വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്

(മതാനുഭവത്തിന്റെ തരഭേദങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനഃശാസ്ത്രജ്ഞനും ദാർശനികനുമായ വില്യം ജെയിംസ് എഴുതിയ ഒരു ഒരു പുസ്തകമാണ് വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ് (The Varieties of Religious Experience) അല്ലെങ്കിൽ മതാനുഭവത്തിന്റെ തരഭേദങ്ങൾ. ഹാർവാർഡ് സർവകലാശാലയിൽ അദ്ധ്യാപകനായിരുന്ന ഗ്രന്ഥകാരൻ, സ്കോട്ട്‌ലണ്ടിലെ എഡിൻബറോ സർവകലാശാലയിൽ 1901-ലും 1902-ലുമായി "സ്വാഭാവിക ദൈവശാസ്ത്രം" (Natural Theology) എന്ന വിഷയത്തിൽ നടത്തിയ ഗിഫോർഡ് പ്രഭാഷണങ്ങളുടെ സംശോധിത സമാഹാരമാണ് ഈ പുസ്തകം.[2]


ദ വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ് - എ സ്റ്റഡി ഇൻ ഹ്യൂമൻ നേച്ചർ
കർത്താവ്വില്യം ജെയിംസ്
യഥാർത്ഥ പേര്ദ വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ് - എ സ്റ്റഡി ഇൻ ഹ്യൂമൻ നേച്ചർ, സ്വാഭാവികമതത്തെപ്പറ്റി 1901-2-ൽ എഡിൻബറോയിൽ ചെയ്ത ഗിഫോർഡ് പ്രഭാഷണങ്ങൾ[1]
ഭാഷഇംഗ്ലീഷ്
വിഷയംമതദർശനം
പ്രസാധകർലോംഗ്മാൻ, ഗ്രീൻ & കമ്പനി.
പ്രസിദ്ധീകരിച്ച തിയതി
1902
ഏടുകൾ534
LC ClassBR110.J3 1902a
ശേഷമുള്ള പുസ്തകംപ്രാഗ്മാറ്റിസം: എ ന്യൂ നെയിം ഫൊർ സം ഓൾഡ് വേയ്സ് ഓഫ് തിങ്കിങ്ങ്(1907)

മതം എന്ന പ്രതിഭാസത്തിന്റെ സ്വഭാവവും അതിനെ അക്കാദമികമായി പഠിക്കുന്നതിൽ ശാസ്ത്രലോകം പ്രകടിപ്പിച്ചതായി ജെയിംസ് കരുതിയ വൈമുഖ്യവുമാണ് ഈ കൃതിയിൽ പരിഗണിക്കപ്പെടുന്നത്. പ്രസിദ്ധീകരണം കഴിഞ്ഞ ഉടനേ തന്നെ മനഃശാസ്ത്രത്തിലേയും തത്ത്വചിന്തയിലേയും പ്രാമാണികഗ്രന്ഥങ്ങളുടെ കാനനിൽ ഇടം കണ്ടെത്തിയ ഈ കൃതി, അക്കാലം മുതൽ തുടർച്ചയായി അച്ചടിയിൽ തുടർന്നു.

വാദങ്ങൾ

തിരുത്തുക

ഒരു വസ്തുവിന്റെയോ ആശയത്തിന്റെയോ ഉത്ഭവത്തെപ്പറ്റിയുള്ള അറിവ്, അതിന്റെ മൂല്യത്തിന്റെ വിലയിരുത്തലിൽ പ്രസക്തമല്ലെന്ന് ജെയിംസ് വിശ്വസിച്ചു. ഉല്പത്തിയുടെ ശാസ്ത്രീയവിശകലനത്തെ ആശ്രയിച്ചുള്ള "അസ്തിത്വപരമായ വിലയിരുത്തൽ" മൂല്യവുമായി ബന്ധമില്ലാത്തതാണെന്ന് അദ്ദേഹം കരുതി.

