ഒരു ക്രൈസ്തവ വൈദികനും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും ദൈവ ശാസ്ത്രത്തിലും സജീവമായി ഇടപ്പെട്ടിരുന്ന ഗ്രന്ഥകർത്താവുമായിരുന്നു 'ബിഷപ്പ് പൗലോസ്‌ മാർ പൗലോസ്‌(14 സെപ്റ്റംബർ 1941 - 24 മാർച്ച് 1998)'. [1]സ്വാതന്ത്ര്യമാണ് ദൈവം എന്ന ഗ്രന്ഥത്തിന് 1997. കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം ലഭിച്ചു.[2]ആവിഷ്കാര സ്വാതന്ത്ര്യത്തെയും മതാതീത ആത്മീയതെയും വിമോചനാത്മക കൃസ്തീയതയെയുംക്കുറിച്ച് നിരവധി ലേഖനങ്ങളെഴുതി. മതേതര ദൈവശാസ്ത്രപഠനത്തിലും വ്യത്യസ്ത മതേതര പ്രസ്ഥാനങ്ങളുമായുള്ള ആശയവിനിമയത്തിലും മനുഷ്യാവകാശത്തിന്റെയും ലോകസമാധാനത്തിന്റെയും മേഖലകളിലും പ്രവർത്തിച്ചു.

ജീവിതരേഖ

തിരുത്തുക

തൃശൂരിൽ ചിറയത്ത് കോന്നിക്കര അന്തോണിയുടെയും കൊച്ചുമറിയത്തിന്റെയും മകനായി ജനിച്ചു. കാൽഡിയൻ സിറിയൻ ഹൈസ്കൂളിലും സെന്റ്‌ തോമസ്‌ കോളേജിലുമായി പഠനം പൂർത്തിയാക്കിയശേഷം സെറാംപൂർ യൂണിവേഴ്‌സിറ്റിയിൽ ദൈവശാസ്ത്രപഠനമാരംഭിച്ചു. തുടർന്ന്‌ അമേരിക്കയിലെ പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടി. 1976 ൽ കാൾ മാർക്‌സിനെയും ബോൺഹോഫറിനെയുംക്കുറിച്ചുള്ള തിയോളജി ഗവേഷണ പ്രബന്ധത്തിന്‌ (A Bonhoefferian corrective of Karl Marx's critique of Religion) കാലിഫോർണിയയിലുളള ബർക്കിലിയിലെ ഗ്രാജുവേറ്റ്‌ തിയോളജിക്കൽ യൂണിയനിൽനിന്നും ഡോക്ടറേറ്റ്‌ ലഭിച്ചു. പി.എച്ച്.ഡി. ലഭിച്ചു.

58-ൽ വൈദിക വൃത്തിയിലെ ആദ്യപദവികളിലേക്ക്‌ പ്രവേശിക്കുകയും കലാലയപഠനം തുടരുകയും ചെയ്തു. 1965-ൽ പൂർണ്ണ വൈദികനായി. 1968-ൽ പൌരസ്ത്യ കൽദായ സുറിയാനിസഭയിലെ ബിഷപ്പായി ഉയർത്തപ്പെട്ടു. 1976-നുശേഷം രണ്ടുതവണ എസ്.സി.എം കേരളശാഖയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ചെക്കോസ്ലോവാക്കിയ ആസ്ഥാനമായുള്ള ക്രൈസ്തവ സമാധാന സംഘനയുടെ ഇന്ത്യയിലെ പ്രസിഡണ്ടായും ജനീവ കേന്ദ്രമായുള്ള ലോക ക്രൈസ്തവ വിദ്യാർത്ഥി ഫെഡറേഷന്റെ ചെയർമാനായും ദീർഘകാലം പ്രവർത്തിച്ചു. കേരളത്തിലെ കൽദായ സുറിയാനി സഭയിൽ ബിഷപ്പായിരുന്ന അദ്ദേഹം വേൾഡ് സ്റ്റുഡൻ്റ് ക്രിസ്ത്യൻ ഫെഡറേഷന്റെ പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[3] അനേകം തവണ അന്തർദ്ദേശീയ എക്യുമെനിക്കൽ സമ്മേളനങ്ങളിൽ പങ്കെടുത്തുകൊണ്ട്‌ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്‌. ഇതിനിടയിൽ 1989-ൽ ചൈനയിലെ ടിയാനാൻമെൻ സ്ക്വയറിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ദൃക് സാക്ഷിയാകേണ്ടി വന്നു.

ഒരു മതേതര ദൈവ ശാസ്ത്രജ്ഞൻ എന്ന് സ്വയം വിശേഷിപ്പിച്ച അദ്ദേഹം ആധുനിക ദൈവശാസ്ത്രത്തെ സാമൂഹിക തിന്മകൾക്കെതിരെ പോരാടാൻ ആയുധമാക്കി. മാർക്സിസവും കൃസ്തീയ ദർശനവും തമ്മിലുള്ള സംവാദത്തിന് നേതൃത്ത്വം നൽകി. വിമോചന ദൈവശാസ്ത്രത്തിന്റെ കേരളത്തിലെ പ്രധാന വക്താക്കളിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി തെരെഞ്ഞെടുത്ത പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.

  • സ്വാതന്ത്ര്യമാണ്‌ ദൈവം (1996)
  • നിശ്ശബ്ദരായിരിക്കാൻ നിങ്ങൾക്കെന്തധികാരം (1998)
  • ദൈവത്തെ ചരിത്രത്തിലേക്ക്‌ തുറന്നുവിടുക(2000)
  • മാർക്സിയൻ മത വിമർശനം(1980)
  • ചെറുത്തുനിൽപ്പിന്റെ സംസ്‌കാരം
  • തെരെഞ്ഞെടുത്ത പ്രബന്ധങ്ങൾ - ബിഷപ്പ് ഡോ പൗലോസ്മാർ പൗലോസ് (എഡിറ്റർ - ഇ.ഡി. ഡേവിസ്)
  • Encounter in Humanization: Insights for Christian-Marxist Dialogue and Cooperation[4]

പുരസ്കാരങ്ങൾ

തിരുത്തുക
  • വൈദികസാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമിയുടെ കെ.ആർ.നമ്പൂതിരി എൻഡോവ്മെൻറ് അവാർഡ് (1997)[5]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൗലോസ്‌_മാർ_പൗലോസ്‌&oldid=4108978" എന്ന താളിൽനിന്ന് ശേഖരിച്ചത്