കിഴക്കിന്റെ സഭയിലെ പുരോഹിതശ്രേണിയിൽ വൈദികരുടെ ഗണത്തിൽ ഏറ്റവും ഉയർന്ന അധികാരസ്ഥാനമാണ് അർക്കദ്യാക്കോൻ (ഇംഗ്ലീഷ്: Archdeacon). കിഴക്കിന്റെ സഭയുടെ ഭാഗമായിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സമുദായത്തിൽ പരമ്പരാഗത നേതൃത്വം കൈയ്യാളിയിരുന്ന വ്യക്തികൾക്ക് അർക്കദ്യാക്കോൻ സ്ഥാനമാണ് നൽകിയിരുന്നത്. "ഇന്ത്യ മുഴുവന്റേയും അർക്കദ്യാക്കോൻ" എന്നായിരുന്നു ഈ പദവിയുടെ മുഴുവൻ പേര്. മുഖ്യസചിവൻ എന്ന് അർത്ഥം കല്പിക്കാവുന്ന ഗ്രീക്കു ഭാഷയിലെ ആർകോദിയാകോനോസ് (ἄρχωδιᾱ́κονος) എന്ന പദത്തിന്റെ തദ്ഭവമാണ് ഈ പേര്. "ജാതിക്കു തലവൻ", "ജാതിക്കു കർത്തവ്യൻ" എന്നീ പേരുകളിലും ഈ പദവി വഹിക്കുന്ന ആൾ ആറിയപ്പെട്ടിരുന്നു.

പകലോമറ്റം തറവാട് പള്ളി - കേരള ക്രൈസ്തവസഭയിലെ അർക്കദ്യാക്കോന്മാർ ഏറെയും ഈ കുടുംബത്തിൽ നിന്നുള്ളവരായിരുന്നു.[അവലംബം ആവശ്യമാണ്]

ബാബിലോണിലെ കിഴക്കിന്റെ സഭയുടെ കാസോലിക്കാ-പാത്രിയാർക്കീസ് നിയോഗിച്ച് അയച്ചിരുന്ന മെത്രാന്മാർ ഔപചാരിക ആത്മീയാധികാരികളായി സുറിയാനി സഭയെ ഭരിച്ചിരുന്ന കാലത്ത്, അർക്കാദ്യോക്കോൻ അവർക്കിടയിൽ ഏറെ അധികാരവും സ്വാധീനവുമുള്ള സമുദായ നേതാവ് ആയിരുന്നു. പള്ളിപ്രതി പുരുഷന്മാരുടെ യോഗമാണ് അർക്കദ്യാക്കൊനെ തെരഞ്ഞെടുത്തിരുന്നത്.[1] ഈ പദവി സാധാരണ വഹിച്ചിരുന്നത്, തോമാശ്ലീഹായുടെ കാലത്തോളം ചെന്നെത്തുന്ന ക്രിസ്തീയ പാരമ്പര്യം അവകാശപ്പെട്ട പകലോമറ്റം മുഖ്യ കുടുംബത്തിൽ നിന്നുള്ള പുരുഷന്മാർ ആയിരുന്നു.[അവലംബം ആവശ്യമാണ്] അവർ മിക്കവാറും പുരോഹിതന്മാർ ആയിരുന്നു. പോർത്തുഗീസുകാരുടെ വരവിനു ശേഷം അർക്കദ്യാക്കൊൻ പദവിയിലിരുന്ന വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.

