അമേരിക്കൻ സഹായത്തോടെ ബ്രിഗേഡ് 2506 എന്ന സമാന്തര സൈനികസംഘം 1961 ഏപ്രിൽ 17 ന് ക്യൂബയിൽ നടത്തിയ ആധിനിവേശശ്രമമാണ് ബേ ഓഫ് പിഗ്സ് ആക്രമണം എന്നറിയപ്പെടുന്നത്. അമേരിക്കൻ സർക്കാരിന്റെ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ സഹായത്തോടെയായിരുന്നു ഈ അധിനിവേശശ്രമം. അമേരിക്കയിൽ അഭയം തേടിയിരുന്ന ക്യൂബൻ വിമതന്മാരുടെ ഒരു സംഘടനയും ഇതിൽ പങ്കുചേർന്നു.[2] ക്യൂബയുടെ നേതാവ് ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ മൂന്നുദിവസം കൊണ്ട് ഈ ആക്രമണ ശ്രമത്തെ പരാജയപ്പെടുത്തി.

ബേ ഓഫ് പിഗ്സ്‌ ആക്രമണം
ശീതയുദ്ധത്തിന്റെ ഭാഗം

ക്യൂബയുടെ ഭൂപടത്തിൽ ബേ ഓഫ് പിഗ്സ്‌
സ്ഥലംബേ ഓഫ് പിഗ്സ്, ക്യൂബ
ഫലംക്യൂബയുടെ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 ക്യൂബയുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്ക
ക്യൂബ ക്യൂബൻ‍ വിമതർ
പടനായകരും മറ്റു നേതാക്കളും
ക്യൂബ ഫിദൽ കാസ്ട്രോ
ക്യൂബ ചെ ഗുവേര
ക്യൂബ റൗൾ കാസ്ട്രോ
യുണൈറ്റഡ് സ്റ്റേറ്റ്സ് കെന്നഡി
യുണൈറ്റഡ് സ്റ്റേറ്റ്സ് പെപെ സാൻ റോമൻ
ശക്തി
൩ 25,000 സൈന്യം
൩ 200,000
൩. 9,000 സായുധ പോലീസ്
൩ 1,500 (കരസേന)
നാശനഷ്ടങ്ങൾ
കൊല്ലപ്പെട്ടവർ - 176[1]
൩. മുറിവേറ്റവർ 4,000
കൊല്ലപ്പെട്ടവർ 118[1]
പിടിക്കപ്പെട്ടവർ - 1,202

1953 മുതൽ 1959 വരെ നടന്ന ക്യൂബൻ വിപ്ലവത്തിൽ ബറ്റിസ്തയുടെ നേതൃത്വത്തിലിള്ള അമേരിക്കൻപക്ഷ സർക്കാരിനെ പുറംതള്ളി ഫിദൽ കാസ്ട്രോ അധികാരത്തിലെത്തി. അമേരിക്കയുടെ ശത്രുരാജ്യം കൂടിയായ സോവിയറ്റ് യൂണിയനുമായി ക്യൂബ പുതിയ ബന്ധങ്ങൾ സ്ഥാപിച്ചു. ഇത് അമേരിക്കൻ ഭരണകൂടത്തെ അസ്വസ്ഥരാക്കി. 1960 ൽ അമേരിക്കൻ പ്രസിഡന്റായിരുന്നു ഐസൻഹോവർ ഏതുവിധേനയേയും ഫിദൽ കാസ്ട്രോയെ പുറത്താക്കുന്നതിനുവേണ്ടിയുള്ള പദ്ധതികൾക്കായി 13.1 ദശലക്ഷം ഡോളർ വകയിരുത്തി. ഇതിനു ചുമതലകിട്ടിയ സി.ഐ.എ, ക്യൂബൻ വിമതന്മാർക്കു പുറമേ ചില അധോലോകസംഘടനകളെപ്പോലും കൂട്ടുപിടിച്ചു. ബ്രിഗേഡ് 2506 എന്ന ഒരു സമാന്തരസേനയേയും സി.ഐ.എ ഇതിനായി പരിശീലിപ്പിച്ചെടുത്തു.[3]

കമ്മ്യൂണിസത്തിനു നേരെയുള്ള ഒരു ആക്രമണമായിരുന്നു ബേ ഓഫ് പിഗ്സിൽ നടന്നതെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു.[4] തങ്ങളുടെ രാജ്യത്ത് കമ്മ്യൂണിസത്തെ പ്രവേശിപ്പിക്കാതിരിക്കാനും, അതു വളരുന്നിടത്ത് നശിപ്പിക്കാനുമുള്ള അമേരിക്കയുടെ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു ഈ ആക്രമണം. സോവിയറ്റ് യൂണിയൻ അമേരിക്കയുടെ യു-2 വിമാനം വെടിവെച്ചിട്ടിരുന്നു. റഷ്യയോട് നേരിട്ടു പൊരുതാതെ പകരം അവരുടെ അഭ്യുദയകാംക്ഷിയായ ഒരു രാജ്യത്തെ ആക്രമിച്ച് തങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള ഒരു നടപടിയായും ഈ ആക്രമണത്തെ കാണുന്നവരുണ്ട്.[5]

