മലങ്കര യാക്കോബായ - ഓർത്തഡോക്സ് സഭാതർക്കം

ഇന്ത്യയിൽ തുടർന്നുകൊണ്ടിരിക്കുന്ന ഒരു ക്രൈസ്തവ സഭാതർക്കം
(മലങ്കര സഭാതർക്കം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ രണ്ട് സഭകളായ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും തമ്മിൽ നിലനിൽക്കുന്ന കേസുകളെയും തർക്കങ്ങളെയും അതിനു മുന്നോടിയായി മലങ്കര സഭയിൽ നടന്ന പിളർപ്പിനെയുമാണ് മലങ്കര സഭാതർക്കം അഥവാ ഓർത്തഡോക്സ് - യാക്കോബായ തർക്കം എന്ന് വിളിക്കുന്നത്. രണ്ടാം സമുദായ കേസ്, രണ്ടാം വട്ടിപ്പണക്കേസ് എന്നറിയപ്പെട്ട കോടതി വ്യവഹാരങ്ങൾ ഇതിന്റെ ഭാഗമാണ്. 1958ലും 1995ലും ഉണ്ടായ വിധികൾ തർക്കത്തിന്റെ നിയമപരമായ ഭാഗത്തെ പര്യവസാനിപ്പിച്ചുവെങ്കിലും പ്രാദേശികമായി പള്ളികളുടെ ഭരണത്തെ സംബന്ധിച്ചുള്ള വിയോജിപ്പുകൾ പൂർണ്ണപരിഹാരത്തിനു തടസമായി നിൽക്കുന്നുണ്ട്. ഇതിൽ മൂന്നു പള്ളികളിൽ നിലനിൽക്കുന്ന തർക്കം കോടതിയിൽ വീണ്ടും പരിഗണിക്കപ്പെടുകയും അതിൻറെ അന്തിമ വിധി തീർപ്പ് 2017 സുപ്രീംകോടതിയിൽ നിന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. എന്നാൽ തർക്കം പരിഹരിക്കപ്പെടുകയല്ല കൂടുതൽ തീവ്രമാവുകയാണ് ഉണ്ടായത്. ഈ തർക്കങ്ങൾ പലപ്പോഴും ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കുകയും സർക്കാർ, പോലീസ് ഇടപെടലുകൾ ആവശ്യമായി തീരുകയും ചെയ്യാറുണ്ട്. [1][2]

പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദുല്ല 2ാമന്റെ 1911ലെ മലങ്കര സഭാ സന്ദർശനം. മലങ്കര മെത്രാപ്പോലീത്ത വട്ടശ്ശേരിൽ ദിവന്നാസിയോസ്, പാത്രിയാർക്കൽ പ്രതിനിധി ഒസ്താത്തിയോസ് സ്ലീബോ, ഇവാനിയോസ് പൗലോസ്, കൂറിലോസ് പൗലോസ് എന്നിവർ സമീപം

ഒന്നാം പിളർപ്പ്

തിരുത്തുക
 
മഫ്രിയാനേറ്റ് സ്ഥാപനത്തിനുശേഷം പാത്രിയാർക്കീസ് അബ്ദുൽമസിഹ് 2ാമനും ബസേലിയോസ്‌ പൗലോസ് പ്രഥമനും ദിവന്നാസ്സിയോസ് വട്ടശ്ശേരിലും