ഇതിനുദാഹരണമായി ജെയിംസ്, ക്വാക്കർ മതത്തേയും അതിന്റെ സ്ഥാപകനായ ജോർജ്ജ് ഫോക്സിനേയും എടുത്തു കാട്ടി. ഫോക്സ് 'സ്കിസോഫ്രീനിയ' രോഗി ആയിരുന്നു എന്നതിനു തെളിവുകൾ ഉള്ളതിനാൽ, ജെയിംസിന്റെ പ്രതിയോഗികളായ ശാസ്ത്രജ്ഞന്മാർ പലരും ക്വാക്കർ മതത്തെ സമ്പൂർണ്ണമായും തള്ളിപ്പറഞ്ഞിരുന്നു. ഈ നിലപാടിനെ 'വൈദ്യഭൗതികവാദം' (മെഡിക്കൽ മറ്റീരിയലിസം) എന്നു പരിഹസിച്ച ജെയിംസ്, ഫോക്സിന്റെ മതസങ്കല്പങ്ങളുടെ ഉത്ഭവത്തെക്കുറിച്ചുള്ള അറിവ്, ക്വാക്കർ മതത്തിന്റെ മൂല്യം അംഗീകരിക്കുന്നതിനു തടസ്സമാകരുതെന്നു വാദിച്ചു. അങ്ങനെ ചെയ്യുന്നത്, നവോത്ഥാനകാലത്തെ ചിത്രകാരൻ എൽ ഗ്രെക്കോയ്ക്ക്, 'അസ്റ്റിഗ്മാറ്റിസം' എന്ന കാഴ്ചാവൈകല്യം ഉണ്ടായിരുന്നു എന്ന വൈദ്യശാസ്ത്രപരമായ വസ്തുതയുടെ പേരിൽ, അദ്ദേഹത്തിന്റെ കലാസൃഷ്ടികളെ മുഴുവൻ തള്ളിക്കളയുന്നതു പോലെയാകുമെന്ന് അദ്ദേഹം കരുതി.

ആത്മീയതയുടെ ലോകത്തിലെ വലിയ മനുഷ്യരെ നിസ്സാരമായി വിലയിരുത്തുന്ന ശാസ്ത്രത്തെ ജെയിംസ്, ശാസ്ത്രഭാഷ തന്നെ അനുകരിച്ച് ഇങ്ങനെ വിമർശിക്കുന്നു:

തന്റെ ശ്രോതാക്കൾക്കിടയിലെ നിരീശ്വരവാദികളോട് ജെയിംസ്, അവരുടെ ഈശ്വരനിഷേധം കരളിന്റെ പ്രവർത്തനത്തിലുള്ള തകരാറിന്റെ ഫലമാകാം എന്നു ഫലിതം പറഞ്ഞു.[3] മതത്തിന്റെ ഉത്പത്തി അബദ്ധങ്ങളിലും, അടിസ്ഥാനരാഹിത്യങ്ങളിലും, ഒരു പക്ഷേ ഭ്രാന്തിൽ തന്നെയും ആണെന്നും അതിനാൽ ശാസ്ത്രത്തിനു മതത്തേക്കാൾ മേന്മയുണ്ടെന്നും ഉള്ള വാദം, ചരിത്രപരമോ ജ്ഞാനശാസ്ത്രപരമോ ആയ വീക്ഷണങ്ങളിൽ ആകർഷകമായേക്കാമെങ്കിലും മതത്തിന്റെ മൂല്യനിർണ്ണയത്തിൽ അതിനു പ്രസക്തിയില്ല.

നിർദ്ദേശങ്ങൾ

തിരുത്തുക

മതാനുഭവത്തിന്റെ വൈവിദ്ധ്യത്തെ ഒരു കലാകാരന്റെ സംവേദനത്തോടെ വിശകലനം ചെയ്യുന്ന ജെയിംസ്, മതപരമായ അനുഭവങ്ങളെ തന്റെ പ്രായോഗികതാദർശനത്തിന്റെ (പ്രാഗ്മാറ്റിസം) അടിസ്ഥാനത്തിൽ വിലയിരുത്തി. മതത്തോടുള്ള സമീപനത്തെ സംബന്ധിച്ച് അദ്ദേഹം മുന്നോട്ടു വച്ച പ്രധാന നിർദ്ദേശങ്ങളിൽ ചിലത് താഴെപ്പറയുന്നവയാണ്:

