മധു മുട്ടം

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഒരു തിരക്കഥാകൃത്താണ് മധു മുട്ടം.

മധു മുട്ടം
ജനനം
മധു കെ പണിക്കർ

(1951-08-01) ഓഗസ്റ്റ് 1, 1951  (73 വയസ്സ്)
മറ്റ് പേരുകൾമുട്ടം മധു
തൊഴിൽതിരക്കഥാകൃത്ത്
സജീവ കാലം1993 മുതൽ സജീവം
ജീവിതപങ്കാളി(കൾ)അവിവാഹിതൻ
മാതാപിതാക്ക(ൾ)കുഞ്ഞു പണിക്കർ
മീനാക്ഷി അമ്മ

കഥാജീവിതം

തിരുത്തുക

1951 ഓഗസ്റ്റ് ഒന്നിന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുട്ടം എന്ന ഗ്രാമത്തിലെ ആലുമൂട്ട് തറവാട്ടിൽ ജനിച്ച മധു നാടകമെഴുതിയും അഭിനയിച്ചുമാണ് കലാരംഗത്തേക്ക് ചുവടുവെച്ചത്. ഏവൂർ പ്രൈമറിസ്കൂൾ, കായംകുളം ഗവ:ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച മധു നങ്ങ്യാർകുളങ്ങര ടി കെ എം കോളേജിൽ നിന്ന് ധനതത്ത്വശാസ്ത്ര ബിരുദം നേടി. പിന്നീട് അദ്ധ്യാപകനായി ജോലിചെയ്തു. അദ്ധ്യാപകനായിരിക്കുമ്പോൾ കുങ്കുമം വാരികയിലെഴുതിയ സർപ്പം തുള്ളൽ എന്ന കഥ സംവിധായകൻ ഫാസിൽ കാണാനിടവന്നു. ആ കഥയെ അടിസ്ഥാനപ്പെടുത്തി ഫാസിൽ സംവിധാനം നിർവഹിച്ചതാണ് എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രം. പിന്നീട് കമൽ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിന്റെ കഥയെഴുതി. മധുവിന്റെ തറവാട്ടിൽ പുരാതനകാലത്ത് നടന്നതെന്ന് തന്റെ അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയും എഴുതി ഫാസിൽ സംവിധാനം നിർവഹിച്ച ഹിറ്റു ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിലെ "വരുവാനില്ലാരുമിങ്ങ് ഒരുനാളും ഈ വഴി അറിയാമതെന്നാലുമെന്നും' എന്ന ഗാനം മധു മുൻപ് മലയാള നാട് എന്ന വാരികയിൽ കവിതയായി പ്രസിദ്ധീകരിച്ചതായിരുന്നു.[1] മണിച്ചിത്രത്താഴിനു ശേഷം ഭരതൻ ഇഫക്റ്റ്, കാണാക്കൊമ്പത്ത് എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും നിർവഹിച്ചു. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ റീമേക്കായ ഭൂൽബുലയ്യയുടെ കഥയും മധുമുട്ടം തന്നെയാണ് എഴുതിയത്. സിനിമയുടെ പ്രലോഭനങ്ങളിൽ നിന്നും കുറച്ചു അകലം പാലിക്കാൻ മധു മുട്ടം എന്നും ശ്രദ്ധിച്ചിരുന്നു

കുടുംബം

തിരുത്തുക

അച്ഛൻ പരേതനായ കുഞ്ഞുപ്പണിക്കർ, അമ്മ പരേതയായ മീനാക്ഷിയമ്മ. സഹോദരങ്ങളില്ല. അവിവാഹിതനാണ്.

ചിത്രങ്ങൾ

തിരുത്തുക
ചിത്രം വർഷം സംവിധായകർ
എന്നെന്നും കണ്ണേട്ടന്റെ 1986 ഫാസിൽ
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ 1988 കമൽ
മണിച്ചിത്രത്താഴ് 1993 ഫാസിൽ
ഭരതൻ ഇഫക്റ്റ് 2007 അനിൽ ദാസ്
കാണാക്കൊമ്പത്ത് 2011 മഹാദേവൻ
  1. മനസ്സിന്റെ മണിച്ചിത്രത്താഴ് തുറന്നപ്പോൾ -ചെപ്പ്- ഗൾഫ് മാധ്യമം വാരാന്തപ്പതിപ്പ്-,2010 ഡിസംബർ 3 വെള്ളി
"https://ml.wikipedia.org/w/index.php?title=മധു_മുട്ടം&oldid=3593130" എന്ന താളിൽനിന്ന് ശേഖരിച്ചത്