ബി.വി. കേസ്കർ
ബാലകൃഷ്ണ വിശ്വനാഥ് കേസ്കർ (1903 - 28 ആഗസറ്റ് 1984) എന്ന ബി.വി. കേസ്കർ ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവും, സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു. കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ വകുപ്പു മന്ത്രിയായി 1952 - 1962 കാലഘട്ടത്തിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഏറ്റവും കൂടുതൽ കാലം ആ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു. ആകാശവാണിയിലൂടെ ശാസ്ത്രീയ സംഗീതത്തെ ശ്രോതാക്കൾക്കിടയിൽ പ്രചരിപ്പിക്കുവാനും, വാദ്യവൃന്ദം എന്ന പദ്ധതിയിലൂടെ ഒരു ദേശീയ വാദ്യമേള സംഘത്തെ വാർത്തെടുക്കുവാനും നടത്തിയ ശ്രമങ്ങൾക്ക് അദ്ദേഹം ഓർമിക്കപെടുന്നുവെങ്കിലും, ഹിന്ദി സിനിമാ ഗാനങ്ങൾ, ക്രിക്കറ്റ് കമന്ററി, ഹാർമോണിയം എന്നിവയെ ആകാശവാണിയിൽ നിന്നും നിരോധിക്കുവാനും കേസ്കറായിരുന്നു കാരണക്കാരൻ.[1] പിൽകാലത്ത് ദേശീയ പുസ്തക ട്രസ്റ്റിന്റെ അധ്യക്ഷനായി.
ബാലകൃഷ്ണ വിശ്വനാഥ് കേസ്കർ | |
---|---|
മണ്ഡലം | മുസാഫിർഖാന ലോക്സഭാ മണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1903 പൂനെ, മഹാരാഷ്ട്ര |
മരണം | 1984 ഓഗസ്റ്റ് 28 |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
പങ്കാളി | അവിവാഹിതൻ |
ജീവിതരേഖ
തിരുത്തുകമഹാരാഷ്ട്രയിലെ പൂനെയിൽ വിശ്വനാഥ് കേസ്കറുടെ പുത്രനായി 1903 -ഇൽ സംജാതനായ അദ്ദേഹം, കാശി വിദ്യാപീഠം, സോർബോൺ സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നു വിദ്യാഭ്യാസം പൂർത്തീകരിച്ചു. സോർബോണിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. ബനാറസിലെ സംസ്ക്രത വിദ്യാപീഠത്തിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ധ്രുപദ് സംഗീതം ഹരി നാരായൺ മുഖർജിയുടെ കീഴിൽ അഭ്യസിച്ചു.
1921 - ഇൽ നിസ്സഹകരണ പ്രസ്ഥാനകാലത്ത്, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ കേസ്കർ പിൽകാലത്ത് അതിന്റെ വിദേശകാര്യ വിഭാഗത്തിന്റെ സെക്രട്ടറിയായി. 1946 - ഇൽ കോൺഗ്രസ് പാർട്ടിയുടെ ജെനറൽ സെക്രട്ടറിയായിരുന്നു. ഭാരതത്തിന്റെ ഭരണഘടനാ നിർമ്മാണ സഭയിൽ ഐക്യ പ്രവിശ്യകളിൽ നിന്നും അംഗമായി.
സ്വാതന്ത്ര്യാനന്തരം വിദേശകാര്യ, റെയിൽവേ മന്ത്രാലയങ്ങളിൽ 1948-1952 കാലഘട്ടത്തിൽ സഹമന്ത്രിയായിരുന്നു. 1952-ൽ സുൽത്താൻപൂരിൽ നിന്നുള്ള പാർലമെന്റംഗമായി. 1957-ലെ തിരഞ്ഞെടുപ്പിൽ മുസാഫിർഖാന മണ്ഡലത്തെ ലോക് സഭയിൽ പ്രതിനിധീകരിച്ചു. 1952 - 1962 കാലയളവിൽ കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ വകുപ്പു മന്ത്രിയായിരുന്നു.
സ്വതന്ത്ര ഭാരതത്തിലെ മൂന്നാമത്തെ വാർത്താവിനിമയ-പ്രക്ഷേപണ വകുപ്പു മന്ത്രിയായിരുന്നു കേസ്കർ. ഒരു ദശാബ്ദക്കാലം ഈ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം ഏറ്റവും കൂടുതൽ കാലം ആ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയായി.