  • മതത്തിന്റെ പഠനം വ്യവസ്ഥാപിത മതങ്ങളെയല്ല, മതപരമായ പ്രതിഭയെയാണ് (religious genius) കേന്ദ്രവിഷയമാക്കേണ്ടത്—കാരണം മതപ്രതിഭയുടെ സാമൂഹ്യരംഗത്തെ പിന്തുടർച്ച മാത്രമേ മതസ്ഥാപനങ്ങൾക്ക് അവകാശപ്പെടാനുള്ളു.
  • മതപരമോ അല്ലാത്തതോ ആയ തീവ്രാനുഭവങ്ങൾ, അവ രോഗാവസ്ഥയിലെത്തിയവയാണെങ്കിൽ പോലും, മനഃശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയെ പ്രത്യേകം ആകർഷിക്കേണ്ടതാണ്; കാരണം മനസ്സിന്റെ സൂക്ഷ്മദർശിനിക്കു പരിശോധിക്കാൻ കിട്ടുന്ന രഹസ്യനിക്ഷേപങ്ങളായ ആ അവസ്ഥകൾ, കേവലപ്രക്രിയകളുടെ വിപുലീകരിച്ച ചിത്രം കാട്ടിത്തരുന്നു.
  • വസ്തുനിഷ്ഠമായി തെളിയിക്കാനാകാത്തവയെങ്കിലും, തികവുറ്റതും ഭേദപ്പെട്ടതുമായ ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന കാര്യങ്ങളിലുള്ള "ഉപരിവിശ്വാസം" (over-belief), പൊതുവായി പങ്കുവയ്ക്കപ്പെടുന്ന അനുഭവങ്ങളുടേയും ചരിത്രത്തിന്റേയും ഫലപ്രദമായ വ്യാഖ്യാനത്തിന് ആവശ്യമാണ്.

നിഗമനങ്ങൾ

തിരുത്തുക

മതത്തിന്റെ സ്വഭാവം

തിരുത്തുക

ആത്മീയതയുടേയും മിസ്റ്റിസിസത്തിന്റേയും ലോകത്തിലെ അവകാശവാദങ്ങളേയും നിലപാടുകളേയും ഒട്ടേറെ ഉദാഹരണങ്ങളുടെ അടിസ്ഥാനത്തിൽ 19 അദ്ധ്യായങ്ങളിൽ വിശകലനം ചെയ്യുന്ന ജെയിംസ് അടുത്ത അദ്ധ്യായത്തിൽ മതചിന്തകളുടെ പൊതുസ്വഭാവമായ മൗലികനിലപാടുകളെ ഇങ്ങനെ സംഗ്രഹിക്കുന്നു[4]:-‌

  • നമുക്കു പരിചയമുള്ള ദൃശ്യലോകത്തിനു പ്രസക്തിയും സമ്പൂർണ്ണതയും ലഭിക്കുന്നത് കൂടുതൽ ആത്മീയമായ ഒരു ബൃഹദ്‌ലോകത്തിന്റെ ഭാഗമെന്ന നിലയിലാണ്.
  • ആ ബൃഹദ്‌ലോകവുമായുള്ള ഐക്യമോ സന്തുലിതമായ ബന്ധമോ ആണ് നമ്മുടെ ഉണ്മയുടെ അന്തിമവും യഥാർത്ഥവുമായ ലക്ഷ്യം.
  • അദൃശ്യലോകത്തിന്റെ മൂലശക്തിയുമായുള്ള ഒത്തുചേരലാണു പ്രാർത്ഥന. അതു നമ്മെ നമ്മുടെ അന്തിമലക്ഷ്യത്തോട് അടുപ്പിക്കുന്നു - അതുവഴി പ്രാതിഭാസികലോകത്തിൽ പ്രവഹിക്കുന്ന ആത്മീയോർജ്ജം, മാനസികവും ഭൗതികവുമായ ഫലങ്ങൾ ഉളവാക്കുന്നു.

താഴെപ്പറയുന്നവയെ മതാനുഭവത്തിന്റെ മാനസിക ഫലങ്ങളായി ജെയിംസ് കണക്കാക്കി:-

  • ജീവിതത്തെ പോഷിപ്പിക്കുന്ന ഒരു നവോത്സാഹം; ആത്മാർത്ഥതയും ധീരതയും കലർന്ന ഒരു കവിമനസ്സ് അതു നൽകുന്നു.
  • അവനവനെ സംബന്ധിച്ച് സുരക്ഷയുടേയും ശാന്തിയുടേയും അനുഭവങ്ങളും മറ്റുള്ളവർക്കു നേരേ പ്രേമഭാവത്തിന്റെ കവിഞ്ഞൊഴുക്കും.

