പോത്തേരി കുഞ്ഞമ്പു
അധസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത എഴുത്തുകാരനാണ് പോത്തേരി കുഞ്ഞമ്പു. അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത് സരസ്വതീവിജയം എന്ന നോവലാണ് .
Potheri Kunjambu Vakil | |
---|---|
ജനനം | Potheri Kunjambu Vakil, June 6, 1857 Kannur District |
മരണം | 1919 |
തൊഴിൽ | Poet, Lawyer, Social worker |
ജീവിതരേഖ
തിരുത്തുക1857 ജൂൺ 6-ന് കണ്ണൂരിനടുത്തുള്ള പള്ളിക്കുന്നിലെ പന്നേൻപാറ എന്ന സ്ഥലത്താണ് പോത്തേരി കുഞ്ഞമ്പുവിന്റെ ജനനം. അച്ഛൻ പോത്തേരി കുഞ്ഞക്കൻ നടത്തിയിരുന്ന എഴുത്തുപള്ളിയിൽ പഠിച്ച ശേഷം സംസ്കൃതത്തിലും മലയാളത്തിലും സാമാന്യം പണ്ഡിതനായ്യിരുന്ന ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കളുടെ കീഴിൽ പ്രാഥമികവിദ്യാഭ്യാസം നേടി. പിന്നീട് കണ്ണൂർ ഗവണ്മെന്റ് ഇംഗ്ലീഷ് സ്കൂളിൽ പഠിച്ച് മെട്രിക്കുലേഷൻ ജയിക്കുകയും ദാരിദ്ര്യംനിമിത്തം ഉപരിപഠനം മുടങ്ങുകയും ചെയ്തു. കോടതി ഗുമസ്തനായി സ്വല്പകാലം ജോലിനോക്കിയ കുഞ്ഞമ്പു പിന്നീട് നിയമപരീക്ഷ ജയിച്ച് വക്കീലായി തളിപ്പറമ്പിലും കണ്ണൂരും അഭിഭാഷകവൃത്തിയിൽ പ്രാഗല്ഭ്യം തെളിയിച്ചു. പ്രശസ്ത അഭിഭാഷകനായി ഉയർന്ന അദ്ദേഹം അറയ്ക്കൽ രാജകുടുംബത്തിന്റെ നിയമോപദേഷ്ടാവായിരുന്നു. ശ്രീനാരായണഗുരുവിന്റെ ആരാധകനായിരുന്നു കുഞ്ഞമ്പു വക്കീൽ. 1916-ൽ ഗുരു സുന്ദരേശ്വരക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കു കണ്ണൂരിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കുകയുണ്ടായി. എങ്കിലും യുക്തിവാദിയായിരുന്ന അദ്ദേഹം ക്ഷേത്രനിർമ്മാണപ്രവർത്തനങ്ങളിലോ ആഘോഷങ്ങളിലോ പങ്കെടുത്തില്ല.
കുഞ്ഞമ്പു മൂന്നു തവണ വിവാഹം കഴിച്ചിട്ടുണ്ട്. ആദ്യഭാര്യ ചിരുതേയിയിൽ മൂന്നു മക്കളുണ്ടായിരുന്നു. ഇടിമിന്നലേറ്റ് രണ്ടാം ഭാര്യ മരിച്ചതിനെ തുടർന്നാണ് മൂന്നാമത് വിവാഹം ചെയ്യുന്നത്. ഇവരിൽ രണ്ട് ആണ്മക്കളായിരുന്നു.
