മനുഷ്യാലയ ചന്ദ്രിക
ഭാരതീയ വാസ്തുശാസ്ത്രഗ്രന്ഥങ്ങളിൽ കേരളത്തിൽ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന തച്ചുശാസ്ത്ര ഗ്രന്ഥമാണ് മനുഷ്യാലയചന്ദ്രിക. തിരുമംഗലത്ത് നീലകണ്ഠനാണ് ഇതു രചിച്ചത്. മാതംഗലീല, കാവ്യോല്ലാസം എന്നീ ഉൽകൃഷ്ടകൃതികളുടെ കർത്താവു കൂടിയായ തിരുമംഗലത്ത് നീലകണ്ഠൻ കേളല്ലൂർ ചോമാതിരിയുടെ ശിഷ്യനായിരുന്നുവെന്നും ജീവിതകാലം കൊല്ലവർഷം എട്ടാം നൂറ്റാണ്ടാണെന്നും കരുതപ്പെടുന്നു.തിരുമംഗലത്തു നീലകണ്ഠൻ നമ്പീശൻ, രണ്ടു മയമതങ്ങൾ, പ്രയോഗമഞ്ജരി, രണ്ടു ഭാസ്കരീയനിബന്ധനങ്ങൾ, മാർക്കണ്ഡേയമതം, പരാശരമതം, രത്നാവലി, കാശ്യപീയം വിശ്വകർമ്മീയം, ഈശാനഗുരുദേവപദ്ധതി, ഹരിസംഹിത, പഞ്ചാശിക (സവ്യാഖ്യ), വാസ്തുവിദ്യ എന്നിങ്ങനെ പല പ്രമാണഗ്രന്ഥങ്ങൾ പരിശോധിച്ചാണു് ഈ ഗ്രന്ഥം രചിച്ചത്. തന്ത്രസമുച്ചയത്തോടു് അദ്ദേഹത്തിനുള്ള കടപ്പാടിനെപ്പറ്റി ഇതിൽ പ്രത്യേകമായി പ്രഖ്യാപനം ചെയ്യുന്നതായി ഉള്ളൂർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. [1]
ഗ്രന്ഥ ഘടന
തിരുത്തുകചന്ദ്രികʼയിൽ ഏഴദ്ധ്യായങ്ങളും അവ ഓരോന്നിലും ഭിന്നവൃത്തങ്ങളിൽ ഇരുപതിനുമേൽ അൻപതിനകം പദ്യങ്ങളും അടങ്ങിയിരിക്കുന്നു. ശില്പലക്ഷണം, ദിങ്നിർണ്ണയം, പരിതഃപ്രദേശചിന്ത, മാനസാധനനിർണ്ണയം, പരദേവതാസ്ഥിതിനിയമം, യോന്യാദിനിർണ്ണയം, ദീർഘവിസ്താരാദികല്പനാക്രമം, ഉപപീഠവിധി, പാദപീഠോത്തരലുബാദിവിധി, വേദികാവിധി, അങ്കണവിധി, ശാലാവിധി, ഗോശാലാസ്ഥാനവിധി, കൂപസ്ഥാനവിധി, വാസ്തുപൂജാദിവിധി, ഭവനപരിഗ്രഹവിധി എന്നിങ്ങനെ ഗൃഹോപഗൃഹാദിനിർമ്മാണത്തെ പരാമർശിക്കുന്ന സകലവിഷയങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്.
വ്യാഖ്യാനങ്ങൾ
തിരുത്തുകമനുഷ്യാലയചന്ദ്രികക്ക് വില്വട്ടത്ത് രാഘവൻ നമ്പ്യാർ, പാലോളി ചോയിവൈദ്യർ നീലകണ്ഠനാചാരി തുടങ്ങി പലരും വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.