സ്ഫോടവാദം
ഭാരതീയ ഭാഷാദർശനത്തിലെ ഒരു പ്രധാന ആശയമാണ് സ്ഫോടവാദം. ഭാഷയെ ബോധത്തിൽ നിന്ന് അഭേദമായി കാണുന്ന സ്ഫോടവാദം ഭാഷാചിന്തയിലെ ശബ്ദാദ്വൈതപക്ഷത്തിന്റെ(speech monistic school) നിലപാടാണ്. ഭാഷണത്തിന്റെ പിറവി, ഭാഷയുടെ ഘടകങ്ങളെ ഗ്രാഹ്യമായ അർത്ഥവും ആശയങ്ങളുമായി മനസ്സ് ക്രമീകരിക്കുന്നതെങ്ങനെ, എന്നീ വിഷയങ്ങളുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. സ്ഫോട-സങ്കല്പത്തിന്റെ സൂചനകൾ പതഞ്ജലി പോലുള്ള മുൻകാല വൈയാകരണന്മാരുടെ കൃതികളിലും കാണാമെങ്കിലും ക്രി.വ. അഞ്ചാം നൂറ്റാണ്ടിലെ വൈയാകരണനും, ഭാഷാചിന്തകനും കവിയുമായിരുന്ന ഭർതൃഹരിയുടെ വാക്യപദീയം എന്ന രചനയിലാണ് ഭാഷാസിദ്ധാന്തമെന്ന നിലയിൽ ഇത് വ്യക്തതയോടെ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. [1]
ഭർതൃഹരിക്കു മുൻപ്
തിരുത്തുകഔദുംബരായണനും മറ്റും
തിരുത്തുകഒരു ഭാഷാസിദ്ധാന്തമെന്ന നിലയിൽ സ്ഫോടവാദത്തിന്റെ തുടക്കം ഭർതൃഹരിയിൽ ആയിരിക്കാമെങ്കിലും, സംസ്കൃതവ്യാകരണത്തിലെ സാങ്കേതികസംജ്ഞകൾക്കിടയിൽ സ്ഫോട-ശബ്ദത്തിന് ഭർതൃഹരിയേക്കാൾ പഴക്കമുണ്ട്. തന്റെ സിദ്ധാന്തത്തിന്, മുൻകാല വൈയാകരണന്മാരുടെ, ഇന്നു ലഭ്യമല്ലാത്ത രചനകളെ ഭർതൃഹരി ആശ്രയിച്ചിരിക്കാനും സാധ്യതയുണ്ട്. നിരുക്തം എന്ന പ്രഖ്യാത രചനയിൽ ഭാഷയുടെ ശാശ്വത സ്വഭാവത്തെക്കുറിച്ച് പറയുന്ന യാസ്കൻ 'ഔദുംബരായണൻ' എന്ന പൂർവവൈയാകരണനെ ഉദ്ധരിക്കുന്നുണ്ട്. ഔദുംബരായണന്റെ കൃതിയെക്കുറിച്ച് ഒരു വിവരവും ഇല്ലെങ്കിലും അദ്ദേഹത്തിലാണ് സ്ഫോട-സങ്കല്പത്തിന്റെ തുടക്കം എന്നു കരുതുന്നവരുണ്ട്.[2]യാസ്കനുശേഷം ജീവിച്ചിരുന്ന പാണിനി, അഷ്ടാധ്യായി എന്ന പ്രഖ്യാതഗ്രന്ഥത്തിൽ, സ്ഫോടായനൻ എന്നൊരു വൈയാകരണനെ തന്റെ തന്നെ പൂർവഗാമികളിൽപ്പെടുത്തി പേരെടുത്തു പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, സ്ഫോടവാദത്തിന്റെ തുടക്കം സ്ഫോടായനനിൽ ആണെന്ന് പാണിനിയുടെ മദ്ധ്യകാല വ്യാഖ്യാതാക്കളായ ഹരദത്തനും മറ്റും വാദിച്ചു. പാണിനിയുടെ വ്യാകരണത്തിന്റെ പ്രഥമഭാഷ്യമായ "സംഗ്രഹ"-ത്തിന്റെ രചയിതാവായി കരുതപ്പെടുന്ന വൈയാകരണൻ വ്യാദിയും സ്ഫോട-സങ്കല്പത്തിന്റെ വികാസത്തെ സഹായിച്ചിരിക്കാമെന്നും ധ്വനിയെ സംബന്ധിച്ച ചില ആശയങ്ങൾക്ക് ഭർതൃഹരി കടപ്പെട്ടിരിക്കുന്നത് വ്യാദിയോടാണെന്നും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.[3]
പതഞ്ജലി
തിരുത്തുകക്രി.വ. രണ്ടാം നൂറ്റാണ്ടിൽ പാണിനിയുടെ അഷ്ടാദ്ധ്യായിയ്ക്ക് മഹാഭാഷ്യം രചിച്ച വൈയാകരണൻ പതഞ്ജലി സ്ഫോടസങ്കല്പത്തെ ആശ്രയിച്ചിട്ടുണ്ട്. ഭാഷ ഉരുവിടുന്നതിനൊപ്പം മനസ്സിൽ അർത്ഥവും ആശയങ്ങളും പൊട്ടിവിടർന്ന് സ്ഫുടമാകുന്ന പ്രക്രിയയെ സൂചിപ്പിക്കുന്ന സാങ്കേതിക ശബ്ദമായിരുന്നു അദ്ദേഹത്തിന് സ്ഫോടം. ഭാഷ സംവഹിക്കുന്ന അർത്ഥത്തിന്റേയും ആശയത്തിന്റേയും സ്ഥായീഭാവത്തെ സൂചിപ്പിക്കാനാണ് അദ്ദേഹം അതുപയോഗിച്ചത്. ഭാഷണത്തിൽ ശ്രവ്യമാകുന്ന ധ്വനി, ആൾഭേദത്തിനനുസരിച്ച് ദീർഘമോ ഹ്രസ്വമോ, ഖരമോ മൃദുവോ ആകാമെങ്കിലും സ്ഫോടത്തിനു മാറ്റമില്ലെന്നും വർണ്ണങ്ങളുടെ സ്ഥായീഭാവം ഉച്ചാരണഭേദത്തെ അതിലംഘിച്ചു നിൽക്കുന്നു എന്നും പതഞ്ജലി വാദിച്ചു.[4].
ഭർതൃഹരി
തിരുത്തുകശബ്ദബ്രഹ്മം
തിരുത്തുകവാക്യപദീയത്തിൽ ഭർതൃഹരി, സ്ഫോടശബ്ദത്തെ ആശ്രയിച്ച് ഭാഷയുടെ അഖണ്ഡതയേയും സ്ഥായീഭാവത്തേയും പറ്റി, തരളവും സങ്കീർണ്ണവും ബഹുതലസ്പർശിയുമായൊരു ദർശനം അവതരിപ്പിക്കുന്നു. സ്ഫോടത്തെ മനുഷ്യന്റെ ഭാഷണക്ഷമതയായി കാണുന്ന അദ്ദേഹം തന്റെ സിദ്ധാന്തത്തെ ഒരു അതിഭൗതികഭൂമികയിൽ പ്രതിഷ്ഠിച്ചു.[5].പരമയാഥാർത്ഥ്യം തന്നെ ഭാഷയിലൂടെ ശബ്ദബ്രഹ്മമായി വെളിപ്പെടുന്നുവെന്നു അദ്ദേഹം കരുതി. വാക്യപദീയത്തിന്റെ അതിഭൗതികഭൂമിക കണക്കിലെടുത്ത എ.ബി.കീത്തിനെപ്പോലുള്ളവർ, ഭർതൃഹരിയ്ക്ക് സ്ഫോടം ഒരു യോഗാത്മസങ്കല്പമായിരുന്നെന്നു കരുതി. എന്നാൽ അതിനെ ഒരു മന:ശാസ്ത്രസങ്കല്പമായി കാണുന്നവരാണ് ഇന്നധികവും. മിന്നൽവേഗത്തിൽ ലഭിക്കുന്ന ഉൾക്കാഴ്ചയോ വെളിപാടോ ഒക്കെയായി സ്ഫോടം സങ്കല്പിക്കപ്പെടുന്നു എന്നതും ഈ വീക്ഷണത്തിനു ശക്തിപകരുന്നു.
