മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപകനും എഴുത്തുകാരനുമായിരുന്നു കണ്ടത്തിൽ വറുഗീസ് മാപ്പിള ( 1857 - 6 ജൂലൈ 1904). കവി, ലിപി പരിഷ്കർത്താവ്, ഗദ്യകാരൻ എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രവർത്തിച്ചു. കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പ്രവർത്തനഫലമായി 1892ൽ കോട്ടയത്തുചേർന്ന ’കവി സമാജമാണ് ’ പിന്നീട് ഭാഷാപോഷിണിയുടെ പിറവിക്കു കാരണമായത്.

കണ്ടത്തിൽ വറുഗീസ് മാപ്പിള

കലഹിനീദമനകം എന്ന വറുഗീസ് മാപ്പിളയുടെ സ്വതന്ത്രനാടക വിവർത്തനം മലയാളത്തിലെ ആദ്യ ഗദ്യനാടകങ്ങളിലൊന്നാണ്. സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാൻ കേരളത്തിലാദ്യം തിരുമൂലവിലാസം ബാലികാ മഠം എന്ന പേരിൽ തിരുവല്ലയിൽ റസിഡൻഷ്യൽ സ്കൂളും കോട്ടയത്തെ എം.ഡി. സെമിനാരി ഹൈസ്കൂളും സ്ഥാപിക്കാൻ മുന്നിട്ടിറങ്ങി.

ജീവിതരേഖ

തിരുത്തുക

ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലായിൽ നിരണത്തു കറുത്തനല്ലൂർ ഈപ്പന്റേയും, അയിരൂർ ചെറുകര കുടുംബത്തിലെസാറാമ്മ (കുഞ്ഞാഞ്ഞു) യുടേയും മകനായി കോട്ടയത്ത് ജനിച്ചു. ആംഗ്ളിക്കൻ സഭ നടത്തിയിരുന്ന തോലശ്ശേരി സ്ക്കൂളിൽ ചേർന്നാണ് ഇംഗ്ളീഷ് പഠനം തുടങ്ങിയത്.പിന്നീട് കോട്ടയത്ത് സി.എം.എസ്സിൽ പഠനം തുടർന്നു. തിരുവനന്തപുരത്ത് ഇൻറർമീഡിയറ്റിനു പഠിച്ചുഎങ്കിലും പഠനം പൂർത്തിയാക്കിയില്ല. പിന്നീട് വില്വവട്ടത്തു രാഘവൻനമ്പ്യാരുടെ കീഴിൽ സംസ്കൃതം പഠിച്ചു. 1881 ജനുവരി 1 ന് കൊച്ചിയിൽ ദേവ്ജി ഭീമ്ജി എന്നഗുജറാത്തുകാരൻ തുടങ്ങിയ കേരളമിത്രം വാരികയുടെ പത്രാധിപർ ആയി. രണ്ടുവർഷത്തിനുശേഷം 1884ൽ സ്വദേശത്തു തന്നെ താലൂക്ക് മുതല്പിടി (സർക്കാർ ഖജനാവ് ഉദ്യോഗസ്ഥൻ) ആയി ജോലിയിൽ പ്രവേശിച്ചു. അവിടെ സദാചാരസഹോദരസംഘം സ്ഥാപിച്ചു. ഈ സംഘം തുടങ്ങിയ ചെറിയ പള്ളിക്കൂടമാണ് പില്ക്കാലത്തെ ചെങ്ങന്നൂർ ഇംഗ്ളീഷ് ഹൈസ്ക്കൂൾ. മുതല്പിടി ജോലിരാജിവച്ച് വീണ്ടും കോട്ടയത്തെത്തി. നാട്ടിൽ മടങ്ങിയെത്തിയ ശേഷം വില്വവട്ടത്തു രാഘവൻനമ്പ്യാരുടെ കീഴിൽ സംസ്കൃതം പഠിച്ചു. പുലയർക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയായിരുന്നു വറുഗീസ് മാപ്പിളയുടെ ആദ്യ മുഖപ്രസംഗം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശ്രീനാരായണഗുരുവിന്റെ പ്രവർത്തനത്തിൽ വറുഗീസ് മാപ്പിളയും പങ്കു ചേർന്നു. അവിടെസദാചാരസഹോദരസംഘം സ്ഥാപിച്ചു. ഈ സംഘം തുടങ്ങിയ ചെറിയ പള്ളിക്കൂടമാണ്പില്ക്കാലത്തെ ചെങ്ങന്നൂർ ഇംഗ്ളീഷ് ഹൈസ്ക്കൂൾ.

