പ്രോക്സി വോട്ട്
സൈനിക- അർദ്ധസൈനിക വിഭാഗങ്ങളിൽ സേവനമനുഷ്‌ഠിക്കുന്നവർക്ക് വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ (പ്രോക്സി) നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്ന സംവിധാനമാണ് പ്രോക്സി വോട്ട് അഥവാ മുക്ത്യാർ വോട്ട്. വോട്ടറുടെ പകരക്കാരനെ സംബന്ധിച്ച അപേക്ഷ ഒന്നാം ക്ളാസ്സ് മജിസ്രേട്ടോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണം. അപേക്ഷ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചു കഴിഞ്ഞാൽ വോട്ടു ചെയ്യാം. പ്രവാസികൾക്കുകൂടി ഭാവിയിൽ ഇത്തരത്തിൽ പ്രോക്സി വോട്ട് ചെയ്യുവാനാകുന്നവിധം വോട്ടിംഗ് സംവിധാനം പരിഷ്കാരിക്കുവാനുള്ള നടപടികളുമായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മുന്നോട്ട് പോകുന്നുണ്ട്. [1]
നിബന്ധനകൾ
തിരുത്തുക- വോട്ടർ പട്ടികയിലുള്ള സൈനികൻ/ അർദ്ധസൈനികൻ നിയോഗിക്കുന്ന അതേ മണ്ഡലത്തിലുള്ള, വോട്ടർ പട്ടികയിൽ പേരുള്ള പ്രതിനിധിക്കാണ് പ്രോക്സി വോട്ട് ചെയ്യാനാകുക.
- വോട്ട് ചെയ്യാൻ നിയോഗിക്കുന്ന പ്രതിനിധിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വ്യക്തമാക്കി കൊണ്ട് തിരഞ്ഞെടുപ്പിന്റെ ആറു മാസം മുൻപ് റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകണം.
- ഒരു തവണ നിയോഗിക്കുന്ന പ്രതിനിധിക്ക്, അതേ വോട്ടർക്ക് വേണ്ടി തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.
- ഈ വ്യക്തിയെ മാറ്റാനും വോട്ടർക്ക് അവകാശമുണ്ടാവും. പ്രോക്സി വോട്ടറുടെ പകരക്കാരനെ സംബന്ധിച്ച അപേക്ഷ ഒന്നാം ക്ലാസ് മജിസ്ട്രേട്ടോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണം. അപേക്ഷ തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചു കഴിഞ്ഞാൽ പകരക്കാരനു തിരിച്ചറിയൽ രേഖയുമായി വന്ന് വോട്ടു ചെയ്യാം.
- പ്രോക്സി വോട്ടിന്റെ പേരിൽ മറ്റാർക്കും വോട്ടറുടെ പേരിൽ വോട്ട് ചെയ്യാൻ സാധിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന ദിവസം നാട്ടിലുണ്ടാകില്ലെന്ന് ഉറപ്പായ വോട്ടർ ഇതിനു മാസങ്ങൾക്ക് മുൻപേ റിട്ടേണിങ് ഓഫീസർക്ക് പ്രതിനിധിയാരെന്ന് വ്യക്തമാക്കി പ്രോക്സി വോട്ടിന് അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നൽകിയിരിണം.
- പ്രോക്സി വോട്ടിനായുള്ള അപേക്ഷയോടൊപ്പം നിർദ്ദേശിച്ചിട്ടുള്ള വ്യക്തിക്ക് മാത്രമേ അദ്ദേഹത്തിന്റെ പ്രതിനിധിയായി വോട്ട് രേഖപ്പെടുത്താൻ സാധിക്കുകയുള്ളു. അപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ള പ്രതിനിധിക്ക് പകരം ആരു വന്നാലും വോട്ട് ചെയ്യാൻ അവസരം ലഭിക്കില്ല.
ഭേദഗതികൾ
തിരുത്തുകപ്രവാസികൾക്ക് പ്രോക്സി വോട്ട് സൗകര്യം നൽകാനായി 1950 ലെയും 1951ലെയും ജനപ്രാതിനിധ്യ നിയമങ്ങളിലെ 20, 60 വകുപ്പുകളുടെ ഭേദഗതികൾക്ക് ലോക്സഭ അനുമതി നൽകി.
ഭാവിയിൽ പ്രവാസികൾക്കും
തിരുത്തുകപ്രവാസികൾക്കു വിദേശത്തുവച്ചു തന്നെ വോട്ടു ചെയ്യാൻ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് ദുബായിലെ പ്രമുഖ സംരംഭകൻ കൂടിയായ ഡോ. വി. പി. ഷംഷീർ സുപ്രീംകോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന്, ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടു വ്യക്തമാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിൻ പ്രകാരം പാർലമെന്റിന്റെ 2017 ലെ ശീതകാലസമ്മേളനത്തിൽ ഈ ബിൽ കൊണ്ടുവരുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ ഉറപ്പു നൽകി. [2]
കേരളത്തിൽ ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലും കുറഞ്ഞത് 15000 പ്രവാസി വോട്ടർമാരെങ്കിലും ഉണ്ടാവും എന്നാണ് സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് നടത്തിയ പഠനം പറയുന്നത്. പ്രവാസി മലയാളികളുടെ എണ്ണം 30 ലക്ഷം വരും എന്നാണ് കണക്കാക്കുന്നത്.