൂക്ഷിച്ച് വയ്ക്കുക. അത്യാവശ്യം കനമുള്ളതും 15 മുതൽ 25 ഇഞ്ചുവരെ നീളമുള്ളതുമാണ് മലപ്പുറം കത്തി.

Malappuram Katthi
Malappuram Kathi.jpg
മലപ്പുറം കത്തി
TypeDagger
Place of originMalappuram, India
Specifications
Length18–25 inches (46–64 സെ.മീ)

Blade typeBlack metallic alloy
Hilt typeDeer antler

നിർമ്മാണ രീതിതിരുത്തുക

കത്തിയുടെ പിടി കനംകുറഞ്ഞ മാൻകൊമ്പു കൊണ്ടാണ് നിർമ്മിക്കാറ്. നാല് വിരലിൽ ഒതുക്കിപിടിക്കാൻ മാത്രം നീളമേയുണ്ടാവൂ പിടിക്ക്. ആക്രമണ വേളകളിൽ മറ്റൊരാൾ കത്തിയിൽ കയറിപിടിക്കാതിരിക്കാൻ വേണ്ടിയാണത്രേ ഇത്രയും ചെറിയ പിടി. വെള്ളിനിറമുള്ള പിച്ചള ലോഹക്കൂട്ടുകൊണ്ട് പിടിയിലും കത്തിയിലും ചിത്രപ്പണുകളും കാണാം. മുറിവുപറ്റിയാൽ പെട്ടെന്നുണങ്ങില്ലെന്നതാണ് മലപ്പുറം കത്തിയുടെ സവിശേഷത. കത്തിനിർമ്മിക്കാനുപയോഗിക്കുന്ന ലോഹക്കൂട്ടിന്റെ പ്രത്യേകതയാണ്ഇതിന്റെ പിന്നിലെന്നു പറയപ്പെടുന്നു. തലമുറകളായി മലപ്പുറം കത്തി നിർമിച്ച വടക്കൻ മലബാറിലെ ചില കൊല്ലന്മാർക്കുമാത്രമാണ് ഇതിന്റെ ലോഹക്കൂട്ടും കരവിരുതും അറിഞ്ഞിരുന്നത്. അതിനാൽ നിർമിച്ച കത്തികൾക്കെല്ലാം ഏകീകൃതരൂപമാണ് ഉണ്ടായിരുന്നത്. പാണ്ടിക്കാട്, കരുവാരക്കുണ്ട്, ഇരുമ്പുഴി എന്നിവിടങ്ങളിലെ കൊല്ലപ്പണിക്കാരാണ് കൂടുതലായി കത്തിനിർമിച്ചിരുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് മലപ്പുറം കത്തിയുടെ നിർമ്മാണത്തെ ദോഷകരമായി ബാധിച്ചുതെന്നും അതുകാരണം കത്തിക്ക് പ്രചാരണം കുറഞ്ഞുവെന്നും കരുതപ്പെടുന്നു. ഇന്ന് മലപ്പുറം കത്തി അപൂർവമായി മാത്രമാണ് പ്രചാരത്തിലുള്ളത്. പഴയ പോലെ കത്തി നിർമ്മിക്കുന്ന കൊല്ലന്മാരും ഉപയോഗിക്കുന്നവരും കുറവാണ്. മാനിന്റെ കൊമ്പ് ഉപയോഗിക്കുന്നതിന് നിയമപരമായി ഇപ്പോൾ തടസ്സമുള്ളതിനാൽ മരത്തടികൊണ്ടാണ് ഇപ്പോൾ പിടി നിർമ്മിക്കാറുള്ളത്