സ്ഫോടവും നാദവും
തിരുത്തുകപതഞ്ജലിയുടെ യോഗസങ്കല്പത്തെ വർണ്ണസ്ഫോടം, പദസ്ഫോടം, വാക്യസ്ഫോടം എന്നിങ്ങനെ മൂന്നു തലങ്ങളിൽ വികസിപ്പിച്ച് അന്വേഷിക്കുകയാണ് വാക്യപദീയത്തിൽ ഭർതൃഹരി. ശബ്ദ-വാക്യരൂപങ്ങളിലെ ഭാഷയിൽ നാദത്തിന്റെ പ്രാതീകാത്മകതയ്ക്കു പിന്നിലുള്ള തനതുരൂപം സ്ഫോടമാണെന്ന്, വാക്യപദീയം ഒന്നാം ഭാഗം 93-ആം പദ്യത്തിൽ ഭർതൃഹരി പറയുന്നു.[4] ഏകവും അഭേദ്യവുമായ സ്ഫോടത്തെ അദ്ദേഹം പൂർവാപരക്രമത്തോടെ വിഭക്തമായിരിക്കുന്ന നാദത്തിൽ നിന്നു വേർതിരിച്ചു കണ്ടു. സ്ഫോടം ശബ്ദത്തിന്റേയും വാക്യത്തിന്റേയും കാരണമൂലവും ഉദ്ദേശവുമാണ്. ഈ അർത്ഥത്തിൽ അത് പാശ്ചാത്യഭാഷദർശനത്തിലെ 'ലെമ്മാ'(lemma) എന്ന സങ്കല്പത്തിനു സമമാണ്. എന്നാൽ ലെമ്മായിൽ നിന്നു ഭിന്നമായി 'സ്ഫോടം' പറയുന്നവനിലും കേൾക്കുന്നവനിലും ഒരുപോലെ സംഭവിക്കുന്നു. നാദം ഉച്ചരിച്ച ആളിൽ ഉണ്ടാക്കിയ അതേ സ്ഫോടം തന്നെ കേൾക്കുന്ന ആളിലും ഉളവാക്കുന്നു - അത് തിരിച്ചറിവിന്റെ നിമിഷത്തിൽ, ഘട്ടം-ഘട്ടമായല്ലാതെ മിന്നൽപ്പിണർ പോലെ ഒറ്റയടിക്കു സംഭവിക്കുന്നതാണ്. വാക്യസ്ഫോടത്തിന്റെ കാര്യത്തിൽ ഇത് പ്രത്യേകം ഏടുത്തുപറയേണ്ടതാണ്. പറയുന്നയാളുടെ സങ്കല്പത്തിൽ ഒന്നോടെ ഏകസ്ഫോടമായി വാക്യം ഉദിക്കുന്നു. കേൾക്കുന്നയാൾ അത് ഏകസ്ഫോടത്തിൽ തിരിച്ചറിയുകയും ചെയ്യുന്നു.
വാക്യവും പദവും
തിരുത്തുകവാക്യങ്ങളുടെ അർത്ഥം അവ ഉൾക്കൊള്ളുന്ന പദങ്ങളുടെ അർത്ഥങ്ങൾ ചേർന്നുണ്ടാകുന്നതാണെന്ന നിലപാട്, ഭാഷാദർശനത്തിലെ അഖണ്ഡപക്ഷം പിന്തുടർന്ന ഭർതൃഹരി തള്ളിക്കളഞ്ഞു. ഭാഷയുടെ കാതലായ ഘടകം വാക്യമാണെന്ന് അദ്ദേഹം കരുതി. വാക്കുകൾക്ക് അവയിൽ തന്നെ പൂർണ്ണതയില്ല. വാക്യങ്ങളുടെ പശ്ചാത്തലത്തിലല്ലാതെ വാക്കുകൾ അർത്ഥരഹിതവും അയഥാർത്ഥവുമാണ്. വാക്യങ്ങളാണ് അർത്ഥത്തിന്റെ സംവാഹകരാകുന്നത്. അർത്ഥത്തിന്റെ തിരിച്ചറിവാകട്ടെ, ഒറ്റനിമിഷത്തിൽ പ്രതിഭയുടെ മിന്നലൊളിയിൽ സംഭവിക്കുന്നതാണ്.[6]
ചിന്തയും ഭാഷയും
തിരുത്തുകഭർതൃഹരിയുടെ സ്ഫോടം നാദത്തിനു പിന്നിലുള്ള അർത്ഥത്തെയല്ലാതെ ഒരു പ്രത്യേകതരം സ്വരത്തെ മാത്രമാണ് സൂചിപ്പിക്കുന്നതെന്ന് സംസ്കൃത പണ്ഡിതൻ എസ്.ഡി. ജോഷി അഭിപ്രായപ്പെട്ടിട്ടുണ്ട്. ബിമൽ കെ.മാതിലാൽ, ഈ നിലപാടുകളെ സമന്വയിപ്പിക്കാൻ ശ്രമിച്ചു. ഭർതൃഹരി സങ്കല്പിക്കുന്ന ചിന്താപ്രക്രിയ തന്നെ പ്രകമ്പനം(സ്ഫോടനം) ഉൾപ്പെട്ടതാകയാൽ, ചിന്തയിൽ നാദസമാനമായ ഗുണങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം കരുതി. അങ്ങനെ ചിന്ത നാദത്തെ മാധ്യമമാക്കി പ്രവർത്തിക്കയാൽ ചിന്തയുടേയും ഭാഷയുടേയും പ്രക്രിയകൾ ഒന്നുതന്നെയാണെന്നും ഭാഷയുടെ സഹായമില്ലാതെ ചിന്ത അസാധ്യമാണെന്നാണ് ഭർതൃഹരി കരുതിയതെന്നും അദ്ദേഹം വാദിച്ചു.