മതാത്മകതകളുടെ അതിരില്ലാത്ത വൈവിദ്ധ്യത്തിൽ ഖേദിക്കേണ്ടതായി ഒന്നുമില്ലെന്ന് ജെയിംസ് വാദിച്ചു. ഓരോരുത്തരുടേയും മതാനുഭവം അവരുടെ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. നാം കലഹസ്വഭാവികളും അസൂയാലുക്കളുമെങ്കിൽ, ആത്മനാശം തന്നെ നമ്മുടെ മതത്തിന്റെ ഒരംശമാകുന്നു. നമ്മുടെ ആത്മാവുകൾ രോഗഗ്രസ്തമെങ്കിൽ നമുക്കു ചേരുന്നത് വിമോചനത്തിന്റെ മതമാകുന്നു.

അറിവും അനുഭവവും

തിരുത്തുക

മതപരമായ അറിവ്, മതാനുഭവത്തിനു പകരമാകുന്നില്ല. അതിനാൽ മതശാസ്ത്രം ജീവിക്കുന്ന മതത്തിനു പകരം വയ്ക്കാവുന്നതല്ല. ശാസ്ത്രം വ്യക്തിവീക്ഷണത്തെ തീർത്തും അവഗണിക്കാൻ പ്രവണത കാട്ടുന്നു. ഗുരുത്വം, ചലനം, ആവേഗം, ദിശ എന്നിവയെ ആശ്രയിച്ചുള്ള ഭൗതികനിയമങ്ങൾ മതപ്രതിഭയെ ആകർഷിക്കുന്നില്ല. പ്രതിഭാസങ്ങളുടെ ഗാംഭീര്യ-സൗന്ദര്യങ്ങൾ, പ്രഭാതത്തിന്റേയും മഴവില്ലിന്റെയും പ്രത്യാശ, ഇടിമിന്നലിന്റെ ശബ്ദം, വേനൽമഴയുടെ മൃദുത്വം, നക്ഷത്രങ്ങളുടെ ഉദാത്തത എന്നിവയാണ് ധാർമ്മികമനസ്സിനെ ആകർഷിക്കുന്നത്. ഇവയെ ഒഴിവാക്കിയുള്ള ദർശനം മേശയിൽ ഭക്ഷണം വിളമ്പുന്നതിനു പകരം അതിന്റെ വില എഴുതിയ രസീതു വച്ചു കൊടുക്കുന്നതു പോലെയാകുന്നു.

ഒരുതരം അസ്വസ്ഥത, നമ്മുടെ നിലയിൽ പന്തികേടുണ്ടെന്ന തോന്നൽ, ഉന്നതങ്ങളുമായി സ്ഥാപിക്കാനാകുന്ന ബന്ധം നമ്മെ രക്ഷപെടുത്തുന്നു എന്ന പരിഹാരബോധം തുടങ്ങിയവ, എല്ലാവിധ മതവിശ്വാസങ്ങളുടേയും പൊതുസ്വഭാവമാണെന്നു ജെയിംസ് കരുതി. ഈ തോന്നൽ വസ്തുനിഷ്ഠമാണോ എന്ന ചോദ്യം ഉന്നയിക്കുന്ന ഗ്രത്ഥകാരൻ, ധാർമ്മികതയുടെ 'ഇങ്ങേയറ്റം'(hither side) നമ്മുടെ ബോധജീവിതത്തിന്റെ അബോധപരമായ തുടർച്ചയാകാം എന്നനുമാനിക്കുന്നു. ധാർമ്മികമനുഷ്യൻ ഒരു ബാഹ്യശക്തിയുടെ പരിപാലനയിൽ ജീവിക്കുന്നു എന്ന ദൈവശാസ്ത്രജ്ഞന്മാരുടെ അവകാശവാദം അങ്ങനെ സ്ഥാപിതമാകുന്നു.

