തപാൽ വോട്ട്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
മറ്റൊരിടത്ത് തിരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും സൈനിക വിഭാഗങ്ങളിലുള്ളവർക്കും തപാൽ സംവിധാനത്തിലൂടെ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനുള്ള സംവിധാനമാണ് തപാൽ വോട്ട് അഥവാ പോസ്റ്റൽ വോട്ട്. [1]
നടപടിക്രമങ്ങൾ
തിരുത്തുകവോട്ടെടുപ്പ് ദിനത്തിന് കുറഞ്ഞത് ഏഴു ദിവസം മുൻപോ വരണാധികാരി അനുവദിക്കുന്ന കുറഞ്ഞ കാലാവധിക്കു മുൻപോ സമ്മതിദായകന് തപാൽ വോട്ടിന് അപേക്ഷിക്കാം. വരാണാധികാരിക്കു സമ്മതിദായകൻ ഡ്യൂട്ടിയിൽ ഉൾപ്പെടുന്നതാണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാൽ പോസ്റ്റൽ ബാലറ്റ് നൽകും. പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിയിൽ നിയോഗിക്കുന്ന ഓഫീസർമാർക്ക് പുറമേ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസുകളിലെയും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലെയും, ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും, ഒബ്‌സർവർമാർ, സെക്ടറൽ ഓഫീസർമാർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്കും പോസ്റ്റൽ ബാലറ്റുകൾ വഴി വോട്ട് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കും. [2]
1. തപാൽ വോട്ടുകൾ വീട്ടുമേൽവിലാസത്തിലോ, ഔദ്യോഗിക മേൽവിലാസത്തിലോ മാത്രമാണ് അയച്ചു നൽകുന്നത്.
2. തപാൽ വോട്ടുകൾ സമാഹരിക്കാനോ, അതിലിടപെടാനോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ മുന്നണിയോ അവകാശമില്ല.
തപാൽവോട്ടുകളുടെ എണ്ണൽ
തിരുത്തുകവോട്ടെണ്ണൽ ദിനം ആദ്യം എണ്ണിത്തുടങ്ങുക തപാൽവോട്ടുകളാണ്. എന്നാൽ തപാൽവോട്ടുകൾ എണ്ണിത്തീർന്ന ശേഷമേ വോട്ടുയന്ത്രത്തിലെ വോട്ടുകൾ എണ്ണാവൂ എന്ന് വ്യവസ്ഥയില്ല. എന്നാൽ യന്ത്രത്തിലെ എണ്ണലിന്റെ അവസാന റൗണ്ടിനു തൊട്ടുമുമ്പുള്ള റൗണ്ട് ആരംഭിക്കും മുമ്പ് തപാൽ വോട്ടുകളുടെ എണ്ണൽ പൂർത്തിയായിരിക്കണമെന്നാണ് വ്യവസ്ഥ.
വോട്ടെണ്ണലിന്റെ തലേന്ന് വരണാധികാരി അതുവരെ ലഭിച്ച തപാൽ വോട്ടുകളുടെ കണക്ക് നിരീക്ഷകന് നൽകും. വോട്ടെണ്ണൽ ദിനത്തിൽ എണ്ണൽ തുടങ്ങുന്ന സമയം വരെ ലഭിച്ച തപാൽ വോട്ടുകളുടെ എണ്ണം സംബന്ധിച്ച വിവരവും നൽകും. തപാൽ വോട്ടുകൾ ഓരോ റൗണ്ടിലും 500ൽ അധികം എണ്ണാറില്ല. സ്ഥലലഭ്യത അനുസരിച്ച് ഇതിനായി കൂടുതൽ മേശകൾ ക്രമീകരിക്കാമെങ്കിലും ഇത് പരമാവധി നാലുവരെയാകാമെന്നാണ് വ്യവസ്ഥ. തപാൽ വോട്ട് പരിഗണിക്കുമ്പോൾ വോട്ട് അടയാളപ്പെടുത്തുന്നതിന് പ്രത്യേക അടയാളം നിശ്ചയിച്ചിട്ടില്ലെങ്കിലും സമ്മതിദായകനെ തിരിച്ചറിയുന്ന തരത്തിൽ പേര്, ഒപ്പ് പോലുള്ളവ പാടില്ല. [3]
തപാൽ വോട്ടുകൾ നിരസിക്കപ്പെടാം
തിരുത്തുകവിവിധ കാരണങ്ങളാൽ തപാൽ വോട്ടുകൾ നിരസിക്കപ്പെടാമെന്ന് 56(2) ചട്ടം വിശദീകരിക്കുന്നു. വോട്ടു രേഖപ്പെടുത്താതിരിക്കുക, ഒന്നിലധികം പേർക്ക് വോട്ടു രേഖപ്പെടുത്തുക, വ്യാജമായ അല്ലെങ്കിൽ സാധുവല്ലാത്ത ബാലറ്റാണെങ്കിൽ, യഥാർഥ ബാലറ്റാണെന്നു തിരിച്ചറിയാൻ കഴിയാത്ത വിധം കേടുപാടുകൾ ഉള്ളതാണെങ്കിൽ, വരണാധികാരി നൽകിയ 13സിയിലുള്ള കവറിലല്ല തിരിച്ചുവന്നതെങ്കിൽ, ഏതു സ്ഥാനാർഥിക്കാണ് വോട്ട് എന്ന് നിർണയിക്കുന്നതിന് കഴിയാതെ വന്നാൽ, വോട്ടറെ തിരിച്ചറിയാൻ സഹായകമാകുന്ന അടയാളം വല്ലതുമുണ്ടെങ്കിൽ തുടങ്ങിയ കാരണങ്ങളാലാണ് വോട്ടു നിരസിക്കപ്പെടുക. എന്നാൽ ഒരു സ്ഥാനാർത്ഥിക്ക് ഒന്നിലേറെ തവണ വോട്ട് രേഖപ്പെടുത്തുന്നത് നിരസിക്കുന്നതിന് മതിയായ കാരണമല്ല.
- ഒരു സ്ഥാനാർത്ഥിക്ക് ബാലറ്റിൽ അനുവദിച്ചിട്ടുള്ള സ്ഥലത്ത് എവിടെ വേണമെങ്കിലും വോട്ട് അടയാളപ്പെടുത്താം.
- നിരസിക്കപ്പെടുന്ന ഓരോ തപാൽ വോട്ടിലും വരണാധികാരി "റിജക്ടഡ്" എന്ന് എഴുതിയോ മുദ്രവച്ചോ പ്രത്യേക കവറിലാക്കി സൂക്ഷിക്കണം.
തപാൽ വേട്ടുകളുടെ ഫലപ്രഖ്യാപനം
തിരുത്തുകഎല്ലാതരത്തിലും സാധുവായ വോട്ടു കണ്ടെത്തി ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുകൾ നിശ്ചിത എണ്ണം വീതമുള്ള കെട്ടുകളാക്കി ഓരോ സ്ഥാനാർഥിക്കും ലഭിച്ച ആകെ വോട്ടുകൾ തിട്ടപ്പെടുത്തും. 20ാം നമ്പർ ഫോറത്തിൽ ഫലം രേഖപ്പെടുത്തിയാണ് പ്രഖ്യാപനം. സാധുവായതും അസാധുവായതും ആയ ബാലറ്റുകൾ വെവ്വേറെ കെട്ടുകളാക്കി ഒരേ കവറിൽ വച്ച് വരണാധികാരി, സ്ഥാനാർത്ഥിയുടെയോ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ ചീഫ് ഏജന്റിന്റെയോ ഒപ്പോടുകൂടി മുദ്ര വച്ച് സൂക്ഷിക്കും.
അന്തിമഫലം പ്രഖ്യാപിക്കുമ്പോൾ ജയിച്ച സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം ആകെ ലഭിച്ച തപാൽ വോട്ടുകളേക്കാൾ കുറവാണെങ്കിൽ എല്ലാ തപാൽ വോട്ടുകളും നിർബന്ധമായും വരണാധികാരി, നിരീക്ഷകൻ എന്നിവരുടെ സാന്നിധ്യത്തിൽ പുനഃപരിശോധിക്കും. ഈ പ്രക്രിയ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കും. എന്നാൽ വോട്ടിങ്ങിലെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്നില്ല എന്നും ഉറപ്പാക്കണം. പകർത്തിയ രംഗം പൂർണ്ണമായും ലേഖനം ചെയ്ത രേഖ പ്രത്യേക കവറുകളിൽ ഭാവിയിൽ ആവശ്യമായി വന്നേക്കാവുന്ന പരിശോധയ്ക്കായി മുദ്രവെച്ച് സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ.
