തമിഴ്നാട്ടിലെ മധുരൈ, വിരുദുനഗർ, തേനി, ശിവഗംഗ, തിണ്ടുക്കൽ ജില്ലകളിൽ പരമ്പരാഗതമായി കൃഷി ചെയ്യപ്പെടുന്ന മുല്ലയാണ് മധുരൈ മുല്ല (ഇംഗ്ലീഷ്: Madurai Jasmine). മധുരൈ മല്ലി എന്ന പേരിൽ അറിയപ്പെടുന്ന ഈ മുല്ലക്ക് 2013-ൽ ഭൂപ്രദേശസൂചിക പദവി ലഭിച്ചു. നല്ല സുഗന്ധമുള്ളയിനം പൂവുകളാണ് ഈ മുല്ലയുടേത്.

മധുരൈ മല്ലിയിൽ വിവിധയിനം പ്രാദേശിക വകഭേദങ്ങളുണ്ട്. ഗുണ്ടു മല്ലി, നമ്മൂര മല്ലി, അംബു മല്ലി, രാമബാണം, മദനബാണം, കസ്തൂരി മല്ലി, ഊസി മല്ലി തുടങ്ങിയവയാണ് അവയിൽ ചിലത്.

മധുരൈ മല്ലിക്ക് കട്ടിയുള്ള ദളങ്ങളാണുള്ളത്. ആറു മുതൽ ഒൻപത് ദളങ്ങൾ വരെയുണ്ടാകും. മറ്റ് മുല്ലകളിൽ നിന്ന് വ്യത്യസ്തമായി പൂവിന്റെ തണ്ടും നീളമുള്ളതും തടിച്ചതുമാണ്. ഇത് മാല കെട്ടുന്നവർക്ക് പൂക്കളെ തമ്മിൽ ചേർത്ത് കെട്ടുന്നതിന് സൗകര്യപ്രദമായ ഒരു ഘടകമാണ്. കാലത്ത് ചെടിയിൽ നിന്ന് അടർത്തിയെടുക്കുമ്പോൾ ഈ പൂക്കൾക്ക് പച്ച കലർന്ന വെളുപ്പ് നിറമായിരിക്കും. ഉച്ചയാകുമ്പോഴേക്കും പാൽ വെള്ള നിറത്തിലും സായാഹ്നത്തോടെ വെള്ളി തിളക്കമുള്ള ക്രീം വെള്ളയിലേക്കും നിറം പരിണാമപ്പെടുന്നു. എന്നാൽ കേടുപാടുകളോ സൗരഭ്യ നഷ്ടമോ കൂടാതെ രണ്ടു ദിവസങ്ങളോളം ഈ പുഷ്പങ്ങൾ ഉപയോഗിക്കാവുന്നതാണ്. തടിച്ച ഇതളുകൾ മൂലം സാവധാനത്തിലുള്ള പുഷ്പവികാസമാണ് ഇതിന് കാരണം.[1] ഈ സവിശേഷതകൾ മൂലം തമിഴ്നാട്ടിൽ പൂജയ്ക്കും ആരാധനാമൂർത്തികളെ അലങ്കരിക്കുന്നതിനും അവശ്യ പുഷ്പമായി മധുരൈ മല്ലിയെ പരിഗണിക്കുന്നു.[2]

കൃഷിയും വിപണനവും

തിരുത്തുക

ഈ മുല്ല ചെടി സംഘകാലം (ബി.സി 5-ആം നൂറ്റാണ്ട്) മുതൽ മധുരൈ പ്രദേശത്ത് കൃഷി ചെയ്യപ്പെട്ടു വരുന്നതായി അവകാശപ്പെടുന്നുണ്ട്. ചിലപ്പതികാരം, കുറിഞ്ചി പാട്ട്, മധുരൈ കാഞ്ചി തുടങ്ങിയ കൃതികളിൽ ഈ പൂവിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാവുന്നതാണ്. മധുരൈ ജില്ലയിൽ മാത്രം ആയിരത്തോളം ഹെക്ടറിൽ 4,000 കർഷകർ മധുരൈ മല്ലി കൃഷി ചെയ്യുന്നു. മധുരയിലെ തിരുപ്പരങ്കുന്റം, തിരുമംഗലം, ഉസിലമ്പട്ടി, ചെല്ലംപട്ടി എന്നിവിടങ്ങളിലാണ് പ്രധാനകൃഷിയിടങ്ങൾ സ്ഥിതി ചെയ്യുന്നത്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലാണ് കൂടുതൽ വിളവെടുപ്പ് നടക്കുന്നത്. തമിഴ്‌നാടിന് പുറമേ ബാംഗ്ലൂർ, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലും ഈ മുല്ലക്ക് ഏറെ ആവശ്യക്കാരുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

മധുരൈയുടെ സുഗന്ധം[പ്രവർത്തിക്കാത്ത കണ്ണി], Development of Humane Action Foundation(DHAN) വെബ്സൈറ്റ്

  1. Geographical indication tag for ‘Madurai Malli’, ദ ഹിന്ദു, 2013 ജനുവരി 18
  2. Fragrance of Madurai Malli Will Waft Through Lankan Hindu Temples[പ്രവർത്തിക്കാത്ത കണ്ണി], ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, 2015 സെപ്റ്റംബർ 19
"https://ml.wikipedia.org/w/index.php?title=മധുരൈ_മുല്ല&oldid=3640158" എന്ന താളിൽനിന്ന് ശേഖരിച്ചത്