1908ൽ മലങ്കര മെത്രാപ്പോലീത്ത പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വട്ടശ്ശേരിൽ ദീവന്നാസ്യോസിനെ അന്ത്യോഖ്യാ പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അബ്ദേദ് ആലോഹോ രണ്ടാമൻ മർദ്ദീനിൽ വെച്ച് മെത്രാനായി അഭിഷേകം ചെയ്തു. നാട്ടിൽ എത്തിച്ചേർന്ന് അധികാരം ഏറ്റെടുത്ത അദ്ദേഹം അധികം വൈകാതെ തന്റെ സഹട്രസ്റ്റികളായ കോര മാത്തൻ മൽപ്പാൻ, സി. ജെ. കുര്യൻ എന്നിവരുമായി തർക്കത്തിലായി. 1876ലെ മുളന്തുരുത്തി സുന്നഹദോസ് തീരുമാനപ്രകാരം വട്ടിപ്പണം, സെമിനാരി തുടങ്ങിയ സഭാസ്വത്തുക്കൾ ഭരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട മലങ്കര മെത്രാപ്പോലീത്ത അഥവാ മെത്രാപ്പോലത്തൻ ട്രസ്റ്റി, വൈദിക ട്രസ്റ്റി, അൽമായ ട്രസ്റ്റി എന്നീ മൂന്ന് അധികാരികൾ ചേർന്നായിരുന്നു. ഈ അവസരത്തിൽ സഭയുടെ ഭൗതിക സ്വത്തുക്കളുടെ മേൽ അധികാരം ആർജ്ജിക്കാൻ പാത്രിയർക്കീസ് ശ്രമിച്ചു. റോയൽ കോടതി വിധി പ്രകാരം പാത്രിയർക്കീസിന് മലങ്കര സഭയിൽ ആത്മീയ പരാമാധികാരം മാത്രമേ ഉണ്ടായിരുന്നുള്ളു. എതിരാളികളുടെ പിന്തുണയോടെ തനിക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമമാണ് പാത്രിയർക്കീസ് നടത്തുന്നത് എന്ന് വിലയിരുത്തിയ ദിവന്നാസിയോസ് പാത്രിയർക്കീസ് ആവശ്യപ്പെട്ട സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് പാത്രിയർക്കീസ് ദിവന്നാസിയോസിനെ മുടക്കുകയും അദ്ദേഹം സ്ഥാനഭൃഷ്ടനായി പ്രഖ്യാപിച്ച് പകരം കൊച്ചുപറമ്പിൽ മാർ കൂറിലോസിനെ മലങ്കര മെത്രാപ്പോലീത്തയായി നിയമിക്കുകയും ചെയ്തു. അന്ന് ആരംഭിച്ച അധികാര തർക്കം ഇന്നും നിലനിൽക്കുന്നു. ഈ തർക്കത്തിൽ പാത്രിയർക്കീസ് ബാവയെ അനുകൂലിച്ചവരെ ബാവാ കക്ഷി എന്നും വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് മെത്രാപ്പൊലീത്തയെ അനുകൂലിച്ചവരെ മെത്രാൻ കക്ഷി എന്നും വിളിച്ചു വന്നു. ഇവരിൽ ബാവ കക്ഷി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയായും മെത്രാൻ കക്ഷി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയായും പരിണമിച്ചു.[2]

സമാധാന കാലഘട്ടം

തിരുത്തുക
 
പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് യാക്കൂബ് 3ാമനും നവാഭിഷിക്തനായ കാതോലിക്കോസ് ബസേലിയോസ്‌ ഔഗേൻ 1ാമനും