പോർത്തുഗീസ് ആധിപത്യത്തിൻ കീഴിൽ പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യ മാതൃകയിലുള്ള സഭാ നേതൃത്ഘടന കേരളത്തിൽ നിലവിൽ വന്നതോടെ, അർക്കദ്യാക്കോൻ പദവിയുടെ അധികാരങ്ങൾ ഒന്നൊന്നായി ഇല്ലാതായി അത് താരതമ്യേന അപ്രസക്തമായി. പതിനേഴാം നൂറ്റാണ്ടിൽ, പാശ്ചാത്യ വൈദിക നേതൃത്വത്തിനെതിരെ കേരള സഭ നടത്തിയ കൂട്ടപ്രതിക്ഷേധമായ കൂനൻ കുരിശുസത്യത്തെ തുടർന്ന്, സുറിയാനി ക്രിസ്ത്യാനികളിൽ ഒരു വിഭാഗം അന്നത്തെ അർക്കദ്യാക്കോനെ അവരുടെ മെത്രാനായി തെരഞ്ഞെടുത്തു.[2]

പശ്ചാത്തലംതിരുത്തുക

 
അർക്കദ്യാക്കോൻ സ്മാരക പ്രവേശകവാടം

കൽദായസഭയിൽ നിന്നുള്ള പൗരസ്ത്യ മെത്രാന്മാരുടെ കാലത്ത്, സുറിയാനി ക്രിസ്ത്യാനികളുടെ സഭാഭരണ വ്യവസ്ഥ ഇതര സഭകളുടേതിൽ നിന്ന് ഏറെ ഭിന്നമായിരുന്നു. വിദേശികളായ ഈ മെത്രാന്മാരെ നസ്രാണികൾ ഏറെ ബഹുമാനിച്ചിരുന്നു. എങ്കിലും, സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഏറെ ഇടപെടാതിരുന്ന മെത്രാന്മാർ ബഹുമാന്യരായ വിദൂര വ്യക്തിത്വങ്ങൾ ആയിരുന്നു. ബാബിലോണിയരായ ആ വൈദികമേലക്ഷ്യന്മാർക്ക് മലയാള ഭാഷയിലും നാട്ടു നടപ്പുകളിലും അങ്ങേയറ്റം വന്നാൽ പ്രാഥമിക ജ്ഞാനം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതും, ഭരണാധികാരികൾ എന്ന നിലയിൽ കാര്യക്ഷമതയുള്ളവരായിരിക്കാൻ അവരെ അപ്രാപ്തരാക്കി. അതിനാൽ സഭയുടെ ദൈനം ദിന ഭരണത്തിന്റേയും, ഹൈന്ദവ, ഇസ്ലാമിക, യഹൂദ പശ്ചാത്തലങ്ങളിൽ പെട്ട ഒട്ടേറെ പേരുമായുള്ള സഭാ സമൂഹത്തിന്റെ അയൽ ബന്ധങ്ങളുടേയും ചുമതല അർക്കദ്യാക്കോന് ആയിരുന്നു.[3]

ഔപചാരികമായ സിവിൽ അധികാരങ്ങൾ ഒന്നും ഇല്ലാതിരുന്നെങ്കിലും നൂറ്റാണ്ടുകളിലൂടെ വികസിച്ചു നിലനിന്നു പോന്ന പാരമ്പര്യത്തിന്റെ ബലം അർക്കദ്യാക്കോൻ സ്ഥാനത്തിന് മാന്യതയും പ്രതാപവും നൽകി. നസ്രാണി യുവാക്കളുടെ ഒരു അംഗരക്ഷക സേന അവരെ സംരക്ഷിച്ചു. മെനസിസ് മെത്രാപ്പോലീത്തയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയ്ക്ക് കൊച്ചിയിലേക്കു പോയ അന്നത്തെ അർക്കാദ്യാക്കോൻ ഗീവർഗീസിനെ സായുധരായ മൂവ്വായിരം യോദ്ധാക്കളും രണ്ടു പണിക്കർമാരും അനുഗമിച്ചിരുന്നതായും ചർച്ച നടക്കുമ്പോൾ പണിക്കർമാർ ഇരുവരും ഉയർത്തിപ്പിടിച്ച വാളുകളുമായി കാവൽ നിന്നിരുന്നതായും, മെത്രാപ്പോലീത്തയുടെ വക്താവായി ഉദയമ്പേരൂർ സൂനഹദോസിന്റെ കഥ എഴുതിയ പോർത്തുഗീസ് പാതിരി അന്തോണിയോ ഗുവായ രേഖപ്പെടുത്തിയിട്ടുണ്ട്.[4]