ബേ ഓഫ് പിഗ്സിലെ പരാജയം അമേരിക്കയെ വല്ലാതെ വിഷമിപ്പിച്ചു. ജോൺ എഫ്. കെന്നഡി ആഭ്യന്തര അന്വേഷണങ്ങൾക്ക് ഉത്തരവിടുകയുണ്ടായി. ലാറ്റിനമേരിക്കയിലെ സ്വാധീനം വ്യാപിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന്റേറ്റ കനത്ത പ്രഹരമായി ബേ ഓഫ് പിഗ്സ് ആക്രമണം കണക്കാക്കപ്പെടുന്നു. ബേ ഓഫ് പിഗ്സ് ആക്രമണത്തെ പരാജയപ്പെടുത്താനായത്, ഫിദൽ കാസ്ട്രോയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. സോഷ്യലിസത്തിന്റെ പാതയിലേക്ക് ക്യൂബ സഞ്ചരിക്കുകയാണെന്ന് പ്രഖ്യാപിച്ച ഫിദൽ കാസ്ട്രോ റഷ്യയുമായുള്ള ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കി. ക്യൂബയിൽ സോവിയറ്റു ആണവ മിസൈലുകളുടെ സ്ഥാപനത്തോളമെത്തിയ ഈ സഹകരണം, ലോകത്തെ ആഴ്ചകളോളം ആണവയുദ്ധത്തിന്റെ വിളുമ്പിൽ നിർത്തിയ 1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിക്കും വഴിയൊരുക്കി.

പശ്ചാത്തലം

തിരുത്തുക

1898 ലെ സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിനുശേഷം അമേരിക്കയുടെ കോളനി പോലെയായിരുന്നു സ്പാനിഷ് സാമ്രാജ്യം. 20 മെയ് 1902 ൽ സ്പാനിഷ് സൈന്യത്തെ തുരിത്തിയോടിച്ച് അമേരിക്ക തങ്ങളുടെ ആജ്ഞാനുവർത്തിയായ സർക്കാരിനെ അവിടെ സ്ഥാപിച്ചു.[6] തോമസ് എസ്ട്രാദ പാമ എന്ന ക്യൂബയിൽ ജനിച്ച അമേരിക്കൻ പൗരത്വമുള്ള സൈനികനായിരുന്നു ഈ സർക്കാരിന്റെ തലവൻ[7] അതോടെ, ധാരാളം അമേരിക്കാർ അവിടെ വാണിജ്യത്തിനും, തൊഴിലിനുമൊക്കെയായി വന്നു തുടങ്ങി. 1905 ഓടുകൂടി ഗ്രാമീണമേഖലയിലെ വസ്തുവകകളുടെ 60 ശതമാനവും ക്യൂബക്കാരല്ലാത്ത അമേരിക്കക്കാരുടെ അധീനതയിലായി.[8] 1906 നും 1909 ഇടക്ക് അവിടേക്കു വന്ന അമേരിക്കൻ സേന, ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ട് കുഴപ്പങ്ങൾ സൃഷ്ടിച്ചു തുടങ്ങി.

ക്യൂബൻ വിപ്ലവം

തിരുത്തുക

1952 ൽ ഫുൽജൻസിയോ ബാറ്റിസ്ത ക്യൂബയുടെ തലവനായി അധികാരത്തിലെത്തി. ഒരു തിരഞ്ഞെടുപ്പിനെ ബാറ്റിസ്ത അനുകൂലിച്ചിരുന്നില്ല, അച്ചടക്കത്തോടെയുള്ള ജനാധിപത്യം എന്നാണ് അദ്ദേഹം തന്റെ ഭരണത്തെ വിശേഷിപ്പിച്ചത്. യഥാർത്ഥത്തിൽ അത് ഒരു ഏകാധിപത്യഭരണം തന്നെയായിരുന്നു.[9] ബാറ്റിസ്തക്കെതിരേ സായുധവിപ്ലവങ്ങൾ ക്യൂബയിൽ പൊട്ടിപ്പുറപ്പെട്ടെങ്കിലും തന്റെ അധികാരമുപയോഗിച്ച് അതിനെയെല്ലാം ബാറ്റിസ്ത അടിച്ചമർത്തുകയായിരുന്നു. ഫിദൽ കാസ്ട്രോ എന്ന അഭിഭാഷകന്റെ നേതൃത്വത്തിലുള്ള ജൂലൈ-26-മൂവ്മെന്റ് എന്ന സംഘടനയായിരുന്നു ഇതിൽ പ്രധാനികൾ. രഹസ്യമായി പ്രസിദ്ധീകരിച്ചിരുന്ന തന്റെ പത്രത്തിലൂടെ ഫിദൽ ബാറ്റിസ്തക്കെതിരേ പടയൊരുക്കം നടത്തുകയായിരുന്നു. സെൽ എന്നറിയപ്പെടുന്ന പത്തുപേരുടെ ചെറു സംഘങ്ങളടങ്ങിയ ഒരു സേനയായിരുന്നു ഫിദൽ രൂപപ്പെടുത്തിയെടുത്തത്. ക്യൂബയിലെ മാദ്ധ്യമങ്ങൾക്ക് ബാറ്റിസ്റ്റ‍‍ മൂക്കുകയറിട്ടിരുന്നു. ഇതുകാരണം തന്റെ ആശയങ്ങൾ പുറംലോകത്തെ അറിയിക്കാനായി ഫിദൽ വിദേശമാദ്ധ്യമങ്ങളുടെ സഹായം തേടി. പാരീസ് മാച്ചിന്റെ ലേഖകൻ കാസ്ട്രോയെ ക്യൂബയിൽ വന്നു സന്ദർശിച്ചു അദ്ദേഹത്തോടൊപ്പം യാത്രകൾ ചെയ്തു അഭിമുഖം തയ്യാറാക്കി. ഇതുപോലെ വിദേശമാദ്ധ്യമങ്ങളുടെ സഹായത്തോടെ ക്യൂബയിൽ നടന്നിരുന്ന വിപ്ലവമുന്നേറ്റം ഫിദൽ ലോകത്തിന്റെ മുന്നിലേക്കെത്തിച്ചു. 1956 നും 1959 നും ഇടയിൽ ഫിദലിന്റെ നേതൃത്വത്തിൽ നടത്തിയ ഗറില്ലാ ആക്രമണത്തെതുടർന്ന് കയ്യിൽ കിട്ടിയ ധനവുമായി ബാറ്റിസ്ത‍‍ ക്യൂബ ഉപേക്ഷിച്ചു പോയി. ഇതിനെ തുടർന്ന കാസ്ട്രോയുടെ നാമനിർദ്ദേശത്തോടെ മാനുവൽ ഉറുഷ്യ ലിയോ ക്യൂബയുടെ തലവനായി സ്ഥാനമേറ്റെടുത്തു. പ്രധാന സർക്കാർ സ്ഥാനങ്ങളിലെല്ലാം ജൂലൈ-26-മൂവ്മെന്റിന്റെ പ്രവർത്തകരായിരുന്നു. 16 ഫെബ്രുവരി 1959 ന് ഫിദൽ സ്വയം പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്തു. ജനാധിപത്യ ഭരണം ആണ് ഫിദൽ ഉറപ്പു നൽകിയിരുന്നതെങ്കിലും, അതൊരു ഏകാധിപത്യഭരണമായിരുന്നെന്നാണ് ഫിദലിന്റെ വിമർശകർ പറയുന്നത്.

