പ്രാഥമിക ആരോഗ്യ കേന്ദ്രം

(പ്രൈമറി ഹെൽത്ത് സെൻ്റർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആളുകൾക്ക് അടിസ്ഥാന പരമായ ആരോഗ്യ സംരക്ഷണം പ്രദാനം ചെയ്യുക എന്നുള്ളതാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന ധർമ്മം. 1946 ൽ  ഭോർ കമ്മിറ്റി ആണ് ഇന്ത്യയിൽ പ്രാഥമിക ആരോഗ്യം എന്ന ആശയം ആദ്യമായി ഉണ്ടാക്കുന്നത്. രോഗചികിത്സക്കും രോഗപ്രതിരോധത്തിനും മുൻ‌തൂക്കം നൽകി ജനങ്ങളുടെ ആവാസവ്യവസ്ഥക്ക് അടുത്ത് ആരോഗ്യ കേന്ദ്രം സ്ഥാപിക്കുക എന്ന ലക്‌ഷ്യം ആണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെ  നേടിയെടുക്കാൻ ശ്രമിക്കുന്നത്. നഗര ഗ്രാമ വ്യത്യാസം ഇല്ലാതെ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കാണാം. താരതമ്യേന ചികിത്സ സൗകര്യങ്ങൾ കുറവുള്ള ഗ്രാമീണ മേഖലയിൽ ഇവയുടെ പ്രവർത്തനം അതുല്യമാണ്. അതുവഴി ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ആശ പ്രവർത്തകർ തുടങ്ങിയ ആരോഗ്യ പ്രവർത്തകരുടെ സേവനം ജനങ്ങൾക്ക് അവരുടെ താമസ സ്ഥലത്തിന് സമീപം ലഭ്യമാകുന്നു. ഗുരുതരമായ രോഗം ഉള്ളവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി വലിയ ആശുപത്രിയിലേക്ക് റെഫർ ചെയ്യുവാനും സാധിക്കുന്നു.

പ്രാഥമിക ആരോഗ്യ കേന്ദ്രം
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
കേരളത്തിലെ കാസർഗോഡ് ജില്ലയിൽ നീലേശ്വരം കാര്യംകോട് സ്ഥിതിചെയ്യുന്ന ഒരു നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം

1950 ൽ 725 പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രം ഉണ്ടായിരുന്ന ഭാരതത്തിൽ  2014 ൽ 25000 ൽ അധികം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടെന്ന് കണക്കുകൾ  സൂചിപ്പിക്കുന്നു. ദേശീയ ആരോഗ്യ നയം അനുസരിച്ചു ഓരോ 30000 ജനങ്ങൾക്കും ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം വേണം എന്നാണ് നിർദ്ദേശം. കേരളത്തിൽ ഇവ കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്ന കുടുംബാരോഗ്യ കേന്ദ്രം അഥവാ ഫാമിലി ഹെൽത്ത്‌ സെന്റർ ആയി ഉയർത്തിയിട്ടുണ്ട്.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ 

തിരുത്തുക

1 . ജനങ്ങളുടെ ആരോഗ്യ സംരക്ഷണം

2 . കുടുംബാസൂത്രണം അഥവാ ഗർഭനിരോധന മാർഗങ്ങൾ ലഭ്യമാക്കുക

3 . ശുദ്ധജല വിതരണം

4 . ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളുടെ കണക്കെടുപ്പ് 

5 . ആരോഗ്യ ബോധവൽകരണം 

6 . ആരോഗ്യ പ്രവർത്തകരുടെ പരിശീലനം 

7 . അടിസ്ഥാന ലാബറട്ടറി സംവിധാനം

8. വാക്‌സിനേഷൻ

മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഗ്രാമീണ മേഖലയിലെ പരിശീലനത്തിനായി 3 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മെഡിക്കൽ കോളേജുകളോട്  അനുബന്ധമായി പ്രവർത്തിക്കുന്നുണ്ട് .

