സ്തനകോശങ്ങളുടെ അമിത വളർച്ചമൂലമുണ്ടാകുന്ന രോഗമാണ് സ്തനാർബുദം. സ്ത്രീകളിലും പുരുഷന്മാരിലും സ്തനാർബുദം ഉണ്ടാകാം. ലോകത്താകമാനമുള്ള അർബുദ രോഗങ്ങളിൽ ശ്വാസകോശാർബുദങ്ങൾക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അർബുദമാണ് സ്തനാർബുദം. അർബുദം മൂലമുള്ള മരണങ്ങളിൽ അഞ്ചാം സ്ഥാനമാണ് സ്തനാർബുദത്തിനുള്ളത്. 2005-ൽ ലോകത്താകമാനം 5,02,000 മരണങ്ങൾ സ്തനാർബുദം മൂലമുണ്ടായി. ഇത് അർബുദം മൂലമുള്ള മരണങ്ങളുടെ 7 ശതമാനവും മൊത്തം മരണങ്ങളുടെ ഏകദേശം ഒരു ശതമാനവും ആണ്. സ്തനാർബുദബാധയ്ക്കുള്ള സാധ്യത സ്ത്രീകളിൽ 12 ശതമാനമാണ്. പ്രായം വർദ്ധിക്കും തോറും സ്തനാർബുദബാധയ്ക്കുള്ള സാധ്യതയും ഏറിവരുന്നു.

സ്തനാർബുദം
സ്പെഷ്യാലിറ്റിഅർബുദ ചികിൽസ Edit this on Wikidata

സാദ്ധ്യതകൾതിരുത്തുക

 • ജനിതക സാഹചര്യവും കുടുംബപശ്ചാത്തലവും: സ്തനാർബുദം ഒരു പാരമ്പര്യരോഗമായി അവകാശപ്പെടുവാൻ സാധിക്കില്ലെങ്കിലും ഏറ്റവും അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും വന്നിട്ടുണ്ടെങ്കിൽ, തീർച്ചയായും അത്തരക്കാരിൽ സ്തനാർബുദത്തിന്റെ തോത് ഗണ്യമായി ഏറിവരുന്നതാണ്.
 • ആർത്തവം - ആരംഭവും അവസാനവും: നേരത്തെയള്ള ആർത്തവാരംഭവും വൈകിയുള്ള ആർത്തവവിരാമവും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു.
 • ഭക്ഷണവും ജീവിതരീതിയും: കൂടിയ കൊഴുപ്പടങ്ങിയ ഭക്ഷണം, മദ്യത്തിന്റെ അമിതമായ ഉപയോഗം ഇവ സ്തനാർബുദത്തിന് വഴിവെക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ്. വ്യായാമക്കുറവും ഉപ്പ്, എണ്ണ, മധുരം എന്നിവയുടെ അമിത ഉപയോഗവും കാരണമാകാം.
 • ഹോർമോണുകളുടെ പങ്ക്: ഗർഭനിരോധന ഗുളികകളിലെ ഹോർമോൺ സങ്കരങ്ങൾ, ആർത്തവവിരാമക്കാരിൽ ഉപയോഗത്തിനു നിർദ്ദേശിക്കപ്പെടുന്ന ഹോർമോൺ പുനഃസ്ഥാപന ചികിത്സ എന്നിവ അനുകൂല സാഹചര്യം സൃഷ്ടിക്കുവാൻ പോന്നവയാണ്.

പാലുല്പാദിപ്പിക്കുന്ന ഗ്രന്ഥികൾ, ക്ഷീര വഹന നാളികൾ എന്നിവയിലാണ് പ്രദാനമായും സ്തനാർബുദം കാണപ്പെടുന്നത്

