കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തുള്ള അറിയപ്പെടുന്നൊരു കാവാണ് മന്നം‌പുറത്തു കാവ്. പൂരോത്സവങ്ങൾക്കു കൂടി പ്രശസ്തമാണിവിടം. കലശോത്സവമാണ് മന്നം‌പുറത്തു കാവിലെ പ്രധാന ഉത്സവം. കലശോത്സവവുമായി ബന്ധപ്പെട്ട് മറ്റു ഭഗവതീ ക്ഷേത്രങ്ങളിൽ നിന്നും മത്സ്യക്കോവകൾ ഘോഷയാത്രയായി എഴുന്നെള്ളിച്ചു വരുന്ന പതിവുണ്ട്. നിത്യേന മധുമാംസാത്തോടൊപ്പം ചെറുപയറാണു ദേവിക്ക് നൈവേദ്യമെങ്കിലും കലശദിവസം മുതിരയായിരിക്കും ഉണ്ടായിരിക്കുക. പഞ്ചസാര പാവിൽ കടല ചേർത്തുള്ള കലശമിഠായികളും കുഞ്ഞുങ്ങൾക്കായി ഈ സമയത്ത് ഉണ്ടാവുന്നു. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടുവന്നിരുന്ന മുക്കുവസമുദായത്തോട് അടുപ്പമുള്ള മൊയോർ എന്ന സമുദായത്തിൽ പെട്ടവരാണ് ഇതിലെ പ്രധാനികൾ. മൊകയർ എന്ന പേരു ചുരുക്കിയാണ് മൊയോർ എന്നു വിളിക്കുന്നത്. ഇവരുടെ അമ്പലങ്ങളിൽ നിന്നുമാണ് മത്സ്യക്കോവകൾ വരുന്നത്. നാട്ടുമ്പുറത്ത് ഈ അനുഷ്ഠാനം മീൻകോവ എന്നാണ് അറിയപ്പെടുന്നത്,

മത്സ്യങ്ങളെ കോവകളിലാക്കി ഏഴു കോവകൾ വീതം നീളമുള്ള തണ്ടിൽ കെട്ടിത്തൂക്കി ഒരു ഘോഷയാത്രയായി കാവിലേക്ക് ആൾക്കാർ വരുന്നു. ഇതിന് അകമ്പടിക്കാരായിട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആചാരക്കാർ, വാല്യക്കാർ, ക്ഷേത്ര ഭാരവാഹികൾ എന്നിവരൊക്കെയുണ്ടാവും. ദേവിക്ക് നിവേദ്യം നൽകുന്ന പ്രധാനപ്പെട്ടൊരു ചടങ്ങാളിത്.[1]

കലശം കഴിഞ്ഞാൽ മാത്രമാണ് മത്സ്യം കറിവെച്ച് ദേവിക്കു നിവേദിക്കുന്നത്. ഒരു കോവയാണതിനായി വിനിയോഗിക്കുന്നത്. മറ്റ് ആറു കോവകളും ട്രസിറ്റിമാരായ മൂത്തോർ, നായരച്ചന്മാരായ (അരചന്മാർ) അരമന അച്ഛൻ, എറുവാട്ട് അച്ഛൻ, എന്നിവരും തെക്കു വടക്ക് കളരിക്കാർ, ദേവിയുടെ കോലം കെട്ടുന്ന അഞ്ഞൂറ്റാൻ തുടങ്ങിയവർക്ക് അവകാശപ്പെട്ടതാവുന്നു. കലശം കഴിഞ്ഞ ശേഷം, അതത് അവകാശികൾക്ക് തന്നെ മത്സ്യങ്ങൾ വിതരണം ചെയ്യുന്നു. കാവുമായി ബന്ധപ്പെട്ട മേൽപ്പറഞ്ഞ അച്ഛന്മാർ നായർ സമുദായത്തിൽ നിന്നുള്ളവരും കലാശക്കാരും മറ്റും തീയ്യസമുദായത്തിൽ പെട്ടവരാണ്. മന്നം‌പുറത്തു കാവിലെ പ്രധാനികൾ ഇവരാണെങ്കിലും പൂജാദികർമ്മങ്ങൾ ഇപ്പോൾ നിർവ്വഹിക്കുന്നത് പിടാര സമുദായക്കാരാണ്.

  1. "മാതൃഭൂമി പത്രം". Archived from the original on 2017-06-10. Retrieved 2017-06-05.
"https://ml.wikipedia.org/w/index.php?title=മത്സ്യക്കോവ&oldid=3798939" എന്ന താളിൽനിന്ന് ശേഖരിച്ചത്