ഭർതൃഹരിക്കു ശേഷം
തിരുത്തുകഭർതൃഹരിക്കുശേഷമുള്ള നൂറ്റാണ്ടുകളിൽ സ്ഫോടവാദം ഭാരതീയരുടെ ഭാഷാദർശനത്തിലെ ഒരു കേന്ദ്രസങ്കല്പമായിരിക്കുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. മിക്കവാറും വൈയാകരണന്മാരുടെ അംഗീകാരം അതിനു ലഭിച്ചെങ്കിലും, മീമാംസാവാദികൾക്കും ന്യായവാദികൾക്കും അത് സ്വീകാര്യമായില്ല. ഭാഷയിലെ ആശയങ്ങൾ സങ്കല്പിക്കപ്പെടുന്നതും ഗ്രഹിക്കപ്പെടുന്നതും, ഖണ്ഡങ്ങളായല്ലാതെ ഒന്നോടെയാണെന്ന സ്ഫോടവാദത്തിന്റെ നിലപാട് ഭാഷാദർശനത്തിലെ അഖണ്ഡപക്ഷമായിരുന്നു. ഇതിനെതിരെ, മീമാംസകന്മാർ വിശേഷിച്ചും, ഖണ്ഡപക്ഷമാണ് വാദിച്ചത്. വാക്കുകളുടെ അർത്ഥം അത് ഉൾക്കൊള്ളുന്ന വാക്യങ്ങളുടെ വിശകലനത്തെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു ഈ പക്ഷം. സ്ഫോടവാദത്തിനെതിരെയുള്ള മീമാംസകന്മാരുടെ നിലപാടിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായത് ഏഴാം നൂറ്റാണ്ടിൽ കുമാരിലഭട്ടനാണ്. ന്യായചിന്തകന്മാർക്കിടയിൽ സ്ഫോടവാദത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വിമർശകൻ 9-ആം നൂറ്റാണ്ടിലെ ജയന്തൻ ആയിരുന്നു.
അവലംബം
തിരുത്തുക- ↑ Internet Encyclopedia of Philosophy Bhartrihari
- ↑ Brough, J., (1952,). "Audumbarayana's Theory of Language,". Bulletin of the School of Oriental and African Studies, University of London,. Vol. 14, , no. 1, . pp. 73--77, .
{{cite news}}
: Check date values in:|year=
(help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link) CS1 maint: year (link) - ↑
Dominik Wujastyk, (1993,). Metarules of Pāṇinian Grammar, the Vyāḍīyaparibhāṣā,. Forsten.
{{cite book}}
: Check date values in:|year=
(help); Unknown parameter|address=
ignored (|location=
suggested) (help)CS1 maint: extra punctuation (link) CS1 maint: year (link) - ↑ 4.0 4.1 The word and the world: India's contribution to the study of language (1990). Bimal Krishna Matilal. Oxford.
- ↑
The Sphota Theory of Language: A Philosophical Analysis (1997,). Coward, Harold G.,. Motilal Banarsidass,. ISBN 8120801814,.
{{cite book}}
: Check|isbn=
value: invalid character (help); Check date values in:|year=
(help)CS1 maint: extra punctuation (link) CS1 maint: year (link) - ↑ Sebastian Alackapally, Being and Meaning: Reality and Language in Bhartrhari and Heidegger, Motilal Banarsidas Publishers Pvt Ltd.[1]