രാമായണത്തിലെ ഒരു കഥാപാത്രമാണ്‌ പാതാളരാവണൻ. രാക്ഷസവർഗ്ഗത്തിലെ ഒരു നേതാവ്. ലങ്കാധിപനായ രാവണനും പാതാളരാവണനും രണ്ടുപേരാണ്.

പാതാളരാവണൻ മാല്യവാന്റെ സഹോദരപുത്രനാണ്. രാക്ഷസവംശ വിനാശകനായ വിഷ്ണുവിനെ ഭയന്ന് ഒരു സംഘം രാക്ഷസന്മാർ പാതാളത്തിലേക്ക് ഓടി പോയി. അവരുടെ നേതാവ് ഈ രാവണനായിരുന്നു. പാതാളത്തിൽ ചെന്ന ശേഷം ഈ രാവണൻ പാതാള രാക്ഷസന്മാരുടെ ചക്രവർത്തിയായിതീർന്നു. (അങ്ങനെയാണ് പാതാളരാവണൻ എന്ന പേർ ലഭിച്ചത്)

കമ്പരാമായണത്തിൽ പാതാളരാവണന്റെ കഥ വിവരിക്കുന്നുണ്ട്. പാതാള രാവണനും ലങ്കാധിപൻ രാവണനും തമ്മിൽ പരസ്പരസഹായത്തിനായി സഖ്യം ചെയ്തിരുന്നു. പാതാളരാവണൻ അതികഠിനതപസ്സ് ചെയ്ത് ബ്രഹ്മാവിൽ നിന്ന് 3 വരങ്ങൾ നേടി. അതിൻപ്രകാരം മൂന്നുലോകങ്ങളിലും ഒരു വാഹനത്തിന്റെയും സഹായമില്ലാതെ യഥേഷ്ടം സഞ്ചരിക്കാന് കഴിയുമായിരുന്നു. സകല മായാവിദ്യകളും വരം കൊണ്ട് സായത്തമാക്കി. സ്വന്തം കൈവശമുള്ള ഭീമാകാരമായ ഇന്ദ്രനീലരത്നം പിളർന്നല്ലാതെ തനിക്ക് മരണം സംഭവിക്കില്ല എന്നും വരം ലഭിച്ചിട്ടുള്ളതിനാൽ പാതാള രാവണൻ അഹങ്കാരിയായി തീർന്നു.

രാമരാവണയുദ്ധത്തിൽ ശ്രീരാമനിൽ നിന്ന് അടിക്കടി പരാജയങ്ങളേറ്റുവാങ്ങിക്കൊണ്ടിരുന്ന രാവണൻ പാതാളരാവണനെ ഒരു ദൂതനെയയച്ച് വിളിച്ചുവരുത്തി. സൈന്യങ്ങൾ മിക്കവാറും നശിച്ചിരുന്ന അവസ്ഥയിൽ വീണ്ടും യുദ്ധം ചെയ്യുന്നത് മണ്ടത്തരമാണെന്ന് അഭിപ്രായപ്പെട്ട പാതാളരാവണൻ, ഒരു മായാവിദ്യ നടത്തി രാമലക്ഷ്മണന്മാരെ വധിക്കാമെന്ന് തീരുമാനിച്ചു.പാതാളരാവണൻ പാതാളത്തിൽ മടങ്ങി ചെന്ന് മുകളിലേക്ക് ഒരു തുരങ്കം ഉണ്ടാക്കി ഹനുമാന്റെ വാൽകോട്ടയ്ക്കകത്ത് കൃത്യം ശ്രീരാമലക്ഷ്മണന്മാർ കിടക്കുന്നയടുത്തെത്തി. ഒരു മയക്കുമരുന്ന് മണപ്പിച്ച് അവരെ മയക്കിയെടുത്ത് തോളിലേറ്റി പാതാളത്തിലേക്ക് കൊണ്ടുപോയി അവിടുത്തെ മഹാകാളി ക്ഷേത്രത്തിന്റെ അങ്കണത്തിൽ കിടത്തി.

പ്രഭാതത്തിനുമുൻപ് ശ്രീരാമലക്ഷ്മണന്മാരെ മഹാകാളിക്ക് ബലിയർപ്പിക്കാനായിരുന്നു രാക്ഷസന്മാരുടെ ലക്ഷ്യം. ഹനുമാൻ അർദ്ധരാത്രി കഴിഞ്ഞ് തന്റെ വാലുകൊണ്ട് കെട്ടിയുണ്ടാക്കിയ കോട്ടയ്ക്കകം പരിശോധിച്ചപ്പോൾ ഉറങ്ങിക്കിടന്ന ശ്രീരാമലക്ഷ്മണന്മാരെ കണ്ടില്ല. വിവരമറിഞ്ഞ് അവിടെയെത്തിയ വിഭീഷണന് സംഗതി മനസ്സിലായി. വിഭീഷണൻ, സുഗ്രീവൻ, അംഗദൻ, ജാംബവാൻ എന്നിവരെയും സൈന്യത്തെയും കൂട്ടിക്കൊണ്ട് അതിവേഗത്തിൽ മഹാകാളി ക്ഷേത്രത്തിൽ ചെന്നു. അവിടെ നരബലിക്കുള്ള ചിട്ടവട്ടങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.

വിഭീഷണന്റെ ഉപദേശപ്രകാരം ഹനുമാൻ അന്തഃപുര കല്ലറയിൽ സൂക്ഷിച്ചിരുന്ന ഇന്ദ്രനീലരത്നം സൂത്രത്തിൽ തട്ടിയെടുത്തുകൊണ്ട് വന്ന് അത് വായയ്ക്കകത്താക്കി. ഹനുമാനെ കൊല്ലാനടുത്ത പാതാളരാവണനെ നിസ്സാരഭാവത്തിൽ ഹനുമാൻ എതിർത്തു. അവസാനം വായിൽ കിടന്ന രത്നം കടിച്ച് തുപ്പിയതും ആ മായാ രാക്ഷസൻ മരിച്ചു.

ഇതുകൂടികാണുക തിരുത്തുക


"https://ml.wikipedia.org/w/index.php?title=പാതാളരാവണൻ&oldid=835959" എന്ന താളിൽനിന്ന് ശേഖരിച്ചത്