തപാൽ വോട്ട് രണ്ടുതരം
തിരുത്തുകതപാൽ വോട്ടുകൾ വരണാധികാരിയുടെ മേൽനോട്ടത്തിലാണ് എണ്ണുന്നത്. തപാൽ വോട്ട്, ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് തപാൽ വോട്ട് (ഇ.ടി.പി.ബി.) എന്നിങ്ങനെ രണ്ടുതരം തപാൽ വോട്ടുകളാണ് ഉള്ളത്. ഇവ രണ്ടും തപാൽ മാർഗ്ഗം തന്നെയാണ് വരണാധികാരിക്കു ലഭിക്കുന്നത്. എന്നാൽ സാധാരണ തപാൽ വോട്ട് വരണാധികാരിക്ക് നേരിട്ടു കൈമാറാം. എന്നാൽ വോട്ടെണ്ണൽ തുടങ്ങാൻ നിശ്ചയിച്ച സമയത്തിനു മുമ്പേ അവ വരണാധികാരിക്കു കൈമാറിയിരിക്കണം. ഈ സമയത്തിനു ശേഷം ലഭിക്കുന്ന ഒരു തപാൽ വോട്ടും വോട്ടെണ്ണലിൽ ഉൾപ്പെടുത്തില്ല. ഇവ ലഭിച്ച സമയം ഉൾപ്പെടെയുള്ള കാരണം എഴുതി വലിയ കവറിലാക്കി മാറ്റി സൂക്ഷിക്കും.
വോട്ടെണ്ണലിനു നിശ്ചയിച്ച സമയം വരെ ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും വോട്ടെണ്ണലിൽ പരിഗണിക്കും. തപാൽ വോട്ടുകൾ 13 ബി എന്ന കവറിലാകും ഉണ്ടാകുക. ഈ കവർ 13എയിലുള്ള പ്രഖ്യാപനത്തോടൊപ്പം 13സി കവറിനുള്ളിൽ നിക്ഷേപിച്ചാകും വരണാധികാരിക്ക് ലഭിക്കുക. ഇവയുടെ പരിശോധനയിൽ നാലു കാരണങ്ങളാൽ തപാൽ വോട്ടുകൾ നിരസിക്കപ്പെടാം.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ 13 സി കവറുകൾ തുറക്കുന്നു. ഇവയിൽ 13എ, 13ബി കവറുകൾ ഉണ്ടാകും. ആദ്യം 13 എ പരിശോധിക്കും. 13 എ ഇല്ലാത്ത പക്ഷവും 13എയിൽ ഒപ്പുവച്ചിട്ടിലാത്ത പക്ഷവും 13എ യഥാവിധി സാക്ഷ്യപ്പെടുത്താത്ത പക്ഷവും 13എയിലെ സീരിയൽ നമ്പർ 13ബിക്കു പുറത്തുള്ള സീരിയൽ നമ്പരുമായി യോജിക്കാത്ത പക്ഷവും നിരസിക്കാം. എന്നാൽ സാക്ഷ്യപ്പെടുത്തേണ്ട ഉദ്യോഗസ്ഥന്റെ എല്ലാ വിവരവും ചേർത്തിട്ടുണ്ടെങ്കിൽ ഓഫീസ് മുദ്ര ഇല്ലെന്ന കാരണത്താൽ തള്ളിക്കളയുന്നതിന് മതിയായ കാരണമല്ല.
ഇത്തരത്തിൽ നിരസിക്കപ്പെടുന്ന 13ബിയിലുള്ള എല്ലാ എ കവറുകളും വരണാധികാരി മതിയായ വിവരമെഴുതി 13സിയിലുള്ള ബി കവറിൽ നിക്ഷേപിച്ച് അവ വലിയ കവറിലാക്കി മുദ്രവച്ച് മാറ്റിവയ്ക്കും.
സാധുവായ എല്ലാ 13എയും പുറത്ത് വിശദാംശമെഴുതിയ കവറിൽ സൂക്ഷിക്കും. തുടർന്നാണ് സാധുവായ എ (13ബി) കവറുകൾ പരിഗണിക്കുക. ഇവയോരോന്നും തുറന്ന് തപാൽ വോട്ടുകൾ പുറത്തെടുക്കും. [4]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ ജന്മഭൂമി [1] Archived 2019-07-20 at the Wayback Machine ശേഖരിച്ചത് 2019 ജൂലൈ 20
- ↑ ദേശാഭിമാനി [2] Archived 2019-07-20 at the Wayback Machine ശേഖരിച്ചത് 2019 ജൂലൈ 20
- ↑ രാഷ്ട്രദീപിക [3] ശേഖരിച്ചത് 2019 ജൂലൈ 20
- ↑ ദേശാഭിമാനി [4] Archived 2019-07-20 at the Wayback Machine ശേഖരിച്ചത് 2019 ജൂലൈ 20