മുതല്പിടി ജോലിരാജിവച്ച് വീണ്ടും കോട്ടയം സി.എം.എസ് ഹൈസ്കൂളിൽ അസിസ്റ്റന്റ് മലയാളം മുൻഷിയായി പ്രവർത്തിച്ചു.കവിയൂർനാരായണൻനമ്പ്യാരുടെ കീഴിൽ സംസ്കൃതപഠനം തുടർന്നു. പത്ര പ്രസിദ്ധീകരണം തുടങ്ങുവാനായി നൂറു രൂപ വീതം നൂറോഹരികളായി പതിനായിരം രൂപ അധികൃത മൂലധനമുള്ള ഒരു ഏകീകൃത മൂലധന സ്ഥാപനം (ജോയിന്റ് സ്റ്റോക്ക്‌ കമ്പനി) ഇദ്ദേഹം രൂപീകരിക്കുകയും 1888 മാർച്ച്‌ 14-ന്‌ ഈ സ്ഥാപനം മലയാള മനോരമ എന്ന പേരിൽ രജിസ്റ്റർ നടത്തുകയും ചെയ്തു. ബ്രിട്ടീഷ്‌ ഇന്ത്യയിൽ ആദ്യമായാണ്‌ പ്രസിദ്ധീകരണ രംഗത്തേക്ക്‌ ഇത്തരം ഒരു സ്ഥാപനം കടന്നുവരുന്നത്‌. രാജമുദ്ര തന്നെ ചെറിയ വ്യത്യാസങ്ങളോടെ പത്രത്തിന്റെ ആദർശമുദ്രയായി ഉപയോഗിക്കുവാൻ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവ് അനുവാദം നൽകിയിരുന്നു. [1]

കവിസമാജവും ഭാഷാപോഷിണി സഭയും

തിരുത്തുക

പ്രധാന ലേഖനം : ഭാഷാപോഷിണി (മാസിക)

1891 ആഗസ്റ്റ് 29നു് (കൊല്ലവർഷം 1097 ചിങ്ങമാസം 14നു്) കോട്ടയത്തുവെച്ച് മലയാള മനോരമയുടെ സ്ഥാപകപത്രാധിപരായിരുന്ന കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ ഉത്സാഹത്തിൽ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അദ്ധ്യക്ഷനായി ‘കവിസമാജം‘ എന്ന പേരിൽ ഒരു സംഘടന രൂപം കൊണ്ടു. കേരളത്തിലെ ആദ്യത്തെ സാഹിത്യസഭയായിരുന്നു ഇതു്. ആദ്യസമ്മേളനത്തിൽ വെച്ചുതന്നെ സംഘടനയുടെ പേരു് ‘ഭാഷാപോഷിണി സഭ’ എന്നാക്കി മാറ്റാനും ‘ഭാഷാപോഷിണി’ എന്ന പേരിൽ ഒരു പത്രിക ആരംഭിക്കാനും തീരുമാനമായി. അക്കൊല്ലം തന്നെ നവമ്പറിൽ സമാജത്തിന്റെ പേരു് ‘ഭാഷാപോഷിണി സഭ’ എന്നു മാറ്റി. ഭാരതമഹാജനസഭ എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ രീതിയിൽ ജനാധിപത്യാടിസ്ഥാനത്തിലുള്ള ഒരു ഭരണസമ്പ്രദായമാണു് സംഘാടകർ ലക്ഷ്യമിട്ടിരുന്നതു്. അതിനാൽ, അന്നത്തെ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നിവിടങ്ങളിൽ നിന്നുമുള്ള പ്രമുഖരായ സാഹിത്യപ്രവർത്തകരെയെല്ലാം ഒരുമിച്ചുചേർത്ത് അവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിസഭയ്ക്കായിരുന്നു ഭാഷാപോഷിണിയുടെ ഭരണനിർവ്വഹണത്തിന്റെ ചുമതല. ഇതുകൂടാതെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭാഷാപ്രയോഗങ്ങൾക്കു് പൊതുവായ ഒരു ഐകരൂപ്യം വരുത്തുന്നതിനും അതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാനും വേണ്ടി ഭാഷാപോഷിണി സഭയുടെ കീഴിൽ മറ്റൊരു പ്രത്യേക സമിതി കൂടി രൂപീകരിച്ചു.[2]