സാധ്യതയുള്ളവർതിരുത്തുക

 • 50- വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ
 • പാരമ്പര്യമായി കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദമുണ്ടായിട്ടുണ്ടെങ്കിൽ
 • 10 വയസ്സിനുമുമ്പ് ആർത്തവം ആരംഭിച്ചിട്ടുള്ളവർ
 • 55 വയസ്സിനുശേഷം/വളരെ വൈകി ആർത്തവ വിരാമം ഉണ്ടായിട്ടുള്ളവർ
 • പാലൂട്ടൽ ദൈർഗ്യം കുറച്ചവർ
 • ഒരിക്കലും പാലൂട്ടാത്തവർ
 • ആദ്യത്തെ ഗർഭധാരണം 30 വയസ്സിനുശേഷം നടന്നവർ
 • ഒരിക്കലും ഗർഭിണിയാകാത്ത സ്ത്രീകൾ
 • ആർത്തവ വിരാമത്തിനുശേഷം അമിത ഭാരമുണ്ടായവർ
 • ജനിതക വ്യതിയാനം ഉണ്ടായിട്ടുള്ള ബ്രസ്റ്റ് കാൻസർ ജീനുകളുള്ളവർ

പരിശോധനതിരുത്തുക

സ്വയം പരിശോധനതിരുത്തുക

ഇരുപതു വയസ്സുകഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിലൊരിക്കലെങ്കിലും സ്വയം പരിശോധന ചെയ്യേണ്ടതാണ്. സ്തനത്തിലെ ചർമ്മത്തിലുള്ള നിറവ്യതാസം, സ്തനത്തിലെ ആകൃതിയിലോ, വലിപ്പത്തിലോ ഉള്ള വ്യതിയാനങ്ങൾ‍, മുലഞെട്ടുകൾ തമ്മിലുള്ള മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കുക.

തൊട്ടുനോക്കിയുള്ള പരിശോധനതിരുത്തുക

നിന്നുകൊണ്ടും കിടന്നുകൊണ്ടും ഈ പരിശോധന നടത്താവുന്നതാണ്. കൈയിലെ പെരുവിരലൊഴികെ നാലുവിരലുകൾ കൊണ്ടു പരിശോധനയാണ് ഇത്. ആർത്തവത്തിനുശേഷം ഒരാഴ്ച കഴിഞ്ഞുവേണം പരിശോധന നടത്തേണ്ടത്. ആർത്തവവിരാമം വന്നവരും ഗർഭപാത്രം നീക്കം ചെയ്തവരും മാസത്തിലൊരിക്കൽ ഒരു പ്രത്യേകദിവസം പരിശോധന നടത്തേണ്ടതാണ്. 20 നും 40 നും ഇടയിൽ പ്രായമുള്ളവർ രണ്ടുവർഷത്തിലൊരിക്കൽ ഡോക്ടറെകൊണ്ടു പരിശോധിപ്പിക്കേണ്ടതാണ്.

മാമോഗ്രഫിതിരുത്തുക

സ്തനാർബുദലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിനുമുമ്പ് സ്തനത്തിലെ വളരെ ചെറിയ മുഴകൾ പോലും കൃത്യമായി മനസ്സിലാക്കുവാൻ സഹായിക്കുന്ന ഏറ്റവും മികച്ച പരിശോധനാരീതിയാണ് ഇത്. 40 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകളും ഒന്നുമുതൽ രണ്ടു വർഷക്കാലയളവിൽ മാമോഗ്രാഫി നടത്തിയിരിക്കണം. വളരെ വീര്യം കുറഞ്ഞ എക്‌സ്‌റേ സ്തനത്തിലൂടെ കടത്തിവിട്ടുകൊണ്ടാണ് മാമോഗ്രാഫി നടത്തുന്നത്.

ലക്ഷണങ്ങൾതിരുത്തുക

പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നു.

 • സ്തനത്തിലുണ്ടാകുന്ന മുഴകൾ.
 • സ്തനാകൃതിയിൽ വരുന്ന മാറ്റങ്ങൾ.
 • തൊലിപ്പുറത്തുണ്ടാകുന്ന വ്യതിയാനങ്ങൾ.
 • മുലഞെട്ട് ഉള്ളിലോട്ടു വലിഞ്ഞിരിക്കുക.
 • മുലക്കണ്ണിൽ നിന്നുള്ള ശ്രവങ്ങൾ
 • മുലക്കണ്ണിലുണ്ടാകുന്ന നിറം മാറ്റം
 • കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം

ചികിത്സതിരുത്തുക

സ്തനാർബുദ ചികിത്സയുടെ ഏറ്റവും കാതലായ വശം, അർബുദത്തെ ആരംഭദശയിൽ തന്നെ കണ്ടെത്തുകയെന്നതാണ്. ഏതു സ്തനമുഴയും സ്തനാർബുദമാണെന്ന് കരുതി ചികിത്സയ്‌ക്കൊരുങ്ങുക. രോഗം ബാധിച്ച ഭാഗമോ സ്തനം മുഴുവൻ തന്നെയോ നീക്കം ചെയ്യുകയെന്നതാണ് അടിസ്ഥാന ശസ്ത്രക്രിയാ തത്ത്വം. സ്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന കക്ഷത്തിലെ ഗ്രന്ഥികൾ കൂടി നീക്കം ചെയ്യുന്നുവെന്നതാണ് ചികിത്സയുടെ വശം‍. ഈ ഗ്രന്ഥികൾ കൂടാതെ സ്തനങ്ങൾ മാത്രമായും നീക്കംചെയ്യാറുണ്ട്. എന്നാൽ ചിലപ്പോൾ സ്തനം നീക്കംചെയ്യാതെ, അർബുദകലകളെ മാത്രം സമൂലം പറിച്ചുമാറ്റുന്ന രീതിയുമുണ്ട്.

ഗർഭിണികളിലെ സ്തനാർബുദംതിരുത്തുക

ഗർഭിണികളെ ബാധിക്കുന്ന, ഏറ്റവും സാധാരണമായ അർബുദമാണ് ഇത്. ഗർഭിണികളിലും മുലയൂട്ടുന്നവരിലും സ്തനാർബുദം കണ്ടെത്തുക ഏറെ പ്രയാസകരമാണ്. ഗർഭം അലസിപ്പിക്കുക, പ്രസവം നേരത്തെയാക്കുക ഇവയൊന്നും ചികിത്സാഫലങ്ങളെ ഗുണപരമായി ബാധിക്കുന്നില്ല. അർബുദത്തിനെതിരെയുള്ള കഠിനമായ ഔഷധങ്ങൾ ഗർഭിണികളിൽ ഉപയോഗിക്കാറില്ല. പ്രസവശേഷം മാത്രമേ റേഡിയേഷൻ ചികിത്സ കഴിവതും നടത്താവു.

മുൻ‌കരുതൽതിരുത്തുക

സ്തനാർബുദത്തിനെതിരെ ഏറ്റവും ഫലപ്രദമായുള്ള മുൻകരുതൽ സ്തനങ്ങൾ മാറ്റി പകരം കൃത്രിമസ്തനങ്ങൾ വെച്ചുപിടിപ്പിക്കുക എന്നതാണ്. ഇതൊരു ആശ്ചര്യകരമായ അവസ്ഥയാണെങ്കിലും ഈ ശസ്ത്രക്രിയവഴി സ്തനാർബുദത്തിന്റെ തോത് 90 ശതമാനംവരെ കുറച്ചുകൊണ്ടുവരുവാൻ സാധിക്കും. ജനിതകമായ സാധ്യതകൾ കണ്ടുപിടിക്കുവാനുതകുന്ന രക്തപരിശോധനകളും ഇന്ന് സാധാരണമാണ്. സ്തനാർബുദബാധയ്ക്ക് അനുകൂല സാഹചര്യമുള്ളവരിൽ ടമോക്‌സിഫെൻ എന്ന ഹോർമോൺ ഉപയോഗിക്കാമെങ്കിലും, ഇതിന്റെ പാർശ്വഫലമായി ഗർഭാശയാർബുദത്തിനുള്ള കൂടിയസാധ്യതകൾ കാണുന്നുണ്ട്. എന്നാൽ മറ്റൊരു ഔഷധമായ റലോക്‌സിഫെന് ഈ പാർശ്വഫലം ഇല്ലെന്നാണ് വിശ്വസിക്കുന്നത്.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്തനാർബുദം&oldid=3673229" എന്ന താളിൽനിന്ന് ശേഖരിച്ചത്