1958 മുതൽ സഭയിലെ ഇരുവിഭാഗങ്ങളും തമ്മിൽ പരസ്പരസ്വീകരണം നടക്കുകയും അതിന്റെ ഭാഗമായി ബാവാ കക്ഷിയും മെത്രാൻ കക്ഷിയും ലയിക്കുകയും ചെയ്തു. മെത്രാൻ കക്ഷിക്കാർ അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസിനെ ആത്മീയ പരമാധ്യക്ഷനായി അംഗീകരിക്കുകയും പകരമായി ബാവാ കക്ഷിക്കാർ മെത്രാൻ കക്ഷി കാതോലിക്ക ബസ്സേലിയോസ് ഗീവർഗീസ് 2ാമനെ ഐക്യ മലങ്കര സഭയുടെ നേതാവായി അംഗീകരിക്കുകയും ചെയ്തു. 1964ൽ ഗീവർഗീസ് 2ാമന്റെ മരണശേഷം അന്നത്തെ പാത്രിയർക്കീസായ ഇഗ്നാത്തിയോസ് യാക്കൂബ് 3ാമൻ കേരളത്തിൽ എത്തിച്ചേർന്ന് പുതിയ കാതോലിക്കയെ തിരഞ്ഞെടുക്കാൻ സഭയുടെ സുന്നഹദോസിന് അദ്ധ്യക്ഷത വഹിക്കുകയും പുതിയ കാതോലിക്കയെ തിരഞ്ഞെടുക്കുകയും ചെയ്തു. കണ്ടനാട് ഭദ്രാസനത്തിന്റെ മോർ തീമോത്തിയോസ് ഔഗേൻ മെത്രാപ്പൊലീത്തയായിരുന്നു ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ കാതോലിക്കയുടെ സ്ഥാനാരോഹണം പാത്രിയർക്കീസിന്റെ കാർമികത്വത്തിൽ നടന്നു. പ്രസ്തുത ചടങ്ങിൽ വെച്ച് പാത്രിയർക്കീസിനോട് വിധേയത്വം ഏറ്റുപറഞ്ഞ് ബസേലിയോസ് ഔഗേൻ 1ാമൻ എന്ന പേരിൽ അദ്ദേഹം കാതോലിക്കാ സ്ഥാനമേറ്റു. ഈ സംഭവവികാസങ്ങൾ പൊതുസമൂഹത്തിലും സഭയിലെ സാധാരണ വിശ്വാസികളുടെ ഇടയിലും സഭയിലെ ഐക്യത്തെക്കുറിച്ച് ശുഭപ്രതീക്ഷ നൽകിയെങ്കിലും അണിയറയിൽ വിഭാഗീയ നീക്കങ്ങൾ സജീവമായിരുന്നു. പാത്രിയർക്കീസ് കക്ഷിക്കാരനായിരുന്ന ഔഗേൻ 1ാമൻ അധികം വൈകാതെ പാത്രിയർക്കീസുമായി തർക്കത്തിലായി. പാത്രിയർക്കീസ് യാക്കൂബ് 3ാമൻ ഏകപക്ഷീയമായി സഭയിൽ ഇടപെടലുകൾ നടത്താൻ ശ്രമിച്ചതും വിഭാഗീയത വഷളാക്കി.[2]

രണ്ടാം പിളർപ്പ്

തിരുത്തുക

1975ൽ തർക്കം വീണ്ടും മൂർച്ഛിക്കുകയും കാതോലിക്കായെ പാത്രിയർക്കീസ് മുടക്കുകയും ചെയ്തു. പാത്രിയർക്കീസും കാതോലിക്കയും തമ്മിലുള്ള മൂപ്പിളമത്തർക്കം, അധികാരത്തർക്കം, മാർത്തോമായുടെ സിംഹാസനം തുടങ്ങിയ വിഷയങ്ങൾ ആയിരുന്നു ഇതിൻറെ പരസ്യമായ കാരണങ്ങൾ. അന്ന് നിലവിൽ ഉണ്ടായിരുന്ന ഔഗേൻ 1ാമൻ കാതോലിക്കയ്ക്ക് ബദലായി പാത്രിയാർക്കീസ് കക്ഷിക്കാർ പുതിയ കാതോലിക്കയെ തെരഞ്ഞെടുക്കുകയും ചെയ്തു. കണ്ടനാട് ഭദ്രാസനാധിപൻ പൌലോസ് മോർ ഫീലക്സീനോസ് മെത്രാപ്പൊലീത്തയായിരുന്നു ഈ സ്ഥാനത്തേക്ക് പാത്രിയർക്കീസിനാൽ വാഴിക്കപ്പെട്ടത്.

അതേ സമയം പിളർപ്പിനു മുൻപ് കാതോലിക്കയായിരുന്നു ഔഗേൻ 1ാമൻ ഈ മുടക്ക് അംഗീകരിക്കാവുന്നതല്ലെന്ന് വാദിക്കുകയും ഓർത്തഡോക്സ് വിഭാഗത്തിന്റെ കാതോലിക്കയായി തുടരുകയും ചെയ്തു. അങ്ങനെ വീണ്ടും സഭയിൽ പിളർപ്പ് സംഭവിക്കുകയും ഒപ്പം തന്നെ രണ്ട് കാതോലിക്കമാരുടെ പരമ്പര മലങ്കര സഭയിൽ ഉടലെടുക്കുകയും ചെയ്തു.[2]

  1. http://www.mathrubhumi.com/story.php?id=541786[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 2.2 2.3 "History of Church Cases at a Glance, Litigation Among the Members of Syrian Christians in Malankara - An Overview, History of Church, Baselios Church Digital Library". Retrieved 2023-09-23.