മറവൻ

ദക്ഷിണേന്ത്യൻ യുദ്ധഭൂമി

മുഖ്യമായും തമിഴ്‌നാട്ടിലെ മധുര, തിരുനെൽവേലി, തേനി, ശിവഗംഗ, രാമനാഥപുരം, ദിണ്ഡിഗൽ, വിരുതുനഗർ, തൂത്തുക്കുടി, തെക്കൻ തിരുവിതാംകൂർ തുടങ്ങിയ പ്രദേശങ്ങളിൽ വസിച്ചിരുന്ന ഒരു പുരാതനദ്രാവിഡവർഗ്ഗമാണു് മറവർ. മുൻകാലങ്ങളിൽ യുദ്ധവീര്യത്തിനും അക്രമാസക്തിക്കും പേരുകേട്ട ഒരു വർഗ്ഗമായിരുന്നു ഇവർ.[1] 19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കെതിരെ അവർ പ്രാദേശികമായി ശക്തമായ വെല്ലുവിളി ഉയർത്തി. മാർത്താണ്ഡവർമ്മ ഇവരെ തന്റെ കൂലിപ്പട്ടാളത്തിൽ ചേർത്തിരുന്നു.[2]. രാമനാട് തുടങ്ങിയ സ്ഥലങ്ങൾ പൂർണ്ണമായ ബ്രിട്ടീഷ് ആധിപത്യത്തിൽ വരുന്നതിനുമുമ്പ് മറവരായിരുന്നു ഭരിച്ചിരുന്നതു്. നിയമവാഴ്ച്ചയോട് തീരെ മതിപ്പില്ലായിരുന്ന ഒരു സമുദായം എന്ന പേരിൽ തന്നെ അവർ കുപ്രസിദ്ധരായിരുന്നു. എന്നാൽ ആധുനികകാലത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു് അവരുടെ സംസ്കാരം താരതമ്യേന ഇഴുകിച്ചേർന്നിട്ടുണ്ടു്. തമിഴ്നാട്ടിലെ മറ്റു സമുദായങ്ങളെപ്പോലെ മറവന്മാരിലും നല്ലൊരു ശതമാനം ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്കും ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ വിദേശനാടുകളിലേക്കും കുടിയേറിപ്പാർത്തിട്ടുണ്ടു്.[1]

മറവർ
Regions with significant populations
തമിഴ്നാട്, ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂർ
Languages
തമിഴ്
Religion
ശൈവർ, ഹിന്ദുമതം

കൊണ്ടയംകോട്ട മറവന്മാർ

തിരുത്തുക

തിരുനെൽവേലിയുടെ തെക്കേ ഭാഗങ്ങളിൽ ജീവിച്ചിരുന്ന മറവസമൂഹങ്ങളെയാണു് കൊണ്ടയംകോട്ട മറവന്മാർ എന്നു വിളിച്ചിരുന്നതു്. ആറു ഗോത്രങ്ങളും അവയിലോരോന്നിനും മൂന്നു ചില്ല(ശാഖ)കളും ആയിട്ടായിരുന്നു ഇവരുടെ സമൂഹജീവിതം. ഓരോ ഗോത്രത്തിനും ഒരു സസ്യത്തിന്റെ പേരുണ്ടായിരുന്നു.

കുരുമുളകുകൊടി (വീരമുടിതങ്കിനൻ, ചെതർ, ചെമന്ത), വെറ്റിലക്കൊടി (അഗസ്ത്യർ, മരുവീട്, അഴകിയ പാണ്ഡ്യൻ), തെങ്ങ് (വാണിയൻ, വേട്ടുവൻ, നടൈവേന്തർ), കമുകു് (കേൾനമ്പ്, അൻപുട്രൻ, ഗൗതമൻ), ഈന്ത് (ചടച്ചി, ശങ്കരൻ, പിച്ചിപ്പിള്ളൈ), പന (അഖിലി, ലോകമുരളി, ജാംബവർ) എന്നിങ്ങനെയായിരുന്നു ഈ ഗോത്രങ്ങളുടേയും ചില്ലകളുടേയും പേരുകൾ.[1]

വിചിത്രമായ ആചാരങ്ങളാണു് കൊണ്ടയംകോട്ട മറവന്മാർക്കുണ്ടായിരുന്നതു്. അവരുടെ വിവാഹബന്ധങ്ങൾ പ്രത്യേകം ശ്രദ്ധേയമായിരുന്നു. തായ്‌വഴി (മരുമക്കത്തായം) ദായക്രമമാണു് അവരുടേതു്. അതായതു് മക്കൾ അമ്മയുടെ ഗോത്രത്തിൽ ഉൾപ്പെടുന്നു. മറവസമുദായത്തിലെ പുരുഷൻമാർ സ്വന്തം ഗോത്രത്തിൽ നിന്നും വിവാഹം ചെയ്തുകൂടാ. മാത്രമല്ല, മറ്റു ഗോത്രങ്ങളിൽനിന്നുപോലും നിശ്ചിതമായ നിബന്ധനകളുണ്ടു്. ഉദാഹരണത്തിനു് വെറ്റിലക്കൊടി ഗോത്രത്തിൽ പെട്ടയാൾക്കു് തെങ്ങുഗോത്രത്തിലുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാം. എന്നാൽ കമുകു ഗോത്രത്തിലേയോ ഈന്തു ഗോത്രത്തിലേയോ സ്ത്രീ നിഷിദ്ധമായിരിക്കും. രണ്ടു സഹോദരന്മാരുടെ മക്കൾ പരസ്പരം വിവാഹം ചെയ്തുകൂടാ. എന്നാൽ സഹോദരന്റേയും സഹോദരിയുടേയും മക്കൾ പരസ്പരം വിവാഹം ചെയ്തിരിക്കണമെന്നാണു കീഴ്വഴക്കം. പുരുഷൻ സാധാരണ അയാളുടെ പിതാവിന്റെ 'ചില്ല'യിൽ പെട്ട സ്ത്രീയെ വരിക്കണം. വിധവകൾക്കു് ഭർത്താവിന്റെ ജ്യേഷ്ഠസഹോദരനെ പുനർവിവാഹം ചെയ്യാം. എന്നാൽ അനുജനെ വിവാഹം ചെയ്യുന്നതു് നിഷിദ്ധമാണു്. സ്വത്തുകൈമാറ്റം പുരുഷപ്രജകളിലൂടെയാണു്. സ്ത്രീകൾക്കു് സ്വത്തവകാശമില്ല.[1]

  1. 1.0 1.1 1.2 1.3 Sir James George Frazer (1995). Marriage and Worship in the Early Societies A Treatise on Totemism and Exogamy. Mittal Publications. pp. 248–249.
  2. എസ്. കെ വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ടു (വിജ്ഞാനകോശം). Vol. 2 (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട. p. 344. ISBN 9788176385985.
"https://ml.wikipedia.org/w/index.php?title=മറവൻ&oldid=2388319" എന്ന താളിൽനിന്ന് ശേഖരിച്ചത്