1892-ൽ തൃശ്ശൂർ വെച്ചു നടന്ന വിപുലമായ ആദ്യസമ്മേളനത്തിൽ ഭാഷാപോഷിണി സഭ തങ്ങളുടെ സംഘടനാദൌത്യം പ്രമേയരൂപത്തിൽ അവതരിപ്പിച്ചു. ഇതനുസരിച്ച് ആറു ലക്ഷ്യങ്ങളായിരുന്നു സഭയ്ക്കുണ്ടായിരുന്നതു്

ചന്ദ്രക്കല

തിരുത്തുക

മലയാള അച്ചടിയെയും ലിപി വിന്യാസത്തെയും മാറ്റി മറിച്ച ചന്ദ്രക്കലയുടെ ഉപയോഗം മലയാളമച്ചടിയിൽ പ്രചരിപ്പിക്കുന്നതിൽ വറുഗീസ് മാപ്പിളയ്ക്ക് പ്രധാനപങ്കുണ്ടായിരുന്നു. 1887 ഓഗസ്റ്റിൽ ദീപിക പത്രത്തിൽ എഴുതിയ 'മുദ്രാക്ഷരങ്ങൾ' എന്ന ലേഖനത്തിൽ ചന്ദ്രക്കല ഉപയോഗിക്കുന്നതിനെപ്പറ്റി അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്. 1847 നോടടുത്ത് സംവൃതോകാരത്തെ സൂചിപ്പിക്കാനായി ഹെർമ്മൻ ഗുണ്ടർട്ട് മലയാളം എഴുത്തിൽ അവതരിപ്പിച്ച ചിഹ്നമായിരുന്നു ചന്ദ്രക്കല.[3] കൂട്ടക്ഷരങ്ങൾ പിരിച്ചെഴുതാൻ ചന്ദ്രക്കല ഉപയോഗിക്കാം എന്ന അദ്ദേഹത്തിന്റെ നിർദ്ദേശം അന്നു സ്വീകരിക്കപ്പെട്ടില്ല. 'ർ' എന്നതിന് അക്ഷരങ്ങൾക്കു മുകളിൽ കുത്തിടുന്ന സമ്പ്രദായം ഒഴിവാക്കി, 'ർ' സ്വതന്ത്രമായി എഴുതിയും അക്ഷരങ്ങൾ ചന്ദ്രക്കല ചേർത്ത് പിരിച്ചെഴുതിയും വറുഗീസ് മാപ്പിള അച്ചുകളുടെ എണ്ണം കുറച്ചു.[4]

 • കലഹിനീദമനകം (ഷേക്സ്പിയറുടെ ടെയ്മിംഗ് ഓഫ് ദ ഷ്റൂ നാടകത്തിന്റെ സ്വതന്ത്ര വിവർത്തനം)
 • ദർപ്പവിച്ഛേദം ആട്ടക്കഥ ( യദുകുലരാഘവം)
 • വിസ്മയജനനം പത്തുവൃത്തം
 • യോഷാഭൂഷണം
 • കീർത്തനമാല
 • എബ്രായക്കുട്ടി
 • ഇഷ്ടസഹോദരീ വിലാപം
 1. http://www.keralasahityaakademi.org/sp/Writers/ksa/Thumbnails/Html/Thumbnail-7.htm
 2. Laila T. Abraham, K. Sisupalan (2002). ഭാഷാപോഷിണി സൂചിക (1977-1992). യൂണിവേഴ്സിറ്റി ലൈബ്രറി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം.
 3. ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും - മലയാളം റിസേർച്ച് ജേണൽ
 4. മഹച്ചരിതമാല. ഡി.സി.ബുക്ക്സ്. 2005. pp. 65–66. ISBN 8126410663.