സംഘർഷംതിരുത്തുക

അർക്കദ്യാക്കോൻ പദവിയുടെ പ്രാധാന്യവും അതിനെ പ്രസക്തമാക്കുന്ന ചരിത്ര-സാമൂഹ്യ സാഹചര്യങ്ങളുടെ സങ്കീർണ്ണതയും മനസ്സിലാക്കാൻ പോർത്തുഗീസുകാർക്ക് കഴിഞ്ഞില്ല. അർക്കദ്യാക്കോന്റെ അധികാരവും പ്രാമുഖ്യവും അംഗീകരിക്കാൻ അവർ മടിച്ചത്, അവരും പ്രാദേശിക സഭയും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. സുറിയാനിസഭയെ പാശ്ചാത്യ മേൽക്കൊയ്മയിലാക്കാൻ 16-ആം നൂറ്റാണ്ടിനൊടുവിൽ പോർത്തുഗീസുകാർ നടത്തിയ ശ്രമത്തെ ചെറുക്കാൻ അന്നത്തെ അർക്കാദ്യാക്കോൻ ഗീവർഗീസ് ശ്രമിച്ചു. സുറിയാനി ക്രിസ്ത്യാനികളുടെ അവസാനത്തെ കൽദായ മെത്രാൻ മാർ അബ്രാഹാം, തന്റെ പിൻഗാമിയായി ഗീവർഗീസ് അർക്കദ്യാക്കോനെ വാഴിക്കാൻ ശ്രമിച്ചെങ്കിലും പോർത്തുഗീസുകാരുടെ ഇടപെടൽ മൂലം ആ പദ്ധതി നടപ്പായില്ല. മാർ അബ്രാഹമിന്റെ മരണ ശേഷം സുറിയാനി സഭയെ പാശ്ചാത്യ മാതൃകയിൽ പുനർസൃഷ്ടിക്കാൻ ശ്രമിച്ച 1599-ലെ ഉദയമ്പേരൂർ സൂനഹദോസിന്റെ തീരുമാനങ്ങളോട്, ഗത്യന്തരം ഇല്ലാതിരുന്നതിനാൽ അർക്കദ്യാക്കോനു വഴങ്ങേണ്ടി വന്നു.[൧]

സൂനഹദോസിനു ശേഷം സുറിയാനി ക്രിസ്ത്യാനികളുടെ മെത്രാനായ ഫ്രാൻസിസ് റോസിനും ഗീവർഗീസ് അർക്കാദ്യാക്കോനുമായി നല്ല ബന്ധം അല്ലായിരുന്നു. അർക്കദ്യാക്കോനോട് കൂടുതൽ സൗഹൃദം കാട്ടാൻ ഉപദേശിച്ചവർക്ക് റോസ് കൊടുത്ത മറുപടി, തനിക്ക് അയാളെ 29 വർഷം മുൻപ് കേരളത്തിൽ എത്തിയപ്പോൾ മുതൽ അറിയാമെന്നും, മര്യാദയുടെ ഭാഷ അയാളോടു ഫലിക്കുകയില്ല എന്നുമായിരുന്നു. ഒരിക്കൽ ഗോവ സന്ദർശിക്കാൻ പോയ റോസ്, തന്റെ അസാന്നിദ്ധ്യത്തിൽ രൂപതയുടെ ചുമതലക്കാരനായ വികാരി ജനറാളായി നിയമിച്ചത് അർക്കദ്യാക്കോനു പകരം വൈപ്പിക്കോട്ട സെമിനാരിയുടെ തലവനെ ആയിരുന്നു. ഇതു തന്നെ അപമാനിക്കുന്നതിനു തുല്യമായി കരുതിയ അർക്കാദ്യാക്കോൻ, റോസിനെ ധിക്കരിക്കാൻ തുടങ്ങി. ഒരു ഘട്ടത്തിൽ അർക്കദ്യാക്കോന് റോസ് സഭാഭ്രഷ്ട് കല്പിക്കുക പോലും ചെയ്തു. അതു പിന്നീട് പിൻവലിക്കപ്പെട്ടു.[5]

