പുലപ്പേടിയും മണ്ണാപ്പേടിയും

(പുലപ്പേടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുൻകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ഒരു സാമൂഹ്യാചാരമായിരുന്നു പുലപ്പേടിയും മണ്ണാപ്പേടിയും. അവർണ്ണജാതരായ പുലയസമുദായത്തിലേയോ, മണ്ണാൻ സമുദായത്തിലേയോ പുരുഷന്മാർ സവർണ്ണ ജാതിയിലെ നായർ സ്ത്രീകളെ ഇതിലൂടെ സ്വന്തമാക്കിയിരുന്നതായി ചരിത്രത്താളുകൾ പറയുന്നു.[1] ഒരുകാലത്ത് ഈ ആചാരം കേരളത്തിലെ നായർസ്ത്രീകളുടെ പേടിസ്വപ്നമായിരുന്നു. ഒരു പ്രത്യേക മാസത്തിൽ (പല പ്രദേശത്തും പലരീതിയിൽ; കർക്കിടകമാസം ആണന്നു വിഭിന്നാഭിപ്രായം) രാത്രികാലങ്ങളിൽ മാത്രം നായർ സ്ത്രീകളെ തൊട്ട് ഭ്രഷ്ടരാക്കി സ്വന്തമാക്കാനുള്ള അവകാശം താഴ്ന്ന ജാതിക്കാരായ മണ്ണാന്മാർക്കും, പുലയർക്കും അനുവദിച്ചു കൊടുത്തിരുന്നു. ഈ ആചാരം പേടിച്ച് സ്ത്രീകൾ ആരും തന്നെ ആ ദിവസങ്ങളിൽ പുറത്തിറങ്ങാറില്ലായിരുന്നു. പുരുഷന്റെ അനുവാദമില്ലാതെ സ്തീകൾ രാത്രിയിൽ പുറത്തു പോകുന്നതു തടയാനായി എടുത്ത തീരുമാനം ഒരു ആചാരമായി മാറിയതാവാം. കേരളം സന്ദർശിച്ച മദ്ധ്യകാലസഞ്ചാരികൾ മുതൽ പലരും വർണ്ണിച്ച ആചാരമായിരുന്നു ഇത്.

സന്ധ്യകഴിഞ്ഞ് വീടിന്റെ പരിസരത്ത് ഒളിച്ചിരിക്കുന്ന താണജാതിയിൽപ്പെട്ട പുരുഷന്മാർ വീടിനുപുറത്ത് ഇറങ്ങുന്ന സ്ത്രീകളെ സ്പർശിക്കുകയോ, കല്ലോ കമ്പോ കൊണ്ട് എറിഞ്ഞു കൊള്ളിക്കുകയോ ചെയ്താൽ മതിയായിരുന്നു ഈ സ്ത്രീകളെ അവർക്കു സ്വന്തമാക്കാൻ. ഇങ്ങനെ സ്ത്രീകളെ സ്പർശിച്ച ശേഷം 'കണ്ടേ കണ്ടേ' എന്നു വിളിച്ചു പറയുന്നതോടെ ആ സവർണ്ണസ്ത്രീ ഭ്രഷ്ടയായി എന്നു വിധിക്കപ്പെടുന്നു. പിന്നീട് ആ സ്ത്രീ തന്നെ കണ്ട മണ്ണാനോടോ പുലയനോടോ ഒപ്പം ആജീവനാന്തം താമസിക്കണം. [2] ഏതെങ്കിലും സ്ത്രീകൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചാൽ അവളെ ബന്ധുക്കൾ ചേർന്നു തന്നെ വധിക്കുമായിരുന്നു.

വ്യവസ്ഥകൾതിരുത്തുക

ഈ ആചാരത്തിന് ചില വ്യവസ്ഥകൾ ഏർപ്പെടുത്തിയിരുന്നു.

  1. തനിച്ച് സഞ്ചരിക്കുന്നതോ, വീട്ടിനു പുറത്ത് ഇറങ്ങുന്നവരോ ആയ സ്ത്രീകളെ മാത്രമേ ഇത്തരത്തിൽ ഭ്രഷ്ടരാക്കി സ്വന്തമാക്കാൻ അവകാശം ഉണ്ടായിരുന്നുള്ളൂ.
  2. മൂന്നുവയസ്സെങ്കിലും പ്രായമുള്ള ആൺകുട്ടി ഒപ്പം ഉണ്ടെങ്കിൽ അവരെ ഭ്രഷ്ടരാക്കാൻ പാടില്ല.
  3. ഗർഭിണിയായ സ്ത്രീയാണ് ഭ്രഷ്ടായതെങ്കിൽ പ്രസവം കഴിഞ്ഞേ അവളെ സ്വന്തമാക്കാൻ പാടുള്ളൂ.
  4. ഈ ഗർഭിണിയെ പ്രത്യേകം പുരകെട്ടി അവിടെ സൂക്ഷിയ്ക്കണം
  5. ഗർഭിണി പ്രസവിക്കുന്നത് ആൺകുട്ടി ആണെങ്കിൽ അമ്മക്ക് ഭ്രഷ്ട് ഉണ്ടാകില്ല.

തിരുവിതാംകൂറിലെ നിർത്തലാക്കൽതിരുത്തുക

1696-ൽ തിരുവിതാംകൂറിൽ രവിവർമ്മ പുലപ്പേടി നിരോധിച്ചുകൊണ്ട് കല്പന പുറപ്പെടുവിക്കുകയുണ്ടായി. പുലപ്പേടി നിരോധിച്ചതിനെതിരെ ഒരു 'പുലയകലാപം' നടന്നുവെന്നും അത് അടിച്ചമർത്തപ്പെട്ടുവെന്നും വിവരിക്കുന്നുണ്ട്, 'വലിയകേശിക്കഥ' എന്ന തെക്കൻപാട്ടിൽ.

തിരുവിതാംകൂർ രാജാക്കന്മാരുടെ പഴയകേന്ദ്രമായിരുന്ന തമിഴ്‌നാട്ടിലെ കൽക്കുളം താലൂക്കിലുള്ള തിരുവിതാംകോട് എന്ന സ്ഥലത്ത് പുലപ്പേടിയും മണ്ണാപ്പേടിയും നിർത്തലാക്കിയതായി ഒരു കൽസ്തംഭത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[3] പ്രസ്തുത കൽസ്തംഭത്തിന്റെ ഒരു പ്രതി പത്മനാഭപുരം പാലസ്സിൽ (മാർത്താണ്ടം) പ്രദർശിപ്പിച്ചിട്ടുണ്ട്.

അവലംബംതിരുത്തുക

  1. എന്റെ ജീവിത സ്മരണകൾ -- മന്നത്തു പത്മനാഭൻ -- കറന്റ് ബുക്സ്, കോട്ടയം
  2. http://www.dutchinkerala.com/history003.php
  3. സി.ആർ. കൃഷ്ണപിള്ള (1936). "അദ്ധ്യായം ൧൬ - പ്രധാന സ്ഥലങ്ങൾ". തിരുവിതാംകൂർ ഭൂമിശാസ്ത്രം (രണ്ടാം ഭാഗം, നാലാം ക്ലാസിലേയ്ക്ക്) (ദേജാവ്യൂ, എച്ച്.ടി.എം.എൽ.). എസ്.ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം. p. ൮൬. ശേഖരിച്ചത് 2011 നവംബർ 10.