പുല്ലേലിക്കുഞ്ചു
മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണു് പുല്ലേലിക്കുഞ്ചു. ആർച്ച് ഡീക്കൻ കോശിയാണ് രചയിതാവു്. കേരളത്തിന്റെ പഴയകാല സാമൂഹ്യയാഥാർത്ഥ്യങ്ങളൂം കീഴാള ജീവിത പ്രശ്നങ്ങളും പങ്കുവയ്ക്കുന്ന രചനയായ പുല്ലേലി കുഞ്ചു 1882ൽ പ്രസിദ്ധീകൃതമായി[1]. ഈ ക്യതി ഇപ്പോൾ നോവൽ പഴമ എന്ന പരമ്പരയിൽ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.[2][3]
പ്രമാണം:Pullelikunchu.jpg പുസ്തകത്തിന്റെ പുറംചട്ട | |
കർത്താവ് | ആർച്ച് ഡീക്കൻ കോശി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | നോവൽ |
പ്രസിദ്ധീകരിച്ച തിയതി | 1882 |
ഇതിവൃത്തം തിരുത്തുക
പുല്ലേലികുഞ്ചുപിള്ള, രാമപ്പണിക്കർ എന്നിവരുടെ സംഭാഷണവും ബൈബിൾ വില്പനക്കാരുടെ പ്രസംഗവുമാണു് ഇതിന്റെ ഉള്ളടക്കം. ഒന്നാം ഭാഗത്ത് ജാതിഭേദത്തെക്കുറിച്ചും രണ്ടാം ഭാഗത്ത് ബിംബാരാധനയെക്കുറിച്ചുമുള്ള സംവാദമാണു്. മൂന്നാം ഭാഗത്തു് ബൈബിൾ കച്ചവടക്കാരന്റെ ക്രിസ്തു മഹത്ത്വപ്രസംഗമാണു്.
ആദ്യ മലയാള നോവൽ? തിരുത്തുക
മലയാളത്തിലെ ആദ്യ നോവലാണു് പുല്ലേലിക്കുഞ്ചു എന്നു് ചില പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മറ്റു ചില പണ്ഡിതന്മാർ, കോളിൻസ് മദാമ്മ രചിച്ചു് അവരുടെ ഭർത്താവായ റിച്ചാർഡ് കോളിൻസ് 1877ൽ പരിഭാഷപ്പെടുത്തിയ ഘാതകവധത്തേയോ 1887 ഒക്ടോബറിൽ പ്രസിദ്ധീകൃതമായ അപ്പു നെടുങ്ങാടിയുടെ "കുന്ദലത"യേയോ ആണു് പ്രഥമ മലയാള നോവലായി കരുതുന്നതു്.[4] ഇതിൽ ഘാതകവധം മൂലകൃതിയല്ല; കുന്ദലതയാകട്ടെ പുല്ലേലിക്കുഞ്ചു പ്രസിദ്ധീകൃതമായതിനുശേഷം അഞ്ചുവർഷം കഴിഞ്ഞു പ്രസിദ്ധീകൃതമായ കൃതിയും.
ദളിത് സാഹിത്യം തിരുത്തുക
കേരളത്തിലെ ദളിതരുടെ പക്ഷത്തുനിന്നു രചന നടത്തിയ ഈ കൃതി മലയാളത്തിലെ ആദ്യത്തെ ദളിത് സാഹിത്യകൃതിയായും പരിഗണിക്കപ്പെടുന്നു.[5]
നോവലിലെ ഏതാനും വരികൾ തിരുത്തുക
“ഞാനും തെലഞ്ഞേലി കൃഷ്ണനാശാനും അമ്പാട്ടു ഗോവിന്ദപ്പിളളയും അടിയോട്ടിൽ പപ്പു മുതലായിട്ടു വേറെ എട്ടുപത്ത് ബാല്യക്കാരുമായി കൊച്ചു ഭട്ടേരിയോടും കൂടി ഒരിക്കൽ തിരുവനന്തപുരത്തു പോകുമ്പോൾ കാരുവെളളി മില്ലക്കാരന്റെ പടികഴിഞ്ഞു രണ്ടു മൂന്ന് നാഴിക തെക്കു ഒരു മുക്കവലയും ചുമടുതാങ്ങിയും ഉളെളടുത്തു വന്നിറങ്ങി. കന്നിതുലാം മാസം കാലമായിരുന്നു. അപ്പോൾ കിഴക്കുനിന്നും മലങ്കൊയിത്തും കഴിഞ്ഞു പുട്ടലിലും പൊല്കങ്ങളിലും നെല്ലു കെട്ടി എടുത്തും കൊണ്ടു കുറെ പുലയർ ചുമടുതാങ്ങിയിങ്കൽ ഇളെപ്പാനായിട്ട് അമഗിച്ചു ഓടിവരുന്നുണ്ട്. കിടാങ്ങൾ അടക്കം അവർ മുപ്പതു നാൽപ്പതു എണ്ണം ഉണ്ടായിരുന്നു. വഴിക്കു ഇരുപുറവും ഉയർന്ന കാടാക കൊണ്ട് അവരും ഞങ്ങളും തമ്മിൽ കാണാൻ ഇടവരാതെ അവർ വന്നു നിന്നാ അടുത്തുപോയി.
ഞങ്ങളെ കണ്ട ഉടനെ കടുവയെ കണ്ട പശുക്കളെപ്പോലെ എല്ലാം കൂടെ വിരണ്ടും നിലവിളിച്ചും കൊണ്ടു തിരിച്ചുഓടി. പിടിച്ചോളിൻ എന്ന് ഭട്ടേരി കല്പിച്ചു. പപ്പു മുതൽ പേരും പിറകേ എത്തി. ആ പുലയരിൽ എട്ടൊൻപതുമാസം ഗർഭമുളള പുലയി ഉണ്ടായിരുന്നു. അവളും ചില കിടാങ്ങളും പിറകായിപ്പോയി. അടിയോട്ടിൽ പപ്പു ഓടിച്ചെന്ന ചെലവിൽ ഒരു പുലയക്കിടാവിനെ തൂക്കിയെടുത്തു ആ പുലയിയുടെ പുറത്തടിച്ചു. അതിനോടെ അവർ വയറും തല്ലി കവിന്നുവീണു. ഉടനെ പ്രസവവും കഴിഞ്ഞു…. ശേഷം പുലയരിൽ കൈയ്യിൽ കിട്ടിയതിനെ ഒക്കെ അവർ നുറുങ്ങെ നല്കി. നാലഞ്ചുകിടാങ്ങളെ എടുത്ത് കാട്ടിലേക്ക് എറിഞ്ഞു. ചുമടു ഇട്ടും കളഞ്ഞു ഓടിപ്പോയവരെ മാത്രം പിടികിട്ടിയില്ല. അവരുടെ നെല്ലെല്ലാം പപ്പുവും കൂട്ടരും തട്ടിത്തൊഴിച്ച് കാട്ടിൽ ചീന്തിക്കളഞ്ഞു.” [6]
അവലംബം തിരുത്തുക
- ↑ മലയാള നോവൽ സാഹിത്യം
- ↑ പുല്ലേലിക്കുഞ്ചു- ആർച്ചുഡീക്കൻ കോശി, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം-2013
- ↑ "ചരിത്രം നോവലും നോവൽ ചരിത്രവുമാകുന്ന നോവൽ പഴമ". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-11-02.
- ↑ ഇന്ത്യൻ സാഹിത്യ ചരിത്രം: വൈദേശിക സ്വാധീനവും ഇന്ത്യൻ പ്രതികരണവും(1800-1910) ശിശിർ കുമാർ ദാസ്
- ↑ ദളിത് സാഹിത്യം ആഗോളതലത്തിൽ ചർച്ചചെയ്യപ്പെടണം-ദേശീയ സെമിനാർ [പ്രവർത്തിക്കാത്ത കണ്ണി] -മാതൃഭൂമി ദിനപത്രം 2012 മാർച്ച് 20
- ↑ ഭാഷാ ഇൻസ്ടിട്യൂട്ട് പ്രസിദ്ധീകരിച്ച പുല്ലേലി കുഞ്ചു(1882) പേജ് 34,35