അമേരിക്കയുടെ നിലപാട്

തിരുത്തുക

1960 കളിലെ ശീതയുദ്ധവുമായി ബന്ധപ്പെട്ട് ക്യൂബ അമേരിക്കയോടുള്ള തങ്ങളുടെ വിയോജിപ്പ് പരസ്യമായി തന്നെ പ്രഖ്യാപിച്ചു. ബാറ്റിസ്റ്റയോടുള്ള അമേരിക്കയുടെ താൽപര്യവും, ക്യൂബയുടെ മേലുള്ള അവരുടെ മേൽക്കോയ്മയും കാസ്ട്രോയെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചിരുന്നത്. അമേരിക്കയുടെ പ്രധാന എതിരാളിയായിരുന്ന സോവിയറ്റ് റഷ്യയോട് കൂടുതൽ അടുക്കാൻ ഇക്കാലത്ത് കാസ്ട്രോ തീരുമാനിച്ചു. ക്യൂബയിലുള്ള പെട്രോളിയം കമ്പനികളെല്ലാം റഷ്യയിൽ നിന്നും വരുന്ന ക്രൂഡ് ഓയിൽ സംസ്കരിക്കാൻ തയ്യാറാവണമെന്ന് സർക്കാർ ഉത്തരവിട്ടു. ക്യൂബയിലെ പ്രധാന കമ്പനികളെല്ലാം തന്നെ അമേരിക്കയുടേതോ അമേരിക്കൻ നിയന്ത്രിതമോ ആയിരുന്നു. കമ്പനികളെല്ലാം തന്നെ ഈ ഉത്തരവ് നിരസിച്ചു. ഇതിന്റെ പ്രതികരണമെന്നോണം രാജ്യത്തെ എല്ലാ എണ്ണ ശുദ്ധീകരണകമ്പനികളും ദേശസാൽക്കരിക്കാൻ പോകുകയാണെന്ന് കാസ്ട്രോ പ്രഖ്യാപിച്ചു. ഇത് അമേരിക്കയെ ചൊടിപ്പിച്ചു, ക്യൂബയിൽ നിന്നുള്ള പഞ്ചസാര ഇറക്കുമതി അമേരിക്ക നിറുത്തി. ഫലമെന്നോണം കാസ്ട്രോ ക്യൂബയിലെ എല്ലാ അമേരിക്കൻ കമ്പനികളും ദേശസാൽക്കരിക്കാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാൻ തുടങ്ങി

ഗൂഢാലോചന

തിരുത്തുക

ശീതയുദ്ധത്തിന്റെ ഉപോത്പന്നമായ സി.ഐ.എ യാണ് യഥാർത്ഥത്തിൽ ഫിദൽ സർക്കാരിനെ പുറത്തുകളയണം എന്ന ആശയം അവതരിപ്പിക്കുന്നത്. ഫിദലിന്റെ വളർച്ചയും, നിലവിലുള്ള നയപരിപാടികളും നന്നായി ഗൃഹപാഠം ചെയ്തശേഷമാണ് ഫിദലിനെ പുറത്താക്കാനുള്ള നിർദ്ദേശം അമേരിക്കൻ സർക്കാരിനു മുന്നിൽ സി.ഐ.എ വയ്ക്കുന്നത്.[10] ഫിദലിനെ പുറത്താക്കി ഒരേപോലെ ക്യൂബയിലെ ജനങ്ങൾക്കും, അമേരിക്കക്കും താൽപര്യമുള്ള ഒരാളെ ഭരണനേതൃത്വത്തിലെത്തിക്കുക എന്നതായിരുന്നു സി.ഐ.എയുടെ അന്തിമലക്ഷ്യം. അക്കാലഘട്ടത്തിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ഐസൻഹോവർ ഈ പദ്ധതിക്കു സമ്മതം മൂളുകയും, 13 ദശല്കഷം അമേരിക്കൻ ഡോളർ ഈ ഗൂഢാലോചനയ്ക്കായി വകയിരുത്തുകയും ചെയ്തു.[11] തൊട്ടു പിറകേ വന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കെന്നഡി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1961 ജനുവരി 28 നാണ് ഈ പദ്ധതിയെക്കുറിച്ച് കെന്നഡിയെ സി.ഐ.എ വിവരം ധരിപ്പിക്കുന്നത്. ഓപ്പറേഷൻ പ്ലൂട്ടോ എന്നായിരുന്നു ഈ പദ്ധതിയുടെ രഹസ്യനാമം. ആയിരത്തോളം വരുന്ന ആളുകൾ ക്യൂബയുടെ തീരപ്രദേശമായ ട്രിനിഡാഡിൽ ഇറങ്ങി പോരാട്ടം തുടങ്ങും എന്നതായിരുന്നു പദ്ധതിയുടെ തുടക്കം. കെന്നഡി പദ്ധതിക്ക് അംഗീകാരം നൽകുകയും, അപ്പോഴപ്പോഴുള്ള പുരോഗതി തന്നെ അറിയിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു.

