പൈതഗോറസ്

(പൈത്തഗോറസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പുരാതന ഗ്രീസിലെ പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയുമായിരുന്നു പൈതഗോറസ് (580 - 500ബി.സി.). ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും ഗ്രഹങ്ങൾക്കെല്ലാം അവരുടെതായ സഞ്ചാരപാതയുണ്ടെന്നും അദ്ദേഹം സമർത്ഥിച്ചു. ത്രികോണമിതിയിലെ പ്രധാന സിദ്ധാന്തങ്ങളിലൊന്നായ പൈതഗോറസ് സിദ്ധാന്തം ഇദ്ദേഹത്തിന്റെ സംഭാവനയാണ്.

പൈതഗോറസ്
പ്രദേശംപൈതഗോറസ്
ചിന്താധാരപൈതഗോറിയനിസം
പ്രധാന താത്പര്യങ്ങൾഗണിതം, തത്വചിന്ത, രാഷ്ട്രീയം

ജീവിതരേഖതിരുത്തുക

ഗ്രീസിന്റെ ഭാഗമായിരുന്ന സാമോസിൽ ബി.സി. 580-ലാണ്‌ പൈതഗോറസിന്റെ ജനനം എന്നു കരുതപ്പെടുന്നു. അക്കാലത്തെ പ്രശസ്ത പണ്ഡിതരായിരുന്ന അനക്സിമാണ്ടറുടെയും ഥെയിൽസിന്റെയും ശിഷ്യനായിരുന്ന അദ്ദേഹം ജ്യോതിശാസ്ത്രത്തിലുംഗണിതത്തിലും തത്വചിന്തയിലും അറിവു നേടി. കൂടുതൽ അറിവിനു വേണ്ടി ഈജിപ്റ്റിലും പടിഞ്ഞാറൻ ഏഷ്യയിലുമൊക്കെ അദ്ദേഹം സഞ്ചരിച്ചു. അൻപതാമത്തെ വയസ്സിൽ ദക്ഷിണ ഇറ്റലിയിലെ ക്രോട്ടൺ എന്ന സ്ഥലത്തു സ്ഥിരതാമസമാക്കി.

സംഗീതത്തിലും തത്പരനായിരുന്ന അദ്ദേഹം സംഗീതോപകരണങ്ങളിലെ ചരടുകളുടെ നീളം,വലിവ് എന്നിവയ്ക്ക് ശബ്ദത്തിന്റെ ഉച്ചനീചാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. പ്രഭാതനക്ഷത്രവും സായാഹ്നനക്ഷത്രവും ഒന്നാണെന്ന് ആദ്യം മനസ്സിലാക്കിയത് പൈതഗോറസാണ്‌.

പൈതഗോറസിന്റെ അനുയായികൾ പൈതഗോറിയന്മാർ എന്നറിയപ്പെട്ടു.‍ സംഖ്യകളുടെ ശക്തിയിൽ വിശ്വസിച്ചിരുന്ന വിഭാഗമാണ് ഇവർ.

സംഭാവനകൾതിരുത്തുക

ക്ഷേത്രഗണിതവും സംഖ്യാശാസ്ത്രവും ആയിരുന്നു പ്രധാനഗവേഷണമേഖലകൾ. ജ്യോതിശാസ്ത്രത്തിലും ശബ്ദം. സംഗീതം എന്നീ മേഖലകളിലും പൈതഗോറസ് തന്റേതായ സംഭാവവനകൾ നൽകിയിട്ടുണ്ട്.

ഗണിതംതിരുത്തുക

മട്ടത്രികോണത്തിലെ വശങ്ങളെ സംബന്ധിക്കുന്ന സിദ്ധാന്തം ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സംഖ്യകളെ ത്രികോണസംഖ്യകൾ, ചതുരസംഖ്യകൾ, പഞ്ചകോണസംഖ്യകൾ എന്നിങ്ങനെ തിരിച്ചു. ഉദാഹരണത്തിനു 1,3,6... ത്രികോണസംഖ്യകളായും 1,4,9,16...തുടങ്ങിയവ ചതുരസംഖ്യകളായും 1,5,12,22..തുടങ്ങിയവ പഞ്ചകോണസംഖ്യകളായും ഇദ്ദേഹം അവതരിപ്പിച്ചു. നിഗമനസമ്പ്രദായം, ക്രമബഹുതലപഠനം ഇവയും ഇദ്ദേഹം നടത്തി. അപരിമേയസംഖ്യകൾ കണ്ടെത്തി. പൈത്തഗോറസും അദ്ദേഹത്തിന്റെ അനുയായികളും ഇരട്ടസംഖ്യകളെ സ്ത്രീകളായും ഒറ്റസംഖ്യകളെ പുരുഷന്മാരായും വിശ്വസിച്ചു. സംഖ്യകൾക്കെല്ലാം ചിലരൂപഭാവങ്ങളും നൽകി. ഉദാഹരണത്തിന് 1 എന്ന സംഖ്യയെ യുക്തിബോധത്തിന്റെ ദൈവമായും സ്രഷ്ടാവായും, 2 എന്ന സംഖ്യയെ അഭിപ്രായങ്ങളുടെ ദൈവമായും ഇവർ കരുതി.

ജ്യോതിശാസ്ത്രംതിരുത്തുക

ക്രിസ്തുവിനും അഞ്ചുനൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന ഗ്രീക്കുകാരനായ ഇദ്ദേഹമാണ് ഭൂമിയുടെ കോളാകൃതി യുക്തിഭദ്രമായി പ്രവചിച്ച ആദ്യ ദാർശനികൻ. ഗ്രഹണസമയത്ത് ചന്ദ്രനിൽ വീഴുന്ന ഭൂമിയുടെ നിഴലിന് എല്ലായ്പ്പോഴും വൃത്താകൃതിയാണുള്ളത് എന്ന നിരീക്ഷണത്തിൽ നിന്നാണ് പൈതഗോറസ് ഭൂമിയുടെ ഗോളാകൃതി പ്രവചിച്ചത്. പ്രഭാത നക്ഷത്രമെന്നും സായാഹ്നനക്ഷത്രമെന്നും രണ്ടായിക്കരുതിയിരുന്ന ആകാശ വസ്തു ഒന്നാണെന്ന് സ്ഥാപിച്ചു. (ഗ്രീക്കുകാർ അഫ്രോഡൈറ്റ് എന്നും റോമാക്കാർ വീനസ് എന്നും വിളിച്ചിരുന്ന വെള്ളിനക്ഷത്രം അഥവാ ശുക്രൻ).

ചന്ദ്രന്റെ ഭ്രമണ തലം ഭൂമദ്ധ്യരേഖയുടെ തലത്തിൽ നിന്നും ചരിഞ്ഞാണെന്ന് നിരീക്ഷിച്ചു. അന്ന് അറിയപ്പെട്ടിരുന്ന എല്ലാ ഗ്രഹങ്ങളും (സൂര്യനും ചന്ദ്രനും അടക്കം) ഗോളങ്ങളാണ് എന്നും അവ വൃത്താകാര പാതയിൽ ഭൂമിയെ ചുറ്റുന്നു എന്നും പ്രസ്ഥാവിച്ചു.[1]

അവലംബംതിരുത്തുക

  1. ജ്യോതിശാസ്ത്ര വിജ്ഞാനകോശം. തിരുവനന്തപുരം: സംസ്ഥാന സർവ്വവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്. 2009. p. 531.
"https://ml.wikipedia.org/w/index.php?title=പൈതഗോറസ്&oldid=3510944" എന്ന താളിൽനിന്ന് ശേഖരിച്ചത്