കേരളത്തിലെ ഒരു കഥകളി സംഗീതജ്ഞനായിരുന്നു പള്ളം മാധവൻ (1928 -2012 സെപ്റ്റംബർ 12). 2011-ലെ കേരള സംസ്ഥാന കഥകളി പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്[1][2].

പള്ളം മാധവൻ
പള്ളം മാധവൻ
ജനനം1928
മരണം2012 സെപ്റ്റംബർ 12
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്കഥകളി സംഗീതജ്ഞൻ

1928-ൽ (1104 ചിങ്ങം 29) കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പനച്ചിക്കാട് പാത്താമുട്ടം പത്മനാഭൻ കേളന്റെയും കൊച്ചുപെണ്ണുകുട്ടിയുടെയും മകനായി ജനിച്ചു. 7-ആം വയസ്സിൽ പരമു ആശാന്റെ കുടിപള്ളിക്കൂടത്തിൽ ആരംഭിച്ച വിദ്യാഭ്യാസം ചിങ്ങവനത്തെ സെന്റ് തോമസ് പ്രമറി സ്കൂളിൽ നാലാം ക്ലാസിൽ വച്ച് സാമ്പത്തിക പരാധീനത മൂലം തൽക്കാലം അവസാനിപ്പിച്ചു. 15-ആം വയസ്സിൽ കുറിച്ചി രാമൻപിള്ളയാശാന്റെ കീഴിൽ പഠനമാരംഭിച്ച മാധവൻ പതിനെട്ടാം വയസ്സിൽ മാധവൻ അരങ്ങേറ്റം നടത്തി[3].

കുറിച്ചി, നിലംപേരൂർ ദേശങ്ങളിൽ കഥകളി യോഗങ്ങളിൽ ശിങ്കിടി (കൂടെ പാടുന്ന ആൾ) ആയാണ് കഥകളിയിൽ തുടക്കം കുറിച്ചത്. പിന്നീട് മാധവൻ കുടമാളൂർ കരുണാകരൻനായരുടെ കളിയോഗത്തിലെ പൊന്നാനിപ്പാട്ടുകാരനായി (ഒന്നാമത്തെ പാട്ടുകാരൻ). എം.കെ.കെ. നായർ കേരള കലാമണ്ഡലത്തിന്റെ ചെയർമാനായിരുന്ന കാലത്ത് കഥകളി സംഗീതത്തിൽ മാധവന്റെ കഴിവ് മനസ്സിലാക്കിയ നായർ 1966-ൽ കലാമണ്ഡലത്തിലെ സംഗീതവിഭാഗത്തിന്റെ ഇൻസ്ട്രക്ടറായി അദ്ദേഹത്തെ നിയമിച്ചു. അധികം വൈകാതെ പ്രൊഡക്ഷൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായി മാധവൻ. 1984-ൽ കലാമണ്ഡലത്തിന്റെ വൈസ് പ്രിൻസിപ്പിലായ പള്ളം മാധവൻ അഞ്ചുകൊല്ലം ആ പദവി വഹിച്ചു.

തിരുനക്കര കുറ്റിശ്ശേരിൽ ഗോമതിയാണ് ഭാര്യ. രമണി, വിജയലക്ഷ്മി, രഘു, അനില, ഹേമാംബിക എന്നിവർ മക്കൾ. വാർധക്യ സഹജമായ അസുഖത്താൽ കോട്ടയം പനച്ചിക്കാട്ട് അമ്പലക്കരോട്ടെ വീട്ടിൽ വച്ച് അന്തരിച്ചു.

അവലംബം തിരുത്തുക

  1. മാത്തൂർ ഗോവിന്ദൻകുട്ടിക്കും പള്ളം മാധവനും കഥകളിപുരസ്കാരം[പ്രവർത്തിക്കാത്ത കണ്ണി]
  2. "Kathakali Awards for Mathoor Govindan, Madhavan". Archived from the original on 2012-09-15. Retrieved 2012-09-12.
  3. http://www.mathrubhumi.com/online/php/print.php?id=1338128[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പള്ളം_മാധവൻ&oldid=3636289" എന്ന താളിൽനിന്ന് ശേഖരിച്ചത്