പ്രധാനമായും താഴെ പറയുന്നവയായിരുന്നു സി.ഐ.എയുടെ പദ്ധതികൾ [12]

  • ക്യൂബക്കു പുറത്തുള്ള ക്യൂബൻ വിമതരെ ഒരുമിച്ചു ചേർക്കുക.
  • ക്യൂബക്കകത്ത് ക്യൂബൻ സർക്കാരിനെതിരേ ഒരു പ്രക്ഷോഭം സൃഷ്ടിക്കുക.
  • ക്യൂബൻ സർക്കാരിനെ താഴെയിറക്കാൻ ഗൂഢമായ ആക്രമണപദ്ധതി തയ്യാറാക്കുക
  • ക്യൂബൻ വിമതരെ ഉപയോഗിച്ച് ഭാവിയിൽ ഉണ്ടായേക്കാവുന്ന ആക്രമണത്തിനായി ഒരു ഗറില്ലാ യുദ്ധ സേനയെ നിർമ്മിക്കുക.

ഐസൻഹോവർ കാസ്ട്രോയെ പുറത്താക്കാനുള്ള പദ്ധതിക്കംഗീകാരം നൽകിയിരുന്നെങ്കിലും, അത് ത്വരിതഗതിയിൽ നടപ്പിലായത് കെന്നഡിയുടെ സ്ഥാനാരോഹണത്തോടുകൂടിയായിരുന്നു. ക്യൂബൻ വിമതരെ ഏതുവിധേനേയും സഹായിക്കാൻ അമേരിക്ക കടപ്പെട്ടവരാണെന്ന് കെന്നഡി വ്യക്തമാക്കുകയുണ്ടായി. അതുപോലെ തന്നെ കമ്മ്യൂണിസത്തെ തനിക്കു ലഭിക്കുന്ന ഓരോ അവസരത്തിലും എതിർക്കും എന്നും കെന്നഡി പ്രസ്താവിച്ചു.[13] ക്യൂബക്കെതിരേ യാതൊരു നീക്കവുമില്ലെന്ന് അമേരിക്ക ആവർത്തിച്ചു പറയുമ്പോഴും, ക്യൂബയിലെ വിമതരെ അമേരിക്ക പരിശീലിപ്പിക്കുന്നതിന്റെ തെളിവുകൾ ക്യൂബൻ വിദേശകാര്യമന്ത്രി റൗൾ റാവോ ഐക്യരാഷ്ട്രസഭയുടെ പൊതുസമിതിക്കു മുമ്പാകെ ഹാജരാക്കി. ട്രിനിഡാഡ് എന്ന പ്രദേശത്ത് പകൽസമയം ആക്രമണം തുടങ്ങാനായിരുന്നു സി.ഐ.എ പദ്ധതി തയ്യാറാക്കിയത്. എന്നാൽ പകൽ സമയത്തുള്ള ആക്രമണം അമേരിക്കയുടെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നെങ്കിലോ എന്നു ഭയന്ന് കെന്നഡി ഇടപെട്ട് ആക്രമണം രാത്രിയിലാക്കാൻ ആവശ്യപ്പെടുകയായിരുന്നു.[12]

ആക്രമണം

തിരുത്തുക

വ്യോമാക്രമണം - ഏപ്രിൽ 15

തിരുത്തുക

ക്യൂബയ്ക്കു മേൽ ഒരു വിജയം നേടണമെങ്കിൽ അത് വ്യോമാക്രമണത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് അമേരിക്കൻ ചാരസംഘടനയ്ക്ക് നല്ലതുപോലെ അറിയാമായിരുന്നു. അതുകൊണ്ടു തന്നെ സി.ഐ.എ അവരുടെ പദ്ധതിയിൽ താക്കോൽസ്ഥാനത്തു പരിഗണിച്ചിരുന്നത് വ്യോമാക്രമണമായിരുന്നു.[14] ഏപ്രിൽ 14 ന് 164 ക്യൂബൻ വിമതർ ഒരു പായ്കപ്പലിൽ ക്യൂബയുടെ തീരത്ത് വന്നിറങ്ങിയെങ്കിലും, ക്യൂബൻ സൈന്യം തീരദേശത്ത് റോന്തുചുറ്റുന്നതു കണ്ടതിനാൽ ഉദ്യമം ഉപേക്ഷിച്ച് കപ്പലിലേക്ക് തിരികെ പോന്നു. ഏപ്രിൽ 15 ന് രാവിലെ ആറുമണിക്ക് എട്ട് അമേരിക്കൻ ബോംബർ വിമാനങ്ങൾ മൂന്നു സംഘങ്ങളായി തിരിഞ്ഞ് ക്യൂബയുടെ മൂന്നു വിമാനത്താവളങ്ങൾക്കു നേരെ ശക്തിയായ ബോംബാക്രമണം തുടങ്ങി.[15] അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ ക്യൂബയുടെ നാവികതാവളങ്ങൾക്ക് കാര്യമായ കേടുപാടുകൾ പറ്റി. അതോടൊപ്പം ധാരാളം യുദ്ധവിമാനങ്ങൾക്കും സാരമായ തകരാറുകൾ സംഭവിച്ചു. ഈ ബോംബർ വിമാനങ്ങളിൽ അമേരിക്കൻ വൈമാനികരേകൂടാതെ, ബാറ്റിസ്തയുടെ അനുയായികളും ഉണ്ടായിരുന്നു [16] ക്യൂബൻ സേനക്ക് പ്രത്യാക്രമണം നടത്താതിരിക്കുവാൻ കഴിയാത്തവണ്ണം ദേശീയപാതകളെല്ലാം തന്നെ നുഴഞ്ഞുകയറ്റക്കാർ തകർത്തിരുന്നു. അതുകൊണ്ടു തന്നെ ഒറ്റപ്പെട്ടുപോയ ചില സ്ഥലങ്ങളിൽ തിരിച്ചടിക്കാൻ ക്യൂബക്കു കഴിഞ്ഞില്ല. [17]


