സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യമേഖലകളിലെ അനീതിയുടെ നിർമ്മാർജ്ജനം ലക്ഷ്യമാക്കി യേശുക്രിസ്തുവിന്റെ പ്രബോധങ്ങളെ വ്യാഖ്യാനിക്കുകയും അതനുസരിച്ചുള്ള സാമൂഹ്യ-രാഷ്ട്രീയ സക്രിയതക്കുവേണ്ടി വാദിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കാ ചിന്താസരണിയാണ് വിമോചനദൈവശാസ്ത്രം. പാവങ്ങളുടെ സഹനത്തേയും സമരങ്ങളേയും ആശകളേയും മുൻനിർത്തിയുള്ള ക്രിസ്തുമതവിശ്വാസത്തിന്റെ വ്യാഖ്യാനമെന്നും, സാമൂഹസ്ഥിതിയേയും കത്തോലിക്കാവിശ്വാസത്തേയും ക്രിസ്തീയതയെ തന്നെയും ഇല്ലാത്തവന്റെ പക്ഷത്തു നിന്നു വിലയിരുത്താനുള്ള ശ്രമമെന്നും അനുകൂലികളും,[1] മാർക്സിസത്തിന്റെ ക്രൈസ്തവമുഖമെന്ന് വിമർശകരും അതിനെ വിശേഷിപ്പിക്കുന്നു. [2]

കാലക്രമേണ വിഭാഗീയതകളേയും പ്രാദേശികതകളേയും മറികടന്ന് ആഗോളതലത്തിൽ പ്രചരിച്ച വിമോചനദൈവശാസ്ത്രത്തിന്റെ പിറവി, 1950-60-കളിൽ ലത്തീൻ അമേരിക്കയിലെ കത്തോലിക്കാ സഭക്കുള്ളിൽ ആയിരുന്നു. ആ നാട്ടിൽ പരക്കെ നിലനിന്നിരുന്ന ദാരിദ്ര്യവും അതിനു കാരണമായിരുന്ന സാമൂഹ്യമായ അനീതികളും ഉണർത്തിയ ധാർമ്മരോഷമാണ് ഈ പ്രസ്ഥാനത്തിനു ജന്മം കൊടുത്തത്. പെറുവിലെ കത്തോലിക്കാ പുരോഹിതൻ ഗുസ്താവോ ഗുട്ടിയേരസാണ് വിമോചനദൈവശാസ്ത്രം എന്ന പേര് ഈ പ്രസ്ഥാനത്തിനു നൽകിയത്. ഗുട്ടിയേരസിന്റെ "എ തിയോളജി ഓഫ് ലിബറേഷൻ" വിമോചനദൈവശാസ്ത്രത്തിലെ പ്രമുഖരചനയാണ്. ബ്രസീലിലെ ലിയനാർഡോ ബോഫ്, എൽ സാൽവദോറിലെ ജോൺ സോബ്രിനോ, ഓസ്മാർ റൊമേരോ, ഉറുഗ്വേയിലെ ഹുവാൻ ലൂയീസ് സെഗുൻടോ എന്നിവരും വിമോചന ദൈവശാസ്ത്രത്തിന്റെ വളർച്ചയെ സ്വാധീനിച്ചവരാണ്.[3][4]

വത്തിക്കാന്റെ കീഴിലുള്ള വിശ്വാസതിരുസംഘം മാർക്സിസ്റ്റ് സിദ്ധാന്തങ്ങളോടുള്ള അമിതാശ്രയത്തിന്റെ പേരിൽ 1984-ലും 1986-ലും വിമർശിച്ചതോടെ വിമോചനദൈവശാസ്ത്രത്തിന്റെ സ്വാധീനം ക്ഷയിക്കാൻ തുടങ്ങി. സാമൂഹികവും സ്ഥാപനവൽക്കൃതവുമായ തിന്മയുടെ വിമർശനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച് വൈയക്തികമായ പാപങ്ങളെ നിസ്സാരവൽക്കരിച്ചതിനും, ലത്തീൻ അമേരിക്കയിലെ കത്തോലിക്കാ സഭയുടെ അധികാരശ്രേണിയെ തദ്ദേശീയജനതയെ ചൂഷണം ചെയ്യുന്ന സ്ഥാപിതതാല്പര്യങ്ങളുടെ ഭാഗമായി ചിത്രീകരിച്ചതിനും വത്തിക്കാൻ ഈ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തി.[5]

  1. Berryman, Phillip, Liberation Theology: essential facts about the revolutionary movement in Latin America and beyond(1987)
  2. "David Horowitz first describes liberation theology as 'a form of Marxised Christianity,' which has validity despite the awkward phrasing, but then he calls it a form of 'Marxist–Leninist ideology,' which is simply not true for most liberation theology..." Robert Shaffer, "Acceptable Bounds of Academic Discourse Archived 2013-09-04 at the Wayback Machine.," Organization of American Historians Newsletter 35, November, 2007. URL retrieved 12 July 2010.
  3. Richard P. McBrien, Catholicism (Harper Collins, 1994), chapter IV.
  4. Gustavo Gutierrez, A Theology of Liberation, First (Spanish) edition published in Lima, Peru, 1971; first English edition published by Orbis Books (Maryknoll, New York), 1973.
  5. Wojda, Paul J., "Liberation theology", in R.P. McBrien, ed., The Catholic Encyclopedia (Harper Collins, 1995).
"https://ml.wikipedia.org/w/index.php?title=വിമോചനദൈവശാസ്ത്രം&oldid=3951472" എന്ന താളിൽനിന്ന് ശേഖരിച്ചത്