സ്ത്രീകളിൽ കാണപ്പെടുന്ന രണ്ട് X ക്രോമസോമുകളിൽ പ്രവർത്തനക്ഷമമല്ലാത്ത (ഇനാക്ടീവ്) ക്രോമസോമിനെയാണ് ബാർ ബോഡി എന്നുവിളിക്കുന്നത്. സ്ത്രീശരീരത്തിൽ പ്രത്യുൽപാദനകോശങ്ങളൊഴികെയുള്ള എല്ലാ ശരീരകോശങ്ങളിലും പകുതിയെണ്ണത്തിൽ ഒരു X ക്രോമസോമും ബാക്കി പകുതിയെണ്ണത്തിൽ അടുത്ത X ക്രോമസോമും പ്രവർത്തനക്ഷമമല്ല. അതായത്, സ്ത്രീശരീരത്തിലെ പകുതി ശരീര കോശങ്ങളിൽ മാതൃശരീരത്തിൽ നിന്നും കിട്ടിയ X ക്രോമസോമും മറുപകുതിയിൽ പിതൃശരീരത്തിൽ നിന്നും കിട്ടിയ X ക്രോമസോമുകളും പ്രവർത്തനരഹിതമാകും. മുറേ ബാർ എന്ന കനേഡിയൻ ശാസ്ത്രജ്ഞനാണ് പൂച്ചകളിൽ ബാർ ബോഡികളെ കണ്ടെത്തിയത്.[1] XY ക്രോമസോമുകളാൽ ലിംഗനിർണയം നടത്തപ്പെടുന്ന, മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജന്തുക്കളിലും ഇത്തരത്തിൽ ലിംഗനിർണയത്തിനിടയാക്കുന്ന ഒരു ക്രോമസോം മാത്രം പ്രവർത്തനക്ഷമമായിരിക്കും. സഞ്ചിമൃഗങ്ങളിലും പ്ലാസന്റൽ സസ്തനികളിലെ ചിലവിഭാഗങ്ങളിലും ഇത് നടക്കുന്നില്ല. ബാർ ബോഡി, സെക്സ് ക്രൊമാറ്റിൻ എന്നും അറിയപ്പെടുന്നു. പുരുഷകോശത്തെ സ്ത്രീകോശങ്ങളിൽ നിന്ന് തിരിച്ചറിയാനുള്ള മാർഗങ്ങളിലൊന്നാണിത്.

സ്ത്രീശരീരത്തിലെ അമ്നിയോട്ടിക് ദ്രവത്തിലെ കോശം.. മുകളിൽ രണ്ട് X ക്രോമസോം ഭാഗങ്ങൾ : ചുവടെ പ്രവർത്തനരഹിതമായ X ക്രോമസോം ഭാഗം.

സ്ത്രീ-പുരുഷ ശരീരകോശങ്ങളിൽ കാണപ്പെടുന്ന ഓരോ X ക്രോമസോമിലും ആയിരത്തിലധികം സുപ്രധാന ജീനുകളുണ്ട്. എന്നാൽ സ്ത്രീശരീരകോശങ്ങളിൽ രണ്ട് X ക്രോമസോമുകളുള്ളത് ഇരട്ടി അളവിൽ (ഡബിൾ ഡോസ്) ജീനുകൾ പ്രവർത്തനക്ഷമമാകുന്നതിന് കാരണമാകും. അതായത് പ്രോട്ടീനുകളുടെ ഉത്പാദനം ഇരട്ടിയാകും. ഈ അവസ്ഥ ഒഴിവാക്കാനാണ് രണ്ട് X ക്രോമസോമുകളിൽ ഒന്നിനെ പ്രവർത്തനരഹിതമാക്കുന്നത്. ഇത് ഡോസേജ് കോംപൻസേഷൻ എന്നറിയപ്പെടുന്നു.[2]

മർമ്മസ്തരത്തിനോടടുത്ത് ഒരു പ്ലാനോകോൺവെക്സ് രൂപത്തിൽ സ്ഥിതിചെയ്യുന്ന ഇരുണ്ട് സ്റ്റെയിൻ ചെയ്യപ്പെടുന്ന ക്രോമസോമാണിത്. ഒരു മൈക്രോമീറ്ററാണ് ഇതിന്റെ വ്യാസം. ഡിഎൻഎ അത്യധികം സങ്കോചിച്ച (കണ്ടൻസ്) ക്രോമസോമാണിത്. ന്യൂട്രോഫില്ലുകളിൽ ഡ്രം സ്റ്റിക് രൂപത്തിൽ ഇവ കാണപ്പെടുന്നു. ബാർ ബോഡികൾ ഹെറ്ററോക്രോമാറ്റിൻ (അതിസാന്ദ്രമായി രൂപപ്പെട്ടത്) ആയാണ് രൂപപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രവർത്തനക്ഷമമായ X ക്രോമസോം യൂക്രൊമാറ്റിൻ (സാന്ദ്രത താരതമ്യേന കുറഞ്ഞത്) ആയാണ് സ്ഥിതിചെയ്യുന്നത്. അതിനാൽത്തന്നെ ഡിഎൻഎ യിൽ നിന്ന് ആർ.എൻ.എ ഉണ്ടാകുന്ന ട്രാൻസ്ക്രിപ്ഷൻ എന്ന പ്രവർത്തനത്തിന് ബാർ ബോഡികൾ വിധേയമാകില്ല. ഇങ്ങനെയുണ്ടാകുന്ന ആർ.എൻ.എ കളാണ് പ്രോട്ടീനുകളായി മാറുന്ന ട്രാൻസ്ലേഷൻ എന്ന പ്രക്രിയയ്ക്ക് വിധേയമാകുന്നത്. അതിനാൽ ബാർ ബോഡികൾ പ്രോട്ടീനുകൾ സാധാരണമായി രൂപപ്പെടുത്തുന്നില്ല.