പിറ്റേ ദിവസം ക്യൂബയുടെ വിദേശകാര്യമന്ത്രി അമേരിക്കയുടെ ഈ കടന്നാക്രമണത്തെ ശക്തിയായി അപലപിച്ചെങ്കിലും, അമേരിക്ക ക്യൂബയുടെ ആരോപണങ്ങളെ പാടേ നിഷേധിച്ചു.[18] ക്യൂബക്കെതിരേ അത്തരമൊരു ആക്രമണപദ്ധതി അമേരിക്കക്കില്ലെന്ന് ശക്തിയുക്തം വാദിക്കുകയും ചെയ്തു. ക്യൂബയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് പ്രസിഡന്റ് കെന്നഡി തന്നെ രംഗത്തെത്തി.[19] വരാനിരിക്കുന്ന ഒരു കടുത്ത ആക്രമണത്തിന്റ തിരനോട്ടം മാത്രമാണിതെന്ന് കാസ്ട്രോ മനസ്സിലാക്കി. ഒരു യുദ്ധത്തിനു തയ്യാറെടുക്കാൻ അദ്ദേഹം തന്റെ സൈന്യത്തോട് ആഹ്വാനം ചെയ്തു. [20]

ബ്രിഗേഡ് 2506 - ഏപ്രിൽ 17

തിരുത്തുക

"ക്യൂബൻ വിമതർ ഉപയോഗിക്കുന്ന ആയുധങ്ങളും വിമാനങ്ങളും അമേരിക്കൻ സർക്കാരിന്റേതാണെന്ന് ഞങ്ങൾക്കറിയാം. ഈ നുഴഞ്ഞുകയറ്റത്തിലൂടെ ഒരു യുദ്ധത്തിനു തിരികൊളുത്താനാണ് അമേരിക്കയുടെ ഭാവമെങ്കിൽ, ഇതിനെ ചെറുക്കാൻ ക്യൂബക്കാവശ്യമായ എല്ലാ സഹായവും റഷ്യ നൽകും"

- നികിത ക്രൂഷ്ചേവ്

കാസ്ട്രോ കണക്കുകൂട്ടിയതു പോലെ ഏപ്രിൽ പതിനേഴിന് ബ്രിഗേഡ് 2506 എന്ന സേന ക്യൂബൻ തീരങ്ങളിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചു വിട്ടു. ക്യൂബൻ സേനയും പ്രത്യാക്രമണം തുടങ്ങി. വിമതർക്ക് ആയുധസഹായവുമായി എത്തിയ അമേരിക്കയുടെ മറോപ, ഹ്യൂസ്റ്റൺ എന്നീ രണ്ടു കപ്പലുകൾ വ്യോമാക്രമണത്തിലൂടെ ക്യൂബ കടലിൽ മുക്കി. വിമതർക്ക് സഹായം നൽകിക്കൊണ്ടിരുന്ന വിമാനങ്ങളേയും ക്യൂബൻ സേന തകർത്തു. അപ്രതീക്ഷിതമായ കാലാവസ്ഥയും വിമതർക്ക് തിരിച്ചടിയായി. കാസ്ട്രോയുടെ നിർദ്ദേശപ്രകാരം 20,000 ഓളം വരുന്ന സൈനികർ ക്യൂബയുടെ തീരപ്രദേശങ്ങളിലേക്ക് നീങ്ങി. ഈ സമയം കൊണ്ട് ക്യൂബൻ വൈമാനികർ ആകാശയുദ്ധത്തിൽ മേൽക്കൈ നേടിയിരുന്നു. കാര്യങ്ങൾ പ്രതീക്ഷിച്ചതിലും വിരുദ്ധമായി നീങ്ങുന്നതുകണ്ട അമേരിക്ക, വിമതരെ സഹായിക്കാൻ വ്യോമസേനയെ അയച്ചു. എന്നാൽ അവർക്ക് ആക്രമണം ആരംഭിക്കാൻ കഴിയുന്നതിനുമുമ്പു തന്നെ ക്യൂബൻ വിമാനങ്ങൾ അവയെ വെടിവെച്ചിട്ടു. വിമതർക്ക് പ്രതീക്ഷിച്ച പോലെ അമേരിക്കൻ സൈനിക സഹായം ആകാശമാർഗ്ഗത്തിലൂടെ ലക്ഷ്യമായില്ല, ക്യൂബയുടെ കടുത്ത വ്യോമാക്രമണത്തെ തടുക്കാൻ അമേരിക്കൻ സേന ഉണ്ടായിരുന്നില്ല.[21] ഈ ആക്രമണത്തെക്കുറിച്ച് റഷ്യ അറിഞ്ഞ സമയത്ത് തന്നെ റഷ്യൻ പ്രസിഡന്റ് ക്രൂഷ്ചേവ് തങ്ങളുടെ നിലപാട് വ്യക്തമാക്കി അമേരിക്കക്ക് കത്തയച്ചു. ക്യൂബക്കെതിരേ അമേരിക്ക നടത്തുന്ന് ഈ ആക്രമണത്തെ എന്തു വിലകൊടുത്തും റഷ്യ നേരിടും എന്ന് ക്രൂഷ്ചേവ് അസന്നിഗ്ദമായി പ്രഖ്യാപിച്ചു. അന്നേ ദിവസം വൈകീട്ടോടെ, വിമത ആക്രമണത്തെ ക്യൂബ വരുതിയിലാക്കി. ഏപ്രിൽ 20 ന് ഫിദൽ ക്യൂബൻ റേഡിയോയിലൂടെ വിമതർക്കുമേലുള്ള തങ്ങളുടെ വിജയം പ്രഖ്യാപിച്ചു. വിമതർ ചിലരെങ്കിലും കടൽമാർഗ്ഗം രക്ഷപ്പെട്ടു. ബാക്കിയുള്ളവർ കൊല്ലപ്പെടുകയോ പിടിയിലാവുകയോ ചെയ്തു.

