പുരോഗമന കലാ സാഹിത്യ സംഘം

(പു.ക.സ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന കേരളത്തിലെ എഴുത്തുകാരുടേയും കലാകാരന്മാരുടെയും സാംസ്ക്കാരികപ്രവർത്തകരുടെയും ഒരു സംഘടനയാണ് പുരോഗമന കലാ സാഹിത്യ സംഘം 1936-ൽ രൂപം കൊണ്ട അഖിലേന്ത്യാ പുരോഗമന സാഹിത്യ സംഘടനയുടെയും 1937-ൽ കേരളത്തിലുണ്ടായ ജീവത്സാഹിത്യസമിതിയുടെയും ദേശാഭിമാനി സ്റ്റഡി സർക്കിളിൻ്റേയും ആധുനികരൂപമാണിത്. മഹാകവി വൈലോപ്പിള്ളിയുടെ സപ്തതി ആഘോഷത്തോടനുബന്ധിച്ച് 1981 ആഗസ്റ്റ് 14 ന് എറണാകുളം ടൗൺഹാളിലാണ്പുരോഗമന കലാ സാഹിത്യ സംഘം രൂപംകൊള്ളുന്നത്. [1] ആരംഭകാലത്ത് സാഹിത്യരംഗത്താണ് ഊന്നൽ നൽകിയിരുന്നത്. എന്നാൽ പിന്നീട് കലകളും വിവിധ സാംസ്ക്കാരികമേഖലകളും പ്രവർത്തനപരിധിയിലുൾക്കൊണ്ടു. ഇ.എം.എസ്, പി.ഗോവിന്ദപിള്ള, തായാട്ട് ശങ്കരൻ, എം.എസ്.മേനോൻ, എന്നിവർ ആദ്യകാല നേതാക്കൾ ത്തയിരുന്നു. മഹാകവി വൈലോപ്പിള്ളിയാണ് ആദ്യത്തെ പ്രസിഡണ്ട്. എം.എൻ.കുറുപ്പ് ആദ്യ ജനറൽ സെക്രട്ടറിയും. തുടർന്ന് എം.കെ.സാനു, എം.എൻ.വിജയൻ, എൻ.വി.പി.ഉണിത്തിരി, കടമ്മനിട്ട രാമകൃഷ്ണൻ, യു.എ.ഖാദർ, വൈശാഖൻ എന്നിവർ പ്രസിഡണ്ടുമാരായും എരുമേലി പരമേശ്വരൻ പിള്ള, എം.കുട്ടികൃഷ്ണൻ, എസ്.രമേശൻ, പി.അപ്പുക്കുട്ടൻ, ഇയ്യങ്കോട് ശ്രീധരൻ, വി.എൻ.മുരളി എന്നിവർ ജനറൽ സെക്രട്ടറിമാരായും പ്രവർത്തിച്ചു.

പുകസ ലോഗോ
പു. ക. സ നടത്തിയ ഐ ടി ശില്പശാല

ഷാജി എൻ.കരുൺ ആണ് പുതിയ പ്രസിഡണ്ട്. അശോകൻ ചരുവിൽ ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ടി.ആർ.അജയൻ ഖജാൻജിയും എം.കെ. മനോഹരൻ സംഘടനാ സെക്രട്ടറിയുമാണ്. സംഘത്തിന് സജീവമായി പ്രവർത്തിക്കുന്ന ജില്ലാക്കമ്മിറ്റികളും മേഖല കമ്മിറ്റികളും ആയിരക്കണക്കിന് യൂണിറ്റുകളും ഉണ്ട്. സംഘം മാസിക എന്ന ബുള്ളറ്റിൻ ഉണ്ട്.

സംഘത്തിന്റെ പ്രവർത്തന രേഖ 1992 ൽ പെരുമ്പാവൂർ സംസ്ഥാനസമ്മേളനത്തിൽ ഇ.എം.എസ്, പി. ഗോവിന്ദപ്പിള്ള, എം.എൻ. വിജയൻ എന്നിവർ പരിഷ്കരിച്ച് തയ്യാറാക്കി. കാലഘട്ടത്തിന്റെ വെല്ലുവിളികളും എഴുത്തുകാരും എന്നാണ് പ്രവർത്തനരേഖയുടെ പേര്. 2019ൽ പൊന്നാനിയിൽ വെച്ചു ചേർന്ന സംസ്ഥാന സമ്മേളനം നയരേഖ പുതുക്കി.

സംഘടനയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്നു. ഇമെയിൽ വിലാസം: pukasamail@gmail.com

പ്രധാന ആശയങ്ങൾ, പ്രവർത്തനങ്ങൾ

തിരുത്തുക

സാഹിത്യവും സാഹിത്യകാരന്മാരും സമൂഹപുരോഗതി ലക്ഷ്യം വെച്ചാണു് സാഹിത്യരചന നടത്തേണ്ടത് എന്ന് ഈ പ്രസ്ഥാനം വിശ്വസിക്കുന്നു. എല്ലാ സാഹിത്യ സൃഷ്ടിക്കും, അത് സോദ്ദേശ്യമായാലും അല്ലെങ്കിലും, ഒരു രാഷ്ട്രീയമുണ്ടെന്ന് ഇത് പറയുന്നു. ഇതിനാൽ സാധാരണക്കാരന്റെ പക്ഷത്തു നിന്ന് സാഹിത്യരചന നടത്തണമെന്നും, അല്ലാത്തവ, സാമൂഹത്തിലെ എതിർചേരിയെയാവും സഹായിക്കുക എന്നതാണ് ഇവരുടെ വാദം.

കല ജീവിതത്തിനു വേണ്ടി

തിരുത്തുക

കല കലയ്ക്കുവേണ്ടി എന്ന കാഴ്ചപ്പാടിനെതിരെ കല ജീവിതത്തിനുവേണ്ടി എന്ന ബദൽ കാഴ്ചപ്പാടുയർത്തിയത് പുകസയുടെ പൂർവ്വരൂപമായ ജീവൽസാഹിത്യ സംഘമാണ്.

രുപഭദ്രതാവാദത്തിന്റെ വിമർശനം

തിരുത്തുക

കല കലയ്ക്കുവേണ്ടിയെന്ന കാഴ്ചപ്പാടിനു ശേഷം ഉയർന്നു വന്ന രൂപഭദ്രതാ വാദത്തെയും പുകസ ശക്തമായി ചെറുത്തിട്ടുണ്ട്.

ദേശീയ സംസ്കാരം

തിരുത്തുക

സാംസ്കാരിക ദേശീയത എന്ന വാദത്തിനെ ചെറുക്കാൻ ദേശീയ സംസ്കാരം എന്ന ബദൽ കാഴ്ചപ്പാടുയർത്തുകയാണ് പുകസയുടെ 2007 ലെ (തിരു വനന്തപുരം)സമ്മേളനം പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്.

മെമ്പർഷിപ്പ് ഇല്ലാത്ത സംഘടനയാണ് പുരോഗമന കലാസാഹിത്യ സംഘം. യൂണിറ്റുകളാണ് അടിസ്ഥാന ഘടകം.


പു.ക.സ.യുടെ അദ്ധ്യക്ഷന്മാർ

തിരുത്തുക
  • വൈലോപ്പിള്ളി ശ്രീധരമേനോൻ (1981-1984)
  • എം.കെ. സാനു (1984-1990)
  • എം.എൻ. വിജയൻ (1990-2000)
  • എൻ.വി.പി. ഉണ്ണിത്തിരി (2000-2002)
  • കടമ്മനിട്ട രാമകൃഷ്ണൻ (2002- 2007)
  • യു.എ. ഖാദർ (2008 - 2013 )
  • വൈശാഖൻ (2013-18 ആഗസ്റ്റ്)
  • ഷാജി എൻ.കരുൺ (2018ആഗസ്റ്റ് -)

പു.ക.സ.യുടെ ജനറൽ സെക്രട്ടറിമാർ

തിരുത്തുക
 
വി.എൻ.മുരളി (2009 -)
  1. എം.എൻ. കുറുപ്പ് (1981-
  2. എരുമേലി പരമേശ്വരൻ പിള്ള (1984-88)
  3. ഇയ്യങ്കോട് ശ്രീധരൻ
  4. എസ്. രമേശൻ
  5. പി. അപ്പുക്കുട്ടൻ
  6. വി.എൻ. മുരളി (2009 -)
  7. അശോകൻ ചരുവിൽ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-30. Retrieved 2012-07-16. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക

കേരളത്തിന് പുറത്തും പുരോഗമന കല സാഹിത്യ സംഘം -കൊൽക്കത്ത ബാംഗ്ലൂർ എന്നിവയും നിലവിലുണ്ട്

കേരളത്തിന് പുറത്ത് പുരോഗമന കലാ സാഹിത്യ സംഘം കൊൽക്കത്ത ,ബാംഗ്ളൂർ എന്നിവിടങ്ങളിലും മഹത്തായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കൊൽക്കത്ത ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി ശ്രീ.സി.നാരായണൻ സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. (2020)

വെബ്സൈറ്റ് Archived 2012-02-29 at the Wayback Machine.