ചരിത്രംതിരുത്തുക

ഒമാനിലെ ഗോത്ര ജീവിതവുമായി ബന്ധപ്പെട്ടു കത്തിക്ക് വലിയ സ്ഥാനമുണ്ട്. ഖഞ്ചാർ എന്ന് പേരായ ഈ പരമ്പരാഗത കത്തി അവർ അവരുടെ വേഷവിധാനത്തിന്റെ ഭാഗമായി കൊണ്ട് നടന്നിരുന്നു (ഒമാനിന്റെ ദേശീയ പതാകയിലും ഇന്ന് ഖഞ്ചാർ കത്തി കാണാം). ഒമാൻ കൂടാതെ യെമെനികളും അവരുടെ വേഷവിധാനത്തിന്റെ ഭാഗം ആയി ജാംബിയ എന്നറിയപ്പെടുന്ന പ്രത്യേക തരം കത്തി അരയിൽ സൂക്ഷിച്ചിരുന്നു, ഇന്ത്യയിൽ സിഖ് കാരും കൊടവ വിഭാഗത്തിൽ പെട്ടവരും ഇത്തരം കത്തി ഉപയോഗിച്ചിരുന്നു ഇതിന്റെ ഒരു കേരളീയ വകഭേദമാണ് മലപ്പുറം കത്തി എന്നാണു പ്രധാന അഭിപ്രായം. അറേബ്യൻ നാടുകളുമായി മലബാറിനുണ്ടായിരുന്ന ദീർഘകാലത്തെ വ്യാപാര ബന്ധങ്ങളിലൂടെ കൈവന്ന സാംസ്കാരിക വിനിമയങ്ങളുടെ കൂട്ടത്തിലാണ് ഈ കത്തി കേരളത്തിൽ പ്രചാരമാകുന്നതെന്ന് ചരിത്രകാരനായ ഡോ. ഹുസൈൻ രണ്ടത്താണി പറയുന്നു. അറേബ്യൻ നാടുകളുമായി, വിശേഷിച്ചും ഒമാനുമായി പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ നിലനിന്ന കച്ചവടബന്ധങ്ങളാണ് ഈ സാംസ്കാരിക കൈമാറ്റ പ്രക്രിയക്ക് ആക്കം കൂട്ടിയത്. ഇപ്രകാരം കാർഷികവിജ്ഞാനവും വേഷവിധാനങ്ങളുമെല്ലാം കൈമാറ്റം ചെയ്യപ്പെട്ടു. വെറ്റില – അടക്ക കൃഷിയും അത് മുറുക്കാനായി അത് പാകപ്പെടുത്താനുള്ള കത്തിയും എന്ന നിലക്കാണ് മലപ്പുറം കത്തി ഏറെ പ്രചാരം നേടിയതെന്നും മലബാറിനെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ഡോ. ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെടുന്നുണ്ട്.

1792 മുതൽ 1921 വരെയുള്ള കാലയളവിലാണ് കത്തിയുടെ സുവർണകാലം എന്നും പറയപ്പെടുന്നു. സ്വയംപ്രതിരോധത്തിന് തോക്കു കൊണ്ടു നടക്കുന്നതുപോലെ പലരും മലപ്പുറം കത്തിയും കൊണ്ടുനടന്നിരുന്നു. പഴയ തലമുറക്കാരിൽ ചിലർക്ക് ആ പതിവ് ഇന്നുമുണ്ട്. അക്കാലത്ത് ഏറനാട്ടിലെ മാപ്പിളകർഷകരും കുടിയാന്മാരും അവരുടെ ധീരതയുടെ അടയാളമായാണ് അരയിലെ ബെൽറ്റിനുള്ളിൽ മലപ്പുറം കത്തി സൂക്ഷിച്ചത്. ഇക്കാലയളവിൽ തന്നെയാണ് ഏറനാട്ടിലും വള്ളുവനാട്ടിലുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നൂറുകണക്കിന് ചെറുകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മലബാർ കാർഷിക കലാപ വേളകളിൽ ബ്രിട്ടീഷുകാരോട് പടപൊരുതാൻ പോരാളികളായ മാപ്പിള കർഷകർ മലപ്പുറം കത്തി ഒരു പ്രതീകമായി ഉപയോഗിച്ചിരുന്നിരിക്കാം. അതുകൊണ്ടുതന്നെ ഏറനാടൻ മാപ്പിളമാരുടെ സമരവീര്യത്തിന്റെയും ധീരതയുടെയും പര്യായമായി മലപ്പുറം കത്തിയെ പ്രതിപാദിക്കപ്പെടുന്നു.

തിരിച്ചു വരവ്തിരുത്തുക

ടൂറിസം വികസനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കത്തിയുടെ മാതൃക പതിപ്പുകൾ പുറത്തിറക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെത്തുന്ന സഞ്ചാരികൾക്കു ടൂറിസം കേന്ദ്രങ്ങളിൽ നിന്നു വാങ്ങാൻ തക്ക വിധത്തിൽ വിവിധ വലിപ്പത്തിലുള്ള കത്തി ചുമരിൽ തൂക്കാനും ഷോക്കേസിൽ വയ്ക്കാനും കീ ചെയിനായി ഉപയോഗിക്കാനും കഴിയുന്നതരത്തിലുള്ളതായിരിക്കും നിർമ്മിക്കുക. നാടോടികാറ്റ് പോലുള്ള സിനിമകളിൽ മലപ്പുറം കത്തി എന്ന പരാമർശം ഇതിനെ പോപ്പുലർ ആക്കി.[1]

പുറം കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. https://www.manoramaonline.com/literature/literaryworld/2021/03/01/lijeesh-kumar-writes-on-different-people-he-has-met-captain-raju.html
"https://ml.wikipedia.org/w/index.php?title=മലപ്പുറം_കത്തി&oldid=3609267" എന്ന താളിൽനിന്ന് ശേഖരിച്ചത്