ബഹ്റോത് ഗുഹകൾ
ഇന്ത്യയിലെ ഏക പാർസി - സൊരാഷ്‌ട്രിയൻ ഗുഹാക്ഷേത്രമാണ് മഹാരാഷ്ട്രയിലെ ദഹാനുവിലുള്ള ബഹ്റോത് ഗുഹകൾ. ഗുജറാത്തിലെ സൻജൻ തീരത്തിന് 25 കിലോമീറ്റർ തെക്കായി, മഹാരാഷ്ട്രയിലെ ബോർദി ഗ്രാമത്തിൽ നിന്ന് 8 കിലോമീറ്റർ മാറിയാണ് ബഹ്റോത് ഗുഹകൾ സ്ഥിതി ചെയ്യുന്നത്. 1393ൽ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ സാമന്തനായ അലഫ് ഖാന്റെ പടയോട്ടത്തെ ഭയന്ന്, പാർസികൾ അഭയം തേടിയത് ഇവിടെയാണ്. അക്കാലത്ത് ഇപ്പോൾ ഉദ്വാദാ അതാഷ് ബഹറമിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഇറാൻ ഷാ അഗ്നിനാളം 12 വർഷം (1393 -1405 AD) ഇവിടെ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) ഒരു സംരക്ഷിത പൈതൃക സ്മാരകമാണ് ഇന്ന് ബഹ്റോത് ഗുഹകൾ. സാധാരണ പാർസി അഗ്നിക്ഷേത്രങ്ങളിൽ അന്യമതസ്ഥരെ കയറ്റാറില്ലെങ്കിലും ഇവിടെ പ്രവേശനം അനുവദനീയമാണ്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബഹ്റോത് മലമുകളിൽ എത്താൻ അസ്വാലി ഗ്രാമത്തിൽ നിന്നു 3 മണിക്കൂർ കുത്തനെ ഉള്ള കയറ്റം ആവശ്യമായി വരും. മലയുടെ കിഴക്കൻ അറ്റത്താണ് ഗുഹകൾ. ഇവിടെ നിന്നും ഇറാനിലെ അവസാന സൊരാസ്ട്രിയൻ സാമ്രാജ്യമായിരുന്ന സസാനിയൻ സാമ്രാജ്യ കാലത്തെ (224 – 651 AD) നാണയങ്ങളും കളിമൺ പാത്രങ്ങളും സ്ഫടിക കഷണങ്ങളും മറ്റും ലഭിച്ചിട്ടുണ്ട്. ഇത് ഇറാനിയൻ സൊരാഷ്ട്രിയൻമാരും ഗുജറാത്ത് തീരവും തമ്മിൽ കച്ചവട ബന്ധമുണ്ടായിരുന്നതിന്റെ തെളിവായി ചരിത്രകാരൻമാർ കരുതുന്നു.
അവലംബം
തിരുത്തുക- Desai, Jenny. "Udvada". ശേഖരിച്ചത് 2006-09-06.
- Balaram, Gunvanti (2003-04-13). "Sanjan shards help piece together Parsi history". Times of India. ശേഖരിച്ചത് 2006-09-06.
- Boyce, Mary and Kotwal, Firoze. "Irānshāh". Encyclopedia Iranica. ശേഖരിച്ചത് 2012-08-03.
- Homji, V. M. M. (1995). "Curbing coastal erosion - Example of Udvada (South Gujarat)". National Academy of Science Letters (India). ശേഖരിച്ചത് 2006-09-06.
- Bahrot Caves (Bordi, India): Address, Attraction Review - TripAdvisor