ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ നിന്നുള്ള പ്രശസ്തനായ ഒരു കാർട്ടൂൺ രചയിതാവായിരുന്നു പി.കെ. മന്ത്രി. (ജനനം - 1933 മെയ് 31 , മരണം - 1984 ഡിസംബർ 6). പി.കെ. മന്ത്രികുമാരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്.

പി.കെ. മന്ത്രി
പി.കെ. മന്ത്രി
ജനനം
പി.കെ. മന്ത്രികുമാരൻ

1933 മെയ് 31
മരണം1984 ഡിസംബർ 6
ദേശീയത ഇന്ത്യ
തൊഴിൽകാർട്ടൂണിസ്റ്റ്
[പ്രവർത്തിക്കാത്ത കണ്ണി] 1979 ൽ "മനോരാജ്യം" വാരികയിൽ പ്രസിദ്ധീകരിച്ച പി കെ മന്ത്രിയുടെ പാച്ചുവും കോവാലനും എന്ന കാർട്ടൂൺ.

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ പന്തളത്ത് പൂമംഗലത്ത് കേശവന്റെയും കൊച്ചിക്കയുടെയും മകനായാണ് പി.കെ. മന്ത്രി ജനിച്ചത്. പിതാവ് സ്‌കൂൾ മാനേജരും ഹെഡ്മാസ്റ്ററുമായിരുന്നു. മാവേലിക്കരയിലെ രവിവർമ സ്കൂൾ ഓഫ് ആർട്‌സിൽ നിന്ന് മന്ത്രി ചിത്രരചന അഭ്യസിച്ചു. 1950 കളിൽ സരസൻ എന്ന ആനുകാലിക പ്രസിദ്ധീകരണത്തിനുവേണ്ടി ആദ്യമായി കാർട്ടൂണുകൾ വരയ്ക്കാൻ തുടങ്ങിയെങ്കിലും പ്രധാനമായും തനിനിറം ദിനപത്രത്തിനു വേണ്ടിയാണ് മന്ത്രി കാർട്ടൂണുകൾ വരച്ചത്. അസാധു, നർമദ എന്നീ ആനുകാലികങ്ങളിലും അക്കാലത്ത് അദ്ദേഹത്തിന്റെ കാർട്ടൂണുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കാർട്ടൂണുകൾ മാതൃഭൂമി, ജനയുഗം, മലയാളനാട്, മലയാള രാജ്യം, മനോരാജ്യം തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പല കാർട്ടൂണുകളിലും അദ്ദേഹം സ്വയം ഒരു കഥാപാത്രമായും പ്രത്യക്ഷപ്പെട്ടിരുന്നു.

തൊഴിൽപരമായി ഒരു ചിത്രകലാ അദ്ധ്യാപകനായിരുന്ന മന്ത്രി 1954 ൽ ഈ ജോലി ഉപേക്ഷിച്ചു. കുറച്ചുകാലം കോഴിക്കോടു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനി, മാതൃഭൂമി എന്നിവയിൽ ജോലി ചെയ്തു. കാർട്ടൂണിസ്റ്റായി ജോലി ചെയ്യുന്നതിനിടയിൽ അദ്ദേഹം സർക്കാർ വിദ്യാഭ്യാസ വകുപ്പിൽ ജോലിയ്ക്കു ചേർന്നു.[1] തന്റെ കാർട്ടൂണുകളിലൂടെയുള്ള ശക്തമായ വിമർശനം രാഷ്ട്രീയനേതാക്കളുടെ, പ്രത്യേകിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ അലോസരത്തിനു കാരണമായി. ഇതു കാരണം പി.കെ. മന്ത്രി, സർക്കാർ സേവനത്തിൽ നിന്ന് 1969 മുതൽ 2 വർഷത്തേക്ക് പുറത്താക്കപ്പെട്ടു[അവലംബം ആവശ്യമാണ്]. പാച്ചുവും കോവാലനും, മിസ്റ്റർ കുഞ്ചു തുടങ്ങിയവ പി.കെ. മന്ത്രിയുടെ പ്രശസ്തമായ ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങളാണ്. ഭാര്യ: സബിതാ ദേവി, ഏകമകൻ : സിനിലാൽ മന്ത്രി.

  1. S. N. Sadasivan (1 January 2000). A Social History Of India. APH Publishing. pp. 649–. ISBN 978-81-7648-170-0. Retrieved 16 April 2012.
"https://ml.wikipedia.org/w/index.php?title=പി.കെ._മന്ത്രി&oldid=3979266" എന്ന താളിൽനിന്ന് ശേഖരിച്ചത്