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജോലിക്കാരുടെ വിന്യാസം 

തിരുത്തുക

ഒരു മെഡിക്കൽ ഓഫീസർ, ഒരു നഴ്സിംഗ് ഓഫീസർ, ഒരു ഫാർമസിസ്റ്റ്, ക്ലർക്കുമാർ, ലാബറട്ടറി വിദഗ്ദ്ധൻ, ഡ്രൈവർ എന്നിവർ ആണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രധാന പ്രവർത്തകർ. ഇവരെ കൂടാതെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ, പബ്ലിക് ഹെൽത്ത്‌ നേഴ്സ്, ആശമാർ തുടങ്ങിയ മറ്റു ആരോഗ്യ പ്രവർത്തകരും ജോലി ചെയ്യുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ നമ്മുടെ നാട്ടിലെ ജനങ്ങളുടെ  ആരോഗ്യ സംരക്ഷണത്തിൽ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നുണ്ട്. പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനും, പ്രതിരോധ കുത്തിവെപ്പ് അഥവാ വാക്‌സിനേഷൻ നൽകുന്നതിനും, കോപ്പർ ഐ.യു.ഡി അടക്കമുള്ള കുടുംബാസൂത്രണം നടപ്പിലാക്കുന്നതിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഹിക്കുന്ന പങ്കു മഹനീയമാണ്. അത് പോലെ തന്നെ പ്രധാനമാണ് ഗർഭിണികളുടെയും, നവജാത ശിശുക്കളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ വിവിധ പദ്ധതികൾ പ്ലാൻ ചെയ്യുന്നതും നടപ്പാക്കുന്നതും. ഗർഭകാല പരിചരണം സുഗമമായി നടപ്പാക്കാൻ ഗവൺമെന്റ് വിവിധ പദ്ധതികൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെ നടപ്പാക്കുന്നുണ്ട്.

കുടുംബാരോഗ്യ കേന്ദ്രം

തിരുത്തുക

കേരളത്തിൽ ആർദ്രം മിഷന്റെ ഭാഗമായി ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രവർത്തന സമയവും, സേവന ഘടകങ്ങളും, ആരോഗ്യ പ്രവർത്തകരുടെ എണ്ണവും വർധിപ്പിച്ചുകൊണ്ടാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ഇവയുടെ ഒ.പി. സമയം രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതലായി ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ തുടങ്ങിയവരെയും നിയമിച്ചിട്ടുണ്ട്. പലയിടത്തും ആധുനിക ലബോറട്ടികൾ, എൻസിഡി ക്ലിനിക്കുകൾ, തുടങ്ങിയവയും വ്യായാമത്തിനുള്ള സൗകര്യങ്ങൾ (യോഗ, വെൽനസ് സെന്റർ) എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ പൗരൻമാരുടേയും മാനസികവും ശാരീരികവുമായ ആരോഗ്യ സുസ്ഥിരത ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം.

കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ കാത്തിരിപ്പ് മുറികൾ, ഒ പി രജിസ്ട്രേഷൻ കൗണ്ടറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികൾ, കുത്തിവെപ്പ് മുറി, ഡ്രസിംഗ് റൂം, നിരീക്ഷണ മുറി, നഴ്സസ് സ്റ്റേഷൻ, ലാബ്, ഫാർമസി, ലാബ് കാത്തിരിപ്പ് മുറി, കാത്തിരിപ്പ് മുറികളിൽ രോഗികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനായി ടെലിവിഷൻ, എയർപോർട്ട് ചെയർ, ദിശാബോർഡുകൾ, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികൾ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന, സ്ത്രീ, ഭിന്നശേഷി സൗഹൃദമായാണ് നിർമ്മിക്കുന്നത്.

ഇതോടൊപ്പം തന്നെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രീ ചെക്കപ്പ്, പോസ്റ്റ് ചെക്കപ്പ്, കൗൺസിലിംഗ് സംവിധാനം, ദീർഘകാല ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധം, നിയന്ത്രണം, പുനരധിവാസം തുടങ്ങിയവ ലക്ഷ്യമിട്ടു കൊണ്ടുള്ള ശ്വാസ് പദ്ധതി, വിഷാദരോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ആശ്വാസം പദ്ധതി, മറ്റ് മാനസിക രോഗങ്ങളുടെ നിർണയത്തിനും, ചികിത്സയ്ക്കുമായി സമ്പൂർണ മാനസികാരോഗ്യം, കിടപ്പ് രോഗികൾക്ക് വേണ്ടി സാന്ത്വന പരിചരണം, ടെലി മെഡിസിൻ സംവിധാനം എന്നിവ ഉറപ്പു വരുത്തുന്നു.

1.http://www.arogyakeralam.gov.in/index.php/about-us/institutional-framework

2.http://www.arogyakeralam.gov.in/index.php/about-us/goals

3.http://www.arogyakeralam.gov.in/index.php/about-us/essence-of-nrhm-implementation-in-the-state

4.http://www.thenewsminute.com/article/kerala-government-launches-flagship-projects-under-nava-mission-52728