സാമൂഹികപ്രവർത്തനം
തിരുത്തുകതാൻ ജനിച്ച തീയസമുദായത്തിന്റെ പ്രശ്നങ്ങൾ അദ്ദേഹം മനസ്സിലാക്കി. തീയരെക്കാൾ അധസ്ഥിതരായ പുലയരുടെ ജീവിതമാണ് കുഞ്ഞമ്പുവിനെ കൂടുതൽ വിഷമിപ്പിച്ചത്. മതപരിഷ്കരണം, സാധുജനോദ്ധാരണം തുടങ്ങിയ കാര്യങ്ങളിൽ നിശിതമായ ഉപന്യാസങ്ങൾ കേരളപത്രിക, കേരളസഞ്ചാരി തുടങ്ങിയ പത്രങ്ങളിലും ഭാഷാപോഷിണിമാസികയിലും എഴുതി. ഹൈന്ദവക്ഷേത്രങ്ങളുടെ ഭരണത്തിനായി ഒരു ബോർഡ് രൂപവത്കരിക്കണമെന്നും ക്ഷേത്രവരുമാനത്തിൽനിന്ന് ഒരു നിശ്ചിതശതമാനം പുലയരുടെ വിദ്യാഭ്യാസപുരോഗതിക്ക് ഉപയോഗിക്കണമെന്നും അദ്ദേഹം വാദിച്ചു. 1890-ൽ പുലയർക്കുവേണ്ടി സ്വന്തമായി ഒരു പ്രാഥമികവിദ്യാലയം സ്ഥാപിച്ചു. തീയ്യരിൽനിന്നുപോലും അദ്ധ്യാപകർ മുന്നോട്ടുവരാഞ്ഞതിനാൽ സ്വന്തം സഹോദരനെത്തന്നെ അവിടെ പഠിപ്പിക്കാൻ നിയോഗിച്ചു. സ്ത്രീവിദ്യാഭ്യാസത്തിന്റെ പ്രാധാന്യമറിഞ്ഞിരുന്ന കുഞ്ഞമ്പു സ്വന്തം മകളെ മദിരാശി മെഡിക്കൽ കോളേജിലയച്ച് പഠിപ്പിച്ച് ഡോക്ടറാക്കി സമൂഹത്തിന് മാതൃകയായി. മലബാറിലെ ആദ്യത്തെ വനിതാഡോക്ടറായിരുന്നു വക്കീലിന്റെ മകൾ പാറുവമ്മ. കണ്ണൂരിൽ എഡ്വേർഡ് പ്രസ്സ് എന്നൊരു അച്ചുകൂടവും കുഞ്ഞമ്പു സ്ഥാപിക്കുകയുണ്ടായി. പത്തുവർഷം കണ്ണൂർ മുനിസിപ്പാലിറ്റി ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[1]
വിദ്യാഭ്യാസത്തിലൂടെയും അന്ധവിശ്വാസങ്ങളെ ഉച്ചാടനം ചെയ്യുന്നതിലൂടെയും അധഃകൃതരുടെ ഉന്നമനം സാധ്യമാകുമെന്ന ആശയമാണ് അദ്ദേഹം തന്റെ എഴുത്തിലൂടെ പ്രചരിപ്പിച്ചത്. പുലയർക്ക് പഞ്ചമർ എന്ന പേർ ആദ്യമായി നൽകിയത് അദ്ദേഹമാണെന്ന് പറയപ്പെടുന്നു.[2] നിലവിലുള്ള ഹിന്ദുമതത്തിലെ ധുരാജാരങ്ങളെ ശക്തമായി വെറുക്കുകയും, ക്രിസ്തുമതം സ്വീകരിച്ചാലേ താഴ്ന്ന സമുദായങ്ങൾക്ക് രക്ഷയുണ്ടാകൂ എന്ന് വിശ്വസിക്കുകയും ചെയ്തു. ഏതാനും ചിലരുടെ മതപരിവർത്തനം കൊണ്ട് മാറ്റമുണ്ടാകുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല. സമൂഹത്തിന്റെ സമൂലമായ മാറ്റത്തിനാണ് അദ്ദേഹം സരസ്വതീവിജയം എന്ന നോവൽ രചിച്ചത്. സോദ്ദേശ്യതയും സവർണ്ണവിരുദ്ധതയും കഥാവതരണത്തിന്റെ ക്രമബദ്ധമായ വികാസത്തെ ഹനിച്ച് അവിശ്വാസ്യതയും അതിഭാവുകത്വവും വരുത്തിയിട്ടുണ്ടെങ്കിലും ശക്തിമത്താണ് ഇതിലെ ഭാഷ. ഹിന്ദുമതത്തെ അപലപിക്കുന്ന രാമായണസാരപരിശോധന പോലുള്ള കൃതികളിൽ ഒരു അഭിഭാഷകന്റെ നിലയിൽ അദ്ദേഹം ചൂണ്ടിക്കാട്ടലുകൾ നടത്തുന്നു.
മരണം
തിരുത്തുക1919 ഡിസംബർ 24-നാണ് പോത്തേരി കുഞ്ഞമ്പു മരിക്കുന്നത്.
പോത്തേരി കുഞ്ഞമ്പുവിന്റെ കൃതികൾ
തിരുത്തുക- സരസ്വതീവിജയം (1892)
- തീയർ (1904)
- രാമകൃഷ്ണസംവാദം
- രാമായണസാരപരിശോധന (1893)
- മൈത്രി
- ഭഗവദ്ഗീതോപദേശം
അവലംബം
തിരുത്തുക- ↑ ഭാഗ്യശീലൻ ചാലാട്, കണ്ണൂരിന്റെ കൈവിളക്കുകൾ, വാങ്മയ ബുക്സ്, കണ്ണൂർ, 2009
- ↑ ഉള്ളൂർ, കേരളസാഹിത്യചരിത്രം, വാല്യം 5