പത്രപ്രവർത്തകനും സാംസ്കാരികപ്രവർത്തകനും.ഇപ്പോൾ ദുബായ് ആസ്ഥാനമാക്കി മാതൃഭൂമിയുടെ മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫായി പ്രവർത്തിക്കുന്നു. കേരളത്തിലെ പത്രപ്രവർത്തകരുടെ സംഘടനയായ കേരളാ യൂനിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റിന്റെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റ്.

പി.പി.ശശീന്ദ്രൻ

ജീവിതരേഖ തിരുത്തുക

പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മയ്യഴിയിലെ പള്ളൂരിൽ ജനനം. പള്ളൂർ ഹൈസ്കൂൾ, മയ്യഴി മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് കോളജ്‌,കോഴിക്കോട് സർവ്വകലാശാല മാസ്സ് കമ്യൂണിക്കേഷൻ വിഭാഗം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സസ്യശാസ്ത്രത്തിലും പത്രപ്രവർത്തനത്തിലും ബിരുദം നേടി. കേരള കൌമുദി പത്രത്തിന്റെ കോഴിക്കോട്, കണ്ണൂർ ‍ ബ്യൂറോകളിൽ സബ് എഡിറ്ററായിരുന്നു. 1984ൽമാതൃഭൂമിയിൽ പത്രപ്രവർത്തകപരിശീലനത്തിനു ശേഷം സബ് എഡിറ്ററായി. 1986ൽ കണ്ണൂരിൽ നിയമിതനായി.

പത്രപ്രവർത്തനം തിരുത്തുക

കോളേജ് വിദ്യാർത്ഥിയായിരിക്കെ കലാലയവിദ്യാർത്ഥികൾ പ്രസിദ്ധീകരിച്ച മർമ്മരം മിനി മാഗസിനിന്റെ പ്രവർത്തനത്തിൽ പങ്കാളിയായി. ബിരുദം നേടിയ ശേഷം പത്രപ്രവർത്തന മേഖലയിൽ പ്രവർത്തിക്കുവാൻ ഈ പ്രവർത്തനം പ്രേരണ നല്കി.

മാതൃഭൂമിയുടെ കണ്ണൂർ ലേഖകൻ എന്ന നിലയിൽ 1987ൽ തുടങ്ങിയ കോലത്തുനാട്ടിലൂടെ എന്ന പ്രതിവാരപംക്തിയാണ് ഇദ്ദേഹത്തെ പ്രശസ്തിലേക്ക് ഉയർത്തിയത്. രാഷ്ട്രീയ-സാമൂഹികപ്രശ്നങ്ങളെ നിർഭയം കൈകാര്യം ചെയ്ത വിമർശനാത്മകമായ എഴുത്ത് കരുത്തുറ്റ ഒരു പത്രപ്രവർത്തകന്റെ സാന്നിദ്ധ്യം തെളിയിച്ചു. കണ്ണൂരിലെ പ്രക്ഷുബ്ധമായ രാഷ്ട്രീയത്തിന്റെ നിർഭയമായ വിമർശനം പ്രസിദ്ധീകരിച്ചതിനാൽ പലർക്കും അനഭിമതനായ പത്രപ്രവർത്തകനായി മാറി. എന്നാൽ ജില്ലയുടെ വികസനാത്മകമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്തതിലൂടെ വ്യാപകമായ ജനപ്രീതിയും അംഗീകാരവും ഇദ്ദേഹത്തിന് ലഭിച്ചു.


കണ്ണൂരിലെ അക്രമ-കൊലപാതകരാഷ്ട്രീയത്തെക്കുറിച്ചും ജയിൽ പരിഷ്കരണത്തെക്കുറിച്ചും ദിനേശ് ബീഡി സഹകരണസംഘത്തെക്കുറിച്ചും എഴുതിയ ലേഖനങ്ങൾ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടവയാണ്.