അനന്തരഫലങ്ങൾ

തിരുത്തുക
 
ചെ ഗുവേര, ഫിദൽ കാസ്ട്രോ

ബേ ഓഫ് പിഗ്സ് ആക്രമണത്തിലെ വിജയത്തോടെ, ഫിദലിന്റെ നേതൃത്വം ക്യൂബയിൽ കൂടുതൽ ദൃഢമായി. ക്യൂബൻ മന്ത്രിസഭയിലെ തന്റെ സ്ഥാനം സുരക്ഷിതമാക്കാനും ഒരർത്ഥത്തിൽ ബേ ഓഫ് പിഗ്സ് ആക്രമണത്തിലെ വിജയം കൊണ്ട് ഫിദലിനു സാധിച്ചു.[22]ഇത്തരം ഒരു ആക്രമണം നടത്തി ക്യൂബയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതിന് ഒരു വേള ചെ ഗുവേര അമേരിക്കയോട് നന്ദി പ്രകടിപ്പിക്കുകപോലുമുണ്ടായി. അമേരിക്കയുടെ ആക്രമണശ്രമത്തെ പരാജയപ്പെടുത്തി എന്നതിലുപരി ഫിദലിനേയും, ചെ ഗുവേരയേയും സംബന്ധിച്ചിടത്തോളം ഇത് ഒരു രാഷ്ട്രീയ വിജയം കൂടിയായിരുന്നു.[23][24]

അമേരിക്ക

തിരുത്തുക

ക്യൂബയുടെ തടവിലാക്കപ്പെട്ട സൈനികർക്കുവേണ്ടി അമേരിക്ക ചർച്ചകൾ ആരംഭിച്ചു. ഏതാണ്ട് രണ്ടുകൊല്ലത്തോളം ഇവർ ക്യൂബയുടെ തടങ്കലിലായിരുന്നു. 5കോടി അമേരിക്കൻ ഡോളറിനു തത്തുല്യമായ കുട്ടികൾക്കുവേണ്ടിയുള്ള മരുന്നും, ഭക്ഷണവും ആണ് സൈനികരെ വിടുന്നതിനു പകരമായി കാസ്ട്രോ ആവശ്യപ്പെട്ടത്.[25] 1962 ഡിസംബർ 23 ന് ബേ ഓഫ് പിഗ്സ് ആക്രമണത്തിലെ തടവുകാരേയും വഹിച്ചുകൊണ്ടുള്ള വിമാനം അമേരിക്കയിൽ വന്നിറങ്ങി. കെന്നഡിയുൾപ്പടെയുള്ളവർ ഇവരെ സ്വീകരിക്കുവാനുണ്ടായിരുന്നു. ജോൺ എഫ്. കെന്നഡിയുടെ ഭരണകാലഘട്ടത്തിലെ ഒരു തിരിച്ചടിയായി ബേ ഓഫ് പിഗ്സ് ആക്രമണം കണക്കാക്കപ്പെടുന്നു. ഫിദലിനെ പുറത്താക്കാനുള്ള ഈ പദ്ധതിക്ക് കെന്നഡി വേണ്ടത്ര പിന്തുണ നൽകിയിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ വിമർശകർ ചൂണ്ടിക്കാണിക്കുന്നു.[26] ക്യൂബയുടേതുപോലുള്ള ദുർബലമായ വ്യോമസേനയേപ്പോലും പരാജയപ്പെടുത്താൻ കഴിഞ്ഞില്ല എന്നതിന്റെ ഉത്തരവാദിത്തം കെന്നഡി ഏറ്റെടുക്കേണ്ടി വന്നു. സി.ഐ.എയുടെ തലപ്പത്തുണ്ടായിരുന്ന മൂന്നുദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചുവിടുകയുണ്ടായി [27]