പരിണാമംതിരുത്തുക

റോസിനെ പിന്തുടർന്നു വന്ന പാശ്ചാത്യ മെത്രാന്മാരും അർക്കദ്യാക്കോന്മാരുമായി ഏറ്റുമുട്ടി. ഉദയമ്പേരൂർ സൂനഹദോസിനു ശേഷം അരനൂറ്റാണ്ടു കാലം തുടർന്ന ഈ സംഘർഷമാണ് ഒടുവിൽ കൂനൻ കുരിശുസത്യത്തിൽ കലാശിച്ചത്. മട്ടാഞ്ചേരിയിൽ നടന്ന ആ പ്രതിജ്ഞയ്ക്കുശേഷം സുറിയാനി ക്രിസ്ത്യാനികളിൽ വലിയൊരു വിഭാഗം അവരുടെ പുതിയ വൈദികമേലദ്ധ്യക്ഷനായി "മാർതോമ്മാ ഒന്നാമൻ" എന്ന പേരിൽ തെരഞ്ഞെടുത്തത്, അന്ന് സുറിയാനി ക്രിസ്ത്യാനികളുടെ നേതാവായിരുന്ന തോമ്മാ അർക്കദ്യാക്കോനെ ആയിരുന്നു.[6]

കുറിപ്പുകൾതിരുത്തുക

^ "ആധുനിക അമേരിക്കയിലെ റെഡ് ഇന്ത്യൻ ഗോത്രത്തലവന്മാരെപ്പോലെ, വെള്ളക്കാരന്റെ തള്ളിക്കയറ്റത്തിൽ സ്വജനതയെ രക്ഷിക്കാനാവാതെ കണ്ണുനീരോടെ കീഴടങ്ങേണ്ടി വന്ന നിർഭാഗ്യവാനായിരുന്നു ഗീവർഗീസ് അർക്കാദ്യാക്കോൻ" എന്നു സ്കറിയ സക്കറിയ നിരീക്ഷിക്കുന്നു. (പുറം 39)

അവലംബംതിരുത്തുക

  1. "ചരിത്രപശ്ചാത്തലം", പാറേമാക്കൽ തോമ്മാക്കത്തനാർ രചിച്ച വർത്തമാനപ്പുസ്തകം ആധുനികഭാഷാന്തരത്തിന്റെ തുടക്കത്തിൽ ജോസഫ് പുലിക്കുന്നേൽ എഴുതിയിരിക്കുന്ന ലേഖനം
  2. സ്കറിയ സക്കറിയ, ഉപോദ്ഘാതം, ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, ഓശാന പ്രസിദ്ധീകരണം (പുറങ്ങൾ 32-33)
  3. സ്റ്റീഫൻ നീൽ, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇൻ ഇന്ത്യ, ഫ്രം ദ ബിഗിനിങ്ങ് ടിൽ 1707)(പുറം 206)
  4. സ്കറിയ സക്കറിയ (പുറങ്ങൾ 42-43)
  5. സ്റ്റീഫൻ നീൽ (പുറം 312-13)
  6. കേരളത്തിലെ കത്തോലിക്കാ സെക്കണ്ടറി സ്കൂളുകളിലെ ഉപയോഗത്തിനായി 1966-ൽ പാലായിലെ സെന്റ് തോമസ് പ്രെസിൽ അച്ചടിച്ച "തിരുസഭാചരിത്രസംഗ്രഹം" (പുറം 95)
"https://ml.wikipedia.org/w/index.php?title=മലങ്കര_അർക്കദിയാക്കോൻ&oldid=3783532" എന്ന താളിൽനിന്ന് ശേഖരിച്ചത്