ദൈവികതയുടെ പരമാർത്ഥത എന്തായിരുന്നാലും വിശ്വാസത്തിന്റേയും പ്രാർത്ഥനയുടേയും അവസ്ഥകളിൽ യഥാർത്ഥമായി സംഭവിക്കുന്ന ആത്മീയോർജ്ജത്തിന്റെ ഒഴുക്കല്ലാതെ മറ്റൊന്നും തനിക്കുറപ്പില്ലെന്ന് ഗ്രന്ഥകാരൻ പറയുന്നു. പ്രപഞ്ചത്തിന്റെ ആ ഉദാത്തവശത്തെ വേണമെങ്കിൽ ദൈവം എന്നു വിളിക്കാം.

പിൻകുറിപ്പ്

തിരുത്തുക

പുസ്തകത്തിനൊടുവിൽ താൻ പ്രകടിപ്പിച്ച അഭിപ്രായങ്ങളെ വിശദീകരിക്കുന്ന ഒരു പിൻകുറിപ്പും (Postscript) ജെയിംസ് എഴുതിച്ചേർത്തു. ജനകീയക്രിസ്തീയതയേയും സ്കൊളാസ്റ്റിക് ദൈവവിശ്വാസത്തേയും അംഗീകരിക്കാൻ തനിക്കാവില്ലെങ്കിലും ആത്മീയലോകവുമായുള്ള സമ്പർക്കം വഴി ലോകത്തിൽ കടന്നുവരുന്ന നവശക്തിയിൽ വിശ്വാസിക്കുന്ന താൻ, അത്ര കൃത്യതയോടെയല്ലെങ്കിലും, അതിഭൗതികവാദിയായി പരിഗണിക്കപ്പെടേണ്ടവനാണെന്ന് പിൻകുറിപ്പിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ആശയങ്ങൾ ബുദ്ധമതത്തിലെ കർമ്മസിദ്ധാന്തത്തിനു സമാനമാകാം എന്നും അദ്ദേഹം കരുതി. ദൈവസാന്നിദ്ധ്യത്തെ ഒരു വസ്തുതയായി കണക്കാക്കിയാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തെന്ന ചോദ്യത്തിനു മറുപടിയായി "പ്രാർത്ഥനാപൂർവമായ ധ്യാനം" (Prayful communion) എന്ന പ്രതിഭാസത്തിലേക്കു വിരൽ ചൂണ്ടാനല്ലാതെ മറ്റൊന്നും പറയാൻ തനിക്കാവില്ലെന്ന് ജെയിംസ് സമ്മതിച്ചു.

ബഹുദൈവവിശ്വസത്തെ അടിസ്ഥാനമാക്കിയുള്ള ധാർമ്മികതയോടുള്ള തന്റെ പ്രതിപത്തി ഈ പിൻകുറിപ്പിൽ ജെയിംസ് വ്യക്തമാക്കുന്നുണ്ട്. ഓരോ മനുഷ്യനുമപ്പുറം അവനോടും അവന്റെ ആശയങ്ങളോടും സൗഹൃദം പുലർത്തുന്ന ഒരു വലിയ ശക്തി ഉണ്ടെന്ന വിശ്വാസം, പ്രായോഗിക ധാർമ്മികതയുടെ ആവശ്യകതകളോടും അനുഭവങ്ങളോടും നീതിപുലർത്താൻ മതിയാകും. സാധാരണക്കാർ എല്ലാക്കാലത്തും പിന്തുടർന്നിരുന്നത്, ബഹുദൈവവാദത്തിന്റെ ഇമ്മാതിരി മതമായിരുന്നെങ്കിലും, സർവശക്തനായ ഏകദൈവത്തിന്റെ അഭാവത്തിൽ നമ്മുടെ സുരക്ഷാബോധം തികവില്ലാത്തതായിരിക്കുമെന്ന് ഏകദൈവാദികൾ ചൂണ്ടിക്കാണിച്ചേക്കാം. പ്രായോഗിജീവിതത്തിൽ മുക്തിയുടെ കേവലസാദ്ധ്യതയേ ആവശ്യമുള്ളു എന്നാണ് അതിനദ്ദേഹം മറുപടി പറഞ്ഞത്.[5]

വിമർശനങ്ങൾ

തിരുത്തുക

ഒരു വിശ്വാസത്തിന്റെ സ്വീകൃതി നല്ല ഫലങ്ങൾ ഉളവാക്കുന്നെങ്കിൽ വിശ്വാസം സത്യമാണെന്ന സങ്കല്പത്തിലാണ് ജെയിംസ് മതാനുഭവത്തെ വിലയിരുത്തുന്നത്. ദൈവത്തിലും മതത്തിലുമുള്ള വിശ്വാസങ്ങൾ മിക്കവാറും മനുഷ്യർക്ക് സന്തുഷ്ടി ഉളവാക്കുന്നതിനാൽ അവ സത്യമായി കരുതപ്പെടണമെന്ന് അദ്ദേഹം വാദിക്കുന്നു. ദൈവം സൗകര്യപ്രദമായ ഒരു പരികല്പനയാണെങ്കിൽ ദൈവവിശ്വാസം സത്യമാണെന്നും ദൈവം യഥാർത്ഥത്തിൽ ഉണ്ടോ എന്ന ചോദ്യം അപ്രസക്തമാണെന്നും മറ്റും വാദിക്കുന്നത് സന്ദേഹത്തിന്റെ അടിത്തറയിൽ വിശ്വാസം കെട്ടിപ്പടുക്കാനുള്ള വിഫലശ്രമമാണെന്ന് ബെർട്രാൻഡ് റസ്സൽ വിമർശിച്ചു. മതവിശ്വാസത്തിന്റെ ഈ മട്ടിലുള്ള ന്യായീകരണം മിക്കവാറും വിശ്വാസികളെ തൃപ്തിപ്പെടുത്തുകയില്ല. വിശ്വാസത്തിനു ന്യായീകരണമായി പ്രായോഗികതയെ ഏടുത്തുകാട്ടുന്ന പ്രാഗ്മാറ്റിസ്റ്റുകളുടെ നിലപാടിനെ കത്തോലിക്കാ സഭ തന്നെ തള്ളിക്കളഞ്ഞ കാര്യം റസ്സൽ എടുത്തു പറയുന്നു. വിശ്വാസികളുടെ ദൈവം പ്രയോജനപ്രദമായ വെറുമൊരു സങ്കല്പമല്ല ഒരു യഥാർത്ഥ ഉണ്മയാണ്.[6]

ഇമ്മാനുവേൽ കാന്റിനേയും ഹെൻറി ബേർഗ്സണെയും പോലെ, ഭൗതികവാദത്തിന്റെ സർവവ്യാപിയായ യന്ത്രസാമഗ്രിയുടെ ആക്രമണത്തിൽ നിന്ന് മതവിശ്വാസത്തെ രക്ഷപെടുത്താൻ ശ്രമിക്കുകയാണ് ജെയിംസും ചെയ്തതെന്ന് വിൽ ഡുറാന്റ് നിരീക്ഷിക്കുന്നു. "സംസ്കാരശുന്യർക്കു ചേരുന്ന ദർശനം" (Philosophy for Philistines) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ നിലപാടിൽ ഒരു തരം കച്ചവടമിടുക്ക് കാണാമെന്നും ഡുറാന്റെ കരുതി. വ്യക്തിപരമായ പ്രയോജനം സത്യത്തിന്റെ മാനദണ്ഡം ആകുന്നില്ല. സാർവലൗകികവും സനാതനവുമായ പ്രയോജനമാണ് സത്യം എന്നും ഡുറാന്റ് ചൂണ്ടിക്കാട്ടുന്നു.[7]

  1. "A Study of Man: The Varieties of Religious Experience". The New York Times. August 9, 1902. Retrieved 2010-05-20.
  2. വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ് Archived 2016-03-07 at the Wayback Machine., ലിറോയ് എൽ മില്ലറുടെ സംശോധനയും കുറിപ്പുകളുമായി ഇന്റർനെറ്റിൽ - "ഗ്രന്ഥകാരന്റെ ആമുഖം"
  3. The Varieties of Religious Experience (പ്രസാധകർ: ദ മോഡേൺ ലൈബ്രറി, ന്യൂ യോർക്ക്)(പുറം 15)
  4. 'നിഗമനങ്ങൾ', വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്, അദ്ധ്യായം 20
  5. വെറൈറ്റിസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്, പിൻകുറിപ്പ്
  6. ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം (പുറങ്ങൾ 817-18)
  7. വിൽ ഡുറാന്റ്, തത്ത്വചിന്തയുടെ കഥ, പുറങ്ങൾ 388-89)

[[വർഗ്ഗം:]]