1961 ഏപ്രിൽ 22 ന് ബേ ഓഫ് പിഗ്സ് പരാജയത്തെക്കുറിച്ച് പഠിച്ച് വിശദാംശങ്ങൾ തയ്യാറാക്കാൻ മാക്സ്വെൽ.ഡി.ടെയ്ലറുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിക്കപ്പെട്ടു. അറ്റോണി ജനറൽ റോബർട്ട്.എഫ്.കെന്നഡി, അഡ്മിറൽ ബുർക്കെ, സി.ഐ.എ ഡയറക്ടർ അല്ലൻഡൂൾസ് എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങൾ.[28] ജൂൺ 13 ന് പ്രസിഡന്റ് കെന്നഡി മുമ്പാകെ സമിതിയുടെ കണ്ടെത്തലുകൾ അവതരിപ്പിക്കപ്പെട്ടു. ക്യൂബ പോലൊരി രാജ്യത്തെ എളുപ്പത്തിൽ കീഴടക്കാം എന്നുണ്ടായിരുന്ന ആത്മവിശ്വാസം, ആവശ്യത്തിനുള്ള യുദ്ധോപകരണങ്ങളുടെ കുറവ്, കപ്പലുകളുടെ കുറവ്, ഏറ്റവും പ്രധാനമായി അവശ്യംവേണ്ട സമയത്ത് വ്യോമസേന എത്തിച്ചേരുന്നതിൽ വന്ന വീഴ്ച എന്നിവയായിരുന്നു സമിതിയുടെ കണ്ടെത്തലുകളിൽ പ്രധാനപ്പെട്ടത്.[29]

ഇതും കൂടി കാണുക

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • ആർതർ, ഷെസിംഗർ (1988). എ തൗസന്റ് ഡേയ്സ്. ബ്ലാക്ക് ഡോഗ് & ലെവൻതാൽ. ISBN 978-1579124496.
  • പീറ്റർ, വൈദൻ. ദ ബേ ഓഫ് പിഗ്സ് - ദ അൺടോൾഡ് സ്റ്റോറി. സൈമൺ&ഷൂസ്റ്റർ. ISBN 978-0671254131.
  1. 1.0 1.1 "ബേ ഓഫ് പിഗ്സ്, വാർ സ്റ്റാറ്റിസ്റ്റിക്സ്". ഫൈൻഡ് ദ ഡാറ്റ. കൊല്ലപ്പെട്ട ക്യൂബൻ സൈനികർ
  2. "ദ ബേ ഓഫ് പിഗ്സ്". ജോൺ എഫ്. കെന്നഡി ലൈബ്രറി. Retrieved 04-മെയ്-2013. {{cite news}}: Check date values in: |accessdate= (help)
  3. ഫെർണാണ്ടസ്, ജോസ് റെമോൺ. 2001. ബേ ഓഫ് പിഗ്സ്: വാഷിംഗ്ടൺ ഫസ്റ്റ് ഡിഫീറ്റ് ഇൻ അമേരിക്കാസ്. പാത്ഫൈൻഡർ - ISBN 0-87348-925-X ISBN 9780873489256
  4. "ബേ ഓഫ് പിഗ്സ്". മിയാമി സർവ്വകലാശാല. കമ്മ്യൂണിസത്തിനെതിരേയുള്ള അമേരിക്കയുടെ യുദ്ധമായിരുന്നു ബേ ഓഫ് പിഗ്സിലേത്
  5. ബേ ഓഫ് പിഗ്സ്, റഷ്യയോടുള്ള അമേരിക്കൻ പ്രതികാരം - മിയാമി സർവ്വകലാശാല,സ്കൂൾ ഓഫ് എഡ്യുക്കേഷൻ - ഈറ്റൺ റെസിഡൻഷ്യൽ കോളേജ്
  6. ക്യൂബ എ ന്യൂ ഹിസ്റ്ററി -ഗോഥ് പുറം 113
  7. "തോമസ് എസ്ട്രാദ പാമ". ബ്രിട്ടാനിക്ക.[പ്രവർത്തിക്കാത്ത കണ്ണി]
  8. ക്യൂബ എ ന്യൂ ഹിസ്റ്ററി -ഗോഥ് പുറം 115
  9. ക്യൂബ എ ന്യൂ ഹിസ്റ്ററി -ഗോഥ് പുറം 146
  10. "ഇവല്യൂഷൻ ഓഫ് സി.ഐ.എസ് ആന്റി കാസ്ട്രോ പോളിസീസ്" (PDF). സി.ഐ.എ. Archived from the original (PDF) on 2013-02-16. Retrieved 2013-05-04. ഫിദലിന്റെ രാഷ്ട്രീയജീവിതം തുടക്കം മുതൽ സി.ഐ.എ നിരീക്ഷിക്കുന്നുണ്ടായിരുന്നു
  11. "ബേ ഓഫ് പിഗ്സ്, അമേരിക്കൻ പദ്ധതി". ഹിസ്റ്ററി ഓഫ് ക്യൂബ. Archived from the original on 2012-07-04. Retrieved 2013-05-05. ഫിദലിനെ പുറത്താക്കാനുള്ള അമേരിക്കൻ ഗൂഢാലോചന
  12. 12.0 12.1 "സി.ഐ.എയുടെ ഗൂഢാലോചന". ഹിസ്റ്ററി ഓഫ് ക്യൂബ. Archived from the original on 2012-07-04. Retrieved 2013-05-05. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "ciaplans1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  13. റിച്ചാർഡ്, ബിസ്സൽ (1996). റിഫ്ലക്ഷൻസ് ഓഫ് കോൾഡ് വാർ - ഫ്രം യാൾട്ടാ ടു ബേ ഓഫ പിഗ്സ്. യേൽ യൂണിവേഴ്സിറ്റി പ്രസ്സ്. ISBN 978-0300064308. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  14. "എയർ ഓപ്പറേഷൻസ്" (PDF). സി.ഐ.എ. Archived from the original (PDF) on 2013-02-16. Retrieved 2013-05-04. ക്യൂബക്കു മേൽ വ്യോമാക്രമണം നടത്താൻ അമേരിക്ക തയ്യാറെടുക്കുന്നു
  15. "യു.എസ്.ഇൻവേഷൻ ഇൻ ക്യൂബ". മാർക്സിസ്റ്റ്.ഓർഗ്. അമേരിക്കൻ പിന്തുണയോടെ ക്യൂബക്കെതിരേ വ്യോമാക്രമണം
  16. മൈ ലൈഫ് - കാസ്ട്രോ -റെമോണെറ്റ് ‍‍ പുറം 257 ക്യൂബൻ വിമതരും ഈ വൈമാനിക സംഘത്തിലുണ്ടായിരുന്നു
  17. മൈ ലൈഫ് - കാസ്ട്രോ -റെമോണെറ്റ് ‍‍ പുറം 258 ദേശീയപാതകൾ ആക്രമണകാരികൾ തകർത്തു
  18. "ബേ ഓഫ് പിഗ്സ്". ഹിസ്റ്ററിഓഫ് ക്യൂബ. Archived from the original on 2006-06-15. Retrieved 2013-05-05. ക്യൂബയുടെ നേർക്കുള്ള ആക്രമണങ്ങളെ അമേരിക്ക നിഷേധിക്കുന്നു
  19. "ദ യു.എസ്.വിൽനോട്ട് ഇൻവേഡ് ക്യൂബ". മാർക്സിസ്റ്റ്.ഓർഗ്. അമേരിക്ക ക്യൂബയെ ആക്രമിക്കില്ല - കെന്നഡി
  20. "ബേ ഓഫ് പിഗ്സ്". ജെ.എഫ്.കെ.ലൈബ്രറി. തന്റെ സൈന്യത്തോട് സജ്ജരായിരിക്കാൻ കാസ്ട്രോ ആഹ്വാനം ചെയ്യുന്നു
  21. "ബേ ഓഫ് പിഗ്സ് - ക്യൂബൻ വിജയം". ഹിസ്റ്ററി ഓഫ് ക്യൂബ. Archived from the original on 2013-02-14. Retrieved 2013-05-05. വിമതർക്ക് ആവശ്യമായ സൈനിക സേവനം അമേരിക്കയുടെ കയ്യിൽ നിന്നും ലഭിച്ചില്ല
  22. "ഇവന്റ്സ് ഇൻ അമേരിക്കൻ ഫോറിൻ പോളിസി - ദ ബേ ഓഫ് പിഗ്സ് ഇൻവേഷൻ". ആഷ്ലാൻഡ് സർവ്വകലാശാല. Archived from the original on 2013-02-14. Retrieved 06-മെയ്-2013. ബേ ഓഫ് പിഗ്സിലെ വിജയം ഫിദലിന് ഒരു രാഷ്ട്രീയ വിജയം കൂടിയായിരുന്നു {{cite news}}: Check date values in: |accessdate= (help)
  23. നതെ, ജോൺസ് (03-ഫെബ്രുവരി-2012). "ഡോക്യുമെന്റി ഫ്രൈഡേ - ചെ ഗുവേര താങ്ക്സ് ടു അമേരിക്ക". നാഷണൽ സെക്യൂരിറ്റി ആർക്കൈവ്. {{cite news}}: Check date values in: |date= (help)
  24. "മെമ്മോറാണ്ടം ഫോർ ദ പ്രസിഡന്റ്" (PDF). നാഷണൽ സെക്യൂരിറ്റി ആർക്കൈവ്. ചെ ഗുവേര അമേരിക്കൻ പ്രസിഡന്റിനയച്ച കത്ത്
  25. "ബേ ഓഫ് പിഗ്സ്". ജെ.എഫ്.കെ.ലൈബ്രറി. തടവുകാർക്കു പകരമായി കുട്ടികൾക്കുള്ള മരുന്നും, ഭക്ഷവും
  26. "ദ ബേ ഓഫ് പിഗ്സ്". ഒറാക്കിൽ എഡ്യുക്കേഷണൽ ഫൗണ്ടേഷൻ. കെന്നഡി ഈ അട്ടിമറി പദ്ധതിക്ക് വേണ്ടത് ഗൗരവം കൊടുത്തിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ വിമർശകർ ചൂണ്ടിക്കാണിക്കുന്നു
  27. മൈക്കിൾ, മോറിസ്സെ. "ദ ബേ ഓഫ് പിഗ്സ് റീവിസിറ്റഡ്". ഇസെർവർ. Archived from the original on 2009-03-09. Retrieved 05-മെയ്-2013. {{cite news}}: Check date values in: |accessdate= (help)
  28. "ടെയ്ലർ കമ്മിറ്റി". സി.ഐ.എ ഔദ്യോഗിക നിലവറയിൽ നിന്നും ശേഖരിച്ചത്. Archived from the original on 2017-06-18. Retrieved 2013-05-06.
  29. "ടെയ്ലർ കമ്മിറ്റി റിപ്പോർട്ട് - ബേ ഓഫ് പിഗ്സ് ഇൻവേഷൻ" (PDF). സി.ഐ.എ ഔദ്യോഗിക നിലവറയിൽ നിന്നും ശേഖരിച്ചത്. Archived from the original (PDF) on 2013-02-16. Retrieved 2013-05-06.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബേ_ഓഫ്_പിഗ്സ്‌_ആക്രമണം&oldid=4023273" എന്ന താളിൽനിന്ന് ശേഖരിച്ചത്