ഏത് X ക്രോമസോമാണ് ഭ്രൂണഘട്ടത്തിൽ ബാർ ബോഡിയായി മാറുന്നത് എന്നത് പ്രവചിക്കാനാവില്ല. ശരീരകോശങ്ങളിൽ പകുതിയിൽ ഒരിനം X ക്രോമസോമും മറുപകുതിയിൽ അടുത്ത ക്രോമസോമുമാണ് പ്രവർത്തനരഹിതമാവുക.[3]

ബാർബോഡിയുടെ രൂപവൽക്കരണം

തിരുത്തുക

X ക്രോമസോം പ്രവർത്തനക്ഷമമല്ലാതാകുന്ന പ്രക്രിയ ലയോണൈസേഷൻ എന്നറിയപ്പെടുന്നു. ബ്രിട്ടീഷ് ശാസ്ത്രജ്ഞയായ മേരി ലിയോണാണിതിന്റെ ഉപജ്ഞാതാവ്. ഒന്നിലധികം X ക്രോമസോമുകളുള്ള സസ്തനികളിൽ, സ്ത്രീഭ്രൂണരൂപീകരണം (എംബ്രിയോജനസിസ്) നടക്കുന്ന സമയത്ത് X ക്രോമസോമുകളിലൊന്ന് ഇനാക്ടീവ് (പ്രവർത്തനരഹിതം) ആകുന്നു എന്ന് വിശദീകരിക്കുന്ന സിദ്ധാന്തമാണ് ലിയോൺ പരികല്പന. (Lyon hypothesis). X ക്രോമസോമുകളിൽ സെൻട്രോമിയർ എന്ന ഭാഗത്തിനടുത്ത് X ഇനാക്ടിവേഷൻ കേന്ദ്രം (X- Inactivation center) സ്ഥിതിചെയ്യുന്നു. ഇതിലാണ് X ഇനാക്ടീവ് സ്പെസിഫിക് ട്രാൻസ്ക്രിപ്റ്റ് (Xist)എന്ന ജീനുള്ളത്. Xist റിവേഴ്സ്ഡ് എന്ന മറ്റൊരു ജീനും ഈ ഭാഗത്തുണ്ട്. Xist ആണ് X ക്രോമസോമിനെ പ്രവർത്തനരഹിതമാക്കുന്നത്. എന്നാൽ Tsix എക്സ് ക്രോമസോമുകളെ പ്രവർത്തനക്ഷമമാക്കുന്നു എന്ന് പറയാം. അതിനാൽ ഇരു ജീനുകളുടേയും പ്രവർത്തനം പരസ്പരവിരുദ്ധമാണ്.

മൈക്രോസ്കോപ്പിലൂടെയുള്ള നിരീക്ഷണം

തിരുത്തുക

ബാർ ബോഡികളെ നിരീക്ഷിക്കുന്നതിന് പാപ് സ്റ്റെയിൻ അല്ലെങ്കിൽ ഓർസിൻ സ്റ്റെയിൻ ഉപയോഗിക്കുന്നു. ക്രിസൈൽ വയലറ്റ്, തയോണിൻ, ഫ്യുവൽജൻ എന്നീ സ്റ്റെയിനുകളും ഈ ആവശ്യത്തിനായി പ്രയോഗിക്കുന്നു. ഫേസ് കോൺട്രാസ്റ്റ് മൈക്രോസ്കോപ്പിയിലൂടെ ഇവയെ സ്റ്റെയിൻ ചെയ്യാതെയും നിരീക്ഷിക്കാം.

ബാർ ബോഡികളും രോഗങ്ങളും

തിരുത്തുക

ബാർബോഡികളെ വീണ്ടും പ്രവർത്തനക്ഷമമാക്കുന്ന ജനിതകപ്രക്രിയകളും നടക്കുന്നുണ്ട്. സ്തനാർബുദ രോഗികളിൽ രോഗമില്ലാത്തവരെക്കാൾ ബാർബോഡികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നിലധികം X ക്രോമസോമുകളുള്ള പുരുഷ ശരീരത്തിൽ കോശവിഭജനത്തിലെ ഇന്റർഫേസ് ഘട്ടത്തിൽ ബാർ ബോഡികളുടെ എണ്ണം ആകെ X ക്രോമസോമുകളുടെ പകുതിയായിരിക്കും. ഉദാഹരണമായി ക്ലൈൻഫെൽട്ടർ സിൻഡ്രോം എന്ന ക്രോമസോം വൈകല്യമുള്ളവരിൽ (കോശങ്ങളിൽ 46 നുപകരം 47 ക്രോമസോം, XXY) ഒരു ബാർബോഡിയാണുള്ളത്. എന്നാൽ XXX അവസ്ഥയുള്ളവരിൽ രണ്ട് ബാർ ബോഡികൾ കാണപ്പെടും.[4]

  1. "Barr Bodies: heterochromatized X-chromosomes".
  2. "X Chromosome: X Inactivation".
  3. "barr-body".
  4. "Barr Body".
"https://ml.wikipedia.org/w/index.php?title=ബാർ_ബോഡി&oldid=3942878" എന്ന താളിൽനിന്ന് ശേഖരിച്ചത്