വോംസ് കൂട്ടക്കൊല (1096)
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജർമനിയിലെ വോംസ് നഗരത്തിൽ നടന്ന ജൂതകൂട്ടക്കൊലയാണ് വോംസ് കൂട്ടക്കൊല (1096). കുറഞ്ഞത് 800 ജൂതന്മാർ അവിടെ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കൗണ്ട് എമിക്കോയുടെ കീഴിലുണ്ടായിരുന്ന ക്രിസ്ത്യൻ കുരിശുയോദ്ധാക്കൾ 1906 മെയ് മാസത്തിലാണ് ഈ കുരുതി നടത്തിയത്. ജർമ്മൻ കുരിശുയുദ്ധത്തിന്റെ ഭാഗമായാണ് ഈ കൂട്ടക്കൊല നടന്നത്.
സംഭവം
കൗണ്ട് എമിക്കോയുടെ സൈന്യം 1096 മെയ് 18-ന് വോംസ് പ്രദേശത്ത് എത്തിച്ചേർന്നു. ജൂതന്മാർ ഒരു ക്രിസ്ത്യാനിയെ ജീവനോടെ തിളപ്പിച്ചുവെന്നും ആ മൃതദേഹമുപയോഗിച്ച് പട്ടണത്തിലെ കിണറുകൾ വിഷമയമാക്കിയതായും കിംവദന്തികൾ പരന്നതോടെ ജനക്കൂട്ടം അക്രമാസക്തരാവുകയായിരുന്നു. കോട്ടക്കകത്ത് കുറേപ്പേർ അഭയം തേടി, തുടർന്ന് പുറത്ത് ബാക്കിയായവരാണ് ആദ്യം കൊലക്കിരയായത്[1].
എട്ടുദിവസങ്ങൾക്ക് ശേഷം പ്രദേശവാസികളുടെ സഹായത്തോടെ കോട്ടക്കകത്തേക്ക് ഇരച്ചുകയറിയ കൗണ്ട് എമിക്കോയുടെ സേന അഭയാർത്ഥികളുടെ കഴുത്തറുക്കുകയായിരുന്നു[2]. ജൂതന്മാരുടെ മാസാദ്യ പ്രാർത്ഥന നടന്നുകൊണ്ടിരിക്കവെയായിരുന്നു ക്രൂരമായ ഈ ആക്രമണം നടന്നത്[3].
800 മുതൽ 1000 വരെ മനുഷ്യരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. ആത്മഹത്യചെയ്തവരും നിർബന്ധിത മതപരിവർത്തനം ചെയ്യപ്പെട്ടവരുമൊഴികെയുള്ള കണക്കാണ് ഇത്[4]. പിടികൂടപ്പെട്ട പലരും മതപരിവർത്തനത്തിന് തയ്യാറാകാതെ വന്നതോടെ അവരും വധിക്കപ്പെടുകയായിരുന്നു[5].
അവലംബം
- ↑ Simon Schama, The History of the Jews, 1000 BCE–1492 CE, Vintage Books 2014 pp. 298–299.
- ↑ Runciman, Steven (2004). The First Crusade. Cambridge University Press. p. 65. ISBN 9780521611480.
- ↑ Kantor, Máttis (2005). Codex Judaica: Chronological Index of Jewish History, Covering 5,764 Years of Biblical, Talmudic & Post-Talmudic History. Zichron Press. p. 186. ISBN 9780967037837.
- ↑ "Worms". Jewish Encyclopedia. Retrieved 7 March 2014.
- ↑ Emily Taitz, Sondra Henry & Cheryl Tallan, The JPS Guide to Jewish Women: 600 B.C.E.to 1900 C.E., 2003