പൊക്കാളി

(പൊക്കാളിപ്പാടങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരാളോളം പൊക്കത്തിൽ വളരുന്ന ലവണ പ്രതിരോധ ശേഷിയുള്ള ഒരിനം നെല്ലാണ് പൊക്കാളി. പൊക്കത്തിൽ ആളി നിൽക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്. ലവണാംശമുള്ള മണ്ണിലും വളരാനും വിളയാനും കഴിയുന്ന പൊക്കാളി നെല്ലിന് അമ്ലത ചെറുക്കുവാനും വെള്ളപ്പൊക്കവും വെള്ളക്കെട്ടും അതിജീവിക്കുവാനും കഴിവുണ്ട്.മഴക്കാലത്ത് വെള്ളത്തിൽ മൂടി കിടന്നാലും ഈ നെൽച്ചെടി ചീഞ്ഞു പോകില്ല. വെള്ളം വാർന്നു പോകുന്നതോടെ പഴയ കരുത്തോടെ ഉയർന്നു നിൽക്കും.തൃശ്ശൂർ ജില്ലയിലെയും മലപ്പുറം ജില്ലയിലേയും കോൾപ്പാടങ്ങളിൽ ഈ കൃഷി വ്യാപകമായി ചെയ്തു വന്നിരുന്നു.കണ്ണൂർ ജില്ലയിലെ ഓരു പ്രദേശങ്ങളായ വളപട്ടണം പുഴയുടെ തീരപ്രദേശങ്ങൾ, പഴയങ്ങാടി പ്രദേശം,തുരുത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ കൃഷി ചെയ്തു വന്നിരുന്നു. എറണാകുളം ജില്ലയുടെ വൈപ്പിൻ ദ്വീപിലെ ചെറായി, എടവനക്കാട്, നെടുങ്ങാട്, ഭാഗങ്ങളിൽ ഇന്നും പൊക്കാളി കൃഷി വ്യാപകമാണ്. വൈപ്പിനിൽ ജൂൺമാസത്തിൽ തുടങ്ങുന്ന കൃഷി ഓണക്കാലത്ത് വളവെടുക്കും. അതിനു ശേഷം വയൽ ചെമ്മീൻകൃഷിക്കായി വിട്ടുകൊടുക്കും. ഏപ്രിൽ 13 വരെ ചെമ്മീൻകൃഷി തുടരും. ചെമ്മീൻ, മീൻ എന്നിവയുടെ അവശിഷ്ടങ്ങൾ വയലിനു വളമാകും. ഇവിടെ പൊക്കാളി കരുത്തോടെ വീണ്ടും വളരും. പൊക്കാളിയുടെ അവശിഷ്ടങ്ങൾ മണ്ണിൽ അടിയുന്നത് ചെമ്മീൻകൃഷിക്കും ഗുണകരമാണ്.

പൊക്കാളിക്കതിർ
വെച്ചൂർ പൊക്കാളിപ്പാടം

ഈ ഇനം നെല്ലുപയോഗിച്ച് ചെയ്യുന്ന കൃഷി രീതിക്കും വിതയ്ക്കുന്ന വിത്തിനും കൃഷി നിലത്തിനും എല്ലാം പൊക്കാളി എന്നു തന്നെയാണ് പേര്[1].

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-04. Retrieved 2011-06-09.
"https://ml.wikipedia.org/w/index.php?title=പൊക്കാളി&oldid=4145207" എന്ന താളിൽനിന്ന് ശേഖരിച്ചത്