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ വക്താവായിരുന്ന കേസ്കർ ഹിന്ദി സിനിമാ ഗാനങ്ങൾ ആകാശവാണിയിൽ സംപ്രേഷണം ചെയ്യുന്നത് നിർത്തലാക്കി. ഈ അവസരം മുതലെടുത്തുകൊണ്ടു റേഡിയോ സിലോൺ അവരുടെ ഹിന്ദി പ്രക്ഷേപണത്തിലൂടെ ഇന്ത്യയിലൊട്ടാകെ പ്രചാരം നേടി. ബിനാക്കാ ഗീത്മാല, പുരാനി ഫില്മോ കെ ഗീത്, ആപ് ഹി കെ ഗീത് എന്നിങ്ങനെ പല ജനപ്രിയ പരിപാടികളും റേഡിയോ സിലോൺ സംപ്രേഷണം ചെയ്തിരുന്നു. ബോംബെയിൽ അവർ ഒരു റേഡിയോ പരസ്യ വിഭാഗം പോലും തുടങ്ങുകയുണ്ടായി. ശ്രോതാക്കളും, വരുമാനവും ക്രമേണ കുറഞ്ഞു തുടങ്ങിയതോടെ സിനിമാ ഗാനങ്ങൾക്കുള്ള വിലക്ക് ആകാശവാണി പിൻവലിക്കാൻ നിർബന്ധിതമാകുകയും 1957-ഇൽ വിവിധ് ഭാരതി എന്ന പ്രത്യേക സംപ്രേഷണ വിഭാഗം തുടങ്ങുകയും ചെയ്തു.
ക്രിക്കറ്റ് കമന്ററികളും, ഹാർമോണിയവും കേസ്കർ ആകാശവാണിയിൽ പ്രക്ഷേപണ വിലക്കിന് വിധേയമാക്കി. അനന്തരം ക്രിക്കറ്റ് കമെന്ററിക്കു മേലുള്ള നിരോധനവും എടുത്തു മാറ്റപ്പെട്ടു.
സാധാരണക്കാർക്ക് ശാസ്ത്രീയ സംഗീതം ആസ്വദിക്കുവാനുള്ള അവസരം ഒരുക്കുവാൻ കേസ്കറുടെ നേതൃത്വത്തിൽ ആകാശവാണിക്കായി. രാജവാഴ്ച അവസാനിച്ചതോടെ രാജകീയ പരിലാളനം നഷ്ടമായ ശാസ്ത്രീയ സംഗീത കലാകാരന്മാർക്കും ആകാശവാണി ഒരത്താണിയായി. ഈ ഉദ്ദേശങ്ങൾ ലക്ഷ്യം വച്ചു കൊണ്ടാണ് 1952 -ഇൽ ദേശിയ സംഗീത കാര്യക്രമവും, 1954 ൽ ആകാശവാണി സംഗീത സമ്മേളനവും തുടങ്ങിയത്. ഇവ രണ്ടും ഇന്നും ആകാശവാണി തുടർന്ന് പോരുന്നു.
ഒരു ദേശീയ വാദ്യമേള സംഘം എന്ന നിലയിൽ ആകാശവാണിയുടെ വാദ്യവൃന്ദത്തെ സൃഷ്ടിക്കുന്നതിലും കേസ്കർ പങ്കു വഹിച്ചു. വാദ്യ വൃന്ദത്തിന്റെ തലപ്പത്ത് സിത്താർ വായകൻ പണ്ഡിറ്റ് രവി ശങ്കറിനെയാണ് നിയമിച്ചത്. ശാസ്ത്രീയ സംഗീത സംപ്രേഷണങ്ങൾക്കിടെ ലളിതമായ സംഗീതം ശ്രോതാക്കളിൽ എത്തിക്കുവാനായി "ലളിത സംഗീതം" എന്ന കലാരൂപം തന്നെ ഉത്ഭവിച്ചു.
1962-ഇൽ ഫതേഹ്പൂർ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുപ്പിൽ തോറ്റതോടെ കേസ്കർക്ക് മന്ത്രിസ്ഥാനം നഷ്ടമായി. 1963-ഇൽ ഫറൂഖാബാദിൽ നിന്നും ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും സോഷ്യലിസ്റ്റ് നേതാവായ രാം മനോഹർ ലോഹ്യയോട് തോറ്റു.
ഭരണ പാടവമുള്ളവരുടെ കുറവോന്നുകൊണ്ട് മാത്രമാണ് കേസ്കർ ഒരു ദശാബ്ദ കാലം മന്ത്രിയായിരുന്നതെന്ന് പിന്നീട് ഇന്ദിരാ ഗാന്ധി റോബർട്ടോ റോസല്ലീനിയോട് പറയുകയുണ്ടായി. പത്തു വർഷക്കാലം മന്ത്രിയായിരുന്നെങ്കിലും കേസ്കർക്കൊരിക്കലും ക്യാബിനെറ്റ് പദവി ലഭിക്കുകയുണ്ടായില്ല.
ആഗസ്റ്റ് 28, 1984 -ഇൽ നാഗ്പൂരിൽ അദ്ദേഹം നിര്യാതനായി.
കൃതികൾ
തിരുത്തുക- ഇന്ത്യൻ സംഗീതം: പ്രശ്നങ്ങളും സാധ്യതകളും
അവലംബം
തിരുത്തുക- ↑ Sanyal, Amitava (26 November 2010). "The harmonium continuum". Hindustan Times. Archived from the original on 2014-10-30. Retrieved 30 October 2014.
പുറം കണ്ണികൾ
തിരുത്തുക- വെബ്സൈറ്റ് Archived 2017-01-18 at the Wayback Machine.