കംപാനിയൻ വോട്ട് (സഹായിവോട്ട്)

വാർദ്ധക്യസഹജമായ അവശതയോ അന്ധതയോ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളോ ശാരീരിക വൈകല്യങ്ങളോ ഉള്ളവർക്ക് വോട്ട് രേഖപ്പെടുത്താനൻ ഏർപ്പെട്ടിരിക്കുന്ന സംവിധാനമാണ് കംപാനിയൻ വോട്ട് അഥവാ സഹായിവോട്ട്. ഇതുപ്രകാരം, വോട്ടർക്കു വേണ്ടി, അയാൾ നിയോഗിക്കുന്ന മറ്റൊരാൾക്ക് വോട്ടു രേഖപ്പെടുത്താൻ അനുമതി ലഭിക്കും. പക്ഷേ, ഒരു നിബന്ധനയുണ്ട്- എത്ര അവശതയിലാണെങ്കിലും കംപാനിയനോടോപ്പം യഥാർത്ഥ വോട്ടർ ബൂത്തിൽ എത്തിയിരിക്കണം. [1]

ബന്ധപ്പെട്ട വകുപ്പ്

തിരുത്തുക

1961ലെ കണ്ടക്റ്റ്‌ ഓഫ് ഇലക്ഷൻ റൂൾസ് (സ്റ്റാറ്റ്യുട്ടറി റൂൾസ് ആൻഡ് ഓർഡർ) വകുപ്പ് 49എൻ പ്രകാരം കംപാനിയൻ വോട്ട് അഥവാ ഓപ്പൺ വോട്ട് പൂർണ്ണമായും നിയമപരമാണ്.

നടപടിക്രമങ്ങൾ

തിരുത്തുക

കംപാനിയൻ വോട്ടിന് ചട്ടപ്രകാരമുള്ള നടപടിക്രമങ്ങളുണ്ട്. പ്രിസൈഡിംഗ് ഓഫീസറെ വിവരം അറിയിച്ച്, ഇതിനായുള്ള 14-എ ഫോറം പൂരിപ്പിച്ചു നൽകണം. യഥാർത്ഥ വോട്ടർക്ക് വോട്ട് രേഖപ്പെടുത്താനാകാത്ത വിധം ശാരീരിക അവശതയുണ്ടെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോദ്ധ്യപ്പെടണം. കൂട്ടാളിയായി വോട്ടർക്കൊപ്പമെത്തിയ ആളുടെ പേരും മേൽവിലാസവും, അയാൾ എത്രമാത് ബൂത്തിലെ വോട്ടറാണെന്ന വിവരവും സത്യപ്രസ്‌താവനയായി നൽകണം. ഇപ്രകാരം സഹായിയാകുന്നയാൾ മറ്റൊരു സമ്മതിദായകനു വേണ്ടിയും ഒരു പോളിങ് സ്റ്റേഷനിലും ഓപ്പൺ വോട്ട് ചെയ്തിട്ടില്ലെന്നും, താൻ രേഖപ്പെടുത്തിയ കംപാനിയൻ വോട്ട് രഹസ്യമായി തന്നെ സൂക്ഷിച്ചുകൊള്ളാമെന്നും രേഖാമൂലം പ്രിസൈഡിങ് ഓഫീസർക്ക് ഉറപ്പ് നൽകണം. എത്രത്തോളം സഹായം ആവശ്യമാണെന്ന് തീരുമാനിക്കേണ്ടത് പ്രിസൈഡിങ് ഓഫിസറാണ്. ഇതിനാണ് 14എ ഫോം പൂരിപ്പിച്ചു വാങ്ങുന്നത്. [2]

സ്ഥാനാർത്ഥികൾക്കോ തെരഞ്ഞെടുപ്പ് ഏജന്റിനോ ഇപ്രകാരം വോട്ട് ചെയ്യാൻ സഹായിക്കാം. എന്നാൽ പ്രിസൈഡിങ് ഓഫീസർക്കോ മറ്റേതെങ്കിലും തെരഞ്ഞെടുപ്പ് ഓഫീസർമാർക്കോ ഇതിന് സാധിക്കില്ല. ചെയ്യപ്പെടുന്ന ഓരോ ഓപ്പൺ വോട്ടും പ്രിസൈഡിങ് ഓഫീസർ ലിസ്റ്റുകളായി ഫോം 14A യിൽ പ്രത്യേകം സൂക്ഷിക്കണം.

നിബന്ധനകൾ

തിരുത്തുക

ഒരാൾക്ക് ഒരു കംപാനിയൻ വോട്ട് മാത്രമേ ചെയ്യാനാകൂ. കംപാനിയൻ വോട്ട് രേഖപ്പെടുത്തുന്നത്, വോട്ടു ചെയ്‌തയാളുടെ വലതു ചൂണ്ടുവിരലിലാണ്. അതിനൊപ്പം യഥാർത്ഥ വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും മഷി പുരട്ടും. കംപാനിയൻ വോട്ടർ യഥാർത്ഥ വോട്ട് രേഖപ്പെടുത്തുമ്പോൾ അയാളുടെ ഇടതു ചൂണ്ടുവിരലിൽ മഷി പുരട്ടും. കംപാനിയൻ വോട്ട് രേഖപ്പെടുത്തുന്നയാൾ ആ വോട്ട് ആർക്കാണ് ചെയ്‌തതെന്ന് മറ്റുള്ളവരോട് പരസ്യപ്പെടുത്തരുതെന്നാണ് ചട്ടം. [3]

കംപാനിയൻ വോട്ടിന്റെ സാധുത

തിരുത്തുക

റൂൾ 49N (1) ൽ പറയുന്നതുപോലെയാവണം ഓപ്പൺ വോട്ടിൻറെ നടപടിക്രമം. പ്രിസൈഡിങ് ഓഫീസറുടെ അനുമതിയോടെയാവണം വോട്ടു ചെയ്യുന്നത്.

പോളിങ് സ്റ്റേഷനിലുള്ള തെരഞ്ഞെടുപ്പ് ഏജന്റുമാർ തൽസമയം വോട്ട് എതിർക്കാതിരിക്കുകയും പിന്നീട് പ്രിസൈഡിങ് ഓഫീസർ ഫോം 14A യിൽ അതു രേഖപ്പെടുത്തുകയും ചെയ്താൽ ഓപ്പൺ വോട്ട് നിയമാനുസൃതമാകുന്നു. വീണ്ടുമൊരവസരത്തിൽ ഇതിൽ എതിർപ്പുന്നയിക്കാൻ കഴിയില്ല. പ്രിസൈഡിങ് ഓഫീസർക്ക് മുൻപാകെ ഉറപ്പ് നൽകി വോട്ട് ചെയ്യുന്ന സമയം ഏതെങ്കിലും പോളിങ് ഏജന്റ് പരാതിപ്പെട്ടില്ലെങ്കിൽ അതൊരു സാധുതയുള്ള വോട്ടാണ്.

പാലിക്കേണ്ട വ്യവസ്ഥകൾ

തിരുത്തുക
  • കാഴ്ചയില്ലാത്തതിനാൽ ചിഹ്നം തിരിച്ചറിയാൻ സാധിക്കാത്തവർക്കും വോട്ടിങ് യന്ത്രത്തിലെ ബട്ടൻ അമർത്താൻ സാധിക്കാത്തവർക്കും വോട്ടിങ് യന്ത്രമുള്ളിടത്തേക്ക് എത്താൻ പ്രയാസമുള്ളവർക്കും പോളിങ് ബൂത്തിൽ സഹായം തേടാം. 
  • 18 വയസ്സെങ്കിലും ഉള്ളയാളെയാണ് സഹായിയായി അനുവദിക്കുക.
  • ബട്ടൻ അമർത്താൻ സാധിക്കുന്ന വോട്ടറാണെങ്കിൽ, സഹായിക്ക് വോട്ടിങ് കംപാർട്ട്മെന്റ് വരെ (ഇവിഎം വച്ചിരിക്കുന്ന സ്ഥലം വരെ) അനുഗമിക്കാം. വോട്ട് ചെയ്യേണ്ടത് യഥാർഥ വോട്ടർ തന്നെ. (എത്രമാത്രം സഹായം വേണം എന്നത് തീരുമാനിക്കേണ്ടത് പ്രിസൈഡിങ് ഓഫിസർ)
  • വോട്ടർക്കു വേണ്ടി സഹായിയാണ് വോട്ട് രേഖപ്പെടുത്തുന്നതെങ്കിൽ, ഈ വോട്ടു സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിക്കുമെന്ന് സഹായി നിശ്ചിത ഫോമിൽ പ്രിസൈഡിങ് ഓഫിസർക്ക് എഴുതി നൽകണം. 
  • സഹായി – വോട്ടെടുപ്പു ദിവസം ഒരാൾക്ക് ഒരു തവണ മാത്രമേ വോട്ടറുടെ സഹായിയായി പ്രവർത്തിക്കാൻ അനുവാദമുള്ളു.
  • സഹായിയാണ് വോട്ട് രേഖപ്പെടുത്തിയതെങ്കിൽ, ആ വ്യക്തിയുടെ വലത്തെ ചൂണ്ടു വിരലിൽ മഷി പുരട്ടണം. 
  • എത്ര പേർ പരസഹായത്തോടെ വോട്ട് രേഖപ്പെടുത്തി എന്നതിന്റെ വിവരങ്ങൾ പ്രിസൈഡിങ് ഓഫിസർ സൂക്ഷിക്കണം.
  • തിരഞ്ഞെടുപ്പു ജോലിയിലുള്ളവർക്ക് സഹായിയാവാൻ അനുവാദമില്ല.

ഇതും കാണുക

തിരുത്തുക

തപാൽ വോട്ട്

പ്രോക്സി വോട്ട്

ഓപ്പൺ ബാലറ്റ്

  1. മലയാള മനോരമ [1] ശേഖരിച്ചത് 2019 ജൂലൈ 20
  2. മീഡിയ വൺ [2] ശേഖരിച്ചത് 2019 ജൂലൈ 20
  3. ഏഷ്യാനെറ്റ് ന്യൂസ് [3] ശേഖരിച്ചത് 2019 ജൂലൈ 20