വികസനാത്മക പത്രപ്രവർത്തനത്തിനും രാഷ്ട്രീയ റിപ്പോർട്ടിംഗിലും വൈദഗ്ദ്ധ്യം പ്രകടമാക്കിയിട്ടുള്ള ഇദ്ദേഹം മികച്ച സ്പോർട്സ് ലേഖകൻ കൂടിയാണ്.ദേശീയ-അന്തർദേശീയ കായികമേളകൾ റിപ്പോർട്ടു ചെയ്യാൻ മാതൃഭൂമി ഇദ്ദേഹത്തെ നിയോഗിച്ചിട്ടുണ്ട്. 1995ൽ ഗോവയിൽ നടന്ന പ്രഥമ ദേശീയ ഫുട്ബോൾ ലീഗ്, കൽക്കത്തയിൽ 1994ൽ നടന്ന പ്രഥമ ഫെഡറേഷൻ കപ്പ് അത്‌ലറ്റിൿ മീറ്റ്, ചാമ്പ്യൻസ് അന്തർദേശീയ ഹോക്കി ടൂർണമെന്റ് (ചെന്നൈ,1996), പ്രീ വേൾഡ് കപ്പ് ക്വാളിഫയിംഗ് മാച്ച് (ഖത്തർ,1996), മില്ലീനിയം കപ്പ് ഫുട്ബോൾ(കൊൽക്കത്ത,2000) എന്നിവ ഇവയിൽ ചിലതാണ്. ജർമ്മനിയിൽ 2006ൽ നടന്ന ലോകകപ്പ് ഫുട്ബോൾ റിപ്പോർട്ട് ചെയ്യാൻ അക്രിഡിറ്റേഷൻ ലഭിച്ച അപൂർവ്വം മലയാളി ലേഖകരിൽ ഒരാൾ പി.പി.ശശീന്ദ്രനാണ്.

സാംസ്കാരികരംഗത്ത് തിരുത്തുക

മാതൃഭൂമി ലേഖകൻ എന്ന നിലയിൻ പ്രസിദ്ധീകരിച്ച ലേഖനങ്ങളെത്തുടർന്നുണ്ടായ പ്രശസ്തിയാണ് കണ്ണൂരിലെ സാംസ്കാരികരംഗത്ത് ഇദ്ദേഹത്തിന് സ്ഥാനം നേടിക്കൊടുത്തത്. കണ്ണൂർ പ്രസ്സ് ക്ലബ്ബിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ച ഇദ്ദേഹം മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ സംഘാടകനും രക്ഷാധികാരിയുമായി. കണ്ണൂരിൽ നടക്കുന്ന കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങളിലെല്ലാം വ്യക്തിപരമായും പത്രപ്രവർത്തകനെന്ന നിലയിലും ഇദ്ദേഹം പങ്കാളിയാണ്.

ജർമ്മനി, ഫ്രാൻസ്, ഓസ്‌ട്രിയ, ഖത്തർ, യുനൈറ്റഡ് അറബ് എമിറേറ്റ്‍സ് എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. 2002ൽ ജർമ്മനിയിൽ നടന്ന ഹെർമ്മൻ ഹെസെ ഫെസ്റ്റിവലിൽ പങ്കെടുത്തിട്ടുണ്ട്.

പദവികൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

  • ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അവാർഡ് ,1994
  • തോപ്പിൽ രവി അവാർഡ്,1995
  • റോട്ടറി എക്സലൻസ് അവാർഡ് , 2000
  • സി.എച്ച്.ഹരിദാസ് അവാർഡ് ,2003
  • ജേസീസ് എക്സലൻസ് അവാർഡ് ,2004
  • ചിരന്തന പുരസ്കാരം ,2006
  • കുന്താപുരം കൈരളി സുഹൃദ്‌വേദിയുടെ ശിവരാമകാരന്ത് അവാർഡ് ,2003

അവലംബം തിരുത്തുക

കുറിപ്പുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പി.പി._ശശീന്ദ്രൻ&oldid=3338459" എന്ന താളിൽനിന